മനോജ് നൈറ്റ് ശ്യാമളൻ
- admin trycle
- Jun 19, 2020
- 0 comment(s)

മനോജ് നൈറ്റ് ശ്യാമളൻ
പ്രശസ്തനായ ഇന്ത്യൻ - അമേരിക്കൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് മനോജ് നൈറ്റ് ശ്യാമളൻ. ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിലാണു അദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന്റെ അച്ഛൻ നെല്ലിയത്തു. സി. ശ്യാമളൻ ഒരു മലയാളിയായ ന്യൂറോളജിസ്റ്റും, അമ്മ ജയലക്ഷ്മി, തമിഴ്നാട്ടുകാരിയായ ഒരു ഗൈനക്കോളജിസ്റ്റുമാണ്.
1960-ൽ മനോജിന്റെ മാതാപിതാക്കൾ അമേരിക്കയിലേക്കു കുടിയേറി. മനോജിന്റെ ജനനത്തിനായി മാതാപിതാക്കൾ വീണ്ടും മാഹിയിലെത്തിയിരുന്നു. ശ്യാമളൻ ജനിച്ച് ആറ് ആഴ്ച്ച കഴിഞ്ഞപ്പോൾ കുടുംബം അമേരിക്കയിലേക്ക് തിരിച്ച് പോയി. പെൻസിൽവാനിയയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള ജീവിതം. വാൾഡ്രോൺ അക്കാദമിയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം 1988- ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റി മെറിറ്റ് സ്കോളർഷിപ്പ് നേടി. പിന്നീട് 1992-ൽ മാൻഹട്ടനിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ടിഷ് സ്കൂൾ ഓഫ് ആർട്‌സിൽ നിന്ന് ബിരുദം കരസ്ഥമാക്കി. ഇവിടെ പഠിക്കുന്ന സമയത്താണ് അദ്ദേഹം "നൈറ്റ്" എന്ന രണ്ടാമത്തെ പേര് സ്വീകരിക്കുന്നത്. തന്റെ കുടുംബപ്പേരായ നെല്ലിയാട്ടു പരിഷ്കരിച്ച് നിർമ്മിച്ച ഈ പേരിൽ എം. നൈറ്റ് ശ്യാമളൻ എന്നാണ് അദ്ദേഹം പരക്കെ അറിയപ്പെട്ടത്.
അർദ്ധജീവചരിത്ര ചലച്ചിത്രമായ "പ്രേയിങ് വിത്ത് ആങ്കർ" ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. ന്യൂയോർക്കിലെ പഠനകാലത്ത് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പണം കടം വാങ്ങി നിർമ്മിച്ച ഈ ചിത്രം ആ കാലഘട്ടത്തിലെ പല ചലച്ചിത്ര മേളകളിലും പ്രദർശിപ്പിച്ചിരുന്നു. ഈ സമയത്ത് ഇദ്ദേഹം ന്യൂ യോർക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായിരുന്നു. അമ്മയുടെ സ്വദേശമായ ചെന്നൈയിൽ വച്ചാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ മറ്റു ചിത്രങ്ങളെല്ലാം പെൻസിൽവേനിയിൽ വച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. ശ്യാമളന്റെ രണ്ടാമത്തെ ചിത്രം വൈഡ് എവേക്ക് (Wide Awake) ആയിരുന്നു. 1996-ലാണ് ചിത്രം നിർമ്മിക്കപ്പെട്ടത് എങ്കിലും രണ്ട് വർഷക്കാലം ഈ ചിത്രം പുറത്തിറക്കാൻ സാധിച്ചില്ല. ശ്യാമളന്റെ മാതാപിതാക്കളായിരുന്നു ചിത്രത്തിന്റെ സഹനിർമ്മാക്കൾ. 1999-ൽ പുറത്തിറങ്ങി മികച്ച സാമ്പത്തിക വിജയം നേടിയ സ്റ്റുവർട്ട് ലിറ്റിൽ എന്ന സിനിമയുടെ തിരക്കഥാകൃത്ത് മനോജ് നൈറ്റ് ശ്യാമളനായിരുന്നു.
വളരെ ചെറുപ്പത്തിൽ തന്നെ ചലച്ചിത്രകാരനാകണമെന്ന ആഗ്രഹം അദ്ദേഹത്തിലുണ്ടാക്കിയത് സമ്മാനമായി കിട്ടിയ ഒരു സൂപ്പർ -8 ക്യാമറയാണ്. അമ്മയായിരുന്നു സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാൻ അദ്ദേഹത്തെ സഹായിച്ചത്. സ്റ്റീവൻ സ്പിൽബർഗ് ആരാധകനായ അദ്ദേഹം 17 വയസ്സായപ്പോഴേക്കും 45 ഓളം ഹോം സിനിമകൾ നിർമ്മിച്ചിരുന്നു. ദ സിക്സ്ത് സെൻസ് എന്ന അദ്ദേഹത്തിന്റെ സിനിമ മുതൽ, താൻ ബാല്യകാലത്ത് ചിത്രികരിച്ച ഒരു രംഗമെങ്കിലും പിന്നീടുള്ള സിനിമകളിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ദ് സിക്സ്ത് സെൻസ് എന്ന ചിത്രത്തിനു സംവിധായകന്റേതുൾപ്പടെ ആറ് അക്കാഡമി അവാർഡ്(ഓസ്കർ) നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. രണ്ടു തവണ അദ്ദേഹം അക്കാദമി അവാർഡിന് വേണ്ടി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
സ്റ്റുവർട്ട് ലിറ്റിൽ (തിരക്കഥ), ദ സിക്സ്ത് സെൻസ്, സൈൻസ്, ദി വില്ലേജ്, ലേഡി ഇൻ ദ വാട്ടർ, അൺബ്രേക്കബിൾ, ദി ഹാപ്പണിംഗ്, ദ ലാസ്റ്റ് എയർ ബെന്റർ, ആഫ്റ്റർ എർത്ത്, സ്‌പ്ലിറ്റ്, ഗ്ലാസ് തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പ്രശസ്‌തതമായ ചലച്ചിത്രങ്ങളാണ്.