മട്ടാഞ്ചേരി ഡച്ച് കൊട്ടാരം
- admin trycle
- Feb 29, 2020
- 0 comment(s)
മട്ടാഞ്ചേരി ഡച്ച് കൊട്ടാരം
ഒരു മഹാസംസ്കാരത്തിന്‍റെ പിന്തുടര്‍ച്ചക്കാരാണ് നാമെന്ന് അടയാളപ്പെടുത്തുന്നവയാണ് ഓരോ സ്മാരകങ്ങളും. പോര്‍ച്ചുഗീസ് അധിനിവേശം കൊച്ചിയുടെ പരിസരപ്രദേശങ്ങളില്‍ വരുത്തിയ പ്രധാന മാറ്റങ്ങളിലൊന്ന് അവിടങ്ങളില്‍ ഉയര്‍ന്നുവന്ന നവീനശൈലിയിലുള്ള കോട്ടകൊത്തളങ്ങളാണ്. പോര്‍ച്ചുഗീസ് അധിനിവേശസമയത്ത് കൊച്ചിപ്രദേശത്തെ ക്ഷേത്രങ്ങള്‍ കൊള്ളയടിച്ചതില്‍ കൊച്ചിരാജാവിനുള്ള അപ്രീതി മാറ്റാനായി 1555-ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ഡച്ച് കൊട്ടാരം കൊച്ചി വാണിരുന്ന വീര കേരള വര്‍മ്മയ്ക്ക് സമ്മാനിച്ചു. മട്ടാഞ്ചേരി കൊട്ടാരം എന്നും അറിയപ്പെടുന്ന ഇത് ഫോര്‍ട്ടുകൊച്ചിയിലെ പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ്. കൊച്ചിരാജാക്കന്‍മാരുടെ ആസ്ഥാനമായിട്ടാണ് മട്ടാഞ്ചേരി കൊട്ടാരം പ്രസിദ്ധിയാര്‍ജ്ജിക്കുന്നത്.
പാശ്ചാത്യര്‍ പണിത കൊട്ടാരമാണെങ്കിലും ഇതിന്റെ രൂപകല്പന ഒരു ക്ഷേത്രത്തിനോട് സാമ്യം തോന്നിപ്പിക്കുന്നതാണ്. ക്ഷേത്രം നശിപ്പിച്ചതിന്റെ പരിഹാരമായി പണിത ഈ കൊട്ടാരത്തിൽ സാധാരണ അമ്പലങ്ങളില്‍ കാണുന്ന കൊത്തുപണികള്‍ ധാരാളം കാണാന്‍ സാധിക്കും. പോര്‍ച്ചുഗീസുകാക്ക് ശേഷം ഈ കൊട്ടാരം ഡച്ചുകാരുടെ കൈവശമാണ് എത്തപ്പെട്ടത്. 1663-ല്‍ ഡച്ചു-പോര്‍ച്ചുഗീസ് യുദ്ധത്തെ തുടര്‍ന്ന് നശിച്ച ഈ കൊട്ടാരത്തില്‍ ഡച്ചുകാര്‍ മിനുക്കുപണികള്‍ നടത്തി മോടിപിടിപ്പിച്ചതിനു ശേഷം ഡച്ച് കൊട്ടാരം എന്നറിയപ്പെടാന്‍ തുടങ്ങി. നാലു കെട്ടായാണ് ഈ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്.
കൊച്ചി രാജവംശത്തിന്റെ അധീനതയിലായതോടെ രാജകീയ ഭവനമായി മാറിയ ഈ കൊട്ടാരത്തിൽ വെച്ചാണ് പിന്നീട് രാജകീയ ചടങ്ങുകളും ആചാരങ്ങളുമെല്ലാം നടന്നിരുന്നത്. വിദേശീയരും സ്വദേശിയരുമായ നിരവധി ഭരണാധികാരികളിലൂടെ കൈമറിഞ്ഞ ചരിത്രമാണ് മട്ടാഞ്ചേരി കൊട്ടാരത്തിനുള്ളത്. പോര്‍ച്ചുഗീസുകാരില്‍ നിന്ന് ഡച്ചുകാരുടെ കൈവശമെത്തിയ കൊട്ടാരം ഹൈദരാലി പിടിച്ചടക്കുകയുണ്ടായി. പിന്നീട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഹൈദരാലിയെ പരാജയപ്പെടുത്തി കൊട്ടാരം സ്വന്തമാക്കി എന്നും ചരിത്രം പറയുന്നു.
ഇന്‍ഡോ-യൂറോപ്യന്‍ ശൈലിയില്‍ നിര്‍മ്മിച്ച ഈ കൊട്ടാരത്തില്‍ അമ്പലങ്ങളില്‍ കാണുന്നതുപോലെയുള്ള ചുമര്‍ചിത്രങ്ങളും, കൊത്തുപണികളും ധാരാളമായുണ്ട്. നാലുകെട്ട് ഉള്‍പ്പടെയുള്ളവ കേരളശൈലിയില്‍ പണിതത് ആണെങ്കിലും, കവാടങ്ങളും ഹാളുകളും നിര്‍മ്മിച്ചിട്ടുള്ളത് യുറോപ്പ്യന്‍ ശൈലിയില്‍ തന്നെയാണ്. അഭിഷേക മുറിയും, കോവണിത്തളവും അന്തപ്പുര സ്ത്രീകളുടെ മുറിയും, ഭക്ഷണശാലയുമാണ് കൊട്ടാരത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങള്‍. കൊച്ചി രാജവംശത്തിന്റെ ധര്‍മ്മദൈവമായ പഴയന്നൂര്‍ ഭഗവതിയുടെ ക്ഷേത്രവും കൊട്ടാരത്തിന്റെ രണ്ടു വശങ്ങളിലായി ശിവക്ഷേത്രവും വിഷ്ണു ക്ഷേത്രവും സ്ഥിതി ചെയ്യുന്നുണ്ട്. 1663 മുതല്‍ കൊച്ചിയിലെ അവസാനത്തെ രാജാവായിരുന്ന പരീക്ഷിത്തുതമ്പുരാന്‍റെ വരെ കിരീടധാരണം നടന്നിട്ടുള്ളത് ഇവിടുത്തെ കൊറോണേഷന്‍ ഹാളില്‍ വച്ചാണ്. കൊറോണേഷന്‍ ഹാളിനോട് ചേര്‍ന്നുള്ള പള്ളിയറ ചുമര്‍ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. നാല്പതിലധികം പാനലുകളിലായി രാമയണത്തിലെ വിവിധരംഗങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. കൂടാതെ ഏറ്റവും താഴെ നിലയിലുള്ള കോവണിത്തളങ്ങളിലെ ചുമര്‍ചിത്രങ്ങള്‍ കൃഷ്ണലീലയുമായി ബന്ധപ്പെട്ടതാണ്.
നാലുകെട്ട് മാതൃകയിലുള്ള ഈ രണ്ടുനിലകൊട്ടാരം ഇന്ന് കേന്ദ്ര പുരാവസ്തുവകുപ്പിന്‍റെ സംരക്ഷണതയിലാണ്. ഇവിടം സന്ദർശിക്കുന്നവർക്ക് ചുമര്‍ ചിത്രങ്ങള്‍, ഛായാചിത്രങ്ങള്‍, അക്കാലത്തെ ഉപകരണങ്ങള്‍, ആയുധങ്ങള്‍, പ്രതിമകള്‍, പാശ്ചാത്യ ശൈലിയിലുള്ള ചിത്രപ്പണി, കൊത്തുപണികള്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. ഡച്ചുകൊട്ടാരത്തിന്‍റെ പാരമ്പര്യം കണക്കിലെടുത്ത് യുനെസ്കോ ലിസ്റ്റില്‍ ഈ സ്മാരകം ഉള്‍പ്പെട്ടിട്ടുണ്ട്