ഓണവും ഐതിഹ്യങ്ങളും
- admin trycle
- Sep 10, 2019
- 0 comment(s)
ഓണവും ഐതിഹ്യങ്ങളും
മലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും ആഘോഷമായ ഓണനാളുകള്‍ ജാതിഭേദമന്യേ മലയാളികളെല്ലാം മതിമറന്ന് ആഘോഷിക്കുന്നതാണ്. ഓണക്കളികളും ഓണച്ചൊല്ലുകളും ഓണസദ്യയും ഓണപ്പൂക്കളും എല്ലാം ഓരോ മലയാളികള്‍ക്കും പ്രീയപ്പെട്ടതാണ്. മാവേലിനാടുവാണിടും കാലത്തിന്‍റെ ഓര്‍മ്മ പുതുക്കലായാണ് നാം ഓണം ആഘോഷിക്കുന്നത്. ഓണം സംബന്ധമായി ഒന്നിലധികം ഐതിഹ്യങ്ങളാണുള്ളത്. അതില്‍ പ്രധാനം മഹാബലിയുമായി ബന്ധപ്പെട്ടതാണ്. നമ്മള്‍ മാവേലിയെന്ന് വിളിക്കുന്ന മഹാബലി അസുരരാജാവാണെന്ന് ആര്‍ക്കൊക്കെയറിയാം? അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്‍റെ പേരക്കുട്ടിയായിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനര്‍ത്ഥം "വലിയ ത്യാഗം ചെയ്തവന്‍" എന്നാണ്. ദേവന്‍മാരെപ്പോലും അസൂയപ്പെടുത്തുന്ന രീതിയില്‍ കള്ളവും ചതിയും ഒന്നുമില്ലാത്ത എല്ലാവരും ഒന്നായി സന്തോഷത്തോടെയും സമൃദ്ധിയോടെയും കഴിഞ്ഞിരുന്ന നാളുകളായിരുന്നു മഹാബലിയുടെ ഭരണകാലം. ഇതില്‍ അസൂയപൂണ്ട ദേവന്‍മാര്‍ മഹാവിഷ്ണുവിന്‍റെ സഹായം തേടി. മഹാബലി "വിശ്വജിത്ത്" എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ദാനം ചോദിച്ചു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്ക് വകവെക്കാതെ മഹാബലി മൂന്നടി മണ്ണ് ദാനമായി എടുത്തോളാന്‍ വാമനന് അനുവാദം നൽകി. വാമനന്‍ ആകാശം മുട്ടെ വളര്‍ന്ന് തന്‍റെ കാല്‍പാദം അളവുകോലാക്കി ആദ്യത്തെ രണ്ടടിക്ക് സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി മഹാബലി നല്‍കിയത് സ്വന്തം ശിരസ്സാണ്. ആ ശിരസ്സില്‍ ചവിട്ടി വാമനന്‍ മഹാബലിയെ പാതാളത്തിലേക്കയച്ചു. ആണ്ടിലൊരിക്കല്‍ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്‍റെ പ്രജകളെ സന്ദര്‍ശിക്കാന്‍ മഹാബലിക്ക് അനുവാദം നല്‍കി. അങ്ങനെ ഓരോ വര്‍ഷവും തിരുവോണനാളില്‍ അദൃശ്യനായി മാവേലി വരുന്നു എന്നാണ് വിശ്വാസം. ഈ ഐതിഹ്യം വാമൊഴിയായി ഇന്നും കൈമാറ്റം ചെയ്തുപോരുന്നു.
ഓണവും മഹാബലിയുമായുള്ള ബന്ധത്തെക്കുറിക്കുന്ന മറ്റൊരു ഐതിഹ്യം കൂടി നിലനില്‍ക്കുന്നുണ്ട്. വാമനന് സര്‍വ്വവും കാഴ്ചവെച്ച മഹാബലിയുടെ ദാനമനസില്‍ പ്രസാദിച്ച് സ്വര്‍ഗവാസികള്‍ കൊതിക്കുന്ന "സുതലം" എന്ന പാതാളലോകത്തിന്‍റെ അധിപനാക്കി മഹാബലിയെ വിഷ്ണുദേവന്‍ അനുഗ്രഹിക്കുകയും മഹാബലിയുടെ കാവല്‍ക്കാരനായി വാമനന്‍ നിലകൊള്ളുകയും ചെയ്യുന്നുവെന്ന് ഭാഗവതത്തില്‍ കഥയുണ്ട്. തിരുവോണനാളില്‍ വാമനസമ്മേതനായി മഹാബലി പ്രജാമണ്ഡലത്തില്‍ എത്തുന്നു എന്നുള്ള വിശ്വാസത്തിനു പിന്നില്‍ ഈ കഥയാണ്.
ഓണവുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യമാണ് തൃക്കാക്കരയപ്പന്‍റേത്. ഓണത്തപ്പന്‍റെ ആസ്ഥാനം തൃക്കാക്കരയാണ്. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്ന് പറയപ്പെടുന്നു. ഇന്ത്യയില്‍ വാമനപ്രതിഷ്ഠയുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം. തൃക്കാക്കര എന്ന സ്ഥലനാമം തന്നെ തിരുക്കാല്‍ക്കരൈയുടെ ചുരുക്കപ്പേരാണ്. വാമനഭഗവാന്‍റെ പാദമുദ്ര പതിഞ്ഞ സ്ഥലമെന്ന നിലയിലാണ് തിരുക്കാല്‍ക്കര എന്ന പേര് ലഭിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നും ചിലയിടങ്ങളില്‍ ഓണത്തോടനുബന്ധിച്ച് തൃക്കാക്കരയപ്പനെ മണ്ണില്‍ നിര്‍മ്മിച്ച് വക്കുന്ന ചടങ്ങുകളുണ്ട്.
ഒരുകാലത്ത് ദക്ഷിണേന്ത്യ ഒന്നാകെ ആഘോഷിക്കുന്ന ഉത്സവമായിരുന്നു ഓണമെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള രേഖപ്പെടുത്തലുകള്‍ ചരിത്രത്തിലുണ്ട്. ഓണത്തെക്കുറിച്ചുള്ള ആദ്യകാല പരാമര്‍ശങ്ങള്‍ ഉള്ളത് സംഘകാലസാഹിത്യകൃതികളിലാണ്. മധുരൈകാഞ്ചി എന്ന കൃതിയിലാണ് ഓണത്തെക്കുറിച്ച് ആദ്യ പരാമര്‍ശമുള്ളത്. ബി.സി രണ്ടാം ശതകത്തില്‍ ജീവിച്ചിരുന്ന മാങ്കുടി മരുതനാര്‍ എന്ന പാണ്ഡ്യരാജാവിന്‍റെ തലസ്ഥാന നഗരിയായിരുന്ന മധുരയില്‍ ഓണം ആഘോഷിച്ചിരുന്നതായി അതില്‍ പരാമര്‍ശിക്കുന്നു. ശ്രാവണപൗര്‍ണമി നാളിലായിരുന്നു മധുരയിലെ ഓണഘോഷം. മഹാബലിയെ ജയിച്ച വാമനസ്മരണയിലായിരുന്നു അവിടുത്തെ ഓണാഘോഷം. ഒമ്പതാം ശതകത്തിന്‍റെ ആദ്യഘട്ടത്തില്‍ രചിച്ച തിരുമൊഴി എന്ന ഗ്രന്ഥത്തിലും ഉണ്ണുനീലി സന്ദേശത്തിലും ഓണത്തെപ്പറ്റി പരാമര്‍ശിക്കുന്നു. മലബാര്‍ കളക്ടറായിരുന്ന വില്യംലോഗന്‍റെ അഭിപ്രായത്തില്‍ എ.ഡി 825 മുതലാണ് ഓണം ആഘോഷിച്ചുതുടങ്ങിയത് എന്നാണ്. കേരളസംബന്ധിയായ വിവിധ യൂറോപ്യന്‍ യാത്രാവിവരണങ്ങളിലും ഈ ആഘോഷത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്.
ഏതൊരു ജനതയുടെയും സംസ്കാരത്തിന്‍റെ സവിശേഷതകളെ അവരുടെ ഉത്സവാഘോഷങ്ങളില്‍ കാണാന്‍ കഴിയും. ഓണവുമായി ബന്ധപ്പെട്ട മറ്റ് ചില വിശേഷങ്ങളെക്കുറിച്ച് അടുത്ത ബ്ലോഗില്‍ വായിക്കാം.