പി.പത്മരാജന്‍
- admin trycle
- Apr 26, 2020
- 0 comment(s)

പി.പത്മരാജന്‍
മലയാള സാഹിത്യത്തിനും സിനിമക്കും അതുല്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് പത്മരാജന്‍. മലയാളവായനയുടെ ഭാവുകത്വത്തിന് പുതിയ നിറം പകര്‍ന്ന എഴുത്തുകാരനായ പി.പത്മരാജന്‍, മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിൽ എല്ലാം പ്രശസ്തനായിരുന്നു. വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളിൽ സര്‍ഗ്ഗാത്മകതയുടെ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയായിരുന്നു പത്മരാജൻ. തീക്ഷണഭാവനകളെ കൃത്യമായ ക്രമബദ്ധതയോടെ ആവിഷ്കരിച്ച് കഥകളിലൂടെയും തിരക്കഥകളിലൂടെയും നമ്മുടെ മുന്‍ധാരണകളെ പൊളിച്ചെഴുതിയ ഈ സാഹിത്യകാരന്‍ കാമ്പുളള കഥകൾ കൊണ്ട് അഭ്രപാളിയിൽ കാവ്യം തീർത്ത കലാകാരനാണ്.
1945 മെയ് 23-ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്താണ് പത്മരാജന്‍ ജനിച്ചത്. തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ച അദ്ദേഹം മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു. ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും പഠിച്ചു. 1965 മുതൽ തൃശ്ശൂർ ആള്‍ ഇന്ത്യ റേഡിയോയില്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന് പ്രോഗ്രാം അനൗണ്‍സര്‍ ആയിട്ടായിരുന്നു ജോലി. പിന്നീട് സിനിമ രംഗത്തെത്തിയ അദ്ദേഹം 1986 ല്‍ ജോലി രാജിവച്ച് സിനിമാരംഗത്ത് സജീവമാകുകയായിരുന്നു.
പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരനായിട്ടാണ് പത്മരാജനെ ഇന്നത്തെ തലമുറ അറിയുന്നത്. എന്നാൽ സിനിമയിൽ കാണിച്ച ആ മികവിന്റെ നൂറിരട്ടി തന്റെ പുസ്തകങ്ങളിലും കാണിച്ച വ്യക്തിയാണ് അദ്ദേഹം. കലാലയജീവിതകാലത്ത് തന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞിരുന്നു. പത്മരാജന്‍റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കഥ "ലോല മില്‍ ഫോര്‍ഡ് എന്ന അമേരിക്കന്‍ പെണ്‍കിടാവ്" ആണ്. കൗമുദിയില്‍ ആണ് ഇത് പ്രസിദ്ധീകരിച്ചത്. കൈവരിയുടെ തെക്കേയറ്റം, അവകാശങ്ങളുടെ പ്രശ്നം, കുഞ്ഞ്, സ്വയം, ചൂണ്ടല്‍, പുകക്കണ്ണട തുടങ്ങിയ പത്മരാജന്‍ കഥകള്‍ വളരെ പ്രസിദ്ധങ്ങളാണ്. ആകാശവാണിയിൽ ഉദ്യോഗത്തിലിരുന്ന കാലത്ത് പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട തുടങ്ങിയ.
കഥാരചനയില്‍ പുലര്‍ത്തിയ വൈഭവമാണ് അദ്ദേഹത്തെ നോവല്‍ രചനയിലേക്കെത്തിച്ചത്. 1971-ല്‍ രചിച്ച നക്ഷത്രങ്ങളെ കാവല്‍ എന്ന നോവല്‍ ഏറെ ശ്രദ്ധേയമായി. 1972-ല്‍ കേരളസാഹിത്യ അക്കാദമി പുരസ്കാരവും ഈ നോവലിന് ലഭിച്ചു. പിന്നീട് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ പ്രസിദ്ധീകരിച്ചു. ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ച നോവലുകളായിരുന്നു ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ. പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ. ഇതിവൃത്തവൈവിധ്യമാണ് പത്മരാജന്‍ നോവലുകളുടെ പ്രധാന സവിശേഷത. പതിനൊന്ന് നോവലുകളാണ് പത്മരാജന്‍റെ സംഭാവനകളായി മലയാളസാഹിത്യത്തില്‍ ഇടം നേടിയിട്ടുള്ളത്.
പത്മരാജന്‍റെ മിക്ക നോവലുകളും ഗ്രാമത്തിന്‍റെ കഥ പറയുന്നവയാണ്. അതിലേക്ക് ആധുനികതയുടെ ചിന്താശകലങ്ങളെ സമ്മേളിപ്പിക്കുവാനുള്ള ശ്രമം കൂടി പലപ്പോഴും നടക്കാറുണ്ട്. അത്തരത്തിലൊരു കൃതിയാണ് ഉദകപ്പോള. നഗരപശ്ചാത്തലത്തില്‍ തകര്‍ന്നുപോകുന്ന മാനുഷികബന്ധങ്ങളെ കുറിച്ചുള്ള പത്മരാജന്‍റെ നോവലുകളിലൊന്ന് കൂടിയാണ് ഉദകപ്പോള. പത്മരാജ കൃതികളില്‍ കാണുന്ന ശരീരാധിഷ്ഠിത സ്നേഹവും ഈ നോവലില്‍ ശ്രദ്ധേയമാണ്.1979-ലാണ് ഈ നോവല്‍ രചിച്ചിരിക്കുന്നത്. ഈ നോവലിലെ പ്രധാനകഥാപാത്രം ഒരു സ്ത്രീയും അതിലുപരി വേശ്യയുമാക്കി ചിത്രീകരിച്ചുകൊണ്ട് രചന നിര്‍വഹിക്കാന്‍ നോവലിസ്റ്റ് കാണിച്ച അസാമാന്യ ധൈര്യം പിന്നീട് പല എഴുത്തുകാര്‍ക്കും പ്രചോദനമായിട്ടുണ്ട്. ജീവിതസാഹചര്യങ്ങളാല്‍ വേശ്യയാകേണ്ടി വന്ന ക്ലാര എന്ന സ്ത്രീയെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ക്ലാരയുടെ ജീവിതത്തില്‍ കടന്നുവരുന്ന ജയകൃഷ്ണന്‍, തങ്ങള്‍, കരുണാകരമേനോന്‍ എന്നിവരും നോവലിലെ പ്രധാന കഥാപാത്രങ്ങളാണ്. ഉദകപ്പോള എന്നാല്‍ നീര്‍ക്കുമിള എന്നാണര്‍ത്ഥം. നീര്‍ക്കുമിളയോടുപമിച്ച് ആധുനിക മനുഷ്യജീവിതത്തിന്‍റെ നിസ്സാരതയെ അവതരിപ്പിക്കുകയാണ് ഈ നോവലിലൂടെ. ഈ നോവലാണ് തൂവാനത്തുമ്പികള്‍ എന്ന ചലച്ചിത്രത്തിന് ആസ്പദമായത്. ഉദകപ്പോളയിലെ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണന്‍ എന്ന ഒറ്റ കഥാപാത്രമാക്കി അവതരിപ്പിക്കുകയാണ് സിനിമയില്‍ ചെയ്തിരിക്കുന്നത്.
പ്രയാണം എന്ന ചലച്ചിത്രത്തിന്‍റെ തിരക്കഥാകൃത്തായി സിനിമാലോകത്തേക്ക് പ്രവേശിച്ച പത്മരാജന്‍ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ 36 തിരക്കഥകള്‍ രചിച്ചു. 18 ചലച്ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. പ്രയാണം എന്ന ആദ്യ സിനിമയുടെ സംവിധായകൻ ഭരതൻ ആയിരുന്നു. മലയാളമധ്യവര്‍ത്തി സിനിമയുടെ ചുക്കാന്‍ പിടിച്ച ഭരതന്‍-പത്മരാജന്‍ കൂട്ടുകെട്ടിന് ഈ സിനിമ തുടക്കം കുറിച്ചു. പെരുവഴിയമ്പലം എന്ന സിനിമയിലൂടെ സംവിധായകനായി തുടക്കം കുറിച്ച അദ്ദേഹത്തിന്‍റെ സിനിമകളും തിരക്കഥകളും ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടനവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഒരിടത്തൊരു ഫയല്‍വാന്‍, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, തൂവാനത്തുമ്പികള്‍, മൂന്നാം പക്കം, ഞാന്‍ ഗന്ധര്‍വ്വന്‍, എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റുകളാണ്. ചിത്രത്തിന്റെ ആത്മാവറിഞ്ഞ് ഗാനങ്ങള്‍ ഉള്‍കൊള്ളിക്കുന്നതിലും പത്മരാജന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സംഗീതപ്രാധാന്യത്തോടെ ഒരുക്കിയ ഞാന്‍ ഗന്ധര്‍വനായിരുന്നു പത്മരാജന്റെ അവസാനത്തെ ചലച്ചിത്രം.
1982-ല്‍ കോലാലംപൂരില്‍ നടന്ന ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച തിരക്കഥക്കുള്ള ബഹുമതികള്‍ പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചലച്ചിത്രം കരസ്ഥമാക്കി. നിരവധി തവണ മികച്ച തിരക്കഥാകൃത്തായും സംവിധായകനായും സംസ്ഥാന അവാര്‍ഡും ഫിലിംക്രിട്ടിക്സ് അവാര്‍ഡും അദ്ദേഹം നേടിയിട്ടുണ്ട്. പെരുവഴിയമ്പലം (1979), തിങ്കളാഴ്ച നല്ല ദിവസം (1986) എന്നിവയ്ക്ക് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. 1978ല്‍ രാപ്പാടികളുടെ ഗാഥയ്ക്ക് മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും 1979ല്‍ പെരുവഴിയമ്പലത്തിന് മികച്ച കഥ, മികച്ച രണ്ടാമത്തെ ചിത്രം എന്നീ സംസ്ഥാന പുരസ്‌കാരങ്ങളും കിട്ടി. 1983ലെ ജനപ്രീതി നേടിയതും കലാമൂല്യമുള്ളതുമായ ചിത്രമായി കൂടെവിടെ തിരഞ്ഞെടുക്കപ്പെട്ടു. 1984ല്‍ കാണാമറയത്തും 1988ല്‍ അപരനും മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് നേടി. മറ്റ് നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1991 ജനിവരി 24-ന് അദ്ദേഹം അന്തരിച്ചു.