തുൾസ റേസ് കൂട്ടക്കൊല
- admin trycle
- May 18, 2020
- 0 comment(s)
തുൾസ റേസ് കൂട്ടക്കൊല
യുഎസ് ചരിത്രത്തിലെ വംശീയ അതിക്രമങ്ങളിൽ ഏറ്റവും ഗുരുതരമായ സംഭവങ്ങളിലൊന്നാണ് 1921 ലെ തുൾസ റേസ് കൂട്ടക്കൊല. 1921 മെയ് 31 ന് ഒക്ലഹോമയിലെ തുൾസയിൽ ആരംഭിച്ച ഈ ലഹള തുൾസ റേസ് ലഹള എന്നും അറിയപ്പെടുന്നു. രണ്ടുദിവസം നീണ്ടുനിന്ന ഈ കലാപത്തിൽ 30 നും 300 നും ഇടയിൽ ആളുകൾ മരിച്ചു. കൂടുതലും ആഫ്രിക്കൻ അമേരിക്കക്കാർ ആയിരുന്നു ഈ കലാപത്തിൽ മരണപ്പെട്ടത്. തുൾസയുടെ സമീപത്തുള്ള ഗ്രീൻവുഡ് ആഫ്രിക്കൻ അമേരിക്കൻ ബിസിനസ്സിന്റെയും സംസ്കാരത്തിന്റെയും പ്രഭവകേന്ദ്രമായിരുന്നു. അക്കാലത്ത് പതിനായിരത്തോളം ജനസംഖ്യയുള്ള ഈ പ്രദേശം ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കയിലെ ഏറ്റവും സമ്പന്നമായ ആഫ്രിക്കൻ അമേരിക്കൻ സമൂഹങ്ങളിലൊന്ന് കൂടിയായിരുന്നു.
1921 മെയ് 30 ന്, ആഫ്രിക്കൻ അമേരിക്കൻ ഷൂ ഷൈനറായ കറുത്ത ഡിക്ക് റോളണ്ട് എന്ന കൗമാരക്കാരൻ സൗത്ത് മെയിൻ സ്ട്രീറ്റിലെ ഓഫീസ് കെട്ടിടമായ ഡ്രെക്സൽ കെട്ടിടത്തിൽ ഒരു ലിഫ്റ്റിൽ പ്രവേശിച്ചു. അതിനുശേഷം ലിഫ്റ്റിൽ വെച്ച് സാറാ പേജ് എന്ന വെളുത്ത വർഗ്ഗക്കാരിയായ എലിവേറ്റർ ഓപ്പറേറ്റർ നിലവിളിക്കുകയും റോളണ്ട് ഓടി രക്ഷപ്പെടുകയും ചെയ്തു. സാറാ പേജിനെ ആക്രമിച്ചതായി ആരോപിക്കപ്പെട്ട് പിറ്റേന്ന് രാവിലെ പോലീസ് റോളണ്ടിനെ അറസ്റ്റ് ചെയ്തു. വിവിധ അഭ്യൂഹങ്ങൾ ഇത് സംബന്ധിച്ച് പ്രചരിക്കുകയും, പേജിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ റോളണ്ടിനെ പോലീസ് അറസ്റ്റ് ചെയ്തതായി തുൾസ ട്രിബ്യൂൺ പിറ്റേദിവസം ഒന്നാം പേജിൽ ഒരു കഥ അച്ചടിക്കുകയും ചെയ്തു. വൈകുന്നേരം ആയപ്പോൾ, കോപാകുലനായ ഒരു കൂട്ടം വെളുത്ത വർഗ്ഗക്കാർ റോളണ്ടിനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് കോടതിമുറിക്ക് പുറത്ത് തടിച്ചുകൂടി. റോളണ്ടിനെ സംരക്ഷിക്കാനായി ആഫ്രിക്കൻ അമേരിക്കക്കാരുടെയും ഒരു സംഘം അവിടെ തടിച്ചുകൂടിയിരുന്നു. റോളണ്ടിനെ സംരക്ഷിക്കാനായി ആയുധധാരിയായ ഒരു ആഫ്രിക്കൻ അമേരിക്കരനും പ്രതിഷേധക്കാരനായ ഒരു വെള്ളക്കാരനും തമ്മിൽ ഏറ്റുമുട്ടുകയും വെള്ളക്കാരന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു. ഇതോടെ വെള്ളക്കാരായ ജനക്കൂട്ടം പ്രകോപിതരാവുകയും തുൾസ കലാപം ആളിക്കത്തുകയും ചെയ്തു.
വെടിവെപ്പുണ്ടാവുകയും കലാപം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ കറുത്തവർഗ്ഗക്കാരുടെ കൂട്ടം ഗ്രീൻവുഡിലേക്ക് തിരിച്ചുപോയി. അടുത്ത മണിക്കൂറുകളിൽ നിരായുധനായ ഒരാളെ സിനിമാ തിയേറ്ററിൽ വെടിവച്ചുകൊല്ലുന്നതുൾപ്പെടെ നിരവധി അക്രമങ്ങൾ വെളുത്ത വർഗ്ഗക്കാരുടെ സംഘങ്ങൾ കറുത്തവർഗ്ഗക്കാർക്കെതിരെ നടത്തി. അവരിൽ ചിലർ നഗരത്തിലെ ഉദ്യോഗസ്ഥർ നിയോഗിക്കുകയും ആയുധങ്ങൾ നൽകുകയും ചെയ്തവരായിരുന്നു. അതിന്റെ ഫലമായി രണ്ട് ദിവസങ്ങളിൽ വൻതോതിൽ രക്തച്ചൊരിച്ചിലും നാശവും സംഭവിച്ചു. വെള്ളക്കാരായ കലാപകാരികൾ നഗരത്തിലുടനീളമുള്ള ആഫ്രിക്കൻ അമേരിക്കൻ ബിസിനസുകൾക്കും വീടുകൾക്കും തീയിടുകയും കൊള്ളയടിക്കുകയും ചെയ്തു. തുൾസയുടെ സമീപത്തെ സമ്പന്നമായ കറുത്ത വർഗ്ഗക്കാരുടെ പ്രദേശമായ ഗ്രീൻവുഡ് കലാപാകാരികൾ നശിപ്പിച്ചു. “ബ്ലാക്ക് വാൾസ്ട്രീറ്റ്” എന്നറിയപ്പെടുന്ന ഇവിടുത്തെ 1,400 ലധികം വീടുകളും വ്യാപാര സ്ഥാപനങ്ങളും കത്തിച്ചു, പതിനായിരത്തോളം ആളുകൾ ഭവനരഹിതരായി. കലാപകാരികളിൽ പല അംഗങ്ങളും അടുത്തിടെ ഒന്നാം ലോകമഹായുദ്ധത്തിൽ നിന്ന് തിരിച്ചെത്തിയവരായിരുന്നു. തോക്കുകൾ ഉപയോഗിക്കുന്നതിൽ പരിശീലനം നേടിയ ഈ സൈനികർ ആഫ്രിക്കൻ അമേരിക്കക്കാരെ കാഴ്ചയിൽ തന്നെ വെടിവച്ചുകൊന്നതായി പറയപ്പെടുന്നു. വിമാനങ്ങളിൽ നിന്നും ആളുകൾ അപകടകരമായ ബോംബുകൾ വാർഷിച്ചതായി കലാപത്തെ അതിജീവിച്ച ചിലർ പറയുന്നു. തീയണക്കാൻ എത്തിയ അഗ്നിശമന സേനാംഗങ്ങളെ കലാപകാരികൾ തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പുറത്തുപോകാൻ നിർബന്ധിച്ചുവെന്നും സാക്ഷ്യപ്പെടുത്തുന്നു. നാഷണൽ ഗാർഡ് എത്തി ജൂൺ ഒന്നിന് ഉച്ചയ്ക്ക് തൊട്ടുമുമ്പ് സൈനിക നടപടി ആരംഭിച്ചതോടെ കലാപം അവസാനിച്ചു.
ജൂൺ ഒന്നിന് കലാപം അവസാനിച്ചപ്പോൾ, ഔദ്യോഗിക മരണസംഖ്യ 10 വെള്ളക്കാരിലും 26 ആഫ്രിക്കൻ അമേരിക്കക്കാരിലും ഒതുങ്ങി. എന്നിരുന്നാലും പല വിദഗ്ധരും 300 പേരെങ്കിലും കൊല്ലപ്പെട്ടുവെന്ന് ഇപ്പോൾ വിശ്വസിക്കുന്നു. കലാപത്തിന് തൊട്ടുപിന്നാലെ ഹ്രസ്വമായ ഔദ്യോഗിക അന്വേഷണം നടന്നെങ്കിലും കലാപവുമായി ബന്ധപ്പെട്ട രേഖകൾ ഉടൻ അപ്രത്യക്ഷമായി. അതുകൊണ്ട് തന്നെ കലാപത്തിന് ഒരിക്കലും വ്യാപകമായ ശ്രദ്ധ ലഭിച്ചില്ല. കലാപത്തെക്കുറിച്ച് അന്വേഷിക്കാനും സംഭവം ഔദ്യോഗികമായി രേഖപ്പെടുത്താനും 1997 ൽ ഒക്ലഹോമ സംസ്ഥാനം തുൾസ റേസ് ലഹള കമ്മീഷൻ രൂപീകരിച്ചു. കമ്മീഷൻ അംഗങ്ങൾ ജീവിച്ചിരിപ്പുണ്ടായിരുന്നവരുടെ വിവരങ്ങളും, കലാപത്തിന് സാക്ഷ്യം വഹിച്ചവരും എന്നാൽ പിന്നീട് മരിച്ചവരുമായ വ്യക്തികളുടെ രേഖകളും മറ്റ് ചരിത്ര തെളിവുകളും ശേഖരിച്ചു. ഈ കമ്മീഷൻ രൂപീകരിക്കും വരെ ചരിത്രപുസ്തകങ്ങളിൽ ഈ കലാപം പരാമർശിക്കപ്പെട്ടിരുന്നില്ല.