അക്കിത്തം അച്യുതന്‍ നമ്പൂതിരി
- admin trycle
- May 13, 2020
- 0 comment(s)

അക്കിത്തം അച്യുതന്‍ നമ്പൂതിരി
ശ്രദ്ധേയരായ ആധുനിക കവികളില്‍ ഒരാളാണ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി. അക്കിത്തം എന്നറിയപ്പെടുന്ന അദ്ദേഹം കവിത, ചെറുകഥ, നാടകം, വിവര്‍ത്തനം, ഉപന്യാസം എന്നിങ്ങനെ മലയാളസാഹിത്യത്തില്‍ നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്.
1926 മാര്‍ച്ച്18-നു പാലക്കാട് ജില്ലയിലെ കുമാരനെല്ലൂരിലാണ് അക്കിത്തം ജനിച്ചത്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവുമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ അദ്ദേഹത്തിന്റെ സഹോദരനാണ്. മകനായ അക്കിത്തം വാസുദേവനും ചിത്രകാരനാണ്. ബാല്യത്തില്‍ സംസ്കൃതവും, സംഗീതവും, ജ്യോതിഷവും പഠിച്ച അദ്ദേഹം 15-ാമത്തെ വയസ്സില്‍ കുമരനല്ലൂര്‍ ഹൈസ്കൂളില്‍ മൂന്നാം ഫാറത്തില്‍ ചേര്‍ന്നു. 19-ാമത്തെ വയസ്സില്‍ സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റു ക്ളാസില്‍ ചേര്‍ന്നെങ്കിലും പഠിത്തം തുടരാന്‍ സാധിച്ചില്ല. ഇ. എം. എസി നോടൊപ്പം സാംസ്കാരിക രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1946 മുതല്‍ 1949 വരെ ഉണ്ണിനമ്പൂതിരി എന്ന മാസികകയുടെ പ്രസാധകനും, മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപനുമായി അക്കിത്തം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1956 മുതല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ സ്ക്രിപ്റ്റ് എഴുത്തുകാരനായി പ്രവര്‍ത്തിച്ച അദ്ദേഹം 1975-ല്‍ ആകാശവാണി തൃശൂര്‍ നിലയത്തില്‍ എഡിറ്ററായിരുന്നു. ഇടശ്ശേരിയുടെ കൂട്ടുകൃഷി എന്ന നാടകം അരങ്ങിലെത്തിയപ്പോള്‍ അതിലെ ശ്രീധരന്‍പിള്ള എന്ന കഥാപാത്രമായി നാടകാഭിനയത്തിലും വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
മലയാള സാഹിത്യ ലോകത്തേക്ക് അമ്പതോളം കൃതികള്‍ സമ്മാനിച്ച കവിയാണ് അക്കിത്തം. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസമാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികളിലൊന്ന്. 1948-49-ല്‍ കമ്യൂണിസ്റ്റുകാരുമായി ഉണ്ടായിരുന്ന അടുത്ത സഹവര്‍ത്തിത്ത്വത്തില്‍ നിന്നുമാണ് 'ഇരുപതാം നൂറ്റാണ്ടിലെ ഇതിഹാസം' എന്ന കവിത അദ്ദേഹം രചിക്കുന്നത്. എന്നാൽ ആ കവിത പുറത്ത് വന്നതോട് കൂടി ഇ.എം.എസ്സ് തുടങ്ങിയ നിരവധി കമ്യൂണിസ്റ്റ് നേതാക്കന്മാരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അക്കിത്തം കമ്യൂണിസ്റ്റ് വിരുദ്ധനായി ചിത്രീകരിക്കരിക്കപ്പെട്ടു. "വെളിച്ചം ദൂഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം" എന്ന പ്രസിദ്ധമായ വരികൾ ഈ കൃതിയിൽ നിന്നുള്ളതാണ്. ഭാഗവതം, നിമിഷ ക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, ബലിദര്‍ശനം, മനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍ , നിമിഷ ക്ഷേത്രം, പഞ്ചവര്‍ണ്ണക്കിളി, അരങ്ങേറ്റം, മധുവിധു, ഒരു കുല മുന്തിരിങ്ങ, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക , കളിക്കൊട്ടിലില്‍ ,സമത്വത്തിന്റെ ആകാശം, കരതലാമലകം, ആലഞ്ഞാട്ടമ്മ, പ്രതികാരദേവത, മധുവിധുവിനു ശേഷം, സ്പര്‍ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് മറ്റു പ്രധാന കൃതികള്‍. ഉപനയനം, സമാവര്‍ത്തനം എന്നീ ഉപന്യാസങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ''ഈ ഏട്ത്തി നൊണേ പറയൂ'', എന്ന കുട്ടികൾക്കുള്ള അദ്ദേഹത്തിന്റെ നാടകവും പ്രശസ്തമാണ്.
1952 ലെ സഞ്ജയൻ അവാർഡ്, 1972-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1973-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1974-ലെ ഓടക്കുഴല്‍ അവാര്‍ഡ്, 2002-ലെ പത്മപ്രഭ പുരസ്കാരം, 2008-ലെ എഴുത്തച്ഛന്‍ പുരസ്കാരം, 2012-ലെ വയലാര്‍ അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് 2017-ല്‍ രാജ്യം പത്മശ്രീ നൽകി അക്കിത്തത്തെ ആദരിച്ചിട്ടുണ്ട്. സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. മലയാളത്തിലെ ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാര ജേതാവാണ് അക്കിത്തം.