Please login to post comment

ഹാങ്ങിങ് ഗാർഡൻസ് ഓഫ് ബാബിലോൺ

  • admin trycle
  • Aug 12, 2020
  • 0 comment(s)

ഹാങ്ങിങ് ഗാർഡൻസ് ഓഫ് ബാബിലോൺ (Hanging Gardens of Babylon).

പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് ബാബിലോണിലെ ഹാങ്ങിങ് ഗാർഡൻസ്. ബാബിലോണിലെ രാജകൊട്ടാരത്തിനടുത്താണ് ഈ പൂന്തോട്ടം സ്ഥിതിചെയ്തതെന്ന് കരുതപ്പെടുന്നു. പുരാതന ബാബിലോണിന്റെ ചൂടുള്ളതും വരണ്ടതുമായ ഭൂപ്രകൃതിക്കിടയിൽ, പ്രതിമകളും ഉയരമുള്ള കൽ നിരകളും കൊണ്ട് മനോഹരമായ 75 അടി ഉയരമുള്ള പൂന്തോട്ടത്തിൽ വിദേശ സസ്യങ്ങളും ഔഷധസസ്യങ്ങളും പുഷ്പങ്ങളും അടങ്ങുന്ന സമൃദ്ധമായ സസ്യജാലങ്ങൾ കണ്ണുകൾക്ക് മിഴിവേകിക്കൊണ്ട് നിലനിന്നു എന്ന് പറയപ്പെടുന്നു. ബാബിലോണിലെ പുരാവസ്തുവും പുരാതന ബാബിലോണിയൻ ഗ്രന്ഥങ്ങളും ഈ പൂന്തോട്ടത്തെ കുറിച്ച് സൂചന നൽകുന്നില്ലെങ്കിലും, പുരാതന എഴുത്തുകാർ ഈ ഉദ്യാനം നെബൂചദ്രെസറിന്റെ തലസ്ഥാനത്താണെന്നും ഹെല്ലനിസ്റ്റിക് കാലഘട്ടത്തിൽ നിലവിലുണ്ടെന്നും വിവരിക്കുന്നു.

പൂന്തോട്ടത്തിന്റെ ഘടനയും സ്ഥാനവും സംബന്ധിച്ച് പല സിദ്ധാന്തങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ പരമ്പരാഗതമായി വിശ്വസിക്കുന്നത്, ബിസി 810 മുതൽ 783 വരെ ഭരിച്ച അസീറിയൻ രാജാവായ അദാദ്-നിരാരി മൂന്നാമന്റെ (Adad-nirari III) അമ്മ സമ്മു-രാമത് (Sammu-ramat) രാജ്ഞി നിർമ്മിച്ചതോ അല്ലെങ്കിൽ ബിസി 605 മുതൽ 561 വരെ ഭരിച്ച ബാബിലോണിയൻ രാജാവായ നെബൂചദ്രെസർ രണ്ടാമൻ (Nebuchadrezzar II ) തന്റെ ഭാര്യ അമിടിസ് (Amytis) രാജ്യത്തെ പർവതങ്ങളും പച്ചപ്പും നഷ്ടമായതിനാൽ ദുഃഖിതയായപ്പോൾ അവരെ ആശ്വസിപ്പിക്കാൻ നിർമ്മിച്ചതോ ആണെന്നാണ്. പച്ചപുതച്ചു നിന്ന കുന്നിൻചരിവുകളും സദാ പുക്കൾ വിരിച്ചുനിന്ന ഉദ്യാനങ്ങളും നിറഞ്ഞ പേർഷ്യയിൽനിന്നും, മരുഭൂമികളാൽ ചുറ്റപ്പെട്ട ബാബിലോണിലേക്കെത്തിയ രാജ്ഞിയുടെ സങ്കടത്തിന് അറുതിവരുത്താൻ രാജാവ് തീരുമാനിക്കുകയും നഗരമധ്യത്തിൽ മനോഹരമായൊരു ഉദ്യാനം നിർമ്മിക്കാൻ അദ്ദേഹം ഉത്തരവിടുകയും അങ്ങനെ യൂഫ്രട്ടീസ് നദിയുടെ തീരത്ത് അന്നേവരെ ലോകത്തിലാരും കാണാത്തതരം ഒരുദ്യാനം ഒരുക്കി എന്നുമാണ് കഥ.

വൻമരങ്ങളും വള്ളിപ്പടർപ്പുളും പൂച്ചെടികളും നിറഞ്ഞുനിൽക്കുന്ന, തട്ടുതട്ടായി പണിത വിശാലമായൊരു പൂന്തോട്ടമായിരുന്നു ഇത്. ദൂരെനിന്ന് നോക്കിയാൽ ഈ വിശാലമായ പൂന്തോട്ടം സ്വർഗത്തിൽനിന്ന് തുങ്ങിയിറങ്ങിവരികയാണെന്നു തോന്നും എന്നാണ് പറയുന്നത്. നിരവധി പ്രാചീന എഴുത്തുകാർ ഹാങ്ങിങ് ഗാർഡനെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്. പല തട്ടുകളിലായി പണിത ഇതിന്റെ അടിഭാഗത്തിന് നാനൂറടി വിസ്തീർണമുണ്ടായിരുന്നുവെന്നും ഇതിന്റെ മുകൾഭാഗം വലിയൊരു കുന്നിൻമുകളിലേക്ക് പടർത്തിയിരുന്നതായും ഗ്രീക്ക് ചരിത്രകാരനായ ഡിഡോറസ് എഴുതിയിട്ടുണ്ട്. ചുരുക്കം ചില ഗ്രീക്ക് ചരിത്രകാരന്മാരുടെ വിവരണങ്ങൾ ഒഴിച്ചുനിർത്തിയാൽ തൂങ്ങുന്ന പൂന്തോട്ടം ഒരു യാഥാർഥ്യമായിരുന്നു എന്നതിന് ചരിത്രപരമായ തെളിവുകൾ ഇനിയും കണ്ടെത്തിയിട്ടില്ല.

അപൂര്‍വ്വമായ ജലസേചന സമ്പ്രദായത്താൽ ഇവിടുത്തെ ചെടികൾ നനയ്ക്കപ്പെട്ടതായി ഇവ വിവരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും, ഹാങ്ങിങ് ഗാർഡൻ സ്ഥിതിചെയ്തിരുന്ന സ്ഥലം കൃത്യമായി നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ജർമ്മൻ പുരാവസ്തു ഗവേഷകനായ റോബർട്ട് കോൾഡ്‌വെ (Robert Koldewey), ബാബിലോണിലെ കൊട്ടാരത്തിന്റെ വടക്കുകിഴക്കൻ മൂലയിൽ അസാധാരണമായ ഫൗണ്ടേഷൻ അറകളും നിലവറകളും കണ്ടെത്തിയിട്ടുണ്ട്.

പ്രാചീന ലോകാത്ഭുതങ്ങളിൽ ഇതിന്റെ നിലനില്പിനെ കുറിച്ച് മാത്രമാണ് ചരിത്രകാരന്മാർക്കിടയിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നത്. ചില പണ്ഡിതന്മാർ അവകാശപ്പെടുന്നത് പൂന്തോട്ടങ്ങൾ യഥാർത്ഥത്തിൽ അസീറിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ നിനേവേയിൽ ( Nineveh ) ആയിരുന്നു എന്നാണ്, ചിലർ പുരാതന എഴുത്തുകാരുമായി യോജിക്കുകയും നല്ല തെളിവുകൾ നൽകാൻ പുരാവസ്തുശാസ്ത്രത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു, മറ്റുചിലർ വിശ്വസിക്കുന്നത് അവ പുരാതന കാലത്തെ ഭാവനയിൽ രുപം കൊണ്ട ഒരു കെട്ടുകഥ മാത്രമാണെന്ന്.











( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...