മേരി കോം
- admin trycle
- May 17, 2020
- 0 comment(s)

മേരി കോം
ബോക്സിംഗ് റിംഗിലെ ഇന്ത്യയുടെ പെണ്‍കരുത്താണ് മേരി കോം. മാഗ്നിഫിഷ്യെന്‍റ് മേരി എന്നറിയപ്പെടുന്ന മേരി കോം ലോക ചാമ്പ്യൻഷിപ്പിൽ (AIBA) ആറ് തവണ മെഡൽ നേടിയ ഏക വനിതാ ബോക്‌സറാണ്. ബോക്സിംഗ് റിംഗില്‍ ആദ്യമായി സ്വര്‍ണം നേടുന്ന ഇന്ത്യന്‍ വനിതയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ മേരി കോം അഞ്ച് തവണ ലോക ബോക്സിംഗ് ചാമ്പ്യൻ എന്ന നിലയിലും ആറ് ലോക ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടുന്ന ഒരേയൊരു ബോക്സറായും അറിയപ്പെടുന്നു. മാത്രമല്ല ഒരു ഒളിംപിക് വെങ്കല മെഡലും അഞ്ച് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളും നേടിയിട്ടുള്ള മേരി കോം ഒരു രാജ്യസഭ എംപി കൂടിയാണ്.
മണിപ്പൂരിലെ കോം എന്ന ഗ്രോതവിഭാഗത്തില്‍പ്പെട്ട മേരി 1983 മാര്‍ച്ച് 1-നാണ് ജനിച്ചത്. മണിപ്പൂരിലെ ചുർച്ചൻപൂർ ജില്ലയിൽ കര്‍ഷകദമ്പതികളായ മങ്തെ ടോന്‍പ കോം, മങ്തെ അഖാം കോം എന്നിവരുടെ മകളായി ജനിച്ച മേരികോമിന്‍റെ മുഴുവന്‍ പേര് മേരി കോം മങ്തെ ചുങ്നിജാങ് എന്നാണ്. ബാല്യം മുതല്‍ തന്നെ പട്ടിണിയോടും സാമൂഹിക വെല്ലുവിളികളോടും പടപൊരുതിയാണ് മേരി വളര്‍ന്നത്. "എനിക്ക് ദൈവം തന്ന കഴിവുകള്‍ കഠിനാധ്വാനത്തിലൂടെയും ആത്മസമര്‍പ്പണത്തിലൂടെയും വര്‍ദ്ധിപ്പിക്കുന്നതിന് എനിക്ക് സാധിച്ചിട്ടുണ്ട്" മേരികോമിന്‍റെ ഈ വാക്കുകള്‍ തന്നെയാണ് അവരുടെ വിജയരഹസ്യവും. മൊയ്‌റാങ്ങിലെ ലോക്തക് ക്രിസ്ത്യൻ മോഡൽ ഹൈസ്‌കൂളിൽ നിന്ന് ആറാം ക്ലാസ് വരെയും മൊയ്‌റാങ്ങിലെ സെന്റ് സേവ്യർ കാത്തലിക് സ്‌കൂളിൽ നിന്ന് എട്ടാം ക്ലാസ് വരെയും ഉള്ള സ്കൂൾ വിദ്യാഭ്യാസം മേരി കോം പൂർത്തിയാക്കി. ഇംഫാലിലെ നിയോസിൽ നിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവൾ ചുരചന്ദ്‌പൂർ കോളേജിൽ നിന്ന് ബിരുദം നേടി.
ചെറുപ്പം മുതല്‍ തന്നെ മേരി സ്പോര്‍ട്സില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു, ഡിങ്കോ സിങ്ങിന്റെ വിജയമാണ് ബോക്‌സറാകാൻ അവളെ പ്രേരിപ്പിച്ചത്. 2000-ലാണ് മേരി ബോക്സിംഗ് പരിശീലിക്കുന്നത്. നര്‍ജീത് സിംഗായിരുന്നു ആദ്യ ഗുരു. മണിപ്പൂര്‍ സംസ്ഥാനബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് അവര്‍ ശ്രദ്ധനേടിയത്. 2001 ൽ അവർ അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ തുടങ്ങി. അമേരിക്കയിൽ നടന്ന ആദ്യ എഐബിഎ വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ നേടുമ്പോൾ അവർക്ക് 18 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2002 ൽ തുർക്കിയിൽ നടന്ന രണ്ടാമത്തെ എഐബിഎ വനിതാ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 45 കിലോഗ്രാം വിഭാഗത്തിൽ മേരികോം സ്വർണം നേടി. അതേ വർഷം ഹംഗറിയിൽ നടന്ന വിച്ച് കപ്പിലും 45 കിലോ വിഭാഗത്തിൽ ഇവർ സ്വർണ്ണം നേടി. 2003 ൽ ഇന്ത്യയിൽ നടന്ന ഏഷ്യൻ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും 2004 ൽ നോർവേയിൽ നടന്ന വനിതാ ബോക്സിംഗ് ലോകകപ്പിലും 46 കിലോ വിഭാഗത്തിൽ മേരി കോം സ്വർണം നേടി. 2005 ൽ, തായ്‌വാനിൽ നടന്ന ഏഷ്യൻ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും, റഷ്യയിൽ നടന്ന എഐബിഎ വിമൻസ് വേൾഡ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിലും 46 കിലോ വിഭാഗത്തിൽ അവർ സ്വർണ്ണം നേടി. 2006, 2008, 2010 വർഷങ്ങളിലും എഐബിഎ വിമൻസ് വേൾഡ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേരി കോം സ്വർണ്ണം നേടി. 2010 ഏഷ്യൻ ഗെയിംസിൽ 51 കിലോ വിഭാഗത്തിൽ പങ്കെടുത്ത മേരി വെങ്കല മെഡൽ നേടി.
2010 ൽ ദില്ലിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ വിജേന്ദർ സിങ്ങിനൊപ്പം ക്വീൻസ് ബാറ്റൺ കൈവശം വച്ചതിന്റെ ബഹുമതി അവർക്ക് ലഭിച്ചു. 2012 ലണ്ടൻ ഒളിമ്പിക്സ് അവർക്ക് കൂടുതൽ ആദരവും ബഹുമാനവും നേടിക്കൊടുത്തു. ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ബോക്‌സറായി അവർ മാറി. പിന്നീട് 2014-ല്‍ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും, 2018-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും മേരി കോം സ്വര്‍ണ്ണ മെഡല്‍ നേടി. അര്‍ജ്ജൂന അവാര്‍ഡ്, പത്മശ്രീ അവാര്‍ഡ്, രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്, പത്മഭൂഷൺ അവാർഡ്, എ.ഐ.ബി.എയില്‍ നിന്നുള്ള പ്രത്യേക പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾക്കും അര്‍ഹയാണ് മേരി കോം.