ആര്‍.കെ നാരായൺ
- admin trycle
- Apr 13, 2020
- 0 comment(s)

ആര്‍.കെ നാരായൺ
ഇംഗ്ലീഷ് ഭാഷയില്‍ രചനാപാടവം തെളിയിച്ച ഇന്ത്യക്കാരനാണ് രാശിപുരം കൃഷ്ണസ്വാമി അയ്യര്‍ നാരായണസ്വാമി എന്ന ആര്‍.കെ നാരായൺ. മാൽഗുഡി എന്ന സാങ്കൽപ്പിക ഗ്രാമത്തെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രിയപ്പെട്ട ഗ്രാമമാക്കിയ എഴുത്തുകാരനാണ് അദ്ദേഹം. മുൽക് രാജ് ആനന്ദിനും, രാജാ റാവോയ്ക്കും പിന്നാലെ, ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചത് ആർ കെ നാരായണിന്റെ മാൽഗുടി ഡേയ്‌സാണ്. 1906 ഒക്ടോബര്‍ 10-നാണ് അദ്ദേഹത്തിന്‍റെ ജനനം. കര്‍ണ്ണടകയിലെ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹം മൈസൂര്‍ മഹാരാജാസ് കോളേജില്‍ നിന്ന് ബി.എ. പാസ്സായി. പിന്നീട് റോക്ക്ഫെല്ലർ ഫൗണ്ടേഷന്റെ ക്ഷണപ്രകാരം 1956 ൽ അമേരിക്കയിലേക്ക് പോയി. ഹൈസ്കൂള്‍ അധ്യാപകനായി ജോലി ലഭിച്ച അദ്ദേഹം ഔദ്യോഗികജീവിതത്തില്‍ നിന്നും രാജിവെച്ചാണ് സാഹിത്യ രചനയില്‍ ഏര്‍പ്പെട്ടത്.
‘ദി ഹിന്ദു’ ദിനപത്രത്തിൽ വന്ന ചെറുകഥകളിലൂടെയാണ് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതം ആരംഭിച്ചത്. മദ്രാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ജസ്റ്റിസ്’ എന്ന പത്രത്തിന്റെ മൈസൂർ ലേഖകനായും അദ്ദേഹം പ്രവർത്തിച്ചു. സ്വാമി ആന്‍ഡ് ഫ്രണ്ട്സ് എന്നതാണ് അദ്ദേഹത്തിന്‍റെ ആദ്യ കൃതി. 1935-ലായിരുന്നു ഇത് എഴുതിയത്. അദ്ദേഹത്തിന്റെ സഹോദരനും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ ആര്‍.കെ. ലക്ഷ്മണ്‍ ആയിരുന്നു ആദ്യപതിപ്പിന് ചിത്രങ്ങള്‍ വരച്ചത്. ഒരു കൂട്ടം സ്കൂൾ കുട്ടികളുടെ സാഹസങ്ങൾ വിവരിക്കുന്ന എപ്പിസോഡിക് വിവരണമായിരുന്നു ഇത്. നാരായണിന്റെ വായനക്കാര്‍ മാല്‍ഗുഡിയെ ആദ്യം പരിചയപ്പെടുന്നതും ഇതിലൂടെയാണ്. ആദ്യ നോവല്‍ മുതല്‍ക്കുതന്നെ തനതായ വ്യക്തിത്വവും ഇന്ത്യന്‍ സ്വഭാവ സവിശേഷതകളും അദ്ദേഹത്തിന്‍റെ രചനയുടെ പ്രത്യേകതയാണ്. ജീവിതത്തെ പകർത്തുന്നതിൽ അദ്ദേഹം പുലർത്തുന്ന യാഥാർത്യ ബോധമാണ് ആർ കെ രചനകളെ വേറിട്ട് നിർത്തുന്നത്.
ഇന്ത്യയുടെ ഷെക്കോവ് എന്ന് നിരൂപകരാൽ വാഴ്ത്തപ്പെട്ട ആര്‍.കെ നാരായണിന്റെ ഏറ്റവും പ്രശസ്തമായ ബുക്ക് ആയിരുന്നു മാൽഗുഡി ഡേയ്‌സ്. ഇന്ത്യൻ തോട്ട് പബ്ലിക്കേഷൻസ് 1943 ൽ പ്രസിദ്ധീകരിച്ച ആർ. കെ. നാരായണിന്റെ ചെറുകഥാ സമാഹാരമാണ് ഇത്. ഈ പുസ്തകത്തിലെ കഥകൾ എല്ലാം ദക്ഷിണേന്ത്യയിൽ സ്ഥിതി ചെയ്യുന്ന സാങ്കൽപ്പിക പട്ടണമായ മാൽഗുഡിയിൽ നടക്കുന്നവയാണ്. ഓരോ കഥകളും മാൽഗുഡിയിലെ ജീവിതത്തിന്റെ ഒരു വശമാണ് ചിത്രീകരിക്കുന്നത്. മാൽഗുഡി എന്ന കഥ അദ്ദേഹം എഴുതുമ്പോൾ ആദ്യം മനസ്സിലുണ്ടായിരുന്നത് റെയിൽവേ സ്‌റ്റേഷനായിരുന്നു. മാൽഗുഡി എന്ന ഗ്രാമത്തിന് വിശ്വാസ്യതയേകാൻ അദ്ദേഹം തന്നെ അതിനൊരു ചരിത്രവും സൃഷ്ടിക്കുകയായിരുന്നു. വര്‍ഷങ്ങൾക്ക് മുമ്പുള്ള ഒരു ദക്ഷിണേന്ത്യന്‍ പട്ടണത്തിന്റെ നേര്‍പതിപ്പായ മാൽഗുഡിയിൽ, അന്നത്തെ മനുഷ്യനും അന്നത്തെ ജീവിതവും തുടിച്ചുനില്‍ക്കുന്നു. ബ്രിട്ടീഷുകാർ അവശേഷിപ്പിച്ച സാംസ്‌കാരിക ജീവിത രീതികൾ ഒരു ശരാശരി ഇന്ത്യൻ ഗ്രാമത്തെ എങ്ങനെ ബാധിക്കും എന്നതിന്റെ നേർ വിവരണങ്ങൾ കൂടിയാണ് മാൽഗുഡി ഡേയ്‌സ് ഉൾപ്പെടെയുള്ള രചനകൾ. നിത്യജീവിതത്തിൽ വന്നു ചേരാവുന്ന സംഭവ വികാസങ്ങളിലൂടെയായിരുന്നു ആർ കെ നാരായാൺ കഥകളുടെ സഞ്ചാരം. സ്വാഭാവിക നർമ്മം ഏറെയുള്ള ഈ കഥകൾ എല്ലാ പ്രായത്തിലുള്ളവരുടെയും പുസ്തക ശേഖരത്തിൽ ഇടം പിടിച്ചു.
1986 ൽ പുസ്തകത്തിലെ ചില കഥകൾ ഉൾപ്പെടുത്തി അഭിനേതാവും സംവിധായകനുമായ ശങ്കർ നാഗ് മാൽഗുഡി ഡെയ്‌സ് എന്ന ടെലിവിഷൻ പരമ്പര സംവിധാനം ചെയ്തു. ശങ്കർ നാഗ് അന്തരിച്ച ശേഷം 2004 ൽ ചലച്ചിത്ര സംവിധായിക കവിത ലങ്കേഷിനെ സംവിധായികയാക്കി പദ്ധതി പുനരുജ്ജീവിപ്പിച്ചു. പുതിയ സീരീസ് 2006 ഏപ്രിൽ 26 മുതൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തു.
നാരായണന്റെ 34 നോവലുകളിൽ മികച്ച സ്വീകാര്യത നേടിയത് ദി ഇംഗ്ലീഷ് ടീച്ചർ (1945), വെയിറ്റിംഗ് ഫോർ ദി മഹാത്മാ (1955), ദി ഗൈഡ് (1958), ദി മാൻ-ഈറ്റർ ഓഫ് മാൽഗുഡി (1961), ദി വെണ്ടർ ഓഫ് സ്വീറ്റ്സ് (1967), എ ടൈഗർ ഫോർ മാൽഗുഡി (1983) എന്നിവയായിരുന്നു. നാരായണൻ നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്; ലോലി റോഡ് (1956), എ ഹോഴ്‌സ് ആൻഡ് ടു ഖോട്സ് ആൻഡ് അദർ സ്റ്റോറീസ് (1970), അണ്ടർ ദി ബനിയൻ ട്രീ ആൻഡ് അദർ സ്റ്റോറീസ് (1985), ദി ഗ്രാൻഡ്മതേഴ്സ് ടെയ്ൽ (1993) എന്നിവ ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. കൂടാതെ നോൺ ഫിക്ഷൻ കൃതികളും (പ്രധാനമായും ഓർമ്മക്കുറിപ്പുകൾ), ഇന്ത്യൻ ഇതിഹാസങ്ങളായ രാമായണം (1972), മഹാഭാരതം (1978) എന്നിവയുടെ ചുരുക്കരൂപത്തിലുള്ള ആധുനിക ഗദ്യ പതിപ്പുകളും അദ്ദേഹം പ്രസിദ്ധീകരിച്ചു.
നിരവധി തവണ നോബൽ സമ്മാനപട്ടികയിലിടം നേടിയ ഇന്ത്യന്‍ എഴുത്തുകാരിലൊരാളായ അദ്ദേഹം സാഹിത്യ അക്കാദമി അവാർഡ്, പത്മ ഭൂഷൻ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2001 മെയ് 13-ന് അദ്ദേഹം അന്തരിച്ചു.