കേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പും ചരിത്രവും
- admin trycle
- Feb 15, 2020
- 0 comment(s)
കേരളത്തിലെ ആദ്യ പൊതുതെരഞ്ഞെടുപ്പും ചരിത്രവും
ഇന്ത്യയിലെ നിയമസഭകളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അഭിമാനിക്കാൻ നിരവധി കാര്യങ്ങൾ നമുക്ക് കാണാം, കാരണം പല രാഷ്ട്രീയ പരീക്ഷണങ്ങളിലും കേരളം ഒന്നാമനായിരുന്നു. രാജ്യത്തെ രാജഭരണ സംസ്ഥാനങ്ങളിൽ, പഴയ സംസ്ഥാനമായ തിരുവിതാംകൂറിലാണ് 1888 ൽ ആദ്യത്തെ ഔദ്യോഗിക കൗൺസിൽ രൂപീകരിച്ചത്. ആറ് ഔദ്യോഗിക അംഗങ്ങളും, രണ്ട് അനൗദ്യോഗിക അംഗങ്ങളും ആണ് ഇതിൽ ഉണ്ടായിരുന്നത്. 1898-ൽ അംഗങ്ങളുടെ എണ്ണം എട്ടിൽ നിന്ന് 15 ആക്കി ഉയർത്താൻ തീരുമാനിച്ചു, അതിൽ അഞ്ചിൽ രണ്ട് പേർ അനൗദ്യോഗിക അംഗങ്ങളായിരിക്കണം. എന്നാൽ അതിന്റെ തത്വത്തിൽ പോലും അക്ഷരാർത്ഥത്തിൽ തിരഞ്ഞെടുപ്പിന്റെ ആദർശം അംഗീകരിച്ചില്ല. 1904ല്‍
ഈ കൗണ്‍സിലിനു പുറമെ 100 അംഗങ്ങളുള്ള ശ്രീമൂലം പ്രജാസഭ സ്ഥാപിച്ചു. 1904 ഒക്ടോബര്‍ 22 ന് വിജെടി ഹാളിൽ ശ്രീമൂലം പോപ്പുലര്‍ അസംബ്ളിയുടെ ആദ്യയോഗം ചേര്‍ന്നു. നിയമപരമായി വലിയ അധികാരങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ജനവികാരം ശക്തമായി പ്രതിഫലിപ്പിക്കാനുള്ള വേദിയായി ഈ സഭ.
ഈ കാലയളവിൽ കൊച്ചിരാജ്യത്ത് 1925ല്‍ 45 അംഗങ്ങളുള്ള ആദ്യ ലെജിസ്ളേറ്റീവ് കൌണ്‍സില്‍ നിലവില്‍വന്നു. ഭരണ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി 1938ല്‍ ദ്വിഭരണ വ്യവസ്ഥ കൊച്ചിരാജ്യത്ത് നിലവിൽ വന്നു. കൗണ്‍സില്‍ അംഗമായ അമ്പാട്ട് ശിവരാമമേനോന്‍ ഈ വ്യവസ്ഥയിലെ ഏകാംഗമന്ത്രിയാവുകയും പിന്നീട് 1946 ൽ നാലംഗ മന്ത്രിസഭ നിലവില്‍ വരുകയും ചെയ്തു. 1947 ആഗസ്ത് 14ന് കൊച്ചിയില്‍ ഉത്തരവാദിത്തഭരണം സ്ഥാപിച്ചു. 1947 സെപ്തംബര്‍ ഒന്നിന് പനമ്പള്ളി ഗോവിന്ദമേനോന്‍ പ്രധാനമന്ത്രിയായി മന്ത്രിസഭ നിലവില്‍ വന്നു. തുടര്‍ന്ന് ഒക്ടോബര്‍ 27ന് ടി കെ നായര്‍ പ്രധാനമന്ത്രിയായി. 1948ല്‍ പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തി ലെജിസ്ളേറ്റീവ് അസംബ്ളി സ്ഥാപിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പിലൂടെ ഇക്കണ്ടവാര്യരുടെ നേതൃത്വത്തില്‍ 1948 സെപ്തംബര്‍ 20ന് മന്ത്രിസഭ അധികാരമേറ്റു. 1949 ൽ തിരു - കൊച്ചി സംയോജനം നടന്നു.
1950 ജനുവരി 26ന് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി മാറി. 1951-52 ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് തന്നെ, ശ്രീ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടിരുന്നു. ഇതോടൊപ്പം തന്നെ ശ്രീ മന്നത്ത് പത്മനാഭന്റെയും ശ്രീ ആര്‍ ശങ്കറിന്റെയും നേതൃത്വത്തില്‍ ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയും രൂപീകരിച്ചു.
തിരുകൊച്ചിയിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് 1951 ഡിസംബര്‍ 10 മുതല്‍ 1952 ജനുവരി 5 വരെ തിരുകൊച്ചി സംസ്ഥാനത്ത് നടന്നു. 108 സീറ്റില്‍ കോണ്‍ഗ്രസിന് 44 സീറ്റുകളും (മൂന്നെണ്ണത്തില്‍ എതിരില്ലാതെ) സോഷ്യലിസ്റ്റുകള്‍ 11ലും (ഒരെണ്ണത്തില്‍ എതിരില്ലാതെ) കമ്മ്യൂണിസ്റ്റുകള്‍ 25 സീറ്റിലും ആര്‍.എസ്.പി ആറ് സീറ്റിലും ട്രാവന്‍കൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസിന് എട്ട് സീറ്റും കെഎസ്പിയ്ക്കും കൊച്ചിന്‍ പാര്‍ട്ടിയ്ക്ക് ഒരോ സീറ്റും സ്വതന്ത്രര്‍ 12 സീറ്റുകളിലും വിജയിച്ചു. (തിരുകൊച്ചിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു.) 1952 മാര്‍ച്ച് 12 ന് ശ്രീ എ.ജെ ജോണിന്റെ നേതൃത്വത്തില്‍ ആറംഗ മന്ത്രിസഭ അധികാരമേറ്റെടുത്തു. പിന്നീട് തിരുവിതാംകൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസുമായി സംഖ്യ ഉണ്ടാക്കിയതിനെ തുടര്‍ന്ന് കാബിനറ്റിലേക്ക് പാര്‍ട്ടിയുടെ ഒരു പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തിയിരുന്നു.
തിരുകൊച്ചി അസംബ്ലിയിലേക്കുള്ള അടുത്ത തെരഞ്ഞെടുപ്പ് നടന്നത് 1954 ഫെബ്രുവരി മാസത്തിലാണ്. മണ്ഡല വിഭജനത്തെ തുടര്‍ന്ന് സീറ്റുകളുടെ എണ്ണം 118 ആയി ഉയര്‍ന്നു. ഫലം പ്രഖ്യാപിച്ചപ്പോള്‍ പാര്‍ട്ടിയുടെ നില താഴെ പറയുന്ന വിധമായിരുന്നു. ഐ.എന്‍.സി 45, ടിടിഎന്‍സി 12, പിഎസ്പി 19, കമ്മ്യൂണിസ്റ്റ് 23, ആര്‍എസ്പി 9, കെഎസ്പി 3, സ്വതന്ത്രര്‍ 6, ആംഗ്ലോ ഇന്ത്യന്‍ ഒന്ന്. ഈ മന്ത്രിസഭയ്ക്കും കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. അങ്ങനെ സംസ്ഥാനം ആദ്യമായി പ്രസിഡന്റ് ഭരണത്തിന്റെ കീഴിലായി. ശ്രീ. പി.എസ്.റാവു രാജപ്രമുഖിന്റെ ഉപദേശകനായി നിയമിക്കപ്പെട്ടു.
ഇന്ത്യ സ്വതന്ത്രമായതോടെ ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പുനഃസംഘടന സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ നേതൃത്വത്തിൽ പുനർനിർമ്മാണത്തിൽ നടന്നു. അങ്ങനെ ഒരു യുണൈറ്റഡ് കേരളത്തിനായുള്ള മലയാളികളുടെ ദീർഘനാളത്തെ ആഗ്രഹം 1956 നവംബർ 1 ന് യാഥാർത്ഥ്യ മായി. മദ്രാസിലെ മലബാർ ജില്ലയെയും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കിനെയും കേരളത്തിലേക്ക് ചേർത്തു. തമിഴ് സംസാരിക്കുന്ന പഴയ ട്രാൻവാൻകൂർ സംസ്ഥാനത്തിന്റെ തെക്കൻ പ്രദേശം മദ്രാസ് സംസ്ഥാനവുമായി കൂട്ടിച്ചേർത്തു. രാജപ്രമുഖിന്റെ ഭരണം അവസാനിക്കുകയും ശ്രീ പി.എസ്.റാവുവിനെ കേരളത്തിന്റെ ആക്ടിംഗ് ഗവർണറായി നിയമിക്കുകയും ചെയ്തു.
1956 നവംബര്‍ 1-നു ഐക്യകേരളം യാഥാര്‍ത്ഥ്യമായെങ്കിലും വ്യക്തമായ ഭരണാവകാശമുള്ള ജനാധ്യപത്യ സംസ്ഥാനമായി കേരളം മാറിയത് ആദ്യത്തെ പൊതുതെരഞ്ഞെടുപ്പോടു കൂടിയാണ്. കേരള നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പ് 1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ നടന്നു. ഈ തെരഞ്ഞെടുപ്പ് സ്വത്രന്ത്ര ഇന്ത്യയില്‍ പാര്‍ലമെന്‍റിലേക്കു നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പ് കൂടിയായിരുന്നു. മൊത്തം 126 സീറ്റുകളിൽ 11 സീറ്റുകൾ പട്ടികജാതിക്കാർക്കും ഒരു സീറ്റ് പട്ടികവർഗ്ഗക്കാർക്കും സംവരണം ചെയ്തു.
7,514,626 ആള്‍ക്കാര്‍ക്ക് വോട്ടവകാശമുണ്ടായിരുന്ന ഈ തെരഞ്ഞെടുപ്പില്‍ 5837577 ആളുകള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ആകെ 114 മണ്ഡലങ്ങളിലായി 126 സീറ്റുകളിലേക്ക് 406 സ്ഥാനാര്‍ത്ഥികള്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ചും, സ്വതന്ത്രരായും മത്സരിച്ചു. ഇതില്‍ 12 മണ്ഡലങ്ങള്‍ രണ്ടംഗ മണ്ഡലമായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയായിരുന്നു ആദ്യ തെരഞ്ഞെടുപ്പിനെ നേരിട്ട കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മത്സരിച്ച 101 ഇടങ്ങളില്‍ 60 സീറ്റുകളില്‍ വിജയിച്ച് അധികാരത്തിലെത്തി. സഭയിൽ എത്തിയ അഞ്ച് സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുണ്ടായിരുന്നു, അതിനാൽ അവർ കമ്മ്യൂണിസ്റ്റ് ലെജിസ്ലേറ്റീവ് പാർട്ടിയിൽ ചേർന്നു. 124 സീറ്റുകളിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മത്സരിച്ച് ഏറ്റവും കൂടുതല്‍ ഇടങ്ങളില്‍ മത്സരിച്ച പാര്‍ട്ടിയായി മാറി. 9 വനിതാ സ്ഥാനാര്‍ത്ഥികളില്‍ നിന്നും അഞ്ച് പേര്‍ തെരഞ്ഞെടുക്കപ്പെട്ടു. 1957 ഏപ്രില്‍ 5-നു ഇ.എം.എസ് നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകൃതമായതോടെ കേരളം എന്ന പ്രദേശം ആഗോള രാഷ്‌ട്രീയ ഭൂപടത്തില്‍ ഇടം നേടി. രഹസ്യ ബാലറ്റ് തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭ കേരളത്തില്‍ നിലവില്‍ വന്നതോടെ ചരിത്രനേട്ടം കൈവരിക്കാന്‍ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പിനായി.
ഈ സർക്കാർ അധികകാലം നീണ്ടുനിന്നില്ല. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം വിമോചന സമരം എന്നറിയപ്പെടുന്ന ഒരു പ്രക്ഷോഭം ആരംഭിച്ചു. രാഷ്ട്രപതി 1959 ജൂലൈ 31 ന് ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം നിയമസഭ പിരിച്ചുവിടുകയും രാഷ്ട്രപതി ഭരണം സംസ്ഥാനത്ത് നടപ്പാക്കുകയും ചെയ്തു.