മേരി ക്യൂറി
- admin trycle
- Apr 19, 2020
- 0 comment(s)

മേരി ക്യൂറി
ഭൗതിക ശാസ്ത്രത്തിലും രസതന്ത്രത്തിലും കഴിവ് തെളിയിച്ച ഒരു അത്ഭുത പ്രതിഭയാണ് മേരിക്യൂറി. ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ഒരുപോലെ പ്രാവീണ്യം തെളിയിച്ച ശാസ്ത്രജ്ഞയായ ഇവർ രണ്ടുശാസ്ത്രശാഖകളിലായി രണ്ടുവട്ടം നോബൽ സമ്മാനം നേടിയ വ്യക്തിയും നോബൽ സമ്മാനം നേടിയ ആദ്യവനിതയുമാണ്. പാരീസ് സർവകലാശാലയിലെ ആദ്യ വനിതാ പ്രൊഫസർ എന്ന നേട്ടവും മേരി ക്യൂറിക്ക് സ്വന്തമാണ്.
മേരി സ്‌ക്ലോഡോവ്‌സ്ക എന്ന മേരി ക്യൂറി 1867 നവംബർ 7-ാം തീയതി പോളണ്ടിലെ വാർസൗവിയിലാണ് ജനിച്ചത്. അച്ഛൻ വ്ളാഡിസ്ളാ സ്‌ക്ലോഡോവ്‌സ്‌കിയും അമ്മ ബ്രോണിസ്ളാവയും അധ്യാപകരായിരുന്നു. അധ്യാപികയുടെ മകളായി ജനിച്ച മേരി ക്യൂറിക്ക് ശാസ്ത്രമേഖലയെ കുറിച്ചുള്ള അറിവുകൾ പകർന്നു കൊടുത്തത് പിതാവായിരുന്നു. സ്കൂൾ വിദ്യാഭ്യാസം മികവോടെ പൂർത്തീകരിച്ച മേരി രഹസ്യമായാണ് ഉന്നത പഠനം നടത്തിയിരുന്നത്. ആ കാലത്ത് പല യൂറോപ്യൻ രാജ്യങ്ങളിലും സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. പോളണ്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാൽ എങ്ങനെയും മക്കൾ പഠിച്ചുയരണമെന്നാഗ്രഹിക്കുകയും അതിനായി മക്കളെ പ്രോത്സാഹിപ്പിക്കുകയും അവർക്ക് പ്രചോദനം നൽകുകയും ചെയ്യാൻ ആ മാതാപിതാക്കൾ ഒരിക്കലും പിശുക്കുകാണിച്ചില്ല. രഹസ്യമായി പ്രവർത്തിച്ചിരുന്ന ഫ്ലൈയിംഗ് യൂണിവേഴ്സിറ്റി എന്ന ഉന്നത വിദ്യാഭ്യാസ സംഘത്തിനൊപ്പം മേരിയും പരിശീലനം നേടാൻ തുടങ്ങി. ഒന്നര വർഷത്തോളം പല ജോലികൾ ചെയ്ത് യൂണിവേഴ്സിറ്റി ഫീസിനുള്ള പണം കണ്ടെത്തി മേരി പാരീസിലേക്ക് വണ്ടി കയറി. 1891-ൽ യൂണിവേഴ്സിറ്റി ഓഫ് പാരീസിൽ ശാസ്ത്ര വിദ്യാർത്ഥിനിയായി മേരിക്ക് പ്രവേശനം കിട്ടി. പകൽ യൂണിവേഴ്സിറ്റിയിലെ പഠനവും വൈകുന്നേരങ്ങളിൽ ട്യൂഷൻ പഠിപ്പിക്കലുമായി മേരി ക്യൂറി തന്റെ വിദ്യാഭ്യാസം തുടർന്നു. പഠനത്തിൽ മികവു കാട്ടിയ മേരി അക്കാലത്ത് ശാസ്ത്രത്തിൽ ഉന്നത ബിരുദങ്ങൾ നേടുന്ന ഏക വനിത ആയിരുന്നു. തന്റെ ഒൻപതാം വയസിൽ സഹോദരിയെയും പതിനൊന്നാം വയസിൽ അമ്മയേയും നഷ്ടപ്പെട്ട മേരി ക്യൂറിയെ മുന്നോട്ട് നയിച്ചത് അറിവിനോടുള്ള അഭിനിവേശമായിരുന്നു.
ഊർജ്ജതന്ത്രത്തിലും ഗണിത ശാസ്ത്രത്തിലും പഠനം പൂർത്തിയാക്കിയ മേരി 1895-ൽ ഊർജ്ജതന്ത്രത്തിലെ അധ്യാപകൻ ആയിരുന്ന പിയറി ക്യൂറിയെ കല്യാണം കഴിച്ചു. റേഡിയോ ആക്റ്റിവിറ്റിയുമായി ബന്ധപ്പെട്ട് ഇരുവരും ചേർന്ന് വളരെ അധികം പരീക്ഷണങ്ങൾ നടത്തി. ഇതിന്റെ ഫലമായി റേഡിയം കണ്ടെത്തിയത് ശാസ്ത്ര ലോകത്ത് വലിയ വിപ്ലവങ്ങൾ സൃഷ്ട്ടിച്ചു. 1903-ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ഇരുവർക്കും ലഭിച്ചു. 1906 ൽ പിയറി ക്യൂറി ആകസ്മികമായി മരണത്തിന് കീഴടങ്ങിയെങ്കിലും മേരി ക്യൂറി തളർന്നില്ല. അദ്ദേഹം വഹിച്ച പല പദവികളും പ്രവർത്തനങ്ങളും മേരി ക്യൂറി ഏറ്റെടുത്തു. അതിൽ ഒന്നാണ് പാരിസിലെ റേഡിയം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ സ്ഥാനം. പിയറിയുടെ വേർപാടിന് ശേഷവും മേരി ക്യൂറി തന്റെ പരീക്ഷണങ്ങൾ തുടർന്നു. ഇതിനുള്ള അംഗീകാരമായിരുന്നു 1911 ൽ അവർക്ക് ലഭിച്ച രസതന്ത്രത്തിനുള്ള നോബൽ സമ്മാനം. റേഡിയം, പൊളോണിയം എന്നീ മൂലകങ്ങൾ വേർതിരിച്ചെടുത്തതിനായിരുന്നു ഈ അംഗീകാരം. അങ്ങനെ രണ്ടു ശാസ്ത്രശാഖയിലായി രണ്ടുതവണ നോബൽ സമ്മാനം നേടിയ ആദ്യ വനിത എന്ന ബഹുമതി മേരി ക്യൂറിയെ തേടിയെത്തി.
നിരന്തര പരീക്ഷണങ്ങളുടെ ഫലമായി ആണവ വികിരണമേറ്റ് അവസാന നാളുകളിൽ രക്താർബുദത്തിന് മേരി കീഴടങ്ങുകയായിരുന്നു. ശാസ്ത്രലോകത്തിന് വേണ്ടി സ്വന്തം ജീവിതം ത്യജിച്ചു ഈ ധീര വനിത. 1934-ൽ ഫ്രാൻസിലെ സാവോയിൽ വെച്ചായിരുന്നു ഇവരുടെ മരണം. ശാസ്ത്രത്തില്‍ താത്പര്യമുള്ളവർ 'ആളുകളെ കുറിച്ചല്ല പകരം ആശയങ്ങളെ കുറിച്ചു വേണം ചര്‍ച്ച ചെയ്യാന്‍' എന്ന് പറഞ്ഞത് മേരി ക്യൂറിയാണ്.