മരിയോ പുസോ
- admin trycle
- Jun 15, 2020
- 0 comment(s)

മരിയോ പുസോ
ലോകപ്രശസ്തനായ അമേരിക്കൻ നോവലിസ്റ്റും തിരക്കഥാകൃത്തുമാണ് മരിയോ പുസോ. ദി ഗോഡ്ഫാദർ എന്ന പ്രസിദ്ധമായ നോവലിലൂടെയാണ് അദ്ദേഹത്തെ ലോകം അറിയുന്നത്. ഒരു സങ്കൽപിക അധോലോക കുടുംബത്തിന്റെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നായ ഇതിന്റെ ഏകദേശം 21 ദശലക്ഷം ബുക്കുകൾ ആണ് 1969 ൽ വിറ്റുപോയത്. പിന്നീട് ഈ നോവൽ ഇതേ പേരിൽ തന്നെ സിനിമയാവുകയും ചെയ്തു.
നേപ്പിൾസിലെ അവെല്ലിനോയിൽ നിന്നുള്ള നിരക്ഷരരും പാവപ്പെട്ടതുമായ കുടിയേറ്റ മാതാപിതാക്കളുടെ മകനായി, 1920 ഒക്ടോബർ 15 ന് ന്യൂയോർക്കിലെ ഹെൽസ് കിച്ചൻ എന്നറിയപ്പെടുന്ന ഒരു പ്രദേശത്താണ് മരിയോ പുസോ ജനിച്ചത്. അദ്ദേഹത്തിന്റ കൗമാരപ്രായത്തിൽ പിതാവ് ഉപേക്ഷിച്ചുപോയ ഈ കുടുംബം ബ്രോങ്ക്സിലെ ഒരു ഹൗസിങ് സൊസൈറ്റിയിലേക്ക് മാറി. പുസോയുടെ അമ്മ അദ്ദേഹമൊരു റെയിൽവേ ഗുമസ്തനാകണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും, ലൈബ്രറികളിൽ സമയം ചെലവഴിക്കുന്നതിലും വ്യത്യസ്ത സാഹിത്യകൃതികൾ കണ്ടെത്തുന്നതിലും പുസോ താൽപര്യം കാണിക്കാൻ തുടങ്ങിയിരുന്നു. കൊമേഴ്‌സ് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം കുടുംബത്തെ പോറ്റുന്നതിനായി റെയിൽവേ സ്വിച്ച്ബോർഡ് അറ്റൻഡന്റായി ജോലി ചെയ്തു. പിന്നീട് രണ്ടാം ലോകമഹായുദ്ധസമയത്ത് ജർമ്മനിയിലും കിഴക്കൻ ഇന്ത്യയിലും യുഎസ് വ്യോമസേനയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം യുദ്ധാനന്തരം വ്യോമസേനയുടെ സിവിലിയൻ പബ്ലിക് റിലേഷൻസ് മാൻ എന്ന നിലയിലും ജർമ്മനിയിൽ സേവനമനുഷ്ഠിച്ചു.
സൈനിക സേവനത്തിന് ശേഷം ന്യൂയോർക്കിൽ തിരിച്ചെത്തിയ പുസോ കൊളമ്പിയ യൂണിവേഴ്സിറ്റിയിൽ പഠനം തുടർന്നു. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ തന്നെ അദ്ദേഹം എഴുതുവാൻ ആരംഭിച്ചിരുന്നു. 1955 ൽ അദ്ദേഹത്തിന്റെ ആദ്യ ഗ്രന്ഥം ' ദ ഡാർക്ക് അറീന' പുറത്തുവന്നു. ഡാർക്ക് അരീന, ദ ഫോർച്യുനേറ്റ് പിൽഗ്രിം (1964) എന്ന നോവലുകൾക്ക് നല്ല അഭിപ്രായം കിട്ടിയെങ്കിലും വളരെ കുറഞ്ഞ വിൽപ്പനയെ നടന്നിരുന്നുള്ളു. ഈ സാഹചര്യത്തിലാണ് തന്റെ കുടുംബത്തെ പോറ്റാൻ ആവശ്യമായ പണം സമ്പാദിക്കാൻ കഴിയുന്ന തരത്തിൽ കൂടുതൽ വായനക്കാരെ ലഭിക്കുന്ന ഒരു നോവൽ എഴുതണം എന്ന തോന്നലിൽ അദ്ദേഹം എത്തിച്ചേരുന്നത്. അങ്ങനെ 1969 ൽ ദി ഗോഡ് ഫാദർ എന്ന നോവൽ പുറത്തിറങ്ങി. സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തിപരമായ അറിവില്ലായിരുന്നുവെങ്കിലും, സമഗ്രമായ ഗവേഷണം അദ്ദേഹത്തിന് ആവശ്യമായ വിശദാംശങ്ങൾ നൽകി. കുടുംബത്തിലെ ശക്തമായ ബന്ധങ്ങളെയും അതിന്റെ ക്രിമിനൽ പ്രവർത്തനങ്ങളെയും ചിത്രീകരിക്കുന്ന ഗോഡ്ഫാദർ ഒരു അത്ഭുതകരമായ വിജയമായി മാറി.
1972 ൽ സംവിധായകനായ ഫ്രാൻസിസ് കോപ്പൊലയുടെ കൂടെ അദ്ദേഹം തിരക്കഥ എഴുതിയ ഗോഡ് ഫാദർ സിനിമ പുറത്തിറങ്ങി. പിന്നീട് ഇതിന്റെ രണ്ടു അനുബന്ധ ചിത്രങ്ങൾ 1974 ലും 1990 ലും പുറത്തിറക്കി. മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കും ഉൾപ്പെടെ ഒൻപത് അക്കാദമി അവാർഡുകൾ ആദ്യ രണ്ട് ചിത്രങ്ങൾ നേടി. ആദ്യത്തെ രണ്ട് സൂപ്പർമാൻ ചിത്രങ്ങൾ (1978, 1980), ദി കോട്ടൺ ക്ലബ് (1984) തുടങ്ങിയ ചലച്ചിത്രങ്ങളുടെ തിരക്കഥയിലും പുസോ ഭാഗമായി. അദ്ദേഹത്തിന്റെ ദി സിസിലിയൻ (1984) എന്ന നോവൽ ചലച്ചിത്രമായും (1987), ദി ലാസ്റ്റ് ഡോൺ (1996) ടെലിവിഷൻ മിനിസീരീസ് (1997) ആയും പുറത്തിറങ്ങിയിട്ടുണ്ട്. പുസോയുടെ അവസാന പുസ്തകം ഒമേർട്ട 2000-ൽ മരണാനന്തരം പ്രസിദ്ധീകരിച്ചു. തന്റെ മാഫിയ നോവൽത്രയത്തിന്റെ ഭാഗമായി ദി ഗോഡ്ഫാദർ, ദി ലാസ്റ്റ് ഡോൺ എന്നിവയ്ക്കൊപ്പമാണ് അദ്ദേഹം ഈ നോവലിനെ പരിഗണിച്ചത്. 1999 ജൂലൈ 2 ന് ന്യൂയോർക്കിലെ ബേ ഷോറിൽ വെച്ച് മരിയോ പുസോ അന്തരിച്ചു.