പാനിപ്പത്ത് യുദ്ധങ്ങൾ
- admin trycle
- Jul 12, 2020
- 0 comment(s)
പാനിപ്പത്ത് യുദ്ധങ്ങൾ
ഇന്ത്യൻ ചരിത്രത്തിലെ മൂന്ന് സുപ്രധാന യുദ്ധങ്ങളുടെ രംഗമായിരുന്നു പാനിപ്പത്ത്. ദില്ലിയിൽ നിന്നും 80 കിലോമീറ്റർ വടക്ക് ആയിട്ടുള്ള ഈ പ്രദേശം ഇന്നത്തെ ഇന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ പാനിപ്പത്ത് എന്ന ചെറിയ ഗ്രാമത്തിനടുത്താണ്. പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ഉത്തരേന്ത്യയുടെ നിയന്ത്രണത്തിനായി നിരവധി നിർണായക യുദ്ധങ്ങളുടെ കേന്ദ്രമായിരുന്നു ഇത്.
1526 ഏപ്രിൽ 21 ന് ദില്ലിയിലെ സുൽത്താൻ ഇബ്രാഹിം ലോധിയും മുഗൾ വംശ സ്ഥാപകൻ സഹീറുദ്ദീൻ ബാബറും തമ്മിലാണ് ആദ്യത്തെ പാനിപ്പത്ത് യുദ്ധം നടന്നത്. ഇബ്രാഹിം ലോധിയുടെ സൈന്യത്തിൽ ഒരു ലക്ഷത്തിലധികം സൈനികരും 1000ത്തോളം ആനകളും ആണ് ഉണ്ടായിരുന്നതെങ്കിൽ ഏകദേശം 15,000 സൈനികരും 20 മുതൽ 24 വരെ പീരങ്കികളുമാണ് ബാബറുടെ സൈന്യത്തിൽ ഉണ്ടായിരുന്നതെന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഇബ്രാഹിമിന്റെ ഈ വലിയ ശക്തിയെ ബാബറിന്റെ സൈന്യം പരാജയപ്പെടുത്തി. ഈ ആദ്യ യുദ്ധം ഇന്ത്യയിൽ ബഹ്‌ലുൽ ലോധി സ്ഥാപിച്ച ‘ലോഡി ഭരണം’ അവസാനിപ്പിക്കുകയും ഇന്ത്യയിൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന് കാരണമാവുകയും ചെയ്തു. വെടിമരുന്ന്, തീക്കോപ്പുകൾ, പീരങ്കി എന്നിവ ഉപയോഗിച്ച ആദ്യ യുദ്ധങ്ങളിൽ ഒന്നായിരുന്നു ഇത്.
1556 നവംബർ 5 ന് അക്ബറിന്റെയും സാമ്രാത് ഹേം ചന്ദ്ര വിക്രമാദിത്യന്റെയും സൈന്യങ്ങൾ തമ്മിലാണ് രണ്ടാം പാനിപ്പത്ത് യുദ്ധം നടന്നത്. ഹേം ചന്ദ്ര അഥവാ ഹെമു ആദിൽ ഷാ സൂരിയുടെ പ്രധാനമന്ത്രിയും സൈന്യാധിപനും ആയിരുന്നു. അക്ബറിന്റെ സൈന്യത്തെ പരാജയപ്പെടുത്തി ആഗ്രയിലെയും ദില്ലിയിലെയും വലിയ സംസ്ഥാനങ്ങൾ പിടിച്ചെടുത്ത ഹെമു 1553–1556 കാലഘട്ടത്തിൽ പഞ്ചാബ് മുതൽ ബംഗാൾ വരെ അഫ്ഗാൻ വിമതർക്കെതിരെ 22 യുദ്ധങ്ങളിൽ വിജയിച്ചിട്ടുണ്ട്. ദില്ലിയിലെ ഹെമുവിന്റെ വിജയം മുഗൾ ഭരണാധികാരികളെ അലോസരപ്പെടുത്തുകയും അക്ബറിന്റെ സൈന്യം ദില്ലിയിലേയ്ക്ക് മാർച്ച് ചെയ്യുകയും ചെയ്തു. ഹെമുവിന്റെ വലിയ സൈന്യം തുടക്കത്തിൽ വിജയിക്കുകയായിരുന്നെങ്കിലും ഒരു അമ്പ് കൊണ്ട് കണ്ണിൽ പരുക്ക് പറ്റിയ ഹെമു നിലത്തു പതിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തതോടെ സൈന്യം ഓടിപ്പോയി. പിന്നീട് അദ്ദേഹത്തെ മുഗളന്മാർ പിടികൂടി ശിരഛേദം ചെയ്തു. പാനിപ്പത്തിലെ ഈ രണ്ടാം യുദ്ധം ഉത്തരേന്ത്യയിൽ ഹേം ചന്ദ്ര വിക്രമാദിത്യ സ്ഥാപിച്ച ‘ഹിന്ദു രാജ്’ അവസാനിപ്പിച്ചു.
1761 ൽ അഫ്ഗാനിൽ നിന്നുള്ള അഹ്മദ് ഷാ അബ്ദാലിയുടെ സൈന്യവും പുണെയിലെ സദാശിവറാവു ഭൗ പേഷ്വായുടെ കീഴിലുള്ള മറാത്തക്കാരും തമ്മിലാണ് മൂന്നാമത്തെ പാനിപ്പത്ത് യുദ്ധം നടന്നത്. ഏകദേശം 45000 ത്തോളം വരുന്ന മറാത്ത സേനയും ഏകദേശം 60,000 എണ്ണം അബ്ദാലി സൈനികരും ആണ് ഈ യുദ്ധത്തിൽ പങ്കെടുത്തത് എന്ന് കരുതപ്പെടുന്നു. ഇരുവശത്തും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ഈ യുദ്ധത്തിൽ മറാത്ത സൈന്യത്തെ തോല്പ്പിച്ച് അഹ്മദ് ഷാ അബ്ദാലിയുടെ നേതൃത്വത്തിലുള്ള സൈന്യം വിജയികളായി. 18-ആം നൂറ്റാണ്ടിൽ നടന്ന വലിയ യുദ്ധങ്ങളിൽ ഒന്നായി കരുതപ്പെടുന്ന ഈ യുദ്ധത്തിലെ നാശനഷ്ടങ്ങളെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ തർക്കം നിലനിൽക്കുന്നു. 60,000-നും 70,000-നും ഇടയിൽ സൈനികർക്ക് ഈ യുദ്ധത്തിൽ ജീവഹാനി സംഭവിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ഈ യുദ്ധത്തിലെ പരാജയത്തോടെ മറാത്ത സൈന്യത്തിന്റെ വടക്കോട്ടുള്ള സൈനിക മുന്നേറ്റങ്ങൾക്ക് വിരാമമായി. മാത്രമല്ല ഈ യുദ്ധത്തിനു ശേഷം അഫ്ഗാനികളും മടങ്ങിയതോടെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കുന്നതിന് വഴിയൊരുക്കി.