ഡബ്ബാവാല
- admin trycle
- Jun 1, 2020
- 0 comment(s)
ഡബ്ബാവാല
മുംബൈ നഗരത്തിന്റെ ഭാഗമാണ് ഡബ്ബാവാലകൾ. ചോറ്റുപാത്രവുംകൊണ്ടു നടക്കുന്നയാള്‍ എന്നാണ് ഡബ്ബാവാല എന്ന മറാഠി വാക്കിനര്‍ഥം. മുംബൈ നഗരത്തിൽ ഭക്ഷണവിതരണം നടത്തുന്ന ഒരു സംഘത്തിലെ അംഗങ്ങളാണ് ഡബ്ബാവാലകൾ എന്നറിയപ്പെടുന്നത്. മുംബൈ നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്, നഗരത്തിലെയോ നഗരപ്രാന്തങ്ങളിലെയോ അവരുടെ വീടുകളില്‍നിന്ന് ഉച്ചഭക്ഷണം നിറച്ച പാത്രങ്ങള്‍ വാങ്ങി എത്തിക്കുകയും കാലിഡബ്ബകൾ തിരികെ വീടുകളിലെത്തിക്കുകയുമാണ് ഡബ്ബാവാലകളുടെ ജോലി.
ഇന്ത്യയില്‍ ജനസാന്ദ്രതയും ഗതാഗതത്തിരക്കും ഏറ്റവും കൂടുതലുള്ള മുംബൈ നഗരത്തില്‍ ദിവസവും അറുപതോ എഴുപതോ കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താണ് മിക്കവരും വീട്ടില്‍ നിന്ന് ഓഫീസിലെത്തുന്നത്. അതിരാവിലെ വീട്ടില്‍നിന്നിറങ്ങും മുമ്പ് ഉച്ചഭക്ഷണം തയ്യാറാക്കി പൊതിഞ്ഞ് കൊണ്ടുപോകാന്‍ സമയം കിട്ടാത്ത ഇവർക്ക് അതിനുള്ള പരിഹാരമാണ് ഡബ്ബാവാലകള്‍. ഭക്ഷണം പാകം ചെയ്ത് പാത്രത്തിലാക്കി വീട്ടില്‍ വെച്ചാല്‍ മതി, അടുത്തുള്ള ഡബ്ബാവാല രാവിലെ 10 മണിയോടെ വീട്ടിലെത്തി അത് വാങ്ങിക്കൊള്ളും. ഇങ്ങനെ ശേഖരിക്കുന്ന ചോറ്റുപാത്രങ്ങള്‍ റെയിൽവേ സ്റ്റേഷനിലെത്തിച്ച് ലക്ഷ്യസ്ഥാനമനുസരിച്ച് തരംതിരിക്കുന്നു. എന്നിട്ട് തടിറാക്കുകളില്‍ ഡബ്ബകൾ അടുക്കിവെച്ച് ലോക്കല്‍ തീവണ്ടിയില്‍ കയറ്റി ലക്ഷ്യസ്ഥാനത്തിനടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്നു. ഇവിടെവെച്ച് ഉപഭോക്താക്കളുടെ കൃത്യമായ സ്ഥാനമനുസരിച്ച് വീണ്ടും തരംതിരിവ് നടത്തുന്നു. അവിടെ നിന്ന് മറ്റൊരു ഡബ്ബാവാല കൃത്യം പന്ത്രണ്ടരയോടെ ഉച്ചഭക്ഷണം ലക്ഷ്യസ്ഥാനത്തെത്തിക്കും. വൈകീട്ട് ഒഴിഞ്ഞ പാത്രം വാങ്ങി അതേപോലെ വീട്ടിലെത്തിക്കും.
1890-ലാണ് ഡബ്ബാവാലകളുടെ ഉദയം. ദീർഘദൂര യാത്രചെയ്ത് ജോലിചെയ്യേണ്ട സ്ഥിതിയായിരുന്നു മുംബൈനിവാസികൾക്ക്. മാത്രമല്ല ഹോട്ടലുകളുടെ എണ്ണം കുറവും ഭക്ഷണത്തിന് വില കൂടുതലും. അത്തരമൊരു സാഹചര്യത്തിലാണ് മഹാദു ഹവാജി ബാച്ചെ ഡബ്ബാവാലയെന്ന ആശയവുമായി വരുന്നത്. ചെറിയൊരു തുക കൂലിയായി നല്‍കിയാല്‍ ദൂരെയിരുന്ന് ദിവസവും വീട്ടിലെ ഭക്ഷണം കഴിക്കാം. വീടുകളില്‍ നിന്ന് മാത്രമല്ല, നമുക്കിഷ്ടപ്പെട്ട മെസ്സുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഡബ്ബാവാലകള്‍ ഭക്ഷണം എത്തിച്ചുതരും. സൈക്കിളും ബൈക്കും തീവണ്ടിയുമെല്ലാം ഡബ്ബാവാലകളുടെ സഞ്ചാരത്തിന്റെ ഭാഗമാണ്.
പേരോ മേൽവിലാസമോ ആലേഖനം ചെയ്യാത്ത പാത്രങ്ങളിൽ ഡബ്ബാവാലകൾ അവരുടെ ചില കോഡുകൾ മാത്രം കോറിയിടുന്നു. പ്രത്യേക നിറത്തിലുള്ള ചില അടയാളങ്ങളിലൂടെയാണ് ഡബ്ബാവാലകള്‍ ചോറ്റുപാത്രങ്ങള്‍ ആരുടേതെന്നും എവിടേക്കുള്ളതാണെന്നും മനസ്സിലാക്കുന്നത്. വീട്ടില്‍ നിന്ന് പാത്രങ്ങള്‍ വാങ്ങുന്നത് വീട്ടുകാരെ നേരിട്ടറിയുന്നയാളായിരിക്കും. ലക്ഷ്യസ്ഥാനത്ത് അതു വിതരണം ചെയ്യുന്നയാള്‍ക്കും പാത്രത്തിന്‍റെ ഉടമയെ നേരിട്ടറിയും. ഇടയ്ക്ക് അവ ശേഖരിക്കുന്നവര്‍ക്കും തീവണ്ടിയില്‍ കയറ്റുന്നവര്‍ക്കും തരംതിരിച്ച് ഓരോ സ്റ്റേഷനിലും ഇറക്കുന്നവര്‍ക്കും മനസ്സിലാക്കാനാണ് അടയാളങ്ങള്‍. ഓരോ സ്റ്റേഷനിലും ഇറക്കുന്ന ഡബ്ബകള്‍ സൈക്കിളിലും തടിറാക്കുകളില്‍ തലച്ചുമടായും കൈവണ്ടികളിലുമായാണ് തെരുവുകളിലേക്കും കെട്ടിടങ്ങളിലേക്കും എത്തിക്കുന്നത്. ഒരു പാത്രം ഏകദേശം മൂന്നു ഡബ്ബാവാലകൾ പലസ്ഥലങ്ങളിലായി കൈമാറുന്നു. എത്ര കൈമാറിയാലും വഴിതെറ്റാതെ ഉടമസ്ഥന്റെ അടുത്ത് ഡബ്ബ എത്തുന്നു. 16,000,000 ഡബ്ബകൾ വിതരണം ചെയ്യുമ്പോൾ ഒന്ന് എന്ന നിരക്കിൽ ആണ് ഇവർക്ക് ഒരു പിഴവ് ഉണ്ടാകുന്നത്. 99.999999% വരുന്ന ഈ മികവാണ് ഡബ്ബാവാലകൾക്ക് സിക്സ് സിഗ്മ സർട്ടിഫിക്കേഷൻ നേടിക്കൊടുത്തത്. ഇന്ത്യയിൽ സിക്സ് സിഗ്മ ഇതുവരെ കിട്ടിയത് ഡബ്ബാവാലകൾക്ക് മാത്രമാണ്. ISO 9001 ഉം ഡബ്ബാവാലകൾക്ക് കിട്ടിയിട്ടുണ്ട്.
ഡബ്ബാവാലകളുടെ പ്രവർത്തനം ലോകത്തിന്റെ പല ഭാഗങ്ങളിലും പഠന വിഷയമാണ്. പദ്ധതി തുടങ്ങുന്നകാലത്ത് ആകെ 35 ഡബ്ബാവാലാകൾ മാത്രമാണുണ്ടായിരുന്നത്. ഇന്ന് മുംബൈയിലും സമീപ നഗരങ്ങളിലുമായി അയ്യായിരത്തോളം ഡബ്ബാവാലകളുടെ ശൃംഖല ഒരു ദിവസം രണ്ടു ലക്ഷത്തോളം ചോറ്റുപാത്രങ്ങളാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്. ഏതൊരു കോര്‍പ്പറേറ്റ് സംരംഭത്തെയും കവച്ചുവെക്കുന്ന പ്രവര്‍ത്തന മികവാണ് ഡബ്ബാവാലകളുടെ സവിശേഷത. എന്നാല്‍, സ്വകാര്യ സംരംഭങ്ങളിലെപ്പോലെ ഇവിടെ തൊഴിലാളികളും മുതലാളിയുമില്ല എന്ന് മാത്രമല്ല ഓരോ ഡബ്ബാവാലയും ഒരേസമയം ഈ സംരംഭത്തിന്‍റെ ഓഹരിയുടമയും അതിലെ ജീവനക്കാരുമാണ്. നൂതന്‍ മുംബൈ ടിഫിന്‍ ബോക്സ് സപ്ലൈയേഴ്സ് ട്രസ്റ്റ് എന്ന സംഘടനയാണ് ഈ ഭക്ഷണവിതരണ ശൃംഖലയുടെ നടത്തിപ്പുകാര്‍. 1956 ല്‍ നിലവില്‍ വന്ന ട്രസ്റ്റിന് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയും ട്രഷററും ഒമ്പത് ഡയറക്ടര്‍മാരുമാണ് ഉള്ളത്. അയ്യായിരത്തോളം വരുന്ന ഡബ്ബാവാലകളെല്ലാം അതിലെ അംഗങ്ങളാണ്. പ്രസിഡന്‍റ് ഉള്‍പ്പെടെ എല്ലാ അംഗങ്ങളും ദിവസവും ഡബ്ബാവിതരണത്തില്‍ പങ്കെടുക്കുന്നു. നടത്തിപ്പിന്‍റെ എളുപ്പത്തിനായി ഡബ്ബാവാലകളെ 25-30 അംഗങ്ങളുള്ള ചെറു സംഘങ്ങളായി തിരിക്കുകയും അതിന്‍റെ നേതൃത്വച്ചുമതല അക്കൂട്ടത്തില്‍ ഒരാള്‍ക്കു നല്‍കുകയും ചെയ്യുന്നു. നിശ്ചിത തുക ഈടാക്കിയാണ് ഡബ്ബാവാലകളെ സംഘത്തില്‍ ചേര്‍ക്കുന്നത്. സൈക്കിളും കൈവണ്ടിയും ഗാന്ധിത്തൊപ്പിയടക്കമുള്ള വസ്ത്രങ്ങളും സ്വന്തമായി വാങ്ങണം. ഓരോ മാസവും പിരിഞ്ഞുകിട്ടുന്ന തുക അംഗങ്ങള്‍ തുല്യമായി വീതിക്കുകയാണ് ചെയ്യുക. ഡബ്ബാവാലകളുടെ സേവനം ആവശ്യമുള്ളവരില്‍ നിന്ന് ദൂരത്തിന് അനുസരിച്ച് മാസം അഞ്ഞൂറു മുതല്‍ ആയിരം വരെ രൂപ ഈടാക്കും.
മുംബൈയിലെ ഡബ്ബാവാലകളുടേതുപോലുള്ള പ്രവര്‍ത്തന രീതി ലോകത്തെവിടെയും വേറെയുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര ചാനലുകളിലും പ്രസിദ്ധീകരണങ്ങളിലും എത്രയോവട്ടം ഈ വിജയകഥ വന്നിട്ടുണ്ട്. ഡബ്ബാവാലകളെക്കുറിച്ച് വായിച്ചറിഞ്ഞ ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന്‍ 2003 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അവരെ സന്ദര്‍ശിച്ചു. അദ്ദേഹത്തിൽ നിന്നും ഇവരെ കുറിച്ച് കേട്ടറിഞ്ഞ എലിസബത്ത് രാജ്ഞി ഇവരുടെ പ്രതിനിധികളെ ലണ്ടനിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതുപോലെ വിര്‍ജിന്‍ അറ്റ്ലാന്‍റിക് കമ്പനിയുടെ തലവന്‍ റിച്ചാര്‍ഡ് ബ്രാന്‍സണ്‍ മുംബൈയിലെത്തി ഒരു ദിവസം മുഴുവന്‍ ഡബ്ബാവാലകള്‍ക്കൊപ്പം ചെലവിട്ടിരുന്നു. ലോക്കല്‍ തീവണ്ടിയുടെ ചരക്കു മുറിയിലിരുന്ന് ദാദര്‍ മുതല്‍ ചര്‍ച്ച്ഗേറ്റുവരെ അദ്ദേഹം അവരോടൊപ്പം യാത്ര ചെയ്തു. ഡബ്ബാവാലകളുടെ പ്രവർത്തനം ലോകത്തിന്റെ പല ഭാഗങ്ങളിലും പഠന വിഷയമാണ്. ഇന്ത്യയിലെ ഐ.ഐ.ടികളിലും ഐ.ഐമ്മുകളിലും മുതല്‍ ഹാര്‍വാര്‍ഡ് ബിസിനസ് സ്കൂളില്‍വരെ ഇവരുടെ പ്രതിനിധികള്‍ ക്ലാസെടുത്തിട്ടുണ്ട്.
ഭക്ഷണ വിതരണത്തിനു വേണ്ടി മാത്രമല്ല നഗരം ഡബ്ബാവാലകളെ ആശ്രയിച്ചിരുന്നത്. ടെലിഫോണും മറ്റും വ്യാപകമാവുന്നതിനു മുന്‍പുള്ള കാലത്ത് ഗൃഹനാഥനു വീട്ടിലേക്ക് എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ സന്ദേശം ഒഴിഞ്ഞ ഡബ്ബകളില്‍ എഴുതി കൊടുത്തു വിടുമായിരുന്നു. വീട്ടമ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതും ചോറ്റുപാത്രത്തിനൊപ്പം ലക്ഷ്യസ്ഥാനത്ത് എത്തും. ഇങ്ങനെ ഡബ്ബയിലെ സന്ദേശം വഴിമാറിയെത്തുന്ന കഥയാണ് ഇര്‍ഫാന്‍ ഖാന്‍ നായകനായ 'ലഞ്ച് ബോക്സ്' എന്ന സിനിമ പറയുന്നത്. ഡബ്ബാവാലകളോട് മഹാനഗരം ഏറ്റവും ഒടുവില്‍ ആദരം പ്രകടിപ്പിച്ചത് ഒരു കൂറ്റന്‍ പ്രതിമ സ്ഥാപിച്ചുകൊണ്ടാണ്. വര്‍ളിയില്‍ ഹാജി അലിക്കു സമീപമാണ് ചോറ്റുപാത്രവും പിടിച്ചു നില്‍ക്കുന്ന ഡബ്ബാവാലയുടെ രൂപം അനാവരണം ചെയ്തത്.