ഫുട്ബോൾ ഇതിഹാസം പെലെ
- admin trycle
- Jun 24, 2019
- 0 comment(s)
1958 ലെ ഫുട്ബോൾ വേൾഡ് കപ്പാണ് അതുവരെ ഒരു സാധാരണ ഫുട്ബോളർ ആയിരുന്ന പെലെയെ സൂപ്പർ സ്റ്റാർ പെലെ ആക്കിയത്. അദ്ദേഹം അടങ്ങിയ ബ്രസീലിയൻ ഫുട്ബോൾ ടീം 3 തവണ ലോകകപ്പ് നേടിയിട്ടുണ്ട് .
1940 ഒക്ടോബർ 23 ന് ബ്രസീലിലാണ് പെലെയുടെ ജനനം. കുട്ടികാലത്താണ് പെലെ എന്ന പേര് അദ്ദേഹത്തിന് ലഭിക്കുന്നത്. എഡ്സൺ ആരാന്റസ് ദോ നസ്‌കിമെന്തോ എന്നാണ് അദ്ദേഹത്തിൻ്റെ യഥാർത്ഥ പേര്. വളരെയധികം ദാരിദ്ര്യം നിറഞ്ഞതായിരുന്നു ഇദ്ദേഹത്തിന്റെ ബാല്യം. പഴങ്ങളും, വലിയ പേപ്പർ ബോളുകളുമാണ് ആദ്യകാലങ്ങളിൽ അദ്ദേഹം കാൽപന്തുകളായി ഉപയോഗിച്ചിരുന്നത്. അച്ഛനോടൊപ്പം കളിച്ചു പഠിച്ച പെലെ 15 മത്തെ വയസ്സിൽ സാന്റോസ് ഫുട്ബോൾ ക്ലബിൽ ചേർന്നു.
പെലെയുടെ ആദ്യ പ്രൊഫഷണൽ ഗോൾ നേടുന്നത് അദ്ദേഹത്തിൻ്റെ 16 ആം വയസ്സിലാണ്. ക്ലബ്ബ് ഫുട്ബോളിലെ മികച്ച പ്രകടനം പെലെക്ക് ബ്രസീലിയൻ നാഷണൽ ടീമിലേക്ക് എത്തുവാനുള്ള ചവിട്ടുപടിയായി. 1958 ലെ ലോകകപ്പിൽ തീ പാറുന്ന വേഗതയിൽ ഗോളുകൾ വർഷിച്ച് 17 കാരൻ പെലെ ഫുട്ബോൾ പ്രേമികളുടെ മനസിലേക്ക് ഇടിച്ചു കയറി. സെമി ഫൈനലിൽ ഫ്രാൻസിനെതിരെ നേടിയ 3 ഗോളുകളും ഫൈനലിൽ സ്വീഡനെതിരെ നേടിയ 2 ഗോളുകളും പെലെക്ക് മികച്ച ഫുട്ബോളർ എന്ന കിരീടം നേടിക്കൊടുത്തു.
1971 ൽ അദ്ദേഹം ഇന്റർനാഷണൽ ഫുട്ബോളിൽ നിന്ന് വിടപറഞ്ഞപ്പോൾ ആയിരത്തിലധികം തവണ ശത്രുക്കളുടെ വല കുലുക്കിയിരുന്നു. പിന്നീട് ക്ലബ് ഫുട്ബോളുകളിൽ സജീവമായ പെലെ ന്യൂ യോർക്ക് കോസ്മോസ് ക്ലബ്ബിനെ 1977 ൽ ലീഗ് ചാമ്പ്യന്മാരാകാൻ സഹായിച്ചു. 1999 ൽ ഫിഫ പെലെയെ ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്ബോൾ കളിക്കാരനായി തെരഞ്ഞെടുത്തു.
പെലെയെ സംബന്ധിച്ച ഒരു രസകരമായ കഥ..
അറുപതുകളുടെ അവസാനത്തിൽ കൊടുമ്പിരിക്കൊണ്ട നൈജീരിയ – ബയാഫ്ര യുദ്ധം നാൽപ്പത്തിയെട്ട് മണിക്കൂർ നേരം വെടിനിർത്തൽ പ്രഖ്യാപിച്ചു. കാരണമെന്തെന്നോ? പെലെ തന്‍റെ സാന്‍റോസ് ടീമുമായി നൈജീരിയയിലെത്തിയിരുന്നു.