ബ്ലാക്ക് ഡെത്ത്
- admin trycle
- May 30, 2020
- 0 comment(s)
ബ്ലാക്ക് ഡെത്ത്
1300 കളുടെ മധ്യത്തിൽ യൂറോപ്പിനെയും ഏഷ്യയെയും വലിയരീതിയിൽ ബാധിച്ച വിനാശകരമായ ആഗോള പകർച്ചവ്യാധിയാണ് ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്നത്. അക്കാലത്തെ അറിയപ്പെടുന്ന മറ്റേതൊരു പകർച്ചവ്യാധിയേക്കാളും യുദ്ധത്തേക്കാളും മരണത്തിന് ഇത് കാരണമായി. മനുഷ്യ ചരിത്രത്തിലെ ഏറ്റവും മാരക പാൻഡെമിക്കുകളിൽ ഒന്നായിരുന്ന ഈ പകർച്ചവ്യാധിയുടെ കാരണം എന്താണെന്നതിനെപ്പറ്റി പല ഊഹങ്ങളുണ്ടായിരുന്നെങ്കിലും ദക്ഷിണ യൂറോപ്പിൽ മരണമടഞ്ഞവരുടെ മൃതശരീരത്തിൽ നിന്നു ശേഖരിച്ച ഡി.എൻ.എ. പിന്നീട് പരിശോധിച്ചതിൽ നിന്നും ബ്യൂബോണിക് പ്ലേഗ് ഉണ്ടാക്കുന്ന യെർസീനിയ പെസ്റ്റിസ് എന്ന രോഗകാരിയാണ് ഇതിനു കാരണം എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.
ചൈനയിലും ഇന്നർ ഏഷ്യയിലും ഉത്ഭവിച്ച ബ്ലാക്ക് ഡെത്ത് 1340 കളുടെ തുടക്കത്തിൽ ചൈന, ഇന്ത്യ, പേർഷ്യ, സിറിയ, ഈജിപ്ത് എന്നിവിടങ്ങളിൽ പടർന്ന് പിടിച്ചിരുന്നു. 1347 ൽ ക്രിമിയയിലെ ജെനോയിസ് വ്യാപാര തുറമുഖമായ കഫ (ഇപ്പോൾ ഫിയോഡോസിയ) ഉപരോധിച്ച കിപ്ചക് ഖാൻ ജാനിബെഗിന്റെ സൈന്യത്തിൽ പലർക്കും ഈ രോഗം ബാധിക്കുകയും മരണമടയുകയും ചെയ്തു. തന്റെ സൈനിക ബലം കുറഞ്ഞതോടെ, ശത്രുക്കൾക്ക് രോഗം പകരുന്നതിനായി പ്ലേഗ് ബാധിച്ച മൃതദേഹങ്ങൾ ജാനിബെഗ് പട്ടണത്തിൽ നിക്ഷേപിച്ചു. കാഫയിൽ നിന്ന്, ജെനോയിസ് കപ്പലുകൾ ഈ പകർച്ചവ്യാധി പടിഞ്ഞാറ് മെഡിറ്ററേനിയൻ തുറമുഖങ്ങളിലേക്ക് കൊണ്ടുപോയി.1347 ഒക്ടോബറിൽ കരിങ്കടലിൽ നിന്ന് 12 കപ്പലുകൾ സിസിലിയൻ തുറമുഖമായ മെസീനയിൽ എത്തിയതോടെയാണ് യൂറോപ്പിൽ പ്ലേഗ് എത്തിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, ബ്ലാക്ക് ഡെത്ത് യൂറോപ്പിലെ 20 ദശലക്ഷത്തിലധികം ആളുകളെ കൊന്നു, ഇത് ആ കാലഘട്ടത്തിലെ യൂറോപ്യൻ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് ആയിരുന്നു.
1348-49 കാലത്ത് തന്നെ നോർത്ത് ആഫ്രിക്ക, മെയിൻ ലാന്റ് ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, ഓസ്ട്രിയ, ഹംഗറി, സ്വിറ്റ്സർലൻഡ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലും വടക്കുപടിഞ്ഞാറൻ യൂറോപ്പിന്റെ തീരപ്രദേശങ്ങളായ ബെൽജിയം, നെതർലാന്റ്സ്, ലക്സംബർഗ് എന്നിവിടങ്ങളിലും ഇത് എത്തപ്പെട്ടു. 1348 ഓഗസ്റ്റിൽ കാലായിസിൽ നിന്ന് എത്തിയ ഒരു കപ്പൽ ഡോർസെറ്റിലെ മെൽകോംബ് റെജിസിലേക്ക് പ്ലേഗ് എത്തിച്ചു. അത് ഉടൻ തന്നെ ബ്രിസ്റ്റോളിലെത്തി ഇംഗ്ലണ്ടിന്റെ തെക്കുപടിഞ്ഞാറൻ കൗണ്ടികളിലുടനീളം അതിവേഗം വ്യാപിച്ചു. 1349 ഫെബ്രുവരി മുതൽ മെയ് വരെ, ഇംഗ്ലണ്ടിലെ ഈസ്റ്റ് ആംഗ്ലിയ, യോർക്ക്ഷയർ എന്നിവയ്ക്കിടയിലാണ് ഏറ്റവും അധികം രോഗം ബാധിച്ചത്. 1350-ൽ ഇംഗ്ലണ്ടിന്റെ വടക്ക് ഭാഗത്തും, സ്കോട്ട്ലൻഡ്, സ്കാൻഡിനേവിയ എന്നിവിടങ്ങളിലും ബാൾട്ടിക് രാജ്യങ്ങളിലും ബ്ലാക്ക് ഡെത്ത് എത്തി.
ബ്ലാക്ക് ഡെത്തിന്റെ മതപരവും സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ അതിഭീമമായിരുന്നു. ഇത് യൂറോപ്പിന്റെ ചരിത്രത്തെത്തന്നെ മാറ്റിമറിച്ചു. കിഴക്കൻ യൂറോപ്പിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലേക്ക് ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തു, അവിടെ നഗരങ്ങളിലെ ജനക്കൂട്ടത്തിൽ നിന്ന് താരതമ്യേന സുരക്ഷിതരായിരിക്കാൻ കഴിയും. ഈ അക്രമാസക്തമായ ദുരന്തത്തിന്റെ അനന്തരഫലങ്ങൾ പലതായിരുന്നു. യുദ്ധങ്ങൾ അവസാനിപ്പിച്ചതും കച്ചവടത്തിൽ പെട്ടെന്നുള്ള ഇടിവും ഉടനടി ഉണ്ടായെങ്കിലും അവ ഹ്രസ്വകാലത്തേക്ക് മാത്രമായിരുന്നു. വളരെയധികം തൊഴിലാളികളുടെ മരണം കാരണം കൃഷി ചെയ്യുന്ന ഭൂമിയുടെ അളവ് ഗണ്യമായി കുറഞ്ഞത് മൂലമുള്ള പ്രശ്നങ്ങൾ കൂടുതൽ കാലം നീണ്ടുനിന്നതും ഗുരുതരവുമായ അനന്തരഫലമാണ്. ഇത് പല ഭൂവുടമകൾക്കും നഷ്ട്ടം സൃഷ്ട്ടിച്ചു. കുടിയാന്മാരെ നിലനിർത്തുന്നതിനായി അവർക്കുള്ള വേതനമോ പണ വാടകയോ മാറ്റിസ്ഥാപിക്കാൻ തൊഴിലാളി ക്ഷാമം ഭൂവുടമകളെ നിർബന്ധിതരാക്കി. കരകൗശല തൊഴിലാളികളും യന്ത്രപണിക്കാരും അടക്കമുള്ള മറ്റ് തൊഴിലാളികൾക്കും ഇത്തരത്തിൽ വേതനത്തിൽ പൊതുവായ വർധനവുണ്ടായി.
ബ്ലാക്ക് ഡെത്തിന്റെ മനഃശാസ്ത്രപരമായ ഫലങ്ങൾ ആൽപ്‌സിന്റെ വടക്ക് (ഇറ്റലിയിലല്ല) പ്രതിഫലിച്ചു. അതിനാൽ കവിത, ശിൽപം, പെയിന്റിംഗ് എന്നിവയിൽ മരണാനന്തരജീവിതം പ്രകടമായിരുന്നു. ആളുകൾ മിസ്റ്റിസിസത്തിലേക്കും മറ്റും കടന്നതോടെ ആത്മാക്കളുടെ രക്ഷയെക്കുറിച്ചുള്ള റോമൻ കത്തോലിക്കാസഭയുടെ കുത്തക നഷ്ടപ്പെട്ടു. അത്യാഗ്രഹം, മതനിന്ദ, മതവിരുദ്ധത തുടങ്ങിയ ദൈവത്തിനെതിരായ പാപങ്ങൾക്കുള്ള ഒരുതരം ദൈവിക ശിക്ഷയാണ് ബ്ലാക്ക് ഡെത്ത് എന്നും പലരും വിശ്വസിച്ചു. ഈ യുക്തിയിൽ, പ്ലേഗിനെ മറികടക്കാനുള്ള ഏക മാർഗം ദൈവത്തിൽ പാപമോചനം നേടുക എന്നതായിരുന്നു. ഇതിനുള്ള വഴിയായി ചില ആളുകൾ വിശ്വസിച്ചത് തങ്ങളുടെ മതത്തിൽ വിസ്വസിക്കാത്തവരേയും മറ്റ് പ്രശ്‌നകാരേയും ഇല്ലായ്മ ചെയ്യുക എന്നതാണ്. ഈ കാരണം കൊണ്ടുതന്നെ ബ്ലാക്ക് ഡെത്തിന്റെ വ്യാപനത്തിന് ജൂതന്മാരെ കുറ്റപ്പെടുത്തുകയും, യൂറോപ്പിലുടനീളം യഹൂദവിരുദ്ധത ശക്തമാവുകയും ചെയ്തു. അക്രമാസക്തമായ വംശഹത്യകളുടെ ഒരു തരംഗമുണ്ടായി, യഹൂദ സമൂഹങ്ങളെ മുഴുവൻ ആൾക്കൂട്ടങ്ങൾ കൊന്നൊടുക്കുകയോ കൂട്ടത്തോടെ ചുട്ടുകൊല്ലുകയോ ചെയ്തു. 1348 ലും 1349 ലും ആയിരക്കണക്കിന് ജൂതന്മാരെയാണ് കൂട്ടക്കൊല ചെയ്തത്.
യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് പേരും ഈ പകർച്ചവ്യാധിയിൽ മരിച്ചുവെന്ന് ഫ്രഞ്ച് ചരിത്രകാരൻ ജീൻ ഫ്രോയ്‌സാർട്ട് അഭിപ്രായപ്പെടുന്നു. ആറു വർഷം കൊണ്ട് രണ്ടു മുതൽ മൂന്നു കോടി വരെ യൂറോപ്യന്മാർ ഈ അസുഖം മൂലം മരണമടഞ്ഞു. പടിഞ്ഞാറൻ യൂറോപ്പിലെ ജനസംഖ്യ പതിനാറാം നൂറ്റാണ്ടിന്റെ ആരംഭം വരെ 1348 ന് മുമ്പുള്ള നിലയിലെത്തിയില്ല.