വിരലടയാളം
- admin trycle
- May 26, 2020
- 0 comment(s)
വിരലടയാളം
മനുഷ്യനും വിരലടയാളവും തമ്മിൽ വളരെയേറെ ബന്ധപ്പെട്ടിരുന്നതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. വിരലടയാളം കൊണ്ട് ഒരു വ്യക്തിയെ തിരിച്ചറിയാൻ കഴിയുമെന്നതാണ് അതിൽ മുഖ്യം. ഔദ്യോഗികരേഖകളില്‍ വ്യാപകമായി വിരലടയാളം ഉപയോഗിച്ചിരുന്നതിന്‍റെ ചരിത്രരേഖാ തെളിവുകള്‍ ധാരാളമായുണ്ട്. പുരാതന ബാബിയോണ്‍, ചൈന, പേര്‍ഷ്യ മുതലായ രാജ്യങ്ങളില്‍ ഒപ്പ് പോലെ വ്യാപകമായി ഇവ ഉപയോഗിച്ചിരുന്നു. ഒരു മനുഷ്യന്റെ വിരൽത്തുമ്പ് സൂക്ഷ്മമായി പരിശോധിച്ചാൽ അവിടെ കാണുന്ന ചാലുകൾപോലുള്ള തൊലിപ്പുറത്ത് ഉള്ള വരകൾ പതിഞ്ഞുണ്ടാകുന്ന അടയാളങ്ങളെയാണ് വിരലടയാളം എന്നു വിളിക്കുന്നത്. മനുഷ്യരുടെ കൈവിരലുകളിലെ തൊലിയിലുണ്ടാകുന്ന വിയർപ്പ് മൂലം സ്പർശിക്കുന്ന പ്രതലങ്ങളിൽ വിരലടയാളം തനിയെ പതിയുകയോ, മഷിയിൽ വിരൽ മുക്കി പതിപ്പിക്കുകയോ ചെയ്യുന്നു. ജനനം മുതൽ മരണം വരെ യാതൊരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന വിരലടയാളം ഓരോ മനുഷ്യർക്കും ഓരോന്നായിരിക്കും. മുഖങ്ങള്‍ പലപ്പോഴും കള്ളം പറഞ്ഞേക്കാം,പക്ഷേ വിരലടയാളം ഒരിക്കലും കള്ളം പറയില്ല എന്ന് പറയാൻ കാരണം ഇതാണ്. അതുകൊണ്ട് തിരിച്ചറിയൽ ഉപാധിയായും അതുവഴി കുറ്റകൃത്യങ്ങൾ തെളിയിക്കാനുമെല്ലാം വിരലടയാളങ്ങൾ ഉപയോഗിക്കുന്നു.
1858-ല്‍ വിരലടയാളത്തെ വ്യക്തിഗത തിരിച്ചറിയല്‍ മാര്‍ഗ്ഗമായി ഉപയോഗിക്കാമെന്ന ആശയം മുന്നോട്ട് വച്ചത് ബംഗാളിലെ ഹൂഗ്ലി ജില്ലാ മജിസ്ട്രേറ്റായ സര്‍ വില്യം ഹെര്‍ഷല്‍ ആണ്. വിരലടയാളവുമായി ബന്ധപ്പെട്ട് ശാസ്ത്രീയപഠനത്തിന്‍റെ സാധ്യതകള്‍ സര്‍. വില്യം ജയിംസ് ഹെര്‍ഷല്‍ കണ്ടെത്തി. ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ അഡ്മിനിസ്ട്രേറ്ററായി 1853-ല്‍ ഇന്ത്യയിലെത്തിയ അദ്ദേഹം 1858-ല്‍ റോഡ് ബൈന്‍റിഗ് വസ്തുക്കളുമായുള്ള വ്യാപാരകരാറില്‍ ഒപ്പിടാന്‍ രാജ്യാധര്‍ കോനായ് എന്നയാളുടെ വലതുകൈവിരല്‍ മുദ്രപേപ്പറില്‍ പതിപ്പിച്ചുകൊണ്ട് വിരലടയാളത്തെ കൈയെഴുത്ത് ഒപ്പായി ഉപയോഗിക്കാമെന്ന ആശയത്തെ ആദ്യമായി പരീക്ഷിച്ചു. ഈ കൈവിരലടയാളം സ്വീകരിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. ഈ പരീക്ഷണത്തിന് സാധുത കൈവന്നതോടെ ഇതിനെ കേന്ദ്രീകരിച്ചുള്ള നീണ്ട പര്യവേഷണത്തിലേക്ക് ഹെര്‍ഷലിനെ നയിച്ചു. അടുത്ത വര്‍ഷം അദ്ദേഹം കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നുമൊക്കെ ഒന്നിലധികം വിരലടയാളങ്ങള്‍ ശേഖരിച്ചു പഠനം നടത്തി. ദൃശ്യമാകുന്ന മറ്റ് മനുഷ്യസ്വഭാവങ്ങള്‍ക്ക് മാറ്റം സംഭവിച്ചാലും വിരലടയാളങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്നില്ല എന്ന് അദ്ദേഹം കണ്ടെത്തി (ത്വക്ക് രോഗങ്ങള്‍, അപകടം, മുറിവ് എന്നിവ ഒഴികെ)
പിന്നീട് സർ ഫ്രാൻസിസ് ഗാൾട്ടൻ (1822-1911) വിരലടയാളം ശാസ്ത്രീയമായി അപഗ്രഥിക്കുന്നതിൽ വിജയിച്ചു. വിരലടയാളങ്ങളെ കുറ്റാന്വേഷണ മേഖലയുമായി ബന്ധിപ്പിക്കാൻ നീണ്ട പഠനങ്ങളും ഗാൾട്ടൻ നടത്തി. തന്റെ എട്ടു വർഷത്തെ കഠിനമായ പരീക്ഷണങ്ങളെ മുൻനിർത്തി 1884ൽ അദ്ദേഹം ഇതിനെ കുറിച്ച് ഒരു പുസ്തകംതന്നെ രചിച്ചു. എങ്കിലും, ഇദ്ദേഹത്തിെൻറ പരീക്ഷണങ്ങൾ പൂർണമായി വിജയിച്ചില്ല. തുടർന്ന്, പലരും ഈ മേഖലയുമായി ബന്ധപ്പെട്ട് പഠനങ്ങൾ നടത്തി.
ഇവരെയെല്ലാം പിന്നിലാക്കി ശാസ്ത്രലോകത്ത് ഇടം കണ്ടെത്തിയ ഡോ.ഹെന്‍റി ഫോള്‍ഡ്സാണ് (1850-1931) വിരലടയാളത്തെ കുറ്റാന്വേഷണ ശാസ്ത്രവുമായി ബന്ധിപ്പിച്ചതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകിയ വ്യക്തി. രണ്ട് ആള്‍ക്കാരുടെ വിരലടയാളം സമാനമായിരിക്കില്ല എന്നതായിരുന്നു ഇങ്ങനെയൊരു സാധ്യതയെ പ്രയോഗിക്കാന്‍ ഡോക്ടര്‍ക്ക് പ്രചോദനമായത്. ഇദ്ദേഹമാണ് 1887ൽ കൊൽക്കത്തിലെ റൈറ്റേഴ്സ് ബിൽഡിങ്ങിൽ ലോകത്തിലെ ആദ്യത്തെ വിരലടയാള ശാഖ തുറക്കുന്നത്. 1897 ജൂണ്‍ 12-ന് ക്രമിനല്‍ രേഖകളുടെ വര്‍ഗ്ഗീകരണത്തിനായി വിരലടയാളം ഉപയോഗപ്പെടുത്തണമെന്ന സമിതി റിപ്പോര്‍ട്ടിന് കൗണ്‍സില്‍ ഓഫ് ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കി. അതോടെയാണ് ആ വര്‍ഷത്തിന്‍റെ അവസാനത്തില്‍ കൊല്‍ക്കത്തയില്‍ സ്ഥിതി ചെയ്തിരുന്ന ആന്ത്രോപോമെട്രിക് ബ്യൂറോ ലോകത്തിലെ ആദ്യത്തെ ഫിംഗര്‍പ്രിന്‍റ് ബ്യൂറോ ആയി മാറുന്നത്.
വിവിധ തൊഴിലിടങ്ങളിലും, പോലീസ് സ്റ്റേഷനുകളിലുമൊക്കെ വ്യാപകമായി വിരലടയാളത്തെ ഇന്ന് ഉപയോഗിക്കുന്നു. രണ്ട് വിരലടയാളങ്ങള്‍ സമാനമല്ലാത്തതിനാല്‍ ആളുകളെ തിരിച്ചറിയാന്‍ സഹായിക്കുന്ന കൃത്യമായ ഉപകരണമായി ഇവ മാറി. ഇന്ന് സാങ്കേതികവിദ്യയുടെ സഹായത്താല്‍ വിവിധയിടങ്ങളില്‍ ഓട്ടോമേറ്റഡ് ഫിംഗര്‍പ്രിന്‍റ് ഐഡന്‍റിഫിക്കേഷന്‍ സിസ്റ്റം ഉപയോഗിക്കുന്നുണ്ട്.ഇത് വഴി വിരലടയാളത്തെ സ്കാന്‍ ചെയ്ത് ഇലക്ട്രോണിക് രീതിയില്‍ സൂക്ഷിച്ചുവയ്ക്കുക കൂടി ചെയ്യുന്നു.