ഭാരതപ്പുഴ
- admin trycle
- Mar 15, 2020
- 0 comment(s)
ഭാരതപ്പുഴ
നദികളാൽ സമ്പന്നമാണ് കേരളം. 15 കിലോമീറ്ററിൽ കുറയാതെ നീളമുള്ള പുഴയെയാണ് നമ്മൾ നദികളിൽ ഉൾപ്പെടുത്തുന്നത്. 44 നദികളാണ് കേരളത്തിലുള്ളത്, ഇതിൽ 41 എണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം കിഴക്കോട്ടും ഒഴുകുന്നു. 209 കിലോമീറ്റർ ദൂരം കേരളത്തിലൂടെ ഒഴുകുന്ന ഭാരതപ്പുഴ കേരളത്തിലെ രണ്ടാമത്തെ നീളം കുടിയ നദിയാണ്. പുരാതന ഗ്രന്ഥങ്ങളിൽ പേരാർ എന്നും അറിയപ്പെടുന്ന ഈ നദി തമിഴ്നാട്ടിലെ ആനമലയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. പടിഞ്ഞാറോട്ടൊഴുകുന്ന ഭാരതപ്പുഴ പാലക്കാട്, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ കൂടി ഒഴുകി അറബിക്കടലിൽ ചേരുന്നു. പല കൈവഴികളും ഇതിനിടയിൽ ഈ നദിയിൽ ചേരുന്നു. 40 കിലോമീറ്ററോളം ദൂരത്തിൽ പൊള്ളാച്ചി വരെ വടക്കോട്ടും ഈ പുഴ ഒഴുകുന്നുണ്ട്. ഗായത്രിപ്പുഴ, കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ തൂതപ്പുഴ എന്നിവയാണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ. കണ്ണാടിപ്പുഴ ചിറ്റൂർപ്പുഴ എന്നും അറിയപ്പെടുന്നു. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ കേരളത്തിലെ ഏറ്റവും മാലിന്യം കുറഞ്ഞ നദിയും ഭാരതപ്പുഴയുടെ പോഷകനദിയുമാണ്.
കേരളത്തിന്റെ സാംസ്കാരികപരമായ രൂപീകരണത്തിൽ ഭാരതപുഴയുടെ സ്വാധീനം വളരെ വലുതാണ്. ഭാരതപ്പുഴയുടെ തീരമായ തിരുനാവായ എന്ന സ്ഥലത്ത് 12 വർഷത്തിൽ ഒരിക്കൽ നടന്നിരുന്ന നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഇതിനോട് അനുബന്ധിച്ചു സാഹിത്യം,സംഗീതം,നൃത്തം, കാർഷിക മേളകൾ, കായിക പ്രകടനങ്ങൾ എന്നിവ ഭാരത പുഴയുടെ തീരത്ത് അരങ്ങേറിയിരുന്നു. ഭാരതീയ കലാരൂപങ്ങൾ അഭ്യസിപ്പിക്കുന്ന കേരളകലാമണ്ഡലം സ്ഥിതി ചെയ്യുന്നത് ഭാരതപ്പുഴയുടെ തീരത്താണ്. തുഞ്ചൻപറമ്പിൽ വിദ്യാരംഭം കുറിക്കുന്നതടക്കം പല ആചാര അനുഷ്‌ഠാനങ്ങൾക്കും ഭാരതപ്പുഴയുമായി അഭേദ്യമായ ബന്ധമുണ്ട്. വളരെ കാലം മുൻപ് തന്നെ കലാ-സാംസ്‌കാരിക ബന്ധമുള്ള ജനങ്ങൾ ഭാരതപ്പുഴയുടെ ഇരു കരകളിലും ജീവിച്ചു പോന്നിരുന്നു. മഹേന്ദ്രപല്ലവൻ ചക്രവർത്തിയുടെ കാലഘട്ടത്തിൽ ഇവിടേക്ക് ഒരു സാംസ്കാരിക പാലായനം നടന്നിട്ടുണ്ടാകണം എന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം. ഒഴുക്കു നിലയ്ക്കാത്ത നിള, കുളിയും ജപനിഷ്ഠയുമുള്ള ഒരു ജനതയെ ഇങ്ങോട്ട് ആകർഷിച്ചിട്ടുണ്ടാകാം എന്ന് അവർ കരുതുന്നു. ആധുനിക മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തു എഴുത്തച്ഛനും തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചൻ നമ്പ്യാരുമെല്ലാം ഭാരതപ്പുഴയുടെ തീരത്തു ജനിച്ചു വളർന്നവർ ആണ്. ആധുനിക സാഹിത്യകാരന്മാരായ എം ടി വാസുദേവൻ നായർ, എം ഗോവിന്ദൻ, വി കെ എൻ തുടങ്ങിയവരും ഇവിടെയാണ് ജനിച്ചത്. കേരളത്തിന്റെ സാംസ്കാരിക കേന്ദ്രങ്ങൾ ആയി അറിയപ്പെടുന്ന തിരുവില്ല്വാമല, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം,തിരുനാവായ, തുഞ്ചൻ പറമ്പ് എന്നിവയെല്ലാം ഭാരതപ്പുഴയുടെ തീരങ്ങളിൽ ആണ്. ഭാരതപ്പുഴയുടെ അടുത്തുള്ള തിരുവില്വാമലയിലെ ഐവർ മഠം ഹിന്ദുക്കളുടെ ഒരു വിശുദ്ധമായ ശ്മശാനമാണ്. അതുപോലെ ഭാരതപ്പുഴയുടെ തീരത്ത് ദഹിപ്പിക്കുന്നവർക്ക് മോഷം ലഭിക്കുമെന്നാണ് പഴമൊഴി. കർക്കിടക വാവിന് പിതൃതർപ്പണം നടത്തുന്ന സ്ഥലങ്ങളിൽ പ്രധാനമാണ് നിളാതീരം.
ഭാരതപ്പുഴയുടെ കടലിനോടു ചേർന്നുള്ള ഒരു ചെറിയ ഭാഗമൊഴിച്ച് മറ്റുഭാഗങ്ങൾ നദീജല ഗതാഗതത്തിന് അനുയോജ്യമല്ല. കേരളത്തിലെ എല്ലാ നദീതടങ്ങളിലും വെച്ച് വലുതാണ് ഭാരതപ്പുഴയുടെ നദീതടം, 6,186 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വ്യാപ്തി. ഇതിന്റെ മൂന്നിൽ രണ്ട് ഭാഗത്തെക്കാൾ അൽപ്പം കൂടുതൽ (4400 ച.കി.മീ) ഭാഗം കേരളത്തിലും, ബാക്കി (1786 ച.കി.മീ) തമിഴ്‌നാട്ടിലുമാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ മറ്റു നദികളെ അപേക്ഷിച്ച് ഭാരതപ്പുഴയ്ക്ക് ഒഴുക്ക് കുറവാണ്. ഇതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് പുഴയുടെ വലിയൊരു ഭാഗവും അധികം മഴ ലഭിക്കാത്ത ഭൂപ്രദേശങ്ങളിലൂടെ ഒഴുകുന്നതാണ് എന്നതാണ്. മാത്രമല്ല പുഴയ്ക്ക് കുറുകെ കെട്ടിയ വിവിധ അണക്കെട്ടുകളും അനധികൃതമായ മണൽവാരലും ഭാരതപ്പുഴയുടെ ഒഴുക്ക് കുറയാൻ കാരണമായി. വേനൽക്കാലങ്ങളിൽ ഒട്ടും തന്നെ ഒഴുക്കില്ലാതെയാണ് പുഴയുടെ പല ഭാഗങ്ങളും ഇന്ന് കിടക്കുന്നത്. കടുത്ത മാലിന്യപ്രശ്നം ഈ നദി നേരിടുന്ന മറ്റൊരു പ്രശ്നമാണ്. നദിയിലെ ഒഴുക്ക് കൂട്ടാനും മാലിന്യം വരുന്നത് തടയാനും വിവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടിട്ടില്ല. നിളയുടെയും ഉപശാഖകളുടെയും കുറുകെ കെട്ടിയ അണക്കെട്ടുകളിൽ ഏറ്റവും വലുത് മലമ്പുഴ ഡാമാണ്. വാളയാർ ഡാം, മംഗലം ഡാം, പോത്തുണ്ടി ഡാം, മീങ്കാര ഡാം, ചുള്ളിയാർ ഡാം എന്നിവയാണ് നിളയിലെ മറ്റ് അണക്കെട്ടുകൾ. മിക്കവാറും എല്ലാ അണക്കെട്ടുകളും ജലസേചനത്തിന് മാത്രമുള്ളവയാണ്. ഏകദേശം 773 ച.കി.മീ ഭൂപ്രദേശത്തിന് ഈ ജലസേചന പദ്ധതികൾ ജലം നൽകുന്നു.
പണ്ട് ഈ നദി പേരാർ, കോരയാർ, വരട്ടയാർ, വാളയാർ എന്ന പേരുകളിലായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് നിള, ഭാരതപ്പുഴ, ഗായത്രി, മംഗലംനദി എന്ന പേരുകളിൽ അറിയപ്പെട്ടു. പ്രകൃതിഭംഗിയാർന്ന നിളയുടെ തീരങ്ങൾ നിരവധി സിനിമകൾക്കും പശ്ചാത്തലമായിട്ടുണ്ട്.