ആർക്കിമിഡീസ്
- admin trycle
- May 10, 2020
- 0 comment(s)

ആർക്കിമിഡീസ്
ഇറ്റലിയിലെ സിസിലിയിൽ BCE 287-ൽ ജനിച്ച വിശ്വപ്രസിദ്ധനായ ഗണിതശാസ്ത്രജ്ഞനാണ് ആർക്കിമിഡീസ്. ഗണിതശാസ്ത്രത്തിനു പുറമേ ഊർജ്ജതന്ത്രം, എഞ്ചിനിയർ, ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ എന്നിങ്ങനെ മറ്റു പല മേഖലകളിലും കഴിവുതെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഗണിതത്തിലേയും ജ്യാമിതിയിലേയും കണ്ടെത്തലുകൾ, ആർക്കിമിഡീസ് തത്വം, ആർക്കിമിഡീസ് സ്ക്രൂ എന്നിങ്ങനെ ഒട്ടനവധി കണ്ടുപിടുത്തങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ശാസ്ത്രീയമായ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പുരാതനകാലത്തെ പ്രധാനപ്പെട്ട ശാസ്ത്രകാരന്മാരിൽ ഒരാളായി ആർക്കിമിഡീസ് കണക്കാക്കപ്പെടുന്നു.
ആർക്കിമിഡീസ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ ഈജിപ്തിൽ ചിലവഴിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു. എന്നാൽ അദ്ദേഹം കൂടുതൽ കാലവും ജീവിച്ചത് സിസിലിയിലെ സിറാക്കൂസിലാണ്. അവിടെ അദ്ദേഹം രാജാവായ ഹൈറോൺ രണ്ടാമനുമായി അടുപ്പത്തിലായിരുന്നു. എല്ലാ കാലത്തേയും ഏറ്റവും പ്രധാന ഗണിതശാസ്ത്രജ്ഞന്മാരിൽ ഒരാളായി അദ്ദേഹത്തെ കണക്കാക്കുന്നു. ഒരു പരബോളയുടെ ആർക്കിനുള്ളിലുള്ള വിസ്തീർണ്ണം കണ്ടെത്താനായി ശ്രമം നടത്തിയിരുന്ന അദ്ദേഹം പൈയുടെ മൂല്യം കൃത്യതയോടെ കണ്ടുപിടിക്കുകയും ചെയ്തു. ആർക്കിമിഡീസ് സ്പൈറലും ഇദ്ദേഹമാണ് കണ്ടുപിടിച്ചത്.
ശാസ്ത്രീയമായ തെളിവുകൾ ഇല്ലെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള നിരവധി കഥകൾ നിലനിൽക്കുന്നു. അദ്ദേഹത്തിന്റെ മെക്കാനിക്കൽ പ്രതിഭ ജനകീയ ഭാവനയിൽ സൃഷ്ടിച്ച പ്രതീതി ഉള്ളവയാണ് ഇവയിൽ കൂടുതലും. ഹീറോ രണ്ടാമൻ രാജകുമാരൻ്റെ കിരീടത്തിൽ മായം കലർന്നോ എന്ന് കണ്ടു പിടിക്കാൻ ആർക്കമെഡീസ് അവലംബിച്ച രീതി വളരെ പ്രസിദ്ധമാണ്. കിരീടത്തിലെ വ്യാപ്തം കാണാതെ മായം കണ്ടുപിടിക്കുക എന്നത് വളരെ പ്രയാസമേറിയ കാര്യമായിരുന്നു. എങ്ങിനെ ഇതിനുള്ള പരിഹാരം കാണും എന്ന ചിന്തയിൽ സദാസമയം മുഴുകിയ അദ്ദേഹം കുളിക്കുവാനായി കുളി തൊട്ടിയിൽ ഇറങ്ങിയപ്പോൾ അദ്ദേഹം ഇറങ്ങുന്നത് അനുസരിച്ച് വെള്ളം പുറത്തേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതേ രീതിയിൽ കിരീടവും വെള്ളത്തിൽ മുക്കിയാൽ അതിന്റെ വ്യാപ്തം കണ്ടുപിടിക്കാം എന്ന് അദ്ദേഹം മനസ്സിലാക്കി. ഈ ഒരു വിദ്യ കണ്ടുപിടിച്ച അദ്ദേഹം കൊട്ടാരത്തിലേക്ക് വിവസ്ത്രനായി യുറേക്കാ യുറേക്കാ എന്ന് വിളിച്ചു കൊണ്ട് ഓടി എന്ന് കഥകൾ പറയുന്നു.
വളരെ ബുദ്ധിപരമായി യന്ത്രങ്ങൾ നിർമ്മിച്ചിരുന്നയാളായിരുന്നു ആർക്കിമിഡീസ്. ഇത്തരത്തിൽ പ്രസിദ്ധമായ മറ്റൊരു കഥയാണ് ഒരു കൂട്ടം ഗ്ലാസ്സുകൾ ഉപയോഗിച്ച് സിറാക്യൂസിനെ ആക്രമിക്കാൻ വന്ന റോമൻ നാവികസേനയുടെ കപ്പലുകൾ തകർത്തത്. സൂര്യരശ്മികളെ കണ്ണാടികളുടെ സഹായത്തോടെ ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ച് അതിനെ കത്തിച്ചു കളയുകയായിരുന്നു അദ്ദേഹം ചെയ്തത്. ആർക്കിമിഡീസ് ഉത്തോലകങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള ആധികാരികമായ നിരവധി രചനകൾ നടത്തിയിട്ടുണ്ട്. ഉത്തോലകങ്ങളുടെ പ്രവർത്തനത്തെ കുറിച്ചുള്ള തന്റെ പഠനത്തിനിടയിൽ "എനിക്ക് നില്ക്കാൻ ഒരു സ്ഥലം തരൂ, ഞാൻ ഭൂമിയെ നീക്കാം" എന്ന് പ്രസ്താവിച്ചതായി പറയപ്പെടുന്നു. രാജ്യത്തിനായി നിർമ്മിച്ച കപ്പലിൽ നിന്ന് വെള്ളം കോരിക്കളയുവാനായി നിർമിച്ച സ്ക്രൂ ഇതു പോലെ മറ്റൊരു മഹനീയമായ കണ്ടുപിടിത്തമായിരുന്നു. കപ്പികളുടെ പ്രവർത്തനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം , തെറ്റാലികളുടെ ഉന്നം മെച്ചപ്പെടുത്താനുള്ള മാറ്റങ്ങൾ, കപ്പലിന്റെ വേഗം അളക്കുവാനുള്ള ഉപകരണത്തിന്റെ കണ്ടുപിടിത്തം എന്നിവ എടുത്തു പറയത്തക്കതാണ്.ഇത്തരത്തിൽ പല തരത്തിലുള്ള കണ്ടുപിടുത്തങ്ങൾ കൊണ്ട് പ്രസിദ്ധനായിരുന്നു ആർക്കമെഡീസ്.
ഇദ്ദേഹത്തിന്റെ കണ്ടുപിടിത്തങ്ങൾ പുരാതനലോകത്ത് പ്രസിദ്ധമായിരുന്നെങ്കിലും ഗണിതശാസ്ത്രസിദ്ധാന്തങ്ങൾ പരക്കെ അറിയപ്പെട്ടിരുന്നില്ല. എ.ഡി. 530 ന് ശേഷമാണ് അദ്ദേഹത്തിന്റെ കൃതികൾ സമാഹരിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തെ സംബന്ധിച്ച് പല കഥകളും ഉണ്ടെങ്കിലും പ്യൂണിക് യുദ്ധ കാലഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം എന്ന് കരുതപ്പെടുന്നു. സിറാക്യൂസ് വളയപ്പെട്ടതിനിടെയാണ് ആർക്കിമിഡീസ് മരിച്ചത്. ഇദ്ദേഹത്തിനെ സംരക്ഷിക്കണം എന്ന ഉത്തരവുണ്ടായിട്ടും ഒരു റോമൻ സൈനികൻ ആർക്കിമിഡീസിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.