പെരിയാർ
- admin trycle
- Mar 30, 2020
- 0 comment(s)
പെരിയാർ
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി എന്നറിയപ്പെടുന്ന പെരിയാർ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ 244 കി മി ദൂരം സഞ്ചരിക്കുന്ന വലിയ നദിയാണ്. തമിഴ്‌നാട്ടിലെ ശിവഗിരിക്കുന്നുകൾ എന്നറിയപ്പെടുന്ന 7 കുന്നുകൾ ,ദേവികുളം താലൂക്കിലെ ആനമല, പശ്ചിമഘട്ടത്തിലെ മൂന്നാർ, പൊന്മുടി ഭാഗങ്ങൾ എന്നിങ്ങനെ മൂന്ന് പ്രധാന ഉത്ഭവ സ്ഥനങ്ങളാണ് പെരിയാറിനുള്ളത്. മുതിരപ്പുഴ, മുല്ലയാര്‍, ചെറു തോണി, പെരിഞ്ഞന്‍കുട്ടി, ഇടമാള തുടങ്ങിയവയാണ് പെരിയാറിന്‍റെ പ്രധാന കൈവഴികൾ. കേരളത്തിലൂടെയും തമിഴ്നാട്ടിലൂടെയും ഒഴുകുന്ന പെരിയാര്‍ ഈ രണ്ടു സംസ്ഥാനങ്ങളിലേയും ജനങ്ങളെയും അവരുടെ ജീവിത ശൈലികളെയും പാരമ്പര്യത്തെയും സംസ്കാരത്തെയും സ്വാധീനിച്ചിട്ടുണ്ട്. കേരളീയർ ഗാര്‍ഹികം, വൈദ്യുതി, മത്സ്യബന്ധനം, തീര്‍ത്ഥാടനം, ജലസേചനം, മണല്‍ഖനനം, കുടിവെള്ളം, ഉള്‍നാടന്‍ ഗതാഗതം, വ്യവസായികം, വിനോദസഞ്ചാരം എന്നിങ്ങനെ വളരെ ബഹുമുഖങ്ങളായ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന പെരിയാർ “കേരളത്തിന്റെ ജീവരേഖ” എന്നറിയപ്പെടുന്നു.
പെരിയാറിനു കേരള ചരിത്രത്തിൽ വളരെ അധികം പ്രാധാന്യമുണ്ട്. സംഘ കൃതികളിൽ ചൂർണി നദിയെന്നും താമ്രപരണിയെന്നും പെരിയാറിനെ പ്രതിപാദിച്ചിരിക്കുന്നു. കേരളത്തിൽ പ്രാചീനശിലായുഗം നിലനിന്നിരുന്നതിന്റെ പല തെളിവുകളും പെരിയാറിന്റെ തീരത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. പെരിയാറിന്റെ തീരത്താണ് പ്രാചീനകാലത്തെ പ്രസിദ്ധമായ മുസിരിസ് (കൊടുങ്ങല്ലൂർ) പട്ടണവും തുറമുഖവും സ്ഥിതി ചെയ്തത്. 1341 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കം ചേരൻമാരുടെ പ്രധാന നഗരവും പുരാതന കേരളത്തിലെ പ്രധാന തുറമുഖവുമായിരുന്ന മുസിരിസിന്റെ പതനത്തിനും കൊച്ചി തുറമുഖത്തിന്റെ ഉയർച്ചയ്ക്കും കാരണമായി. വെള്ളപ്പൊക്കത്തെ തുടർന്ന് തോട്ടുമുഖത്ത് വെച്ച് പെരിയാർ രണ്ടായി പിരിഞ്ഞു. ഒരു കൈവഴി പഴയതുപോലെ ദേശം, മംഗലപ്പുഴ വഴി കൊടുങ്ങല്ലൂർ കായലിൽ ചേരുന്നു. പുതിയതായി ഉണ്ടായ കൈവഴി ആലുവയെ രണ്ടായി മുറിച്ച് തെക്കോട്ട് ഒഴുകി കഞ്ഞുണ്ണിക്കരയിൽ വെച്ച് പിന്നെയും രണ്ടായി പിരിഞ്ഞ് ഒരു കൈവഴി വരാപ്പുഴയിലേക്കും മറ്റേത് കൊച്ചി കായലിലേക്കും ചേർന്നു തുടങ്ങി. ഈ മാറ്റം കാരണം മുസിരിസിനെ തുറമുഖയോഗ്യമാക്കിയിരുന്ന അഴി അടഞ്ഞ് തുറമുഖം ഉപയോഗ്യമല്ലാതാവുകയായിരുന്നു.
ആലുവ പാലസ്, അന്ത്രപ്പേർ കെട്ടിടം, കോഡർ മാളിക, ചൊവ്വര കൊട്ടാരം തുടങ്ങിയവ തിരുവിതാംകൂർ, കൊച്ചി എന്നിവിടങ്ങളിലെ രാജാക്കന്മാർ തങ്ങൾക്ക് കുളിച്ചു താമസിക്കുവാനായി പെരിയാറിന്റെ തീരത്ത് ഒരുക്കിയ പ്രത്യേകം സൗകര്യങ്ങളിൽ ഇന്നും അവശേഷിക്കുന്നവയാണ്. പോർച്ചുഗീസുകാരും ഡച്ചുകാരും ഇംഗ്ലീഷുകാരും മറ്റും ഇടുക്കിയിലെ കാടുകളിൽ നിന്ന് സുഗന്ധദ്രവ്യങ്ങൾ മലയിറക്കി കൊണ്ടുവന്നിരുന്നതും പെരിയാറിലൂടെയായിരുന്നു. മലയാറ്റൂർ-നീലീശ്വരം ഭാഗത്ത് ബ്രിട്ടീഷുകാർ അവരുടെ തടിഡിപ്പോകളും സ്ഥാപിച്ചിരുന്നു.
കേരളത്തിലെ ആദ്യത്തെ കോൺക്രീറ്റ് അണക്കെട്ടായ മാട്ടുപ്പെട്ടി ഡാം പണിതത് പെരിയാറിലാണ്. ഇടുക്കി, പള്ളിവാസൽ, ഇടമലയാർ, നേര്യമംഗലം, പന്നിയാർ, ഭൂതത്താൻകെട്ട്, ചെറുതോണി, കുണ്ടള, മാട്ടുപ്പെട്ടി എന്നിങ്ങനെയുള്ള കേരളത്തിലെ പ്രധാന ജല വൈദ്യുത പദ്ധതികൾ പെരിയാറിനെ പ്രയോജനപ്പെടുത്തി ഉണ്ടാക്കിയതാണ്. കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ തേക്കടി, മൂന്നാർ, പീരുമേട്, ഇടുക്കി, ഭൂതത്താൻകെട്ട്, മലയാറ്റൂർ, കാലടി, തട്ടേക്കാട്, ആലുവാ മണപ്പുറം എന്നിവ പെരിയാറിന്റെ കരകളിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിലെ പ്രധാന വന്യജീവി സങ്കേതങ്ങളായ ഇരവികുളം നാഷണൽ പാർക്ക്, പെരിയാർ ടൈഗർ റിസർവ്, ഇടുക്കി വന്യമൃഗ സംരക്ഷണ കേന്ദ്രം, ചിന്നാർ വന്യമൃഗ സംരക്ഷണ കേന്ദ്രം, തട്ടേക്കാട് പക്ഷി സങ്കേതം എന്നിവ പെരിയാറുമായി ബന്ധപ്പെട്ടു കിടക്കുന്നു.
പെരിയാര്‍നദിയിലെ വെള്ളം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തടഞ്ഞ് നിര്‍ത്തിയതിന്റെ ഫലമായി രൂപമെടുത്ത തടാകമാണ് തേക്കടിയിലെ തേക്കടി തടാകം. ഈ തടാകത്തിലെ ബോട്ടിങും ബാംബു റാഫ്റ്റിംഗും പ്രശസ്തമാണ്. ഈ തടാകത്തിന്റെ കരയിലാണ് പ്രശസ്തമായ പെരിയാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. എറണാകുളം ജില്ലയില്‍ പെരിയാര്‍ നദിയുടെ തീരത്തായണ് പ്രശസ്തമായ തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. നിരവധി സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന എറണാകുളം ജില്ലയിലെ കോടനാട് ആനപരിശീലന കേന്ദ്രവും സ്ഥിതി ചെയ്യുന്നത് പെരിയാര്‍ നദിയുടെ തീരത്താണ്.
വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച് ഡാമും ഏഷ്യയില്‍ ഒന്നാമത്തെതുമാണ് ഇടുക്കി ആര്‍ച് ഡാം. കുറവന്‍-കുറത്തി മലകൾക്കിടയിൽ പെരിയാര്‍ നദിക്ക് കുറുകെയാണ് ഇത് പണിതിട്ടുള്ളത്. മൂന്നാർ ടൗണില്‍ നിന്നും 25 കിലോമീറ്ററോളം മാറി പെരിയാറിന്റെ പോഷകനദിയിലാണ് കുണ്ടള ഡാം അല്ലെങ്കില്‍ സേതുപാര്‍വ്വതി ഡാം എന്ന അണക്കെട്ടു സ്ഥിതി ചെയ്യുന്നത്. 1945 ഇല്‍ തിരുവിതാംകൂറിലെ സേതുലക്ഷ്മി പാര്‍വ്വതി തമ്പുരാട്ടിയാണ് ഈ അണകെട്ടിന് തറക്കല്ലിടുന്നത്, അതുകൊണ്ടാണു ഈ ഡാമിന് സേതുപാര്‍വ്വതി ഡാം എന്നും കൂടി പേരുകിട്ടിയിരിക്കുന്നത്. പെരിയാര്‍ നദിക്ക് കുറുകേയുള്ള ഭൂതത്താന്‍കെട്ടിലെ അണക്കെട്ട് നിരവധി സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന ഒന്നാണ്. ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്ന സ്ഥലത്തില്‍ നിന്ന് വനത്തിനുള്ളിലൂടെ പോയാല്‍ പ്രകൃത്യാല്‍ രൂപം കൊണ്ട ഒരു ചെറിയ അണ കാണാന്‍ കഴിയും. ഭൂതങ്ങളാണ് ഈ അണ നിര്‍മ്മിച്ചതെന്ന ഐതിഹ്യത്തിൽ നിന്നാണ് ഈ അണക്കെട്ടിന് ഭൂതത്താന്‍കെട്ട് എന്ന പേരു വന്നത്.
തെങ്ങുകള്‍ കൊണ്ട് സമൃദ്ധമാണ് പെരിയാറിന്‍റെ തീരങ്ങൾ. മാത്രമല്ല നിരവധി സഞ്ചാരികളും തീർത്ഥാടകരും എത്തിച്ചെരുന്ന ക്ഷേത്രങ്ങള്‍, ക്രിസ്ത്യന്‍, മുസ്ലിം പള്ളികള്‍ തുടങ്ങിയവ കൊണ്ടും പെരിയാറിന്റെ തീരം സമ്പന്നമാണ്. പെരിയാറിന്റെ തീരത്തുള്ള ക്ഷേത്രങ്ങളുടേയും പള്ളികളുടേയും ചടങ്ങുകൾ മിക്കതും പെരിയറുമായി ബന്ധപ്പെട്ടു കിടക്കുന്നു. പെരിയാറിലെ ജലത്തിന് പല ഔഷധഗുണങ്ങളുമുണ്ടെന്നു കരുതുന്ന നിരവധി വിഭാഗങ്ങൾക്ക് അവരുടെ വിവാഹച്ചടങ്ങുകൾക്കും മറ്റും പെരിയാറിലെ ജലം അത്യാവശ്യമാണ്.
ക്രൈസ്തവരെ സംബന്ധിച്ച് മതപരമായി ഏറെ പ്രാധാന്യമുള്ള സ്ഥലമായ മലയാറ്റൂര്‍ സ്ഥിതിചെയ്യുന്നത് പെരിയാറിനോട് ചേർന്നാണ്. പ്രകൃതിസൗന്ദര്യം ആസ്വദിയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കും മലയാറ്റൂരിലെത്താം. മലയാറ്റൂര്‍ മലമുകളില്‍ നിന്നാല്‍ അകലെ പെരിയാര്‍ നദിയുടെ മനോഹരമായ ദൃശ്യം കാണാൻ സാധിക്കും. അദ്വൈത സിദ്ധാന്തത്തിന്റെ പ്രചാരകനായ ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി, എറണാകുളം ജില്ലയില്‍ പെരിയാറിന്റെ കരയിലാണ് സ്ഥിതിചെയ്യുന്നത്. ആദിശങ്കരന്റെ ജന്മദേശമായതിനാല്‍ത്തന്നെ പ്രധാനപ്പെട്ട ഒരു ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രം കൂടിയാണ് ഈ സ്ഥലം. ആലുവയിലൂടെ ഒഴുകുന്ന പെരിയാര്‍ നദിയുടെ തീരമാണ് ആലുവ മണപ്പുറം എന്ന് അറിയപ്പെടുന്നത്. പെരിയാര്‍ നദിയുടെയും മംഗലപ്പുഴയുടേയും ഇടയ്ക്കുള്ള ഈ മണല്‍തിട്ടയിലാണ് ആലുവയിലെ പ്രശസ്തമായ ആലുവ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.