കണ്ണൂർ കോട്ട
- admin trycle
- Feb 28, 2020
- 0 comment(s)
കണ്ണൂർ കോട്ട
കേരളത്തിന്‍റെ സാംസ്കാരികചരിത്രത്തിലും രാഷ്ട്രീയചരിത്രത്തിലും പണ്ടു മുതല്‍ തന്നെ പേര് ചേര്‍ക്കപ്പെട്ട പ്രദേശമാണ് കണ്ണൂര്‍. അറബിക്കടലിനെ അഭിമുഖീകരിച്ച് കണ്ണൂര്‍ പട്ടണത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലത്തിലാണ് കണ്ണൂര്‍ കോട്ടയെന്ന് അറിയപ്പെടുന്ന സെന്‍റ്
ആഞ്ചലോ കോട്ട സ്ഥിതി ചെയ്യുന്നത്. കണ്ണൂരിലെ മാപ്പിള ബേ എന്ന മത്സ്യബന്ധന തുറമുഖത്തിന് കാവലെന്നവണ്ണമാണ് കണ്ണൂര്‍ കോട്ടയുടെ നില്‍പ്പ്. കണ്ണൂരിന്റെ തന്നെ അഭിമാനമായ കോട്ടയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്. 1505 ല്‍ കോട്ട ഉണ്ടാക്കിയത് പോര്‍ച്ചുഗീസുകാരാണെങ്കിലും ഇപ്പോള്‍ കൈവശം വെച്ചിരിക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കൈയ്യില്‍ എത്തുന്നതിന് മുന്നേ ഇത് പല കൈകള്‍ മറിഞ്ഞിട്ടുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും 40 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ കോട്ട പോര്‍ച്ചുഗീസ് നാവികമേധാവിയായ ഫ്രാന്‍സിസ്കോ ഡി അല്‍മേഡ(Francisco de Almeida) ആണ് നിര്‍മ്മിച്ചത്. കോലത്തിരി രാജാവ് കച്ചവടത്തിനായി അനുവദിച്ച സ്ഥലത്ത് നിര്‍മ്മിച്ച ഈ കോട്ട വൈസ്രോയി സ്‌ഥാനം ഉറപ്പിക്കാൻ അൽമേഡ നടത്തിയ പരിശ്രമത്തിന്റെ ഭാഗമാണ്. ഇന്ത്യയുമായി പോർച്ചുഗീസ് വ്യാപാര ബന്ധം തുടങ്ങിയ കാലത്ത്, 1505ൽ അൽമേഡയെ വൈസ്രോയിയായി നിയമിച്ചു ഇന്ത്യയിലേക്കയക്കുമ്പോൾ, കണ്ണൂർ ഉൾപ്പെടെ നാലിടങ്ങളിൽ കോട്ട നിർമിച്ചാൽ മാത്രമേ വൈസ്രോയിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പ്രാബല്യത്തിലാകൂ എന്നൊരു നിബന്ധന പോർച്ചുഗീസ് രാജാവ് വച്ചിരുന്നു. അങ്ങനെ കോലത്തിരി രാജാവിന്റെ അധീനതയിലുള്ള സ്‌ഥലത്ത് 1505 ഒക്‌ടോബറിൽ പോർച്ചുഗീസുകാർ കോട്ടയ്‌ക്കു തറക്കല്ലിടുകയും അഞ്ചുദിവസത്തിനകം കോട്ടയുടെ ആദ്യരൂപം പൂർത്തിയാക്കുകയും സെന്റ് ആഞ്ചലോ ഫോർട്ട് എന്നു പേരിടുകയും ചെയ്തു. തൃകോണാകൃതിയിലുള്ള സെന്റ് ആഞ്ചലോ കോട്ട പോർച്ചുഗീസ് നിർമാണരീതിയിലുള്ള കുറെ കെട്ടിടങ്ങൾ, ജയിലറകൾ, കുതിരലായം, ഉദ്യാനം, ഗർജനവീര്യത്തോടെ കടലിനെ ലക്ഷ്യംവയ്‌ക്കുന്ന പീരങ്കികൾ എന്നിവ കാണാം. ലോകത്തില്‍ത്തന്നെ ആദ്യമായി പീരങ്കികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ പോര്‍ച്ചുഗീസുകാരുടെ പീരങ്കി യുദ്ധത്തിന്റെ പ്രധാന പരീക്ഷണ കേന്ദ്രമായിരുന്നു കേരളം, അതിനായി ആയുധശേഖരണത്തിന്റയും പരീക്ഷണത്തിന്റെയും കേന്ദ്രമായിരുന്നു കണ്ണൂര്‍ കോട്ട.
വൈദേശികാധിപത്യത്തിന്റെ ചരിത്രമുള്ള ഈ കോട്ട തദ്ദേശീയ അടിമത്തത്തിന്റെ ഉടയാത്ത സ്‌മാരകം കൂടിയാണ്. 1506ൽ, അറബികളുടെയും തുർക്കികളുടെയും സഹായത്തോടെ 4000 തോളം പേരുള്ള സാമൂതിരി സൈന്യം കോട്ട ആക്രമിക്കാനെത്തിയെങ്കിലും 150 ഓളം വരുന്ന പോർച്ചുഗീസ് സൈന്യത്തിനുമുന്നിൽ മൂവായിരത്തോളം സാമൂതിരി സൈനികരാണ് മരിച്ചുവീണത്. നാട്ടുരാജാക്കൻമാരുമായി പിന്നെയും നിരവധി യുദ്ധങ്ങൾ നടന്നെങ്കിലും ആയുധബലം കൊണ്ട് പോർച്ചുഗീസുകാർ എല്ലാത്തിലും വിജയം നേടി. പോർച്ചുഗീസുകാരുമായി ഇടഞ്ഞ കോലത്തിരി രാജാവ് കോട്ടയ്‌ക്കു പുറത്ത് പോർച്ചുഗീസുകാർക്ക് ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് ഭക്ഷണമോ വെള്ളമോ കിട്ടാതെ വലഞ്ഞ അവർ ഭൂമിക്കടിയിലൂടെ കോട്ട മതിലിനു വെളിയിലെ കിണറ്റിലേക്കു തുരങ്കമുണ്ടാക്കിയാണ് വെള്ളമെടുത്തത് എന്ന് പറയുന്നു.
നിരവധി പേർ തടവിലാക്കപ്പെട്ട കണ്ണൂർ കോട്ടയിൽ പോർച്ചുഗീസ് വൈസ്രോയിയും തടവിലാക്കപ്പെട്ടിട്ടുണ്ട്. പുതിയ വൈസ്രോയിയായി ചുമതലയേല്‍ക്കാന്‍ വന്ന ആല്‍ബൂക്കര്‍ക്കിന് അല്‍മേഡ ചുമതല കൈമാറാതിരിക്കുകയും മാസങ്ങളോളം ചങ്ങലയില്‍ പൂട്ടി കണ്ണൂര്‍ കോട്ടയിലെ ഇരുട്ടറയിൽ തടവിലിടുകയും ചെയ്തു. പിന്നീട് ആല്‍ബൂക്കര്‍ക്ക് ജയിൽ മോചിതനാവുകയും വൈസ്രോയിയായി മാറുകയും ചെയ്തു. 1523ല്‍, വൈസ്രോയിയായ ആല്‍ബുക്കര്‍ക്ക് അറക്കല്‍ രാജാവിന്റെ അധീനതയിലായിരുന്ന മാലി ദ്വീപിന്റെ അധികാരം തങ്ങള്‍ക്കാണെന്ന് പ്രഖ്യാപിച്ചതോടെ അറക്കല്‍ രാജവ് മമ്മാലി മരക്കാറുടെ നേതൃത്വത്തില്‍ പോർച്ചുഗീസുകാരുമായി പോരാട്ടം നടത്തേണ്ടി വന്നു. അറക്കല്‍ സേനാധിപനായ വലിയ ഹസ്സനെ തൂക്കിക്കൊന്നുകൊണ്ടാണ് പോർച്ചുഗീസുകാർ ഇതിനോട് പ്രതികരിച്ചത്. 1555ല്‍ ഫ്രാന്‍സിസ്‌കോ ബാരറ്റോ കണ്ണൂര്‍ കോട്ടയുടെ അധിപനായ കാലത്ത് പീരങ്കിയുപയോഗിച്ച് മലബാറിലാകെ നാട്ടുകാരുടെ കൃഷിയും സ്വത്തുക്കളും നശിപ്പിച്ചതായി പറയപ്പെടുന്നു. 1564ല്‍ കണ്ണൂര്‍ മേഖലയിലെ നാല്പതിനായിരം തെങ്ങുകള്‍ മുറിച്ചിട്ട് ക്രൂരത കാട്ടിയതായി സര്‍ദാര്‍ കെ.എം.പണിക്കര്‍ പോര്‍ച്ചുഗീസ് അധിനിവേശത്തിന്റ ചരിത്രവുമായി ബന്ധപ്പെട്ടെഴുതിയ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങൾക്കെതിരെയുള്ള ക്രൂരതകളിൽ സഹികെട്ട ജനത കയ്യില്‍ കിട്ടിയ ആയുധങ്ങളുമെടുത്ത് കോട്ടയിലേക്ക് മാര്‍ച്ച് ചെയ്യുകയും വളയുകയും ചെയ്തിരുന്നു.
158 വർഷം കോട്ട നിയന്ത്രിച്ച പോർച്ചുഗീസുകാർ 1663ലെ ഡച്ച് ആക്രമണത്തോടെ കോട്ട വിട്ടു. ആക്രമണത്തിൽ കോട്ടയുടെ ചില ഭാഗങ്ങൾ തകരുകയും സൈനിക ചെലവു കുറയ്‌ക്കുന്നതിനായി ഡച്ചുകാർ കോട്ട പൊളിച്ചു ചെറുതാക്കുകയും ചെയ്തു. 110 വർഷത്തോളം കൈവശം വച്ച കോട്ട ഡച്ചുകാർ ഒരു ലക്ഷം രൂപയ്‌ക്ക് അറയ്‌ക്കൽ അറയ്ക്കല്‍ രാജവംശത്തിലെ അലി രാജയ്ക്ക് വിറ്റു. 1790-ല്‍ ബ്രിട്ടീഷുകാര്‍ ഈ കോട്ട പിടിച്ചെടുക്കുകയും മലബാറിലെ പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയും ചെയ്തു. ബ്രിട്ടീഷ് കാലഘട്ടത്തിലും കണ്ണൂര്‍ കോട്ട വിവിധ പോരാട്ടങ്ങൾക്കുള്ള നിർണ്ണായക കേന്ദ്രമായിരുന്നു. എതിരാളികളുടെ കപ്പലുകള്‍ക്കു നേരെ കോട്ടയിലെ പീരങ്കികളിൽ നിന്ന് ഉണ്ടകള്‍ വര്‍ഷിച്ചുകൊണ്ടിരുന്നു. വിവിധ കരയുദ്ധങ്ങൾക്കായി ഇവിടെനിന്നും കാളവണ്ടികളിലും കുതിരവണ്ടികളിലും കപ്പലുകളിലുമായി പീരങ്കികള്‍ കൊണ്ടുപോയി. 1792ല്‍ ടിപ്പു സുല്‍ത്താനുമായുള്ള അവസാന യുദ്ധത്തിന് ബ്രിട്ടീഷ് സേന ഇവിടെ നിന്നും ശ്രീരംഗപട്ടണത്തേക്ക് യാത്ര ചെയ്തു. ടിപ്പുവിന്റെ പതനത്തിനു ശേഷം പഴശ്ശിരാജയുമായുള്ള യുദ്ധങ്ങള്‍ക്കും തയ്യാറെടുപ്പുകള്‍ നടത്തിയത് കണ്ണൂര്‍ കോട്ടയില്‍ വെച്ചായിരുന്നു.
ഇപ്പോൾ പുരാവസ്‌തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഈ കോട്ട ഇന്ന് കണ്ണൂരിലെ പ്രധാന ചരിത്രസ്മാരകങ്ങളിലൊന്നാണ്. ചില കെട്ടിടങ്ങൾ നിലംപൊത്തിയെങ്കിലും ആയിരത്തോളം പട്ടാളക്കാർ താമസിച്ചിരുന്ന ബാരക്ക്, മൂന്നു ജയിലുകൾ, ആയുധപ്പുര, ലൈറ്റ് ഹൗസ്, കുതിരലായം, കിണറുകൾ തുടങ്ങിയവ അതേപടിയുണ്ട്. കോട്ട വിട്ടവർ ബാക്കിവച്ച 18 പീരങ്കികളും സൂക്ഷിച്ചിട്ടുണ്ട്. പഴയ ഡച്ചുഭാഷയിൽ എഴുതിയ ഒരു ശിലാഫലകം ലൈറ്റ് ഹൗസിനു സമീപം കാണാം. 1745-55 കാലത്തെ ഡച്ച് കമൻഡാന്റിന്റെ ഭാര്യയുടെയും മക്കളുടെയും മൃതദേഹം സംസ്‌കരിച്ചതിന്റെ വിവരണമാണ് ഈ ശിലയിൽ. മനോഹരമായ ഒരുദ്യാനവും പുരാവസ്‌തു വകുപ്പ് ഇവിടെ ഒരുക്കിയിരിക്കുന്നു. 2015ൽ ഇവിടെ കുഴിച്ചപ്പോൾ മണ്ണിനടിയിൽ നിന്നും 35,950 പീരങ്കിയുണ്ടകൾ ലഭിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ പീരങ്കിയുണ്ട ശേഖരമാണിത്. പലവലിപ്പത്തിലുള്ള ഇവയിൽ ചിലത് പൊട്ടിയിട്ടുണ്ട്. ചിലതിന്റെ ഉള്ള് പൊള്ളയാണ്. പോർച്ചുഗീസ്, ഡച്ച്, അറക്കൽ, ബ്രിട്ടീഷ് എന്നീ നാല് ശക്തികൾ കൈമറിഞ്ഞ ഈ കോട്ടയിലെ പീരങ്കിയുണ്ടകൾ ആരുപയോഗിച്ചതാണെന്നാണ് പഠനങ്ങളിൽ വ്യക്തമാകുമെന്നു കരുതുന്നു. ഇരുമ്പുണ്ടകൾ തൂത്തുക്കുടിയിലും മലബാറിലുമായി നിർമിച്ചതാവാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ കരുതുന്നു