മാരകമായ രീതിയിൽ പൊട്ടിപ്പുറപ്പെട്ട കോളറ
- admin trycle
- Aug 17, 2020
- 0 comment(s)
പല നൂറ്റാണ്ടുകളായി നിലനിൽക്കുന്ന രോഗമാണ് കോളറ, എങ്കിലും പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ മാരകമായ രീതിയിൽ പൊട്ടിപ്പുറപ്പെട്ടപ്പോഴാണ് ഈ രോഗം വലിയ പ്രചാരം നേടുന്നത്. അതിനുശേഷം നിരവധി തവണ കോളറ പൊട്ടിപ്പുറപ്പെടുകയും ഏഴ് തവണ ലോകത്തെ നടുക്കിയ ആഗോള മഹാമാരിയായി മാറുകയും ചെയ്തു.
വിബ്രിയോ കോളറേ എന്ന ബാക്ടീരിയ മൂലം മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നത് മൂലമുണ്ടാവുന്ന കടുത്ത വയറിളക്ക അണുബാധയാണ് കോളറ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഓരോ വർഷവും ലോകമെമ്പാടുമുള്ള 1.3 മുതൽ 4 ദശലക്ഷം ആളുകൾക്ക് കോളറ ബാധിക്കുകയും 21,000 മുതൽ 143,000 വരെ ആളുകൾ മരിക്കുകയും ചെയ്യുന്നു.
കോളറ ആദ്യമായി ആളുകളെ ബാധിച്ചത് എപ്പോഴാണെന്ന് വ്യക്തമല്ല. എന്നാൽ ഇന്ത്യയിൽ നിന്നും (ബി.സി. അഞ്ചാം നൂറ്റാണ്ടിൽ എഴുതിയ സുശ്രുത സംഹിത) ഗ്രീസിൽ നിന്നുമുള്ള (ബി.സി. നാലാം നൂറ്റാണ്ടിലെ ഹിപ്പോക്രാറ്റസ്, എ.ഡി. ഒന്നാം നൂറ്റാണ്ടിലെ ആരറ്റിയോസ് ഓഫ് കപ്പഡോഷ്യ) ആദ്യകാല ഗ്രന്ഥങ്ങളിൽ കോളറ പോലുള്ള അസുഖങ്ങളുടെ ഒറ്റപ്പെട്ട കേസുകൾ വിവരിക്കുന്നു.
കോളറ പകർച്ചവ്യാധിയുടെ ആദ്യത്തെ വിശദമായ വിവരണം പോർച്ചുഗീസ് ചരിത്രകാരനും ലെജൻഡറി ഇന്ത്യയുടെ എഴുത്തുകാരനും ആയ ഗാസ്പർ കൊറിയയിൽ നിന്നാണ് ലഭിക്കുന്നത്. 1543 ലെ വസന്തകാലത്ത് തെക്കേ ഏഷ്യയിലെ ഇന്ത്യയിലും ബംഗ്ലാദേശിലുമായി സ്ഥിതിചെയ്യുന്ന ഗംഗാ ഡെൽറ്റയിൽ ഒരു രോഗം പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് അദ്ദേഹം വിവരിച്ചു.
പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും ഉണ്ടായ ഏഴ് പ്രധാന കോളറ മഹാമാരിയുടെ ഹ്രസ്വ ചരിത്രം താഴെ ലഘുവായി വിവരിക്കുന്നു:
1817 ൽ ഗംഗാ ഡെൽറ്റയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ജെസ്സോറിൽ നിന്ന് ആദ്യമായി കോളറ ഒരു മഹാമാരിയായി പൊട്ടിപ്പുറപ്പെട്ടു, മലിനമായ അരിയിൽ നിന്നാണ് ഇത് വ്യാപിച്ചതെന്ന് കരുതുന്നു. യൂറോപ്യന്മാർ സ്ഥാപിച്ച വാണിജ്യ റൂട്ടുകളിലൂടെ സഞ്ചരിച്ച് ഇന്ത്യയുടെ മറ്റുഭാഗങ്ങൾ, ഇന്നത്തെ മ്യാൻമർ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും മസ്കറ്റ്, ടെഹ്റാൻ, ബാഗ്ദാദ് എന്നിവയുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത ആദ്യത്തെ കോളറ മഹാമാരിക്ക് ശേഷം രണ്ടാമത്തെ മഹാമാരി 1829-1851 എന്നീ കാലഘട്ടത്തിൽ ആയിരുന്നു. വീണ്ടും ഇന്ത്യയിൽ ആരംഭിച്ച് ചൈന, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലേക്ക് ഇത് വ്യാപിച്ചു.
മൂന്നാമത്തെ കോളറ മഹാമാരി 1852-1860 എന്ന കാലഘട്ടത്തിലാണ് ഉണ്ടാവുന്നത്. ഇത് പ്രധാനമായും റഷ്യയിലാണ് ഉണ്ടായത്. ഈ മഹാമാരി കാരണം റഷ്യയിൽ ഉയർന്ന മരണനിരക്ക് ഉണ്ടായി.
നാലാമത്തെ കോളറ മഹാമാരി 1863-1875 കാലഘട്ടത്തിൽ ബംഗാൾ മേഖലയിൽ ആരംഭിച്ചു. മക്ക സന്ദർശിക്കുന്ന ഇന്ത്യൻ മുസ്‌ലിം തീർഥാടകർ മിഡിൽ ഈസ്റ്റിലുടനീളം ഈ പകർച്ചവ്യാധി എത്തിക്കുകയും ഇവിടെ പടർന്നു പിടിക്കുകയും ചെയ്തു.
അഞ്ചാമത്തെ കോളറ മഹാമാരി 1881-1896 ലാണ് രൂപപ്പെട്ടത്. ഇന്ത്യയിൽ ആരംഭിച്ച് യൂറോപ്പിലെത്തി. ജർമ്മനി അടക്കം ഏതാനും ചില യൂറോപ്യൻ രാജ്യങ്ങളിൽ ഈ മഹാമാരി ബാധിച്ചില്ല.
ആറാമത്തെ കോളറ മഹാമാരി ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ (1899-1923) സംഭവിക്കുകയും ഇന്ത്യയിൽ മാത്രം 800,000 ആളുകൾ കൊല്ലപ്പെടുകയും പിന്നീട് മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, വടക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ വ്യാപിക്കുകയും ചെയ്തു.
ഏഴാമത്തെ കോളറ മഹാമാരി 1961-1970 കാലഘട്ടത്തിൽ ഇന്തോനേഷ്യയിൽ ആരംഭിച്ച് ഇന്ത്യ, റഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഈ പകർച്ചവ്യാധി എൽ ടോർ ബയോടൈപ്പ് എന്ന ബാക്ടീരിയ ഉണ്ടാക്കിയതാണ് എന്ന് കണ്ടെത്തി.