ചമ്പാരൻ സത്യാഗ്രഹം
- admin trycle
- Aug 16, 2020
- 0 comment(s)
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന നാഴികക്കല്ലുകളിൽ ഒന്നായ ചമ്പാരൻ സത്യാഗ്രഹം ബ്രിട്ടീഷുകാർക്കെതിരെ നടന്ന കർഷകരുടെ ഒരു സമരമായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ സുപ്രധാന സംഭവമായി ചമ്പാരൻ സത്യാഗ്രഹം കണക്കാക്കപ്പെടുന്നു. ബീഹാറിലെ ചമ്പാരൻ ജില്ലയിലെ കർഷകർക്ക് സംഭവിച്ച അനീതിയിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹം ഇന്ത്യയിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തുടക്കമായിരുന്നു. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ പ്രവർത്തനങ്ങളിൽ ഒന്നും സത്യാഗ്രഹം എന്ന സമരമാർഗ്ഗത്തിന്റെ ആദ്യ വിജയങ്ങളിൽ ഒന്നും ആയിരുന്നു ചമ്പാരൻ സത്യാഗ്രഹം.
സമ്പന്നരും സ്വാധീനമുള്ളതുമായ ഭൂവുടമകളുടെ കീഴിലുള്ള വലിയ സമീന്ദാരി എസ്റ്റേറ്റുകൾ അടങ്ങുന്ന പ്രദേശങ്ങൾ അടങ്ങുന്നതായിരുന്നു ചമ്പാരൻ ജില്ല. മിക്ക ഗ്രാമങ്ങളും ജമീന്ദാർ പാട്ടത്തിന് നൽകി, അവരിൽ ഏറ്റവും സ്വാധീനം ചെലുത്തിയത് യൂറോപ്യൻ ഇൻഡിഗോ (നീലം) പ്ലാന്റർമാരാണ്. താൽക്കാലിക അവകാശം കൈവശമുള്ളവരാണെങ്കിലും, അവർ കർഷകരിൽ നിന്ന് വാടക എടുക്കുക മാത്രമല്ല, സിവിൽ, ക്രിമിനൽ അധികാരപരിധി നടപ്പാക്കുകയും ചെയ്തു. ഇവിടെ കൃഷി ചെയ്ത നീലം ബ്രിട്ടീഷുകാർ മറ്റു രാജ്യങ്ങളിലേക്ക് കയറ്റി അയച്ചു. ബ്രിട്ടീഷുകാരും അവിടുത്തെ ജന്മികളും പാവപ്പെട്ട കർഷകരെ നീലം കൃഷി ചെയ്യാൻ നിർബന്ധിച്ചു. നീലം കൃഷി ചെയ്ത മണ്ണിൽ മറ്റ് ഭക്ഷ്യവിളകൾ വളരുകയില്ല. അതിനാൽ കർഷകർ ഇതിനെ എതിർത്തു. ഇതിനെ തുടർന്ന് കർഷകർക്കെതിരെ പലവിധ ചൂഷണങ്ങളും ഉണ്ടായി. നിസ്സാരപ്രതിഫലമാണ് കർഷകർക്ക് നൽകിയതെന്നു മാത്രമല്ല, പ്രദേശത്ത് ക്ഷാമം രൂക്ഷമാവാനും തുടങ്ങി.
ദക്ഷിണാഫ്രിക്കയിൽനിന്ന് ഗാന്ധിജി തിരിച്ചെത്തിയതറിഞ്ഞ് ചമ്പാരനിലെ കർഷകർക്കുവേണ്ടി സമരംചെയ്യണമെന്നാവശ്യപ്പെട്ട് രാജ്കുമാർ ശുക്ലയെന്നയാൾ ഗാന്ധിജിയെ സമീപിച്ചു. അവിടുത്തെ കർഷക പ്രതിനിധികളുടെ അഭ്യർത്ഥന പ്രകാരം 1917 ഏപ്രിലിൽ ഡോ. രാജേന്ദ്രപ്രസാദ്, ബ്രജ് കിഷോർ പ്രസാദ്, ആചാര്യ ജെ.ബി. കൃപലാനി, പിർ മുഹമ്മദ് മുനിസ്, മഷ്രൂൽ ഹഖ് തുടങ്ങിയവർക്കൊപ്പം ഗാന്ധിജി ചമ്പാരനിലെത്തി. ചമ്പാരനിൽ എത്തിയ മഹാത്മാഗാന്ധി അവിടുത്തെ പ്രശ്നങ്ങൾ പഠിക്കുകയും അവർക്കൊപ്പം പ്രവർത്തിക്കുകയും ചെയ്തു. ചമ്പാരനിലെ വിവിധ ഗ്രാമങ്ങൾ സന്ദർശിച്ച് കർഷകരുടെ പ്രശ്നങ്ങൾ മനസ്സിലാക്കിയ ഗാന്ധിജിയും സംഘവും സമാധാനപരമായ സത്യാഗ്രഹസമരത്തിന് പദ്ധതി തയ്യാറാക്കി. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം ആയിരുന്നു ചമ്പാരനിലേത്.
കർഷകർ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുനേരിട്ട മോതിഹാരിയിലെത്തിയ ഗാന്ധിജിയോട് ഏപ്രിൽ 15-ന് ചമ്പാരൻ വിട്ടുപോകാൻ ബ്രിട്ടിഷ് സർക്കാർ ഉത്തരവിട്ടു. ഇത് നിരസിച്ച ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ ആദ്യത്തെ നിയമ നിസ്സഹകരണത്തിന് തുടക്കം കുറിച്ചു. ചമ്പാരൻ വിട്ടുപോകാൻ തയ്യാറാവാതിരുന്ന ഗാന്ധിജിയെ അറസ്റ്റു ചെയ്യാനൊരുങ്ങിയെങ്കിലും ആയിരക്കണക്കിന് സമരക്കാർ മോതിഹാരിയിലേക്കെത്തിയതോടെ നീക്കം ഉപേക്ഷിച്ചു. തുടർന്ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്തെങ്കിലും അവിടുത്തെ കർഷകർ സമരത്തിൽ നിന്നും പിന്നോട്ട് പോവാൻ തയ്യാറായില്ല. ഏപ്രിൽ 18-ന് മോതിഹാരി ജില്ലാ മജിസ്‌ട്രേട്ടിനു മുമ്പിൽ ഹാജരായി ജില്ല വിട്ടുപോവില്ലെന്നും പാവങ്ങളായ നീലം കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ പോവാനാവില്ലെന്നും ഗാന്ധിജി വ്യക്തമാക്കി. ഈ നിയമലംഘനത്തിന് നൽകുന്ന ഏതുശിക്ഷയും സ്വീകരിക്കുമെന്നും ഗാന്ധിജി പ്രസ്താവിച്ചു. ഓരോരുത്തരും അറസ്റ്റുചെയ്യപ്പെടുമ്പോൾ സമാധാനപരമായി അടുത്തയാൾ സമരത്തിനിറങ്ങണമെന്നായിരുന്നു ഗാന്ധിജിയുടെ പദ്ധതി. ഒടുവിൽ ശക്തമായ പ്രതിഷേധങ്ങൾ കാരണം ഗാന്ധിജിയെ വിട്ടയക്കാനും കർഷകരുമായുള്ള ഉടമ്പടിയിൽ ഇളവുകൾ വരുത്തുവാനും ബ്രിട്ടീഷുകാർ നിർബന്ധിതരായി.