മാര്‍ത്താണ്ഡവര്‍മ്മ
- admin trycle
- Mar 22, 2020
- 0 comment(s)
മാര്‍ത്താണ്ഡവര്‍മ്മ
മലയാള ചലച്ചിത്ര മേഖലയില്‍ പിറവിയെടുത്ത രണ്ടാമത്തെ ചിത്രമാണ് 1933-ല്‍ പുറത്തിറങ്ങിയ മാര്‍ത്താണ്ഡവര്‍മ്മ. പി.വി റാവു ആണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍. വിഗതകുമാരന് ശേഷം പുറത്തിറങ്ങിയ ഈ ചിത്രം മലയാളസാഹിത്യവും സിനിമയും തമ്മിലുള്ള ബന്ധം സൃഷ്ട്ടിച്ച ചലച്ചിത്രമാണ്. മാർത്താണ്ഡവർമ്മയെ സ്ഥാനഭ്രഷ്ടനാക്കി രാജ്യാധികാരം കൈക്കലാക്കാൻ ശ്രമിക്കുന്ന എട്ടുവീട്ടിൽപ്പിള്ളമാരുടെ ഉപജാപപ്രവർത്തനങ്ങൾ, മാർത്താണ്ഡവർമ്മയുടെ വിശ്വസ്തനായ അനന്തപദ്മനാഭന്റെ സാഹസികകൃത്യങ്ങൾ, പാറുക്കുട്ടിയും അനന്തപദ്മനാഭനും തമ്മിലുള്ള അനുരാഗം, ശത്രുക്കളിൽ നിന്നും രക്ഷനേടാൻ മാർത്താണ്ഡവർമ്മ പ്രയോഗിക്കുന്ന അടവുകൾ, രക്ഷാമാർഗ്ഗങ്ങൾ ഇവയെല്ലാമടങ്ങിയ സി.വി രാമൻ പിള്ളയുടെ ചരിത്ര്യാഖ്യായികയുടെ ചലച്ചിത്രാവിഷ്ക്കാരമാണിത്. സുന്ദര്‍രാജ് നിര്‍മ്മിച്ച ഈ ചിത്രം ഒരു സാഹിത്യകൃതിയെ ആസ്പദമാക്കി മലയാളത്തില്‍ രൂപപ്പെട്ട ആദ്യത്തെ ചലച്ചിത്രമായിരുന്നു.
1932ൽ തുടങ്ങിയ ചിത്രീകരണം ഒരു വർഷത്തിനകം പൂർത്തിയായ ശേഷം മാർത്താണ്ഡവർമ്മ ആദ്യ പ്രദർശനം നടത്തിയത് വിഗതകുമാരൻ പ്രദർശിപ്പിച്ച തിരുവനന്തപുരം കാപ്പിറ്റോൾ തീയറ്ററിലായിരുന്നു. ചിത്രം നിര്‍മ്മിച്ചതിനു ശേഷം അതിന്‍റെ പ്രിന്‍റ് സൂക്ഷിച്ച പെട്ടി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൂജിച്ച്, ഗജവീരന്മാരോട് കൂടിയ എഴുന്നളളിപ്പായാണ് പ്രദര്‍ശനത്തിനായി ക്യാപിറ്റോള്‍ തീയേറ്ററിലേക്ക് കൊണ്ടുവന്നത്. നാടാര്‍ ക്രിസ്ത്യാനിയായ സുന്ദരരാജിന്‍റെ അഭ്യര്‍ത്ഥനപ്രകാരം റീജന്‍റ് ലക്ഷ്മിഭായ്ത്തമ്പുരാട്ടിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ഇത്. ഈ ചിത്രങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തി ചിത്രത്തിന്‍റെ ആദ്യ ഭാഗങ്ങളില്‍ ചേര്‍ക്കുകയും ചെയതിരുന്നു. ജയദേവ്, ആണ്ടി, എ.വി.പി മേനോന്‍, പദ്മിനി, സുന്ദരം അയ്യര്‍, ആര്‍ സുന്ദര്‍രാജ് എന്നിവരായിരുന്നു ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ചിത്രത്തി ലെ ഇംഗ്ലീഷിലും മലയാളത്തിലുമായുള്ള വിവരണചീട്ടുകളിലെ വാചകങ്ങളിൽ ചിലത് മൂലഗ്രന്ഥത്തിൽ നിന്ന് എടുത്തവയായിരുന്നു, വാചകങ്ങളിൽ മറ്റുചിലത് സ്വദേശിപ്രസ്ഥാന പ്രവർത്തനങ്ങളെയും സൂചിപ്പിചിരുന്നു. ഇതിലെ അഭിനേതാക്കളുടെ വേഷങ്ങളെ കുറിച്ചും വ്യത്യസ്ത അഭിപ്രായം നിലനിൽക്കുന്നുണ്ട്. മാർത്താണ്ഡവർമ്മ എന്ന കഥാപാത്രം ചെയ്തത് ജയദേവ് എന്ന നടനാണെന്നും അതല്ല ആണ്ടി എന്ന തലശ്ശേരിക്കാരൻ തമിഴനാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ട്.
1933-ല്‍ തിരുവനന്തപുരം ക്യാപിറ്റോള്‍ തീയേറ്ററിലെ പ്രഥമ പ്രദര്‍ശനത്തിനൊടുവില്‍ നോവലിന്‍റെ പ്രസാദകരായ കമലാലയ ബുക്ക് ഡിപ്പോയുമായുള്ള പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്ന് പ്രദര്‍ശന കേന്ദ്രങ്ങളില്‍ നിന്നും ചിത്രം പിന്‍വലിക്കുകയുണ്ടായി. മലയാള സിനിമാചരിത്രത്തില്‍ ഒറ്റ പ്രദര്‍ശനം മാത്രം നടത്തിയ ചിത്രം എന്ന ബഹുമതി ഇതോടെ മാര്‍ത്താണ്ഡവര്‍മ്മക്കു സ്വന്തമായി. നിർമ്മാണവേളയിൽ നോവലിൻറെ പകർപ്പവകാശത്തെക്കുറിച്ചുള്ള ചോദ്യങ്ങളൊന്നും നിർമ്മാതാവ് കാര്യമാക്കിയില്ല. രണ്ട് രൂപമുടക്കിയാൽ പുസ്തകം കിട്ടുമെങ്കിൽ രണ്ടായിരം രൂപ കൊടുത്ത് പുസ്തകത്തിന്റെ അവകാശം വാങ്ങിക്കുന്നതെന്തിനെന്നായിരുന്നു ചിത്രീകരണ വേളയിൽ നോവലിന്റെ അവകാശം ഉന്നയിച്ചപ്പോൾ നിർമ്മാതാവിന്റെ പ്രതികരണം. എന്നാൽ ഇതേ കാരണം കൊണ്ട് തന്നെ പിന്നീട് സിനിമയുടെ പ്രദർശനം തന്നെ മുടങ്ങാനും കേസിലുൾപ്പട്ടെ സുന്ദർരാജിനും ഭാര്യക്കും സ്റ്റുഡിയോ ഉൾപ്പടെയുള്ള സ്വത്തുക്കൾ വിറ്റ് നാടുവിടേണ്ടിവരാനും ഇടയായി. അതോടൊപ്പം മലയാളസാഹിത്യരംഗത്തും, ചലച്ചിത്രരംഗത്തും പകര്‍പ്പവകാശവ്യവഹാരം (copy right) രൂപപ്പെടുന്നതിനും ഇത് കാരണമായി.
നാലു പതിറ്റാണ്ടുകൾക്ക് ശേഷം കമലാലയം ബുക്ക് ഡിപ്പോയിൽ പൊടിപിടിച്ചു കിടന്ന ചിത്രത്തിന്റെ ഫിലിം പെട്ടി വീണ്ടെടുത്തത് പുനെയിലെ നാഷണൽ ഫിലിം ആർക്കൈവ്സിന്റെ ക്യുറേറ്ററായിരുന്ന ശ്രീ പി കെ നായരായിരുന്നു. 1974-ല്‍ പൂനെയിലെ നാഷണല്‍ ഫിലിം ആര്‍കൈവ് ഓഫ് ഇന്ത്യയിൽ എത്തിയ ഈ പ്രിന്‍റിന് ദക്ഷിണേന്ത്യന്‍ നിശബ്ദചിത്രങ്ങളില്‍ പൂര്‍ണ്ണരൂപത്തില്‍ ലഭ്യമായിട്ടുള്ള ഏക പ്രിന്‍റ് എന്ന ബഹുമതിയും അവകാശപ്പെടാനാവുന്നതാണ്. പ്രഥമപ്രദര്‍ശനത്തിനു ശേഷം വെളിച്ചം കാണാത്ത ഈ സിനിമയെ 1994-ല്‍ കേരളത്തില്‍ വച്ചു നടന്ന ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.