ലൈറ്റനിംഗ് ഹോട്ട്സ്പോട്ട്
- admin trycle
- Sep 2, 2020
- 0 comment(s)
ഇടിമിന്നൽ എന്ന പ്രതിഭാസം ഏവർക്കും അറിയാവുന്ന ഒന്നാണ്. ലോകത്തിൽ എല്ലാ ഇടതും ഇടിമിന്നലുകൾ ഉണ്ടാകുമെങ്കിലും ചില സ്ഥലങ്ങളിൽ ഇവ കൂടുതലായി ഉണ്ടാകുന്നു. അത്തരം പ്രതിഭാസത്തെ കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്
1997-ൽ നാസയും ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയും മഴയെയും അനുബന്ധ അന്തരീക്ഷ പ്രതിഭാസങ്ങളെയും കുറിച്ച് പഠിക്കുന്നതിനായി ഒരു ഉപഗ്രഹം വിക്ഷേപിച്ചു. ഭൂമിയുടെ അന്തരീക്ഷത്തിലെ മിന്നലിന്റെ ആവൃത്തിയും ഭൂമിശാസ്ത്രപരമായ വിതരണവും നിരീക്ഷിക്കാൻ ഈ ഉപഗ്രഹത്തിൽ ഒരു സെൻസർ ഘടിപ്പിച്ചിരുന്നു.
മിന്നൽ പ്രവർത്തനത്തിന്റെ ആഗോള മാപ്പുകൾ സൃഷ്ടിക്കാൻ ഉപഗ്രഹത്തിൽ നിന്നുള്ള ആദ്യകാല ഡാറ്റകൾ ഉപയോഗിച്ചിരുന്നു. മിന്നലിന്റെ ഭൂമിശാസ്ത്രപരമായ വിതരണം ഭൂമിയിലുടനീളം ഒരേരീതിയിൽ അല്ല എന്ന് ഈ മാപ്പുകൾ വെളിപ്പെടുത്തി. ഇത് സാധാരണയായി ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ഏറ്റവും ഉയർന്ന തോതിലും, മധ്യരേഖയുടെ വടക്കും തെക്കും അകലം അനുസരിച്ചു കുറയുകയും ചെയ്യുന്നു എന്ന് കണ്ടെത്തി. എന്നിരുന്നാലും, ചില പ്രദേശങ്ങളിൽ വളരെ അസാധാരണമായ അളവിൽ മിന്നലുകൾ പതിക്കാറുണ്ട്. ഇത് വലിയ നഷ്ട്ടങ്ങൾക്ക് കാരണമാവുകയും ചെയ്യും.
16 വർഷത്തെ ഇടി മിന്നലുകളുടെ ഡാറ്റ ഉപയോഗിച്ച്, ഭൂമി തീവ്രമായ മിന്നൽ പ്രവർത്തന മേഖലകൾ കണ്ടെത്താനും ഈ സ്ഥലത്തെ പ്രത്യേകതകൾ പഠിക്കാനും ഗവേഷകർക്ക് കഴിഞ്ഞു. 1998 മുതൽ 2013 വരെയുള്ള നിരീക്ഷണ കാലയളവിൽ ഏറ്റവും കൂടുതൽ ഇടിമിന്നൽ സൃഷ്ടിച്ച ഭൂമിയിലെ ചെറിയ പ്രദേശങ്ങൾ തിരിച്ചറിയാനും റാങ്കുചെയ്യാനും അവർക്ക് ഈ ഡാറ്റകൾ കൊണ്ട് കഴിഞ്ഞു. ഇവരുടെ പ്രവർത്തങ്ങളും വിശദമായ റിപ്പോർട്ടും അമേരിക്കൻ കാലാവസ്ഥാ സൊസൈറ്റിയുടെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചു.
ഡാറ്റയുടെ വിശകലനത്തിൽ ഏറ്റവും കൂടുതൽ മിന്നലുകൾ അനുഭവപ്പെടുന്ന പ്രദേശങ്ങളെ ലൈറ്റനിംഗ് ഹോട്ട്സ്പോട്ട് എന്ന് ഗവേഷകർ വിളിച്ചു. തെക്കേ അമേരിക്കയിലെ വടക്ക് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പ്രദേശമാണ് ലോകത്തിലെ പ്രധാന മിന്നൽ ഹോട്ട്‌സ്പോട്ട്. വടക്കുപടിഞ്ഞാറൻ വെനിസ്വേലയിലെ ഉപ്പുവെള്ള തടാകമായ മറാകൈബോ തടാകത്തിന്റെ തെക്കേ അറ്റത്താണ് ഈ ഹോട്ട്‌സ്പോട്ട് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്ത് മിന്നൽ നിരക്കിന്റെ സാന്ദ്രത 232.52 ആണ്. അതായത്, ഒരു ചതുരശ്ര കിലോമീറ്ററിന് പ്രതിവർഷം ശരാശരി 232.52 മിന്നലുകൾ ഈ പ്രദേശത്ത് അനുഭവപ്പെടുന്നു. രണ്ടും മൂന്നും സ്ഥാനത്തുള്ള ഹോട്ട്‌സ്പോട്ടുകൾക്ക് ഇടിമിന്നൽ നിരക്കിന്റെ സാന്ദ്രത 205.31 (കബാരെ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ), 176.71 (കമ്പെൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ) എന്നിങ്ങനെയാണ്. വെനിസ്വേലയ്ക്കും ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയ്ക്കും പുറമേ, കൊളംബിയ, പാകിസ്ഥാൻ, കാമറൂൺ എന്നിവിടങ്ങളിലെ സ്ഥലങ്ങൾ ലോകത്തിലെ ആദ്യ പത്ത് മിന്നൽ ഹോട്ട്‌സ്പോട്ടുകളിൽ പെടുന്നു. ലോകത്തിലെ ആദ്യ പത്ത് ഹോട്ട്‌സ്‌പോട്ടുകൾ താഴെ തന്നിരിക്കുന്ന രീതിയിൽ ആണ്.
1 - 232.52 - Lake Maracaibo, Venezuela
2 - 205.31 - Kabare, Dem. Rep. of Congo
3 - 176.71 - Kampene, Dem. Rep. of Congo
4 - 172.29 - Caceres, Colombia
5 - 143.21 - Sake, Dem. Rep. of Congo
6 - 143.11 - Daggar, Pakistan
7 - 138.61 - El Tarra, Colombia
8 - 129.58 - Nguti, Cameroon
9 - 129.50 - Butembo, Dem. Rep. of Congo
10 - 127.52 - Boende, Dem. Rep. of Congo
എന്തുകൊണ്ട് മറാകൈബോ ഹോട്ട്സ്പോട്ട് ആയി?
13,210 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകമാണ് മറാകൈബോ തടാകം. മൂന്ന് വശത്തായി പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. വർഷം മുഴുവനും ഈ തടാകത്തിലെ ജലം വളരെ ചൂടുള്ളതായി നിലകൊള്ളുന്നു. സാധാരണയായി 28 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ തടാകത്തിന്റെ താപനില. പകൽ മുഴുവൻ തടാകവും ചുറ്റുമുള്ള കുന്നുകളും സൂര്യന്റെ താപത്താൽ ചൂടാകുന്നു. തടാകത്തേക്കാൾ വേഗത്തിൽ കുന്നുകൾ ചൂടാകുന്നതിനാൽ , കാറ്റ് തടാകത്തിന്റെ ഉപരിതലത്തിലൂടെ കരയിലേക്ക് നീങ്ങുന്നു. രാത്രിയിൽ, തടാകത്തേക്കാൾ വേഗത്തിൽ ചുറ്റുമുള്ള കുന്നു തണുക്കുന്നു, ഒപ്പം കാറ്റ് തിരിച്ച് തടാകത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങുന്നു. ഈ രീതി തടാകത്തിന് മുകളിൽ ഈർപ്പം നിലനിർത്തുകയും രാത്രികാലങ്ങളിൽ ഇടിമിന്നലുകൾക്ക് കാരണമാവുകയും, തടാകത്തിന് മുകളിൽ ആവർത്തിച്ചുള്ള ഇടിമിന്നലും ഉണ്ടാക്കുകയും ചെയ്യുന്നു.