ഓണക്കളികള്‍
- admin trycle
- Sep 10, 2019
- 0 comment(s)
ഓണത്തെക്കുറിച്ചുളള കഥകളും ഐതിഹ്യങ്ങളുമെല്ലാം കഴിഞ്ഞ ബ്ലോഗില്‍ വായിച്ചുവല്ലോ.. നമ്മുക്കെല്ലാവര്‍ക്കുമറിയുന്ന, ഓണവുമായി ബന്ധപ്പെട്ട മറ്റ് ചില വിശേഷങ്ങളും ആചാരങ്ങളും വായിക്കാം...
ഓണാഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നത് ചിങ്ങമാസത്തിലെ അത്തം നാളുമുതലാണ്. എന്നാല്‍ കര്‍ക്കിടകമാസത്തിലെ തിരുവോണനാൾ മുതല്‍ 28 ദിവസം നീണ്ട് നില്‍ക്കുന്ന ഓണപ്പരിപാടികള്‍ ആരംഭിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പിള്ളയോണം, പിള്ളേരോണം എന്നിങ്ങനെയായിരുന്നു ആ ദിവസങ്ങള്‍ അറിയപ്പെട്ടിരുന്നത്. ഇന്ന് നഗരജീവിതതിരക്കുകള്‍ക്കിടയില്‍ അവ അന്യം നിന്ന് പോയെങ്കിലും ചില നാട്ടിന്‍ പുറങ്ങളില്‍ ഇവ ആഘോഷിക്കാറുണ്ട്.
തൃപ്പൂണിത്തുറയിലെ അത്തച്ചമയം പ്രസിദ്ധമാണല്ലോ..
അത്തം മുതലാണ് ഓണാഘോഷങ്ങള്‍ എന്നു പറഞ്ഞല്ലോ.. അത്തം മുതല്‍ പത്ത് ദിവസത്തേക്ക് നീണ്ട് നില്‍ക്കുന്ന സവിശേഷമായ ചടങ്ങാണ് പൂക്കളമൊരുക്കുന്നത്. അത്തം മുതല്‍ പൂക്കളമിടാന്‍ തുടങ്ങുന്നത് കൊണ്ടുതന്നെ അത്തപ്പൂക്കളം എന്ന് അറിയപ്പെടുന്നു. വീട്ടുമുറ്റത്ത് ചാണകം മെഴുകിയ തറയിലാണ് അത്തപ്പൂക്കളമൊരുക്കുന്നത്. സാധാരണയായി വൃത്താകൃതിയിലാണ് പൂക്കളമിടുന്നത്. പൂക്കളത്തിന്‍റെ ആകൃതിക്ക് പിന്നിലുള്ള സങ്കല്പം ചിലയിടങ്ങളില്‍ പത്മവ്യൂഹവുമായി ബന്ധപ്പെട്ടിട്ടാണ് നിലനില്‍ക്കുന്നത്. ആദ്യദിവസം ഒരു പൂവില്‍ തുടങ്ങി പത്താം ദിവസം പത്ത് നിറത്തില്‍ പൂവിടുന്നതാണ് സാധാരണരീതി. എന്നാല്‍ ഇന്നത്തെ പൂക്കളമിടല്‍ ഈ സങ്കല്പങ്ങള്‍ക്കെല്ലാം വിഭിന്നമായ രീതിയിലാണ്. പണ്ടുകാലത്ത് പ്രകൃതിയില്‍ സുലഭമായി കാണുന്ന പൂക്കള്‍ തന്നെയായിരുന്നു പൂവിടാനായി ഉപയോഗിച്ചിരുന്നത്. ഓണപ്പൂക്കളത്തിലിടാന്‍ ഉപയോഗിക്കുന്ന പൂക്കളെല്ലാം ഓണപ്പൂക്കള്‍ എന്നറിയപ്പെട്ടിരുന്നു. തുമ്പപ്പൂ, മുക്കൂറ്റിപ്പൂ, കുമ്പളപ്പൂ, മത്തപ്പൂ, ഒടിച്ചു കുത്തിപ്പൂ, ചെമ്പരത്തിപ്പൂ, അലരിപ്പൂ, പൂവാംകുരന്നിലപ്പൂ, കൈയ്യുന്നീ, കറുക, ഉഴിഞ്ഞ, നിലപ്പന, കൃഷ്ണക്രാന്തി, നലനീളി, കണ്ണാന്തളി, കിളിപ്പൂ, കാക്കപ്പൂ, കലമ്പൊട്ടി, കദളി, കായാമ്പൂ, കോളാമ്പിപ്പൂ, നെല്ലീപ്പൂ, അരിപ്പൂ എന്നിവയാണ് ഓണവിജ്ഞാനകോശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഓണപ്പൂക്കള്‍.
പൂവിടുന്നതുമായി ബന്ധപ്പെട്ട് മറ്റ് ചില ആചാരങ്ങള്‍ കൂടി നിലനിന്നിരുന്നു. ഓണനാളുകളില്‍ അതിരാവിലെ കുട്ടികള്‍ പൂക്കളമൊരുക്കാനുള്ള പൂ തേടി പൂക്കൊട്ടയുമായി യാത്രതിരിക്കുന്നു.ഇങ്ങിനെ പോവുമ്പോള്‍ പൂപ്പൊലിയെന്ന് അവര്‍ ഉച്ചത്തില്‍ വിളിക്കുന്നതാണ് പൂവിളി എന്ന് അറിയപ്പെടുന്നത്.പാട്ടു പാടാതെ പൂ പറിച്ചാല്‍ പൂക്കള്‍ വാടിപ്പോകുമെന്ന വിശ്വാസമാണ് പൂവിളിക്ക് പിന്നില്‍.
ഓണക്കളികള്‍
ഓണക്കാലത്തെ പ്രധാന കളികളില്‍ ഇന്നും നിലനില്‍ക്കുന്നവ ഓണത്തല്ലും വള്ളംകളിയും തിരുവാതിരയുമാണ്. എന്നാല്‍ പണ്ടുകാലത്ത് ഓണത്തെ ഓരോ കൂട്ടായ്മകളും വിവിധ തരം കളികളിലൂടെ ഓണത്തിനെ വരവേറ്റിരുന്നു. ഇന്ന് നിലവിലില്ലാത്തതും ഒരു കാലത്ത് നിലവിലിരുന്നതുമായ ഗ്രാമീണപന്തുകളിയായ തലപ്പന്തുകളി, തുമ്പിതുള്ളല്‍, ഓണവില്ലുകൊട്ടല്‍, അമ്മാനയാട്ടം, ഉറിയടി, ആടുകളി, ചരടുകളി എന്നിങ്ങനെ വ്യത്യസ്തതരം കളികള്‍ ഓണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. ഓണത്തോടനുബന്ധിച്ച് ഇന്നും ചില പ്രദേശങ്ങളില്‍ നടക്കുന്ന കായികവിനോദമാണ് ഓണത്തല്ല്. പെരുമക്കള്‍മാരുടെ കാലത്തോ അതിനു മുമ്പോ ആയിട്ടാണ് ഇത്തരമൊരു കലാരൂപം ഉദയം പ്രാപിച്ചത് എന്ന് അഭിപ്രായമുണ്ട്. കര്‍ക്കിടകമാസത്തിലെ കളരിയഭ്യാസം കഴിഞ്ഞ് ചിങ്ങമാസത്തില്‍ പ്രായോഗികാഭ്യാസം കാണിക്കാനുള്ള അവസരമായാണ് ഓണത്തല്ല് കണക്കാക്കുന്നത്. ഇന്നും തിരുവോണനാളില്‍ ചിലയിടങ്ങളില്‍ ഓണത്തല്ല് നടക്കാറുണ്ട്. ഓണക്കാലത്ത് സ്ത്രീകള്‍ കളിക്കുന്ന മറ്റൊരു കായികവിനോദമാണ് ചെമ്പഴുക്ക. ബാലികമാരുടെയും കുമാരിമാരുടെയും ഓണക്കളിയാണ് തുമ്പിതുള്ളല്‍. പാലക്കാടന്‍ ഗ്രാമങ്ങളില്‍ ഏറെ പ്രചാരമുള്ള ഓണക്കളിയാണ് ചവിട്ടുകളി. നളചരിതം കഥയാണ് പാട്ടിലെ പ്രമേയ വിഷയം. ശ്രീകൃഷ്ണന്‍റെ വെണ്ണമോഷണത്തെ അനുസ്മരിപ്പിക്കുന്ന മറ്റൊരു കായികവിനോദമാണ് ഉറിയടി. ചിലയിടങ്ങളില്‍ അഷ്ടമി രോഹിണിനാളിലും ഇത് നടത്തുന്നു.
ഓണച്ചൊല്ലുകള്‍
ഓണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിരവധി ചൊല്ലുകളുണ്ട്. ഓണക്കാലത്ത് സംഭവിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങളും മറ്റും സൂചിപ്പിക്കുന്നതാണ് ഇവ. പണ്ടുകാലത്തെ ജനതയുടെ അനുഭവങ്ങളില്‍ നിന്നും രൂപപ്പെട്ടിട്ടുള്ള ഇവ വാമൊഴിയായി നിലനിന്നുപോരുന്നവയാണ്. അവയ്ക്ക് ശാസ്ത്രപിന്‍ബലം ഉണ്ടാവില്ല. ചില ഓണച്ചൊല്ലുകള്‍ താഴെപ്പറയുന്നു.
"അത്തം കറുത്താല്‍ ഓണം വെളുക്കും", "ഓണം മുഴക്കാലുപോലെ", "ഓണം വരാനൊരു മൂലം വേണം", "ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രോളം", "അവിട്ടക്കറ ചവിട്ടി പൊട്ടിക്കണം", "ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര"