മൈക്കൾ ജോര്‍ഡന്‍
- admin trycle
- Jul 23, 2020
- 0 comment(s)

വിഖ്യാതനായ ബാസ്ക്കറ്റ്ബോൾ താരമായിരുന്നു മൈക്കെൽ ജോർഡൻ. ബാസ്കറ്റ് ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ ആദ്യം ഓടിയെത്തുന്ന പേരാണ് മൈക്കൾ ജോര്‍ഡന്റേത്. എക്കാലത്തെയും മികച്ച ബാസ്ക്കറ്റ്ബോൾ കളിക്കാരിലൊരാളായി അറിയപ്പെടുന്ന ജോർഡൻ അമേരിക്കൻ ബാസ്ക്കറ്റ്ബോൾ ടീമും എൻ.ബി.എ. ലീഗും ആഗോളശ്രദ്ധയാകർഷിക്കുന്നതിന് മുഖ്യഘടകമായിരുന്നു.
1963 ഫെബ്രുവരി 17 ന് ന്യൂയോർക്കിലെ ബ്രൂക്ലിനിലാണ് ജോർദാൻ ജനിച്ചത്. ജോർദാൻറെ പിതാവ് ജെയിംസ് അവന് ബേസ്ബോൾ പരിചയപ്പെടുത്തുകയും അവരുടെ വീട്ടുമുറ്റത്ത് ഒരു ബാസ്കറ്റ്ബോൾ കോർട്ട് പണിയുകയും ചെയ്തു. ഏഴാം വയസിൽ ജോർഡന്റെ കുടുംബം നോർത്ത് കരോലിനയിലെ വിൽമിങ്ടണിലേക്കു മാറി. ഇവിടത്തെ എംസ്ലി ഹൈസ്ക്കുളിലാണ് ജോർഡന്റെ കായിക ജീവിതം തുടക്കം കുറിച്ചത്. 1981-ൽ യുണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കരോലിനയിലേക്ക് സ്കോളര്‍ഷിപ്പോട് കൂടി തിരഞ്ഞെടുക്കപ്പെട്ട അദേഹം താമസിയാതെ യുണിവേഴ്സിറ്റി ബാസ്കറ്റ്ബോൾ ടീമിലെ ഒരു പ്രധാന അംഗമായി മാറുകയും മത്സരങ്ങളിൽ വളരെ മികച്ച രീതിയിൽ കളിക്കുകയുമുണ്ടായി. 1983 ലും 1984 ലും NCAA കോളേജ് പ്ലെയർ ഓഫ് ദ ഇയർ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1984-ൽ ഷിക്കാഗോ ബുൾസിൽ ചേർന്നു കൊണ്ട് ജോർഡൻ തന്റെ പ്രൊഫഷണൽ ബാസ്കറ്റ്ബോൾ ജീവിതം ആരംഭിച്ചു. ആദ്യ സീസണിൽ ഓൾ-സ്റ്റാർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോര്‍ഡന്‍ പിന്നീടുള്ള വർഷങ്ങളിലും നേട്ടം ആവർത്തിച്ചു. ഏറ്റവും മികച്ച താരമായി എൻ.ബി.എ.ലീഗിലൊട്ടാകെ അറിയപ്പെട്ട ജോർഡൻ ടീമിന് ആറു തവണ NBA കിരീടം നേടിക്കൊടുത്തു. 1990- 1991 സീസണിലാണ് ഷിക്കാഗോ ബുള്‍സ് ആദ്യമായി NBA ചാമ്പ്യന്‍മാരായത്. ഫൈനലിലെ ഏറ്റവും മികച്ച കളിക്കാരനായി ജോർഡൻ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള മൂന്നു വർഷങ്ങളിലും ഷിക്കാഗോ ബുള്‍സ് കിരീടനേട്ടം ആവർത്തിച്ചു. 1992-ൽ ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായും ജോർഡൻ തിരഞ്ഞെടുക്കപ്പെട്ടു.
1993 ൽ ബാസ്ക്കറ്റ്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ജോർഡൻ പിന്നീട് ബേസ് ബോൾ കളിക്കാൻ ആരംഭിച്ചു. 1995 ൽ ജോർഡൻ പ്രൊഫഷണൽ ബാസ്കറ്റ്ബോളിലേക്ക് തിരിച്ചുവന്നു. പിന്നീടുള്ള 3 വര്‍ഷവും ജോർഡന്റെ മികവില്‍ ഷിക്കാഗോ ബുള്‍സ് NBA ചാമ്പ്യന്‍ഷിപ് നേടി. 1998-ല്‍ ജോര്‍ഡന്‍ രണ്ടാം തവണ പ്രൊഫഷണല്‍ ബാസ്കറ്റ്ബോളില്‍ നിന്നും വിരമിച്ചു. പിന്നീട് വാഷിങ്ടൺ NBA ടീം അയ വിസാര്‍ഡിന്‍റെ ഓണര്‍മാരില്‍ ഒരാളാവുകയും ചെയ്തു. 2001 ൽ വിസാര്‍ഡ് ടീമിനായി ജോര്‍ഡന്‍ കോര്‍ട്ടില്‍ മടങ്ങിയെത്തി. 2 വര്‍ഷത്തിന് ശേഷം 2003 ൽ ജോർഡൻ തന്റെ ഫൈനൽ റിട്ടയർമെന്റ് പ്രഖ്യാപിച്ചു.
2 തവണ ജോർഡൻ ഒളിമ്പിക്സ് സ്വർണമെഡൽ നേടിയിട്ടുണ്ട്. കോളേജ് കളിക്കാരനായിരിക്കെ 1984 – ല്‍ ലോസ് എഞ്ചലെസില്‍ വച്ച് നടന്ന ഒളിമ്പിക്സിനുള്ള അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനം കാഴ്ചവെച്ച ജോര്‍ഡന്‍റെ മികവില്‍ അമേരിക്ക സ്വര്‍ണം നേടി. 1992ലെ ബാഴ്സലോണ ഒളിമ്പിക്സിൽ പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ താരങ്ങൾക്കും കളിക്കാൻ അനുമതി ലഭിച്ചു. എൻ.ബി.എ.യിലെ ഏറ്റവും മികച്ച താരങ്ങളായ മാജിക് ജോൺസൺ, ലാറി ബേർഡ്, സ്കോട്ടീ പിപ്പൻ എന്നിവർക്കൊപ്പം ജോർഡനും അമേരിക്കയുടെ ബാസ്ക്കറ്റ്ബോൾ ടീമിൽ അംഗമായി. കളിച്ച എട്ടു മത്സരങ്ങളിലും എതിരാളികളെ നിഷ്പ്രഭരാക്കിയാണ് ജോർഡനും കൂട്ടരും ഒളിമ്പിക്സ് സ്വർണ്ണം നേടിയത്. ബാസ്ക്കറ്റ്ബോളിലെ സ്വപ്നടീമായി ഈ സംഘം വിശേഷിപ്പിക്കപ്പെട്ടു.