ഉസ്താദ് ബിസ്മില്ല ഖാന്‍
- admin trycle
- Jun 20, 2020
- 0 comment(s)

ഉസ്താദ് ബിസ്മില്ല ഖാന്‍
ഷെഹ്നായി എന്ന സംഗീതോപകരണത്തെ ജനപ്രിയമാക്കിയ ഇന്ത്യന്‍ സംഗീതജ്ഞന്‍ ആണ് ഉസ്താദ് ബിസ്മില്ല ഖാന്‍. കേവലം നാടോടി ഉപകരണം മാത്രമായിരുന്ന ഷെഹ്നായിയെ ക്ലാസിക്കല്‍ ഉപകരണമാക്കി മാറ്റുന്നതിലൂടെ ഏഷ്യന്‍ സംഗീതത്തെ ലോകവ്യാപകമാക്കുന്നതില്‍ ബിസ്മില്ലാ ഖാന്‍ വഹിച്ച പങ്ക് വലുതാണ്.
സംഗീത പാരമ്പര്യമുള്ള പൈഗമ്പര്‍ ഖാന്‍റെയും മിത്തന്‍റെയും രണ്ടാമത്തെ മകനായി 1916-ലാണ് ബിസ്മില്ലാ ഖാന്‍ ജനിച്ചത്. അമറുദ്ദീൻ എന്നായിരുന്നു അദ്ദേഹത്തിന് മാതാപിതാക്കൾ നൽകിയ പേര്. ബിസ്മില്ല എന്നത് പിന്നീട് സ്വയം സ്വീകരിച്ച പേരാണ്. അദ്ദേഹത്തിന്‍റെ പൂര്‍വ്വികര്‍ ഭോജ്പൂര്‍ കൊട്ടാരത്തിലെ സംഗീതജ്ഞരായിരുന്നു. അമ്മാവന്‍റെയും അച്ഛന്‍റെയും ശിക്ഷണത്തില്‍ വളരെ ചെറുപ്രായത്തില്‍ തന്നെ ബിസ്മില്ല ഖാൻ സംഗീതവും വാദ്യോപകരണവായനയും ഹൃദിസ്ഥമാക്കിയിരുന്നു. അമ്മാവനായ അലി ബക്സ് അവിടുത്തെ ക്ഷേത്രത്തിലെ ഷെഹ്നായി വാദ്യക്കാരനായിരുന്നു. അദ്ദേഹത്തിനോടൊപ്പം നിരവധിതവണ ക്ഷേത്രപരിപാടികളിലും കല്യാണങ്ങളിലും ബിസ്മില്ലാഖാനും ഷെഹ്നായി വായിച്ചിരുന്നു.ബിസ്മില്ലയെ അദ്ദേഹം വായ്പാട്ടും അഭ്യസിപ്പിച്ചു. വാദ്യസംഗീതത്തിൽ പൂർണതനേടുവാൻ വായ്പാട്ട് നന്നായി അഭ്യസിക്കേണ്ടതുണ്ടെന്ന് ബിസ്മില്ല അമ്മാവനിൽനിന്നു മനസ്സിലാക്കി.
സംഗീതം മൂലം മകന്റെ പഠിപ്പുമുടങ്ങുന്നത് ഇഷ്ടപ്പെടാത്ത അച്ഛൻ യാഥാസ്ഥിതിക വിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് മകനെ കൊണ്ടുവരാൻ ആവുന്നത്ര ശ്രമിച്ചു. പക്ഷെ അദ്ദേഹത്തിന് അത് സാധിച്ചില്ല ബിസ്മില്ലയുടെ സ്കൂൾ പഠിപ്പ് അങ്ങനെ അവസാനിച്ചു. പിന്നീടുള്ള വർഷങ്ങൾ സംഗീത സാധനയ്ക്കായി ഉഴിഞ്ഞുവെച്ചതായിരുന്നു. വാരണാസിയിലെ പ്രസിദ്ധസംഗീതസമ്മേളനങ്ങൾക്കൊക്കെ മഹാസംഗീതജ്ഞരുടെ പാട്ടുകേൾക്കുക, സ്വയം സാധന ചെയ്യുക - ഇതുതന്നെയായിരുന്നു ബിസ്മില്ലയുടെ നിത്യയജ്ഞം. പലപ്പോഴും ഗംഗയുടെ കരയിൽ ഒരു പള്ളിയിൽ തനിച്ചിരുന്ന് ബിസ്മില്ല ഗാനസാധകം നടത്തി.
1937-ല്‍ കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യ സംഗീതസമ്മേളനത്തില്‍ ബിസ്മില്ല ഖാന്‍റെ പ്രകടനം അദ്ദേഹത്തെ സംഗീതലോകത്ത് ശ്രദ്ധേയനാക്കി. പിന്നീട് അദ്ദേഹം റേഡിയോ പരിപാടികള്‍ അവതരിപ്പിച്ചു. 1947 ഓഗസ്റ്റ് 15ന് ഇന്ത്യയുടെ സ്വാതന്ത്ര്യസമയത്ത് ചെങ്കോട്ടയില്‍ വച്ച് ദേശീയപതാക ഉയര്‍ത്തുന്ന ചടങ്ങില്‍ ബിസ്മില്ല ഖാന്‍ സംഗീതപരിപാടി അവതരിപ്പിച്ചു. അദ്ദേഹത്തിന്‍റെ ഏറ്റവും പ്രശസ്തമായ പരിപാടികളിൽ ഒന്നായിരുന്നു ഇത്. പിന്നീട് എല്ലാ സ്വാതന്ത്ര്യദിനത്തിലും ടെലിവിഷനില്‍ കൂടി അദ്ദേഹം പരിപാടി അവതരിപ്പിച്ചു. ഇന്ത്യയിലെന്നല്ല വിദേശരാജ്യങ്ങളിലും സംഗീതവേദികളിൽ ഷേഹ്നായിക്കു സ്ഥാനക്കയറ്റം നേടിക്കൊടുത്തതിന്റെ ബഹുമതി പൂർണ്ണമായും ബിസ്മില്ലാഖാനുള്ളതാണ്. അന്താരാഷ്ട്രപ്രശസ്തി നേടിയെങ്കിലും 1966 വരെ മറ്റ് രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിക്കാനുള്ള ക്ഷണം അദ്ദേഹം നിരസിച്ചു.
1966-ല്‍ എഡിന്‍ബര്‍ഗ് ഇന്‍റര്‍ നാഷണല്‍ ഫെസ്റ്റിവലില്‍ ഇന്ത്യാഗവണ്‍മെന്‍റിന്‍റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം പരിപാടി അവതരിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന് അഫ്ഗാനിസ്ഥാന്‍, യുഎസ്എ, കാനഡ, ബംഗ്ലാദേശ്, ഇറാന്‍, ഇറാഖ്, ദക്ഷിണാഫ്രിക്ക, ജപ്പാന്‍ തുടങ്ങി വിവിധ ലോകരാഷ്ട്രങ്ങളില്‍ പരിപാടി അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചു. മോണ്‍ട്രിയയിലെ വേള്‍ഡ് എക്സ്പോസിഷന്‍, കാന്‍ ആര്‍ട്ട് ഫെസ്റ്റിവല്‍, ഒസാക്ക ട്രേഡ് ഫെയര്‍ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ എല്ലാ ദേശീയ പുരസ്കാരങ്ങളും ലഭിച്ച വളരെച്ചുരുക്കം ഭാരതീയരിലൊരാളായിരുന്നു ഉസ്താദ് ബിസ്മില്ലാ ഖാൻ, പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഭാരത് രത്ന തുടങ്ങിയ ഇന്ത്യൻ ദേശീയ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം വാരണാസിയിലെ ഹെറിറ്റേജ് ആശുപത്രിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ മരണദിനമായ 2006 ആഗസ്റ്റ് 21 ദേശീയവിലാപദിനമായി ആചരിച്ചു.