നെപ്പോളിയൻ ബോണപാർട്ട്
- admin trycle
- Jul 29, 2020
- 0 comment(s)

ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക മേധാവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെപ്പോളിയൻ ബോണപാർട്ട് (നെപ്പോളിയൻ ഒന്നാമൻ) ഒരു ഫ്രഞ്ച് സൈനിക ജനറലും ഫ്രാൻസിന്റെ ചക്രവർത്തിയുമായിരുന്നു. അസാധ്യമായി ഒന്നുംതന്നെയില്ലെന്നു പ്രഖ്യാപിച്ച നെപ്പോളിയന്‍ 16 ആം വയസ്സിൽ സൈനിക പരിശീലനം പൂർത്തിയാക്കി ഫ്രഞ്ച് വിപ്ലവകാലത്ത് (1789–99) ശ്രദ്ധേയനായി. 1796 ൽ പാരീസിലെ വിപ്ലവ സർക്കാരിനെതിരായ രാജകീയ കലാപത്തെ അടിച്ചമർത്താൻ സഹായിച്ചതിനാൽ ഇറ്റലിയിലെ ഫ്രഞ്ച് സൈന്യത്തിന്റെ കമാൻഡറായി നെപ്പോളിയൻ നിയോഗിക്കപ്പെട്ടു.
മെഡിറ്ററേനിയൻ ദ്വീപായ കോഴ്സിക്കയിലെ അജാസിയോ എന്ന പ്രദേശത്ത് കാർലോ ബോണപാർട്ടിന്റെയും ലറ്റിഷ്യായുടെയും മകനായി 1769 ഓഗസ്റ്റ് 15 നാണ് നെപോളിയൻ ജനിച്ചത്. പുരാതന ടസ്‌കൻ പ്രഭുക്കന്മാരായ അദ്ദേഹത്തിന്റെ പിതാവിന്റെ കുടുംബം പതിനാറാം നൂറ്റാണ്ടിൽ കോഴ്സിക്കയിലേക്ക് കുടിയേറിയതായിരുന്നു. ജന്മംകൊണ്ട് ഇറ്റലിക്കാരനായ നെപ്പോളിയന്‍ പിന്നീട് ഫ്രാന്‍സ്, കോര്‍സിക്ക കീഴടക്കിയതോടെ ഫ്രഞ്ചു പൗരനായി മാറുകയായിരുന്നു. വളരെ സമ്പന്നരല്ലെങ്കിലും ഉന്നതകുലജാതരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. പത്ത് വയസ്സ് വരെ നെപ്പോളിയൻ കോഴ്സിക്കയിലെ സ്കൂളിലാണ് പഠിച്ചത്. ഫ്രഞ്ചുകാരുമായുള്ള സൗഹൃദത്താല്‍ 1771-ല്‍ കാര്‍ലോയെ അജാസിയോയുടെ ജില്ലാ അഭിഭാഷകനായി നിയമിച്ചു. കാര്‍ലോയുടെ മുതിര്‍ന്ന ആണ്‍മക്കളായ ജോസഫിനും നെപ്പോളിയനും 1778-ല്‍ ഓട്ടന്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ചു. പിന്നീട് അഞ്ച് വർഷം ബ്രയനിലെ മിലിട്ടറി കോളേജിലും ഒടുവിൽ ഒരു വർഷം പാരീസിലെ മിലിട്ടറി അക്കാദമിയിലും നെപ്പോളിയൻ പഠനം നടത്തി. അദ്ദേഹം നാവികസേനയില്‍ ചേരാനാഗ്രഹിച്ചെങ്കിലും പെട്ടെന്ന് തീരുമാനം മാറ്റുകയും പീരങ്കിപ്പട്ടാളത്തിൽ (artillery division) പ്രവേശനം നേടുകയും ചെയ്തു.
യുവ ഓഫീസർമാർക്കുള്ള ഒരു പരിശീലന വിദ്യാലയമായ ലാ ഫെറിലെ റെജിമെന്റിൽ സെക്കന്റ് ലെഫ്റ്റനന്റായി അദ്ദേഹം നിയമിക്കപ്പെട്ടു. ഒഴിവ് സമയത്ത് പുരാതന ഗ്രീക്ക് തത്ത്വചിന്തയും ചരിത്രപ്രസിദ്ധരായ പോരാളികളുടെ യുദ്ധനയതന്ത്രങ്ങളും വായിച്ച് മനസ്സിലാക്കുകയും വായിക്കുന്ന പ്രധാന ആശയങ്ങൾ കുറിച്ചെടുത്ത് സൂക്ഷിക്കുകയും ചെയ്യുന്ന സ്വഭാവവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഓസ്ട്രിയക്കാർക്കെതിരായ നിരവധി നിർണായക വിജയങ്ങൾ നെപ്പോളിയൻ ദേശീയ രംഗത്ത് കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമായി. 1799 നവംബറിൽ ഫ്രാൻസിന്റെ ഭരണം താത്കാലികമായി നെപ്പോളിയൻ ,ഷിയെസ് , ഡൂക്കോസ് എന്ന മൂന്നംഗ കൗൺസിലിൽ നിക്ഷിപ്തമായി. 1804 ൽ നെപ്പോളിയൻ ഫ്രാൻസിന്റെ ചക്രവർത്തിയായി. പിന്നീട് നടന്ന യുദ്ധങ്ങളിലൂടെ പുതിയ പ്രദേശങ്ങൾ നേടിയെടുത്ത അദ്ദേഹം യൂറോപ്പിന്റെ നിയന്ത്രണം സ്വന്തമാക്കി. വിശുദ്ധ റോമൻ സാമ്രാജ്യം ഇല്ലാതാകുകയും നെപ്പോളിയന്റെ ബന്ധുക്കളെയും വിശ്വസ്തരെയും ഇറ്റലി, നേപ്പിൾസ്, സ്പെയിൻ എന്നിവിടങ്ങളിൽ നേതാക്കളായി നിയമിക്കുകയും ചെയ്തു.
1810 മുതൽ ഫ്രാൻസിന് ചില സൈനിക പരാജയങ്ങൾ നേരിടേണ്ടിവന്നു. 1812 ൽ റഷ്യയെ ആക്രമിച്ച നെപ്പോളിയന് തന്റെ സൈന്യത്തിന്റെ വലിയൊരു വിഭാഗം നഷ്ട്ടപ്പെട്ടു. ഈ അവസരം മുതലാക്കി ഇംഗ്ലണ്ട് റഷ്യ പ്രഷ്യ ഓസ്ട്രിയ എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സേന ഫ്രാൻസിനെ ആക്രമിക്കുകയും 1814 മാർച്ചിൽ പാരീസ് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് എൽബ ദ്വീപിലേക്ക് നാടുകടത്തപ്പെട്ട നെപ്പോളിയൻ 1815 ൽ എൽബയിൽ നിന്ന് രക്ഷപ്പെട്ട് പാരിസിൽ തിരിച്ചെത്തി അധികാരം തിരിച്ചുപിടിച്ചു. ബ്രിട്ടൻ, പ്രഷ്യ, റഷ്യ, ഓസ്ട്രിയ എന്നിവർ വീണ്ടും യുദ്ധം പ്രഖ്യാപിക്കുകയും 1815 ജൂണിലെ വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ പരാജയപ്പെടുകയും അധികാരം നഷ്ടമാവുകയും ചെയ്തു. സെന്റ് ഹെലീനയിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം അവിടെവെച്ച് അന്തരിച്ചു.