ബർമുഡ ട്രയാങ്കിൾ
- admin trycle
- May 28, 2020
- 0 comment(s)
ബർമുഡ ട്രയാങ്കിൾ
ദുരൂഹതകൾ നിറഞ്ഞ ഒട്ടനവധി കഥകളുടെ കേന്ദ്രമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബര്‍മുഡ ട്രയാങ്കിള്‍. ചെകുത്താന്‍ ട്രയാങ്കിള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ സമുദ്രഭാഗം എല്ലാ സമുദ്രസഞ്ചാരികളുടെയും വൈമാനികരുടെയും കപ്പൽയാത്രക്കാരുടെയും പേടി സ്വപ്നമാണ്. ബെർമുഡ, പോർട്ടോ റിക്കോ, ഫ്ലോറിഡ മുനമ്പ് എന്നീ പ്രദേശങ്ങൾ കോണുകളാക്കിയുള്ള സാങ്കൽപ്പിക ത്രികോണത്തിനുള്ളിലുള്ള പ്രദേശമാണ് ഇപ്രകാരമറിയുന്നത്. ഇതിനോടകം തന്നെ നിരവധി വിമാനങ്ങളും കപ്പലുകളും അതിലെ യാത്രക്കാരായ മനുഷ്യരും ബര്‍മുഡ ട്രയാങ്കിളില്‍ അപ്രത്യക്ഷമായിട്ടുണ്ട്.
ഏകദേശം ഇന്ത്യയുടെ മൂന്നില്‍ രണ്ട് ഭാഗം വിസ്തൃതിയുണ്ട് ഈ സമുദ്രഭാഗത്തിന്. ഈ പ്രദേശത്തുകൂടെ പോകുന്ന കപ്പലുകളും ബോട്ടുകളും മുങ്ങുന്നതും വിമാനങ്ങള്‍ കടലില്‍ പതിക്കുന്നതുമാണ് ബര്‍മുഡ ട്രയാങ്കിളിനെ ദുരൂഹതകളുടെ കേന്ദമാക്കി മാറ്റിയത്. ക്രിസ്റ്റഫർ കൊളംബസ് പുതിയ ലോകത്തിലേക്കുള്ള ആദ്യ യാത്രയിൽ ഈ പ്രദേശത്തുകൂടി സഞ്ചരിച്ചപ്പോൾ, ഒരു രാത്രിയിൽ ഒരു വലിയ തീജ്വാല (ഒരുപക്ഷേ ഒരു ഉൽക്ക) കടലിൽ പതിച്ചതായും ഏതാനും ആഴ്ചകൾക്കുശേഷം അകലത്തിൽ ഒരു വിചിത്രമായ വെളിച്ചം പ്രത്യക്ഷപ്പെട്ടതായും അദ്ദേഹം റിപ്പോർട്ട് ചെയ്തു. വടക്കുനോക്കി യന്ത്രത്തിന്റെ സൂചികൾ ദിക്കറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ പിന്നീട് ഇരുപതാം നൂറ്റാണ്ട് വരെ ഈ പ്രദേശത്തേക്കുറിച്ചുള്ള ഒരു രേഖകളും ലഭിച്ചിരുന്നില്ല. 1918 ൽ 542 അടി നീളമുള്ള യുഎസ്‌എസ് സൈക്ലോപ്സ് നേവി ചരക്ക് കപ്പൽ 300 ഓളം ജീവനക്കാരും ഏതാണ്ട് 10,000 ടൺ മാംഗനീസുമായി ബാർബഡോസിനും ചെസാപീക്ക് കടലിനും ഇടയിൽ എവിടെയോ മുങ്ങിപ്പോയി. എന്നാൽ ഇതിനെന്തു സംഭവിച്ചു എന്ന് ആർക്കും മനസ്സിലായില്ല, മാത്രമല്ല ഇതിനേക്കുറിച്ച് യാതൊരു വിവരവും പിന്നീട് ലഭിച്ചിട്ടുമില്ല. 1945ല്‍ ഫ്‌ളൈറ്റ് 19 എന്ന വിമാനവും അതിന്റെ തിരോധാനം അന്വേഷിച്ച് പോയ വിമാനങ്ങളും കാണാതായതോടെയാണ് ആധുനിക ലോകത്തിന്റെ ശ്രദ്ധ ബര്‍മുഡ ട്രയാങ്കിളിലേക്ക് തിരിയുന്നത്. അന്ന് 27 മനുഷ്യരും ആറ് വിമാനങ്ങളുമാണ് ബര്‍മുഡ ട്രയാങ്കിളില്‍ അപ്രത്യക്ഷമായത്. ഈ അപകടകരമായ പ്രദേശം ഇന്നും വൃോമ, നാവിക പഥങ്ങളിൽ വിലക്കപ്പെട്ട പാതയാണ്.
1964 ൽ എഴുത്തുകാരൻ വിൻസെന്റ് ഗാഡിസ് മെൻസ് പൾപ്പ് മാഗസീൻ ആർഗോസിയിൽ ആണ് "ബെർമുഡ ട്രയാംഗിൾ" എന്ന പദം ഉപയോഗിക്കുന്നത്. പിന്നീട് 1974 ൽ ഏറ്റവും കൂടുതൽ വിറ്റുപോയ "ദി ബെർമുഡ ട്രയാംഗിൾ" എന്ന പുസ്തകത്തിൽ ചാൾസ് ബെർലിറ്റ്‌സിനും ഇതിന്റെ അസ്വാഭാവികതയെ കുറിച്ച് വിവരിച്ചു. പിന്നീട് ആയിരക്കണക്കിന് പുസ്തകങ്ങൾ, മാസികകൾ, ടെലിവിഷൻ ഷോകൾ, വെബ്‌സൈറ്റുകൾ എന്നിവയിൽ ഇതിനെക്കുറിച്ചുള്ള കഥകൾ പ്രചരിപ്പിക്കപ്പെട്ടു.
ഇതിനോടകം തന്നെ ഒത്തിരിയേറെ സിദ്ധാന്തങ്ങൾ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുണ്ട്. സമുദ്രനിരപ്പിന് താഴെയായി വലിയ അളവിൽ മീഥെയ്ൻ വാതകം ഉണ്ടെന്നും ഇവ പുറത്തേക്ക് പോകുവാൻ വേണ്ടി വെള്ളത്തിലൂടെ ഉയർന്ന് മുകളിലേക്ക് വരുകയും ഇത് മൂലം ആ പ്രദേശത്തെ ജലത്തിന്റെ സാന്ദ്രത ഗണ്യമായി കുറയുന്നു എന്നും ഇതുകാരണം പ്രദേശത്തുകൂടി കടന്നുപോകുന്ന കപ്പലുകൾ മുങ്ങുകയും ഈ വാതകം അന്തരീക്ഷത്തിൽ പടർന്ന് വിമാനങ്ങൾ തകരാറിൽ ആകുവാൻ കാരണമാകുന്നു എന്നുമാണ് ഇത്തരത്തിൽ ഉള്ള ഒരു സിദ്ധാന്തം പറയുന്നത്. എന്തായാലും ആർക്കും പിടികൊടുക്കാത്ത രഹസ്യങ്ങളുടെ കലവറയുമായി ബർമുഡ ട്രയാംഗിൾ ഇന്നും അനേകം ഗവേഷകർക്ക് പഠനവിഷയമാണ്. ബർമുഡയിലൂടെ യാത്ര ചെയ്ത അമ്പതിലധികം കപ്പലുകളും അതിനു മുകളിലൂടെ പറന്ന ഇരുപതിലധികം വിമാനങ്ങളുമാണ് പോയ നൂറ്റാണ്ടിൽ അപ്രത്യക്ഷമായത്. ഇതിൽ ഭൂരിപക്ഷത്തിന്റെയും പൊടിപോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അവശിഷ്ടങ്ങൾ കിട്ടാതെ തിരോധാനത്തിന് പിന്നിലെ ശരിയായ കാരണങ്ങൾ മനസ്സിലാക്കാനും കഴിയില്ല.