Please login to post comment

ചാക്യാര്‍കൂത്ത്

  • admin trycle
  • Feb 22, 2020
  • 0 comment(s)

ചാക്യാര്‍കൂത്ത്

 

കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രകലയാണ് കൂത്ത്. ആദ്യകാലത്ത് പ്രബന്ധകൂത്ത് എന്ന പേരിലറിയപ്പെടുന്ന ഈ കലാരൂപം മുന്‍ കാലങ്ങളില്‍ ചാക്യാര്‍ സമുദായത്തില്‍പ്പെട്ടവര്‍ മാത്രം അവതരിപ്പിച്ചിരുന്നതിനാല്‍ ചാക്യാര്‍ കൂത്തെന്ന് പേര് വന്നു. പണ്ടു ക്ഷേത്രങ്ങള്‍ക്കുള്ളിലെ കൂത്തമ്പലങ്ങളില്‍ മാത്രമാണ് കൂത്ത് അവതരിപ്പിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ഇതിൽ അഭിനയിക്കുന്നത്. അയാള്‍ക്ക് വിദൂഷകന്റെ വേഷമാണ്. കഥ പറയുന്നതിനൊപ്പം ആംഗികസാത്വികാഭിനയങ്ങളിലൂടെ ചാക്യാർ അവതരണം ഹൃദ്യമാക്കുന്നു. പുരാണകഥാവതരണത്തിനിടയ്ക്ക് സമകാലീന ജീവിതാവസ്ഥകളെ കൂടി അനാവൃതമാക്കി ധാര്‍മ്മിക പ്രചോദനത്തിനുതകുന്ന തരത്തിലാണ് കൂത്ത് അവതരിപ്പിക്കുന്നത്. ആദ്യാവസാനം പരിഹാസ രൂപത്തിൽ ഏകാംഗഭിനയത്തില്‍ ചാക്യാര്‍ രംഗത്ത് വന്ന് രംഗവന്ദനം ചൊല്ലി കഴിഞ്ഞാല്‍ ചാരി എന്ന് പേരുള്ള നൃത്തം തുടങ്ങും. പിന്നീട് ഗദ്യപദ്യങ്ങള്‍ ചൊല്ലി അര്‍ത്ഥം പറയും.

 

ചാക്യാര്‍കൂത്തിന്‍റെ അഭിനയഭാഗത്തെ പൊതുവെ മൂന്നായി വിഭജിച്ചിട്ടുണ്ട്. ആദ്യഭാഗത്ത് വിദൂഷകസ്തോഭമാണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ ചാക്യാര്‍വംശത്തിന്‍റെ ഉല്പത്തി പുരാവൃത്തം സൂചിപ്പിക്കുന്നു. ശേഷം മേല്‍പ്പുടവകൊണ്ട് മുഖം മറച്ചുപിടിച്ചുള്ള ജപമാണ്. അവതരിപ്പിക്കുന്ന കഥ ഭംഗിയാക്കുന്നതിനും കഥാഭാഗം മറന്നുപോകാതിരിക്കുന്നതിനുമുള്ള ഈശ്വരപ്രാര്‍ത്ഥനയും കഥാപാത്രസ്മരണയും ഈ സന്ദര്‍ഭത്തില്‍ ചാക്യാര്‍ നടത്തുന്നു. ഇതു കഴിഞ്ഞ് അവതരിപ്പിക്കുന്ന പീഠികയില്‍ കഥാവതരണത്തിനുള്ള ആമുഖമാണ് വിഷയം. പീഠികയിലെ ആദ്യപകുതിയില്‍ മനുഷ്യജീവിതത്തിന്‍റെ നേട്ടങ്ങള്‍ വിവരിക്കുന്നു. മധ്യഭാഗത്തായി ദേവസ്തുതിയും ശേഷം പീഠത്തിലിരുന്ന് മുഖം മറച്ച് കഥ സ്മരിക്കുകയും ശ്ലോകങ്ങള്‍ ചൊല്ലിനോക്കുകയും ചെയ്യുന്നു. ഇതുകഴിഞ്ഞാണ് യഥാര്‍ത്ഥ കഥാവതരണം ആരംഭിക്കുന്നത്. മിഴാവും ഇലത്താളവുമാണ് ഈ കലാരൂപങ്ങളില്‍ ഉപയോഗിക്കുന്ന പ്രധാനവാദ്യങ്ങള്‍.

 

വാചികപ്രധാനമായ കലയാണ് കൂത്തിൽ പുരാണത്തിലെയും ഇതിഹാസങ്ങളിലെയും കഥാസന്ദര്‍ഭങ്ങള്‍ സദസ്യര്‍ക്ക് അഭിനയിച്ചു പറഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. കൂത്തു പറയുന്ന ചാക്യാർക്ക് നാട്യശാസ്ത്രം അനുസരിച്ചുള്ള അഭിനയപാടവം വേണം. മുദ്രകൾ കാണിച്ചു ശ്ലോകത്തിലെ അർഥങ്ങൾ വ്യക്തമാക്കണം. അതിനാൽ ദൃഷ്ടിയും ഹസ്തമുദ്രയും എല്ലാം ചാക്യാർ പരിശീലിക്കണം. പശ്ചാത്തലമായി ഒരാള്‍ രംഗവേദിക്കു പിന്നിലിരുന്നു മിഴാവ് എന്ന വാദ്യം വായിക്കും.

 

അരി, മഞ്ഞള്‍, കരി എന്നിവ കൊണ്ടാണ് ചാക്യാർ മുഖമെഴുതുന്നത്. മുഖത്തും നെഞ്ചിലും കൈമുട്ടിനു മേലെയും അരിമാവുകൊണ്ട് അണിയും. കണ്ണിൽ വീതിയിൽ കണ്ണെഴുതി വാലിടും. നെറ്റി, മൂക്ക്, കവിളുകൾ, താടി, നെഞ്ച്, കൈകൾ എന്നിങ്ങനെ പതിനാലു ഭാഗങ്ങളിൽ ചുവന്ന പൊട്ടുണ്ട്. മീശയ്ക്ക് മേൽക്കൊമ്പും കീഴ്ക്കൊമ്പുമുണ്ട്. ചെവിപ്പൂക്കളും കുടുമയും വാസിയും പീലിപ്പട്ടവുമുണ്ടാകും. കൈകളിൽ കടകം, മാറിടത്തിൽ പൂണൂൽ എന്നിവയുണ്ടാകും. ഒരു ചെവിയിൽ തെച്ചിമാലയും മറ്റേതിൽ വെറ്റിലചുരുളും വയ്ക്കും. മാറ്റുമടക്കി പിന്നിൽ കനപ്പിച്ച് പൈതകം വച്ചുടുത്ത് കടിസൂത്രം കെട്ടും.

 

സ്റ്റേജിനു മുൻപിൽ വലിയ വിളക്കുണ്ടാകും. അതിന് അഭിമുഖമായാണ് കൂത്തു പറയുന്നത്. ഇരിക്കാൻ ഒരു പീഠമുണ്ടാകും. സ്റ്റേജിനു പിന്നിൽ മിഴാവിപക്കത്തിന്മേലുരുന്ന് നമ്പ്യാർ മിഴാവുകൊട്ടൂം. കഥാവതരണത്തിനിടെ അതിനായി തെരഞ്ഞെടുത്ത പദ്യഭാഗങ്ങള്‍ വ്യാഖ്യാനിക്കുന്ന ചാക്യാർ, ഉപകഥകളും നര്‍മ്മകഥകളും കൊണ്ട് സദസ്യരെ പിടിച്ചിരുത്തും. രാജാവിനെപ്പോലും വിമര്‍ശിക്കാന്‍ അധികാരമുള്ള ചാക്യാർക്ക് സമകാലികപ്രശ്‌നങ്ങളെ ഭരണാധികാരികളുടെ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരാന്‍ വിമര്‍ശനങ്ങളിലൂടെ കഴിയും. പണ്ട് ചാക്യാരുടെ വിമര്‍ശനങ്ങളെയോ ഫലിതങ്ങളെയോ സദസ്യരില്‍ ആരെങ്കിലും എതിര്‍ത്താല്‍ അതോടെ ആ ക്ഷേത്രത്തില്‍ കൂത്ത് നടത്തുന്നത് നിര്‍ത്തലാക്കുമായിരുന്നത്രേ.

 

കേരളക്കരകൂടി ഉൾപ്പെടുന്ന പഴയ തമിഴകത്ത് നിലവിലുണ്ടായിരുന്ന കൂത്ത് എന്ന കലാരൂപം പരിണമിച്ചുണ്ടായതാണ് ചാക്ക്യാർകൂത്ത് എന്ന് പ്രൊ. ഇളംകുളം കുഞ്ഞൻപിള്ള നിരീക്ഷിക്കുന്നുണ്ട്. എ.ഡി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചേരൻ ചെങ്കുട്ടുവൻ എന്ന രാ‍ജാവ് ഉത്തരദിഗ്വിജയം കഴി‍ഞ്ഞ് മടങ്ങിവന്നപ്പോൾ വടക്കൻ പറവൂരുകാരനായ ഒരു ചാക്യാർ (കൂത്തച്ചാക്കൈയൻ) ത്രിപുരദഹനം കഥയാടി അദ്ദേഹത്തെ രസിപ്പിച്ചുവെന്ന് ഇളംകോവടികളുടെ ചിലപ്പതികാരത്തിൽ വർണിച്ചിട്ടുണ്ട്. ബൗദ്ധരാണ് ഈ നാട്യകലയെ ഇന്നു കാണുന്ന അവസ്ഥയിലേക്ക് വളർത്തിക്കൊണ്ടുവന്നത് എന്നും പ്രാചീനതമിഴ് ഗ്രന്ഥമായ ചിലപ്പതികാരത്തിൽ പറയുന്ന പറയൂർ കൂത്തച്ചാക്യാർ ഒരു ബുദ്ധസന്യാസിയാണ് എന്നും ചില അഭിപ്രായങ്ങൾ ഉണ്ട്. എങ്കിലും കുലശേഖരപ്പെരുമാളിന്റെ കാലത്താണ് ഏതാനും പരിഷ്കരണങ്ങൾക്കു ശേഷം കൂത്ത് ഇന്നത്തെ രൂപത്തിലായത് എന്ന് കരുതപ്പെടുന്നു.

 

ഹിന്ദു അമ്പലങ്ങളിലെ കൂത്തമ്പലങ്ങളിൽ മാത്രമേ ആദ്യകാലങ്ങളിൽ ചാക്യാർകൂത്ത് നടന്നിരുന്നത്. നാട്യാചാര്യ പദ്മശ്രീ മാണി മാധവചാക്യാർ ആണു കൂത്ത് കൂടിയാട്ടം തുടങ്ങിയ കലകളെ അമ്പലങ്ങളുടെ പുറത്തേക്ക് കൊണ്ടുവന്നു സാധാരണക്കാരിലേക്ക് എത്തിച്ചത്. ഓൾ ഇന്ത്യ റേഡിയോയിലും ദൂർദർശനിലും ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ചത് അദ്ദേഹമാണ്. അനവധിപ്പേർ അദ്ദേഹത്തെ ആധുനിക കാലത്തെ ഏറ്റവും മികച്ച ചാക്യാർകൂത്ത്, കൂടിയാട്ടം കലാകാരനായി കണക്കാക്കുന്നു.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...