മനുഷ്യ രക്തത്തെ കുറിച്ചറിയാം
- admin trycle
- Jul 22, 2019
- 0 comment(s)
ഒരുകാലത്ത് എല്ലാ മനുഷ്യർക്കും ഒരേ രക്തമാണെന്നായിരുന്നു ലോകം വിശ്വസിച്ചിരുന്നത്. 1900-ൽ കാൾ ലാൻഡ്സ്റ്റൈനർ എന്ന ഡോക്ടറാണ് വിവിധ തരം രക്ത ഗ്രൂപ്പുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. തുടക്കത്തിൽ രക്തത്തിന്റെ സ്വഭാവാടിസ്ഥാനത്തിൽ എ, ബി, സി എന്നിങ്ങനെ ഗ്രൂപ്പുകളായിട്ടാണ് അദ്ദേഹം രക്തത്തെ തരം തിരിച്ചത്. പിന്നീട് ഡീകാസ്റ്റെല്ലോ, സ്റ്റർളി എന്നിവർ നാലാമതൊരു ഗ്രൂപ്പ് കൂടി കണ്ടെത്തിയെങ്കിലും അതിന് പ്രത്യേകമായി ഒരു പേര് നൽകിയില്ല. ശേഷം 1910 ൽ Ludwik Hirszfeld , Emil von Dungern എന്നീ ശാസ്ത്രജ്ഞന്മാർ രക്ത ഗ്രൂപ്പുകളെ ചിട്ടയാക്കി. അതുപ്രകാരം ലാൻഡ്സ്റ്റർ കണ്ടെത്തിയ C എന്ന ഗ്രൂപ്പിനെ ഒ ആയും ഡീകാസ്റ്റെല്ലോ, സ്റ്റർളി എന്നിവർ കണ്ടെത്തിയ ഗ്രൂപ്പിനെ AB എന്നു വിളിച്ചു. അങ്ങനെ നാലു രക്ത ഗ്രൂപ്പുകൾ ആയി- A, B, AB, O.
രക്ത ഗ്രൂപ്പുകൾ എങ്ങനെ തരം തിരിച്ചു??
ചുവന്ന രക്താണുക്കളുടെ ആവരണത്തിൽ കാണുന്ന ചില പ്രത്യേകതരം പ്രോട്ടീൻ പദാർഥങ്ങളാണ് ആന്റിജനുകൾ. ഇവയെ A ആന്റിജനെന്നും B ആന്റിജനെന്നും രണ്ടായി തിരിച്ചിരിക്കുന്നു. ഇവയുടെ സാന്നിധ്യവും അസാന്നിധ്യവുമാണ് മനുഷ്യ ശരീരത്തിലെ രക്തഗ്രൂപ്പുകളെ തരംതിരിക്കുന്നത്.
A ആന്റിജന്‍ അടങ്ങിയ രക്തം ‘A’ ഗ്രൂപ്പെന്നും, B ആന്റിജന്‍ അടങ്ങിയ രക്തം ‘B' ഗ്രൂപ്പെന്നും ഇവ രണ്ടുമുള്ളത് ‘AB’ ഗ്രൂപ്പെന്നും, ഇവ രണ്ടും ഇല്ലാത്തത് ‘O’ ഗ്രൂപ്പെന്നും അറിയപ്പെടുന്നു. A ഗ്രൂപ്പുകാരുടെ പ്ലാസ്മയില്‍ B ആന്റിജനെതിരായ ആന്റിബോഡിയും B ഗ്രൂപ്പുകാരുടെ പ്ലാസ്മയില്‍ A ആന്റിജനെതിരായ ആന്റിബോഡിയും കാണപ്പെടുന്നു. O ഗ്രൂപ്പുകാരില്‍ ഈ രണ്ടു ആന്റിബോഡികളുമുള്ളപ്പോള്‍ AB ഗ്രൂപ്പില്‍ രണ്ടു ആന്റിബോഡികളും ഉണ്ടാകില്ല.
ഇനി ഒരാളുടെ രക്തം നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് തീരുമാനിക്കുന്നത് മറ്റൊരു ഘടകമായ ‘D” ആന്റിജന്‍റെ സാന്നിധ്യം നോക്കിയിട്ടാണ്. റീസസ് വർഗ്ഗത്തിൽപ്പെട്ട കുരങ്ങിന്‍റെ രക്ത പരിശോധനയിൽനിന്നാണ് ആദ്യമായി ഈ ഘടകം കണ്ടുപിടിക്കപ്പെട്ടത്. അതുകൊണ്ട് റീസസ്സിന്‍റെ ആദ്യാക്ഷരങ്ങളായ Rh എന്നാണ് ഇത് അറിയപ്പെടുന്നത്. Rh’ഡി’ ആന്റിജന്‍ ഉള്ളവരെ Rh പോസ്സിറ്റീവ് എന്നും പ്രസ്തുത ആന്റിജന്‍ ഇല്ലാത്തവരെ Rh ‘നെഗറ്റീവ്’ എന്നും പറയുന്നു. വിവിധ തരത്തില്‍പ്പെട്ട 600-ല്‍ അധികം ആന്റിജനുകള്‍ തരംതിരിച്ചിട്ടുണ്ടെങ്കിലും ABO-യും Rh-ഉം തന്നെയാണ് ഇപ്പോഴും പ്രധാനപ്പെട്ടവ. ഇവ രണ്ടും കൂടി യോജിപ്പിച്ചാണ് ഒരാളുടെ രക്തഗ്രൂപ്പ് ഏതെന്നു തീരുമാനിക്കുന്നത്.
ബോംബെ രക്തഗ്രൂപ്പ്
രാജ്യത്ത് കണ്ടുവരുന്ന വിരളമായ ഒരു രക്തഗ്രൂപ്പ് ആണ് ബോംബെ രക്തഗ്രൂപ്പ്. ഇന്ത്യയില്‍ തന്നെ 400ല്‍ താഴെ ആളുകളില്‍ മാത്രമാണ് ബോംബെ രക്തഗ്രൂപ്പ് കണ്ടുവരുന്നത്. പക്ഷേ, പലരും ഇപ്പോഴും ബോംബെ രക്തഗ്രൂപ്പിനെക്കുറിച്ച് അജ്ഞരാണ്. എന്താണ് ബോംബെ രക്തഗ്രൂപ്പ്? ബോംബെ രക്തഗ്രൂപ്പിനെക്കുറിച്ചുള്ള ചില വിശദാംശങ്ങള്‍.
1. വളരെ അപൂര്‍വ്വമായ എ, ബി, ഒ ഗ്രൂപ്പില്‍പ്പെടുന്നതാണ് ഇത്. ആദ്യമായി ഇത് കണ്ടെത്തിയത് ബോംബെയിലെ ചില ആളുകളിലാണ്. അതുകൊണ്ടാണ് ഇതിന് ബോംബെ രക്തഗ്രൂപ്പ് എന്ന് പേര് വന്നത്.
2. കൌകാസിയന്‍സിലും ജാപ്പനീസിലും ബോംബെ രക്തഗ്രൂപ്പ് കണ്ടെത്തിയിട്ടുണ്ട്.
3. ബോംബെ രക്തഗ്രൂപ്പില്‍ എച്ച് ആന്റിജന്‍ പ്രവര്‍ത്തനരഹിതമായിരിക്കും. എച്ച് ആന്റിജന്‍ ഉള്ള എ, ബി, എബി, ഒ രക്തഗ്രൂപ്പുകള്‍ ബോംബെ രക്തഗ്രൂപ്പുമായി ചേരാന്‍ ഇടവരരുത്.
4. 1952-ൽ ബോംബെയില്‍ ഡോ. ഭെൻഡേയാണ് ഈ രക്തഗ്രൂപ്പ് ആദ്യമായി തിരിച്ചറിഞ്ഞത്.
5. ബോംബെ രക്തഗ്രൂപ്പ് ഉള്ളവര്‍ ഒരിക്കലും മറ്റ് രക്തഗ്രൂപ്പുകാരുടെ പക്കല്‍ നിന്നും രക്തം സ്വീകരിക്കരുത്.