കാക്കനാടന്‍
- admin trycle
- Apr 21, 2020
- 0 comment(s)

കാക്കനാടന്‍
മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ കാക്കനാടൻ മലയാളത്തിലെ ആധുനികതാവാദത്തിന്റെ മുന്നണിയിൽ ഉണ്ടായിരുന്ന വ്യക്തിയാണ്. കാക്കനാടന്‍ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ ഇദ്ദേഹത്തിന്റെ യഥാർത്ത പേര് ജോര്‍ജ് വര്‍ഗ്ഗീസ് എന്നാണ്.
1935 ഏപ്രില്‍ 23-നു തിരുവല്ലയില്‍ ജോർജ്ജ് കാക്കനാടന്റെയും റോസമ്മയുടെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശിയായിരുന്ന പിതാവ്. ആദ്യം ഗാന്ധിജിയുടെ ആരാധകനും പിന്നീട് ഉറച്ച കമ്മ്യൂണിസ്റ്റ് അനുഭാവിയുമായി മാറി. റിബൽ ചിന്താഗതിക്കാരനായിരുന്ന അദ്ദേഹം കത്തോലിക്കാ സഭയുമായി പിണങ്ങി സഭ വിടുകയും പിൽക്കാലത്ത് മാർത്തോമ്മാ സഭയിൽ ചേർന്ന് മിഷണറിയായി പ്രവർത്തിക്കുകയും ചെയ്തു. കാക്കനാടന്റെ കുടുംബം പിന്നീട് കൊല്ലം ജില്ലയിലെ തേവലക്കര, കൊട്ടാരക്കരയ്കു സമീപമുള്ള മൈലം തുടങ്ങി വിവിധ സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ട്.
പ്രിപ്പറേറ്ററി ക്ളാസ് മുതൽ ഇ.എസ്.എൽ.സി (പിന്നീടത് എസ്.എസ്.എൽ.സി. ആയി) വരെ കൊട്ടാരക്കര ഗവ. ഹൈസ്‌കൂളിലും ഇന്റർമീഡിയറ്റ് മുതൽ ബി.എസ്.സി.വരെ കൊല്ലം ശ്രീനാരായണ കോളെജിലുമായിട്ടായിരുന്നു കാക്കനാടന്റെ വിദ്യാഭ്യാസം. 1955-ൽ രസതന്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം പിന്നീട് മലയാളം പരിഭാഷകനായി റെയില്‍വേ മന്ത്രാലയത്തിന് കീഴില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1967-ൽ ജർമനിയിലെ ലീപ്‌സിഗിലെ കാറൽ മാർക്സ് യൂണിവേഴ്സിറ്റിയിൽ 'ഇന്ത്യയിലെ ഇന്നത്തെ സാമൂഹിക സാമ്പത്തിക പരിസ്ഥിതികളിൽ സാഹിത്യകാരനുള്ള പങ്ക് ' എന്ന വിഷയത്തിൽ പ്രൊഫ. ക്ളൌസ്‌ട്രേഗറുടെ കീഴിൽ കാക്കനാടൻ ഗവേഷണം ആരംഭിച്ചു. ജർമ്മനിയിൽ വെച്ച് ഹെർദർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആറ് മാസം ജർമൻ ഭാഷ പഠിച്ച കാക്കനാടൻ ആറ് മാസം യൂറോപ്പാകെ കറങ്ങി. ഒരു കൊല്ലമായപ്പോഴേക്കും ഗവേഷണം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. 1968-ൽ കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം പിന്നീട് കൊല്ലത്തെ ഇരവിപുരത്ത് സ്ഥിരതാമസമാക്കി. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച കാക്കനാടൻ 1971 മുതല്‍ 1973 വരെ മലയാളനാട് വാരികയുടെ പത്രാധിപ സമിതിയിലും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീടുള്ള കാലം അദ്ദേഹം പൂര്‍ണ്ണമായി സാഹിത്യരചനയ്ക്കായി മാറ്റിവച്ചു.
ജനയുഗത്തിലും ദേശബന്ധുവിലുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല രചനകൾ പ്രസിദ്ധീകരിക്കപ്പെട്ടത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കാലപ്പഴക്കം ആണ് കാക്കനാടന്റെ ആദ്യ കഥ. നോവലുകളും, ചെറുകഥാ സമാഹാരങ്ങളും യാത്രാനുഭവങ്ങളുമായി നാല്‍പ്പതിലധികം കൃതികള്‍ കാക്കനാടന്‍ രചിച്ചിട്ടുണ്ട്. അശ്വത്ഥാമാവിന്‍റെ ചിരി എന്ന അദ്ദേഹത്തിന്റെ ചെറുകഥയ്ക്ക് 1980 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ജാപ്പാണപുകയില എന്ന ചെറുകഥയ്ക്കും മികച്ച ചെറുകഥയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കൂടാതെ, അദ്ദേഹത്തിന്റെ ഒറോത എന്ന നോവലിന് 1984-ല്‍ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ ഓണപ്പുടവ, പറങ്കിമല, അടിയറവ്, ചിതലുകള്‍ എന്നീ കൃതികള്‍ ചലച്ചിത്രമായിട്ടുണ്ട്. കെ.ജി.ജോർജ് ആയിരുന്നു ഓണപ്പുടവയുടെ സംവിധായകൻ. പറങ്കിമല സംവിധാനം ചെയ്ത ഭരതൻ തന്നെയാണ് അടിയറവ് എന്ന നോവൽ പാർവതി എന്ന പേരിൽ ചലച്ചിത്രമാക്കിയത്. ചിതലുകൾ എന്ന കാക്കനാടന്റെ കഥയെ അവലംബമാക്കി കമൽ സംവിധാനം ചെയ്ത ചലച്ചിത്രമാണ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്. 1981-84 കാലത്ത് സാഹിത്യ അക്കാദമി അംഗവും 1988-97കാലത്ത് നിര്‍വ്വാഹകസമിതി അംഗവുമായി പ്രവര്‍ത്തിച്ച അദ്ദേഹം 2011 ഒക്ടോബര്‍ 19-ന് അന്തരിച്ചു.
പ്രധാനകൃതികള്‍
നോവല്‍
ډ ഒറോത
ډ വസൂരി
ډ ഉഷ്ണമേഖല
ډ കോഴി
ډ സാക്ഷി
ډ ഏഴാംമുദ്ര
ډ അജ്ഞതയുടെ താഴ്വര
ډ പറങ്കിമല
ചെറുകഥ
ډ ജാപ്പാണപുകയില
ډ അശ്വത്ഥാമാവിന്‍റെ ചിരി
ډ യുദ്ധാവസാനം
ډ കണ്ണാടിവീട്
ډ ആള്‍വാര്‍തിരുനഗരിലെ പന്നികള്‍