ജിറാഫിഡേ കുടുംബത്തിൽ പെട്ട ജീവി ഓകാപി
- admin trycle
- Sep 21, 2020
- 0 comment(s)
ജിറാഫിനൊപ്പം ജിറാഫിഡേ കുടുംബത്തിൽ പെട്ട ജീവിയാണ് ഓകാപി. ഓകാപിയ ജോൺസ്റ്റണി എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. കോംഗോ മേഖലയിലെ മഴക്കാടുകളിലാണ് ഓകാപിയെ കണ്ടെത്തിയത്, 1901 ൽ ബ്രിട്ടീഷ് പര്യവേക്ഷകനായ സർ ഹാരി ഹാമിൽട്ടൺ ജോൺസ്റ്റൺ ബ്രിട്ടീഷ് മ്യൂസിയത്തിലേക്ക് ആദ്യ തെളിവുകൾ അയക്കുന്നത് വരെ ശാസ്ത്രത്തിന് ഈ ജീവിയെ കുറിച്ച് അറിവുകൾ ഇല്ലായിരുന്നു. എന്നിരുന്നാലും ബ്രിട്ടീഷ് അമേരിക്കൻ പര്യവേക്ഷകനായ സർ ഹെൻറി മോർട്ടൻ സ്റ്റാൻലി 1890 ൽ തന്നെ മൃഗത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഇറ്റൂറി വനത്തിന്റെ ഫ്ലാഗ്ഷിപ് സ്പീഷ്യസ് (ഒരു പ്രദേശത്തിന്റെ സംരക്ഷണത്തിന്റെ പ്രതീകമായി മാറിയ ഒരു ജനപ്രിയ ഇനം) ഓകാപിയാണ്. ഇത് ജിറാഫുമായി ബന്ധമുള്ള ജീവിയാണെങ്കിലും,ഓകാപിക്ക് ചെറിയ കഴുത്തും കാലുകളും ആണുള്ളത്. ഓകാപിയുടെ രോമപാളി നേർത്തതും ഏതാണ്ട് പാർപ്പിളിന് സമാനമായ കടും തവിട്ട് നിറത്തിലുള്ളതുമാണ്, മുഖത്തിന്റെ വശങ്ങൾ ഇളം വെളുപ്പ് നിറവും, നെറ്റിയിലും ചെവിയിലും മങ്ങിയ ചുവപ്പ് നിറവും കാണപ്പെടുന്നു. മുൻകാലുകളുടെ മുകൾഭാഗം, നിതംബം, തുട എന്നിവ കറുപ്പും വെളുപ്പും തിരശ്ചീനമായ വരകളുള്ളതാണ്, ഒപ്പം കാലുകളുടെ താഴത്തെ ഭാഗങ്ങൾ വെളുത്തതും കുളമ്പുകൾക്ക് മുകളിൽ കറുത്ത വളയങ്ങളും കാണുന്നു. പ്രായപൂർത്തിയായ പുരുഷ ഓകാപികൾ ശരാശരി 2.5 മീറ്റർ നീളമുള്ളതും ചുമൽഭാഗത്ത് 1.5 മീറ്ററോളം പൊക്കവും വരുന്നതാണ്, മാത്രമല്ല സാധാരണയായി ഇവയ്ക്ക് 200–300 കിലോഗ്രാം ഭാരവും വരും. പ്രായപൂർത്തിയായ സ്ത്രീകൾക്ക് പ്രായപൂർത്തിയായ പുരുഷന്മാരേക്കാൾ അല്പം ഉയരവും 25-50 കിലോഗ്രാം ഭാരവും കൂടുതലാവും. ഓകാപികൾക്ക് വലിയ കണ്ണും ചെവിയും ആണുള്ളത്.
ഇടതൂർന്ന സ്ഥലങ്ങളിൽ വസിക്കുകയും ഇലകൾ, ഫംഗസുകൾ, പഴങ്ങൾ എന്നിവ തിന്നുകയും ചെയ്യുന്ന ഏകാന്തവാസികാളായ മൃഗമാണ് ഓകാപി. പുള്ളിപ്പുലിയാണ് ഓകാപികളെ പ്രധാനമായും ഇരയാക്കുന്നത്. ഓകാപികളെ ഇന്ന് പല സുവോളജിക്കൽ ഗാർഡനുകളിലും കാണാം. ഓകാപി 20-30 വർഷം വരെ ജീവിക്കാം. ഏകദേശം 2 വയസ്സിൽ സ്ത്രീ ഓകാപികൾ ലൈംഗിക പക്വത പ്രാപിക്കുന്നു, അതേസമയം പുരുഷന്മാർ 3 ആം വയസ്സിൽ ഈ ഘട്ടത്തിൽ എത്തുന്നു