Please login to post comment
ഡൊണാൾഡ് ബ്രാഡ്മാൻ
- admin trycle
- Aug 13, 2020
- 0 comment(s)

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായിരുന്ന ഡൊണാൾഡ് ബ്രാഡ്മാൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൺ സ്കോറർമാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ കരിയറിലെ ബാറ്റിംഗ് ശരാശരി (99.94) ടെസ്റ്റ് (അന്താരാഷ്ട്ര) ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചതായി ഇന്നും തുടരുന്നു. മാത്രമല്ല ഇരുപതാം നൂറ്റാണ്ടിൽ കളിച്ച ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരനായി അദ്ദേഹത്തെ പലരും കരുതുന്നു.
ജോർജ്ജിന്റെയും എമിലി ബ്രാഡ്‌മാന്റെയും ഏറ്റവും ഇളയ പുത്രനായാണ് 1908 ഓഗസ്റ്റ് 27ന് ന്യൂ സൗത്ത് വെയിൽസിലെ കൂടാമുന്ദ്ര എന്ന സ്ഥലത്ത് ഡൊണാൾഡ് ബ്രാഡ്‌മാൻ ജനിച്ചത്. സർ ഡൊണാൾഡ് ജോർജ്ജ് ബ്രാഡ്മാൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. കുട്ടിക്കാലം മുതൽക്കു തന്നെ ബ്രാഡ്‌മാൻ ബാറ്റിംഗ് പരിശീലിക്കാറുണ്ടായിരുന്നു. 1920–21 കാലഘട്ടത്തിൽ ബ്രാഡ്മാന്റെ അമ്മാവനായ ജോർജ്ജ് വാട്ട്മാൻ നായകനായ തന്റെ നാട്ടിലുള്ള ബ്രൌൾ ടീമിന്റെ ഒരു മികച്ച സ്കോറർ ആയിരുന്നു. 1922ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ബ്രാഡ്മാൻ നാട്ടിൽ തന്നെയുള്ള ഒരു കച്ചവട സ്ഥാപനത്തിൽ ജോലി നോക്കി. സ്ഥാപനത്തിന്റെ ഉടമ ബ്രാഡ്മാന്റെ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ ആവശ്യമുള്ളപ്പൊഴൊക്കെ അവധി നൽകുമായിരുന്നു. ടെന്നീസിന്റെ പിറകേ നടന്ന് ബ്രാഡ്മാൻ രണ്ട് വർഷത്തേക്ക് ക്രിക്കറ്റ് ഉപേക്ഷിച്ചു. എന്നാൽ 1925–26 ആയപ്പൊഴേക്കും ക്രിക്കറ്റിലേക്ക് തന്നെ അദ്ദേഹം മടങ്ങിയെത്തി.
20-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ രാജ്യാന്തര അരങ്ങേറ്റം. 1928-ല്‍ ബ്രിസ്‌ബേനില്‍ ഇംഗ്ലണ്ടിനെതിരെ. ടെസ്റ്റ് (അന്താരാഷ്ട്ര) മത്സരങ്ങളിൽ ഓസ്‌ട്രേലിയക്കായി 6,996 റൺസ് നേടിയ ബ്രാഡ്മാൻ 1928 നും 1948 നും ഇടയിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങളിൽ 19 സെഞ്ച്വറികൾ നേടി. 1930 ൽ തന്റെ ആദ്യ ഇംഗ്ലണ്ട് സന്ദർശനത്തിൽ, ഒരു ഇന്നിംഗ്‌സിൽ 334 റൺസ് നേടി ഒരു ടെസ്റ്റ് റെക്കോർഡ് സൃഷ്ടിച്ചു(ഇത് പിന്നീട് തകർക്കപ്പെട്ടു). പിന്നീട് 1934 ൽ ഇംഗ്ലണ്ടിൽ വെച്ച് അദ്ദേഹം 304 റൺസ് നേടി. 1948 ൽ ഇംഗ്ലണ്ടിൽ വിജയിച്ച ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 117 സെഞ്ചുറികൾ സഹിതം 28,067 റൺസ് നേടിയിട്ടുള്ള അദ്ദേഹത്തിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ബാറ്റിങ് ശരാശരി 95.14 ആണ്. ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിക്ക് ഉടമ, ഇന്നിങ്സ് അടിസ്ഥാനമാക്കി സെഞ്ചുറികളും ഇരട്ട സെഞ്ചുറികളും തമ്മിൽ ഏറ്റവും ഉയർന്ന അനുപാതമുള്ളയാൾ, ടെസ്റ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ചുറികൾ നേടിയ ആദ്യ താരം, അഞ്ചാം നമ്പറിലിറങ്ങി ട്രിപ്പിൾ നേടുന്ന ആദ്യ താരം, 5-ടെസ്റ്റ് സീരീസിൽ ഏറ്റവും ഉയർന്ന ടെസ്റ്റ് ബാറ്റിംഗ് ശരാശരി (201.50 ശരാശരി. ഓസ്‌ട്രേലിയയിൽ 1931-32 ൽ) എന്നിങ്ങനെ പോകുന്നു രാജ്യാന്തര തലത്തിലെ അദ്ദേഹത്തിന്റെ റെക്കോർഡുകൾ.1949-ൽ അദ്ദേഹം ക്രിക്കറ്റ് പിച്ചിനോട് വിടപറഞ്ഞു.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിനു ശേഷം അദ്ദേഹം ക്രിക്കറ്റ് ഭാരവാഹി, സെലെക്ടർ എന്ന രീതിയിലും പ്രവർത്തിച്ചിട്ടുണ്ട്. ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്‌ഡൺ ക്രിക്കറ്റേഴ്സ് അൽമനാകിന്റെ 1963ലെ ലക്കത്തിൽ ഇംഗ്ലീഷ് എഴുത്തുകാരനായ നെവില്ലെ കാർഡസ് ബ്രാഡ്‌മാനെ ക്രിക്കറ്റിലെ ആറ് മഹാരഥന്മാരുടെ പട്ടികയിലുൾപ്പെടുത്തി. 2001 ഫെബ്രുവരി 25 ന് ദക്ഷിണ ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡിൽ വെച്ച് അദ്ദേഹം മരണമടഞ്ഞു. 2009-ല്‍ ഐ.സി.സി അദ്ദേഹത്തെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തിയിരുന്നു.