മാർട്ടിൻ സ്കോസെസി
- admin trycle
- Jul 13, 2020
- 0 comment(s)

മാർട്ടിൻ സ്കോസെസി
ഹോളിവുഡിലെ എക്കാലത്തെയും പ്രധാനപ്പെട്ട സംവിധായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന മാർട്ടിൻ സ്കോസെസി തന്റെ ചലച്ചിത്രനിർമ്മാണ ശൈലികൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. ഹോളിവുഡ് നവതരംഗസിനിമയുടെ ഭാഗമായ സ്കോസെസിയുടെ സിനിമകൾ പലപ്പോഴും ഏറെ ബുദ്ധിമുട്ടുള്ളതോ അക്രമാസക്തമായതോ ആയ പ്രമേയങ്ങൾ കൈകാര്യം ചെയ്തു. സംവിധായകൻ എന്നതിനൊപ്പം തന്നെ തിരക്കഥാകൃത്ത് നിർമ്മാതാവ് അഭിനേതാവ് ചലച്ചിത്ര ചരിത്രകാരൻ എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു.
1942 നവംബർ 17 ന് ന്യൂയോർക്കിലെ ഫ്ലഷിംഗിൽ ആണ് സ്കോസെസി ജനിച്ചത്. മാർട്ടിൻ മാർക്കന്റോണിയോ ലൂസിയാനോ സ്കോസെസി എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. അദ്ദേഹത്തിന്റെ സ്കൂൾ പഠനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അവരുടെ കുടുംബം മാൻഹട്ടനിലെ ലിറ്റിൽ ഇറ്റലിയിലേക്ക് മാറി. സ്കോസെസിയുടെ മാതാപിതാക്കളായ ചാൾസും കാതറിനും പാർട്ട് ടൈം അഭിനേതാക്കളായി ജോലി ചെയ്തിരുന്നു, ഇത് മകന് സിനിമയോടുള്ള സ്നേഹത്തിന് വേദിയൊരുക്കി. കുട്ടിക്കാലം മുതൽ സിനിമയെ സ്നേഹിച്ചിരുന്ന സ്കോസെസി പിന്നീട് ഒരു പുരോഹിതനാവാൻ ശ്രമിച്ചു, എന്നാൽ അതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സിനിമയോടുള്ള അദ്ദേഹത്തിന്റെ ആദ്യകാല താത്പര്യം തിരിച്ചെത്തുകയും അതിനുവേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ 10 മിനിറ്റ് ദൈർഘ്യമുള്ള കോമഡി ഹ്രസ്വചിത്രം ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് 500 ഡോളർ സ്‌കോളർഷിപ്പ് നേടിയപ്പോൾ താൻ ശരിയായ ദിശയിലേക്കാണ് പോകുന്നതെന്ന് സ്കോസെസിക്ക് മനസ്സിലായി. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ സ്കോസെസി തുടർന്ന് അവിടെ പഠിപ്പിച്ചു. ഈ കാലഘട്ടത്തിൽ ജോനാഥൻ കപ്ലാൻ, ഒലിവർ സ്റ്റോൺ എന്നിവർ അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായിരുന്നു.
1960 കളുടെ അവസാനത്തിൽ ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ ശ്രദ്ധ നേടിത്തുടങ്ങിയ സ്കോസെസിയുടെ ആദ്യ ചിത്രം 'ഹൂസ് ദാറ്റ് നോക്കിംഗ് അറ്റ് മൈ ഡോർ?'(1967) ആണ്. 1970 കളോടെ സിനിമയിൽ സജീവമായി മാറിയ അദ്ദേഹത്തിന്റെ, ആദ്യ മാസ്റ്റർപീസായി പരക്കെ അംഗീകരിക്കപ്പെട്ട ചിത്രമാണ് 'മീൻ സ്ട്രീറ്റ്സ്' (1973). 20 ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 21 ആം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഏറ്റവും പ്രധാനപ്പെട്ട അമേരിക്കൻ സംവിധായകരിൽ ഒരാളായി മാറിയ അദ്ദേഹത്തിന്റെ സിനിമകൾ ആധുനിക സംസ്കാരത്തോടുള്ള അപകർഷതാബോധവും സിനിമയോടുള്ള വ്യക്തമായ സ്നേഹവും പ്രതിഫലിപ്പിക്കുന്നതായിരുന്നു. ഡാർക്ക് തീമുകൾ, അനുകമ്പയില്ലാത്ത പ്രധാന കഥാപാത്രങ്ങൾ, മതം, മാഫിയ, അസാധാരണമായ ക്യാമറ ടെക്നിക്കുകൾ, സമകാലീന സംഗീതം തുടങ്ങിയ ഘടകങ്ങൾ സ്കോസെസിയുടെ ചലച്ചിത്ര നിർമ്മാണത്തിൽ നമുക്ക് കാണാം.
സ്കോസെസിയുടെ ഏറ്റവും മികച്ച ചലച്ചിത്രമായി പലരും വിലയിരുത്തുന്ന 'ടാക്സി ഡ്രൈവർ' (1976) അദ്ദേഹത്തിന്റെ കരിയറിലെ മാത്രമല്ല, അമേരിക്കൻ സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ചതും ആഘോഷിക്കപ്പെടുന്നതുമായ സിനിമകളിലൊന്നായി നിലനിൽക്കുന്നു. ഓസ്കാർ നോമിനേഷനുകൾ നേടിയ ഈ ചിത്രത്തിന് കാൻസ് ചലച്ചിത്രമേളയിൽ "പാം ഡി ഓർ" ലഭിച്ചു. 1990 കളിൽ സ്കോസെസിയുടെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഗ്യാങ്‌സ്റ്റർ സിനിമകൾ പുറത്തിറങ്ങി. ഹെൻറി ഹിൽ എന്ന മുൻ ഗ്യാങ്സ്റ്ററുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ 'ഗുഡ്ഫെല്ലസ്'(1990), 1970 കളിലെ ചൂതാട്ട അധോലോകത്തിന്റെ ഉയർച്ചയും തകർച്ചയും അവതരിപ്പിച്ച 'കാസിനോ'(1995) എന്നിവയായിരുന്നു അവ.
രണ്ടായിരത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും ലിയനാർഡോ ഡികാപ്രിയോ പ്രധാന വേഷങ്ങളിൽ എത്തി. ലിയോനാർഡോ ഡികാപ്രിയോ ആദ്യമായി നായകവേഷത്തിലെത്തിയ സ്കോസെസി ചിത്രമായ 'ഗ്യാങ്സ് ഓഫ് ന്യൂയോർക്ക്' (2002) മികച്ച ചിത്രത്തിനും സംവിധായകനും ഉൾപ്പെടെ 10 ഓസ്കാർ നോമിനേഷൻസ് നേടി. ദി ഏവിയേറ്റർ (2004), ദി ഡിപ്പാർട്ടഡ് (2006), ഷട്ടർ ഐലന്റ് (2010), ദി വുൾഫ് ഓഫ് വാൾസ്ട്രീറ്റ്(2013) എന്നിവയും ഡികാപ്രിയോ പ്രധാന വേഷത്തിൽ എത്തിയ സ്കോസെസെ സിനിമകളാണ്. സ്കോസെസിക്ക് ഓസ്കാർ നേടിക്കൊടുത്ത ചിത്രമായിരുന്നു 'ദി ഡിപ്പാർട്ടഡ്', മികച്ച ചിത്രം ഉൾപ്പെടെ നാല് അക്കാദമി അവാർഡുകൾ നേടി. അഞ്ച് പതിറ്റാണ്ടിലേറെയായി സിനിമയിൽ തുടരുന്ന മാർട്ടിൻ സ്കോസെസി ഇന്ന് ലോക സിനിമയിലെ ഏറ്റവും ആദരണീയനും ബഹുമാന്യനുമായ സംവിധായകരിൽ ഒരാളാണ്.