HIV യുടെ ചരിത്രം
- admin trycle
- Apr 7, 2020
- 0 comment(s)
HIV
റെട്രോവിരിഡേ കുടുംബത്തിലെ ലെന്റിവൈറസ് ജനുസ്സിൽ പെട്ട പകർച്ചവ്യാധി ഏജന്റുകളാണ് SIV, അഥവാ സിമിയൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (simian immunodeficiency virus). ഇൻഫ്രാഓർഡർ സിമിഫോംസ് പ്രൈമേറ്റുകളെയാണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്, ആന്ത്രോപോയിഡുകൾ എന്ന് വിളിക്കപ്പെടുന്ന ആൾക്കുരങ്ങുകൾ, കുരങ്ങുകൾ, മനുഷ്യർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രോഗബാധിതരായ ജീവികളുടെ രക്തം പോലുള്ള ശരീര ദ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് SIV പകരുന്നത്. മനുഷ്യേതര പ്രൈമേറ്റുകൾക്കിടയിൽ ഇത് വ്യാപകമാണെങ്കിലും മിക്ക ജീവിവർഗങ്ങളിലും ഇത് കഠിനമായ രോഗത്തിന് കാരണമാകുന്നില്ല. എന്നാൽ ചിമ്പാൻസികളിൽ SIV അണുബാധ, മനുഷ്യരിൽ HIV (ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്) മൂലം ഉണ്ടാവുന്ന എയ്ഡ്‌സിന് സമാനമായ ഒരു രോഗത്തിന് കാരണമാകുന്നു. HIVക്ക് സമാനമായി, SIVയും ബാധിക്കുന്നത് വിവിധതരം രോഗപ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന വെളുത്ത രക്താണുക്കളായ ഹെൽപ്പർ ടി സെല്ലുകളെ (CD 4 + T cells) ആണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. SIV ബാധിച്ച കോശങ്ങൾ അണുബാധയുടെ ഒരു ദിവസത്തിനുള്ളിൽ അപ്പോപ്‌ടോസിസിന് (പ്രോഗ്രാമ്ഡ് സെൽ ഡെത്ത്) വിധേയമാകുന്നു. തൽഫലമായി, രോഗപ്രതിരോധ സംവിധാനത്തിന് റീപ്ലേസ് ചെയ്യാൻ കഴിയുന്നതിനേക്കാൾ വേഗത്തിൽ കോശങ്ങൾ മരിക്കുന്നു. അതിനാൽ, രോഗപ്രതിരോധ പ്രവർത്തനം ക്രമേണ വഷളാകുകയും, ഇത് അക്വൈർഡ് ഇമ്മുണോ ഡെഫിഷ്യൻസി സിൻഡ്രോമിന് കാരണമാകുകയും ചെയ്യുന്നു. രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പുള്ള നീണ്ട ഇൻകുബേഷൻ കാലയളവ് കാരണം SIVയെ ലെന്റിവൈറസ് അല്ലെങ്കിൽ “സ്ലോ വൈറസ്” ആയി വർഗ്ഗീകരിക്കുന്നു.
എല്ലാ റിട്രോവൈറസുകളും പരസ്പ്പരം ചില ബന്ധമുള്ളവയാണെങ്കിലും, SIVയും HIVയും തമ്മിൽ വളരെ വ്യക്തമായ സമാനതകൾ ഉണ്ട്. അവയുടെ പരിണാമ ഉത്ഭവത്തെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നത്, ഹ്യൂമൻ വൈറസിന്റെ മുന്നോടിയായുള്ള സിമിയൻ രൂപം ആണ് SIV എന്നാണ്. 1884 നും 1924 നും ഇടയിൽ ആഫ്രിക്കയിൽ വെച്ച് ചിമ്പാൻസികളിൽ നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പകരുന്നതായിട്ടാണ് കരുതപ്പെടുന്നത്. മനുഷ്യരിൽ എത്തിയ SIV പരിവർത്തനം വഴി HIV ആയി പരിണമിച്ചുവെന്ന് ശാസ്ത്രജ്ഞർ സംശയിക്കുന്നു. 2009 ൽ ഗോറില്ലകളെ ബാധിക്കുന്ന SIVഗോർ എന്നറിയപ്പെടുന്ന ഒരു വൈറസിന്, HIV-1 ന്റെ പുതുതായി തിരിച്ചറിഞ്ഞ സ്‌ട്രെയ്‌നുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി.
ആഫ്രിക്കയിലെ വേട്ടക്കാർ രോഗം ബാധിച്ച ചിമ്പാൻസികളെ കഴിക്കുമ്പോഴോ അല്ലെങ്കിൽ രോഗം ബാധിച്ച ചിമ്പാൻസികളുടെ രക്തം വേട്ടക്കാരുടെ മുറിവുകളിലോ മറ്റോ ആകുകയോ ചെയ്തപ്പോൾ SIVcpz (ചിമ്പാൻസികളിൽ കാണപ്പെടുന്ന SIV) മനുഷ്യരിലേക്ക് പകർന്നിരിക്കാം എന്ന് കരുതുന്നു. മനുഷ്യരിൽ എത്തിയ SIVയുടെ HIVയിലേക്കുള്ള മാറ്റം 1920 ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ തലസ്ഥാനവും അവിടുത്തെ ഏറ്റവും വലിയ നഗരവുമായ കിൻഷാസയിൽ ഒരു ആഗോള പാൻഡെമിക് സൃഷ്ട്ടിക്കുന്നതിലേക്ക് നയിച്ചതായി ഗവേഷകർ വിശ്വസിക്കുന്നു. കിൻഷാസയിൽ നിന്ന് ഇൻഫ്രാസ്ട്രക്ചർ റൂട്ടുകളിലൂടെ (റോഡുകൾ, റെയിൽവേ, നദികൾ) കുടിയേറ്റക്കാർ വഴിയും ലൈംഗിക വ്യാപാരം വഴിയും വൈറസ് വ്യാപനം നടന്നിരിക്കാം എന്ന് കരുതുന്നു. കൊളോണിയൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ഹെയ്തിയൻ പ്രൊഫഷണലുകൾ അവരുടെ നാട്ടിലേക്ക് മടങ്ങിയപ്പോൾ 1960 കളിൽ HIV ആഫ്രിക്കയിൽ നിന്ന് ഹെയ്തിയിലേക്കും കരീബിയൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു. വൈറസ് പിന്നീട് കരീബിയൻ പ്രദേശത്ത് നിന്ന് ന്യൂയോർക്ക് നഗരത്തിലേക്കും പിന്നീട് സാൻ ഫ്രാൻസിസ്കോയിലേക്കും എത്തപ്പെട്ടു. അമേരിക്കയിലേക്കും അവിടെനിന്ന് മറ്റ് രാഷ്ട്രങ്ങളിലേക്കും ഉള്ള വ്യാപാര ആവശ്യപ്രകാരമുള്ള അന്തർദ്ദേശീയ യാത്രകൾ ലോകമെമ്പാടും വൈറസ് പടരാൻ കാരണമായി. 1970 ഓടെ HIV അമേരിക്കയിൽ എത്തിയിരുന്നെങ്കിലും 1980 കളുടെ ആരംഭം വരെ ഇത് പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടില്ല.
1980 കളിലും 1990 കളുടെ തുടക്കത്തിലും HIV, എയ്ഡ്സ് എന്നിവ അമേരിക്കയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പടർന്നുപിടിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ന് 70 ദശലക്ഷത്തിലധികം ആളുകൾക്ക് HIV ബാധിതരുണ്ട്, 35 ദശലക്ഷം പേർ എയ്ഡ്സ് ബാധിച്ച് മരിക്കുകയും ചെയ്തു. ശാരീരിക ദ്രവങ്ങളായ രക്തം, ശുക്ലം, യോനി ദ്രവങ്ങൾ, മുലപ്പാൽ തുടങ്ങിയവയിലൂടെയാണ് വൈറസ് പകരുന്നത്. ചരിത്രം പരിശോധിച്ചാൽ, സുരക്ഷിതമല്ലാത്ത ലൈംഗികത, മയക്കുമരുന്ന് ഉപയോഗത്തിനുള്ള സൂചികൾ പങ്കിടൽ, പ്രസവം എന്നിവയിലൂടെയാണ് HIV കൂടുതലായി പടരുന്നത്. ശരീരത്തിൽ എത്തുന്ന HIVക്ക് കാലക്രമേണ, നിരവധി CD 4 സെല്ലുകളെ നശിപ്പിക്കാൻ കഴിയും. അത് ശരീരത്തിന് അണുബാധകളോടും രോഗങ്ങളോടും പോരാടാനുള്ള കഴിവ് ഇല്ലാതാക്കുന്നു. ഇത് ഒടുവിൽ HIV അണുബാധയുടെ ഏറ്റവും കഠിനമായ രൂപമായ അക്വൈർഡ് ഇമ്യൂണോ ഡെഫിഷ്യൻസി സിൻഡ്രോം അല്ലെങ്കിൽ എയ്ഡ്സ് (AIDS) എന്ന അവസ്ഥയിലേക്ക് നയിക്കുന്നു. HIV അല്ലെങ്കിൽ എയ്ഡ്സിന് ചികിത്സയില്ലെങ്കിലും, നേരത്തെ ചികിത്സ തേടുന്ന HIV ബാധിതന് വൈറസ് ഇല്ലാത്ത ഒരാൾ ജീവിക്കുന്നിടത്തോളം കാലം ജീവിക്കാം. 2019 ൽ മെഡിക്കൽ ജേണലായ ലാൻസെറ്റിൽ നടത്തിയ ഒരു പഠനത്തിൽ ആന്റി വൈറൽ ചികിത്സ HIV പകരുന്നത് ഫലപ്രദമായി തടഞ്ഞുവെന്ന് പറയുന്നുണ്ട്.