അറയ്ക്കല്‍ കൊട്ടാരം
- admin trycle
- Jun 19, 2019
- 0 comment(s)
കേരളം ഭരിച്ചിരുന്ന ഏക മുസ്ലീം രാജവംശമായിരുന്നു അറയ്ക്കല്‍ രാജവംശം. അധികാരത്തിന്‍റെയും പ്രതാപത്തിന്‍റെയും ആസ്ഥാനമായിരുന്ന അറയ്ക്കല്‍ കൊട്ടാരം കണ്ണൂര്‍ നഗരത്തില്‍ നിന്നും രണ്ട്കിലോമീറ്റര്‍ മാറി ആയിക്കരയിലാണ് സ്ഥിതിചെയ്യുന്നത്. 1545-ലാണ് അറയ്ക്കല്‍ രാജവംശം സ്ഥാപിക്കപ്പെട്ടത് എന്നാണ് പൊതുവെയുള്ള നിഗമനം. 1819 വരെ ഭരണം നടത്തിയിരുന്ന ഈ രാജവംശത്തിന് കീഴിലുണ്ടായിരുന്ന പ്രദേശങ്ങള്‍ കണ്ണൂരും ലക്ഷദ്വീപുമാണ്. അറയ്ക്കല്‍ കെട്ട് എന്ന് പൊതുവെ അറിയപ്പെടുന്ന ഈ കൊട്ടാരം കണ്ണൂരിലെ പ്രസിദ്ധമായ മാപ്പിളബേയ്ക്ക്(mappila bay) സമീപമാണ്. മരത്തിലും ചെങ്കല്ലിലും തീര്‍ത്ത കേരളീയവും ആംഗലേയവുമായ ശൈലിയില്‍ നിര്‍മ്മിച്ച ഈ കൊട്ടാരത്തിന്‍റെ ദര്‍ബാര്‍ ഹാള്‍ ഇന്ന് മ്യൂസിയമായി മാറ്റി സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തിരിക്കുകയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശികള്‍ സഞ്ചരിക്കുന്ന മ്യൂസിയം കൂടിയാണ് ഇത്. ദീര്‍ഘചതുരാകൃതിയിലുള്ള ഈ കൊട്ടാരത്തിന്‍റെ താഴത്തെ നില രാജകുടുംബത്തിന്‍റെ കാര്യാലയമായും മുകളിലത്തേത് ദര്‍ബാര്‍ ഹാളായുമാണ് ഉപയോഗിച്ചിരുന്നത്. പരസ്പരം ബന്ധിപ്പിച്ചുള്ള വലിയ കെട്ടിടങ്ങളുടെ നടുവിലായുള്ള മുറ്റം പ്രാര്‍ത്ഥന(നമസ്)യ്ക്കായി ഉപയോഗിച്ചിരുന്നതാണ്. തദ്ദേശീയമായ തച്ചുശാസ്ത്രവിധിപ്രകാരം നിര്‍മ്മിച്ച ഈ കൊട്ടാരത്തിന്‍റെ തറകള്‍ മരംകൊണ്ട് നിര്‍മ്മിച്ചവയാണ്. പണ്ടുകാലത്ത് രാജകുടുംബത്തിനുണ്ടായിരുന്നസമുദ്രവാണിജ്യബന്ധത്തെ കുറിക്കുന്ന പല വസ്തുക്കളും ഇന്ന് ഈ കൊട്ടാരത്തിനകത്തെ മ്യൂസിയത്തിലെ പ്രദര്‍ശനവസ്തുക്കളാണ്.