മലേറിയ
- admin trycle
- Apr 25, 2020
- 0 comment(s)
മലേറിയ
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). പ്ലാസ്‌മോഡിയം (Plasmodium) പാരസൈറ്റുകളെ വഹിക്കുന്ന കൊതുകുകള്‍ കുത്തുമ്പോള്‍ പ്ലാസ്‌മോഡിയം മനുഷ്യരക്തത്തില്‍ എത്തിച്ചേരുന്നത് വഴിയാണ് ഇത് ആളുകളിലേക്ക് പകരുന്നത്. രോഗബാധിതനായ ഒരാളെ കൊതുകു കുത്തുമ്പോള്‍ പാരസൈറ്റുകള്‍ കൊതുകിന്റെ ഉമിനീരില്‍ കലരുകയും അവ അടുത്തുള്ള ഇരയിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. മിക്ക കേസുകളിലും പെൺ അനോഫെലിസ് കൊതുകുകളുടെ കടിയേറ്റാണ് മലേറിയ പകരുന്നത്. 400 ലധികം വ്യത്യസ്ത ഇനം അനോഫെലിസ് കൊതുകുകൾ ഉണ്ട്, ഇതിൽ 30 ഓളം ഇനങ്ങൾ മലേറിയ രോഗാണുവാഹകരാണ്. മലേറിയ പകരുന്നത് തടയുന്നതിനും കുറയ്ക്കുന്നതിനുമുള്ള പ്രധാന മാർഗ്ഗമാണ് ഈ രോഗാണുവാഹകരെ നിയന്ത്രിക്കൽ.
കൃത്യസമയത്ത് തിരിച്ചറിഞ്ഞാൽ മലേറിയ ഇന്ന് തടയാൻ കഴിയുന്നതും ചികിത്സിക്കാൻ കഴിയുന്നതുമായ രോഗമാണ്. മനുഷ്യരിൽ മലേറിയയ്ക്ക് കാരണമാകുന്ന 5 പാരസൈറ്റുകൾ ഉണ്ട്, ഇവയിൽ പി. ഫാൽസിപറം (P. falciparum), പി. വിവാക്സ് (P. vivax) എന്നിവയാണ് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നവ. കടുത്ത പനി ഉണ്ടാവുന്ന രോഗമാണ് മലേറിയ. രോഗബാധയുണ്ടായി 8-25 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗലക്ഷണങ്ങള്‍ പൊതുവെ കണ്ടു തുടങ്ങുന്നത്. സാധാരണയായി മലേറിയ കാണപ്പെടാത്ത മേഖലകളില്‍ രോഗലക്ഷണങ്ങളുടെ അവ്യക്തത മൂലം രോഗം തിരിച്ചറിയപ്പെടാറില്ല. ആദ്യ ലക്ഷണങ്ങളായ പനി, തലവേദന, ജലദോഷം എന്നിവ പലപ്പോഴും കഠിനമല്ലാത്തവയാവും അതിനാൽ മലേറിയയാണെന്ന് തിരിച്ചറിയാൻ പ്രയാസവുമാണ്. 24 മണിക്കൂറിനുള്ളിൽ ചികിത്സിച്ചില്ലെങ്കിൽ പി. ഫാൽസിപറം മലേറിയ കഠിനമായ രോഗത്തിലേക്ക് നയിച്ചേക്കാം, ഇത് പലപ്പോഴും മരണത്തിലേക്കും നയിക്കും. കഠിനമായ മലേറിയ ബാധിച്ച കുട്ടികൾക്ക് കഠിനമായ വിളർച്ച, ഉപാപചയ അസിഡോസിസുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ, അല്ലെങ്കിൽ സെറിബ്രൽ മലേറിയ എന്നിവ ഉണ്ടാവുന്നു. മുതിർന്നവരിൽ, ഒന്നിലധികം അവയവങ്ങളുടെ പരാജയം പതിവാണ്. മലേറിയ ബാധിത പ്രദേശങ്ങളിലെ ആളുകൾക്ക് പലപ്പോഴും ഭാഗിക പ്രതിരോധശേഷി ഉണ്ടാകാം, ഇത് രോഗലക്ഷണങ്ങളില്ലാത്ത അണുബാധകൾ ഉണ്ടാകാൻ അനുവദിക്കുന്നു.
ചരിത്രരേഖകളിലെ ഏറ്റവും പുരാതന രോഗങ്ങളിൽ ഒന്നാണ് മലേറിയ. സഹസ്രാബ്ദങ്ങളായുള്ള അതിന്റെ ഇരകളിൽ നിയോലിത്തിക്ക് നിവാസികൾ, ആദ്യകാല ചൈനക്കാരും ഗ്രീക്കുകാരും, പ്രഭുക്കന്മാരും പാവപ്പെട്ടവരും എല്ലാം ഉൾപ്പെടുന്നു. പുരാതന രചനകളും കരകൗശല വസ്തുക്കളും മലേറിയയുടെ ദീർഘകാല ചരിത്രത്തിന് സാക്ഷ്യം വഹിക്കുന്നു. ബിസി 3200 നും 1304 നും ഇടയിൽ ഈജിപ്ഷ്യൻ അവശിഷ്ടങ്ങളിൽ മലേറിയ ആന്റിജൻ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. പുരാതന ചൈനീസ് വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലും ശ്രുശ്രുത സംഹിതയിലുമെല്ലാം മലേറിയയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. വേദ കാലഘട്ടത്തിലെ (ബിസി 1500 മുതൽ 800 വരെ) ഇന്ത്യൻ രചനകൾ മലേറിയയെ “രോഗങ്ങളുടെ രാജാവ്” എന്ന് വിളിച്ചു. ഗ്രീക്ക് കവി ഹോമർ (ബിസി 750) മലേറിയയെക്കുറിച്ച് ദി ഇലിയാഡിൽ പരാമർശിക്കുന്നുണ്ട്. ചരിത്ര രേഖകളില്‍ ഇടംപിടിച്ച റോമാ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് വഴിവച്ചത് ഒരു രോഗമാണെന്ന് കേട്ടാല്‍ അല്‍പ്പം അസംഭവ്യത തോന്നും. എന്നാൽ മലേറിയ എന്ന രോഗത്തിന്റെ നാള്‍വഴികളില്‍ ഇതുപോലെ കൗതുകങ്ങള്‍ നിരവധിയാണ്.
എ.ഡി ഒന്നാം നൂറ്റാണ്ടിൽ റോമിലെത്തിയ മലേറിയ യൂറോപ്യൻ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഗ്രീക്ക് വ്യാപാരികളും കോളനിക്കാരും ഇതിനെ ഇറ്റലിയിലേക്ക് കൊണ്ടുവന്നു. അവിടെ നിന്ന് റോമൻ പട്ടാളക്കാരും വ്യാപാരികളും ഇംഗ്ലണ്ടിലേക്കും ഡെൻമാർക്കിലേക്കും മറ്റ് വടക്കൻ പ്രദേശങ്ങളിലേക്കും ഇതിനെ എത്തിച്ചു. അടുത്ത 2,000 വർഷക്കാലം, യൂറോപ്പിലെ തിങ്ങിപ്പാർക്കുന്ന വാസസ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നിടത്തും മലേറിയ തഴച്ചുവളരുകയും ആളുകളെ കാലാനുസൃതമായി രോഗികളാക്കുകയും ചെയ്തു. പല ചരിത്രകാരന്മാരും അനുമാനിക്കുന്നത് ഫാൽസിപറം മലേറിയ റോമിന്റെ പതനത്തിന് കാരണമായി എന്നാണ്. ഇന്ത്യയിലെ ഗംഗാ നദീതടങ്ങളിലെ കുടിയേറ്റക്കാർ പലപ്പോഴും മലേറിയയും, മറ്റ് കൊതുക്, ജലജന്യരോഗങ്ങൾ എന്നിവയാൽ വലയുന്നവരായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നുണ്ട്. ചതുപ്പ് നിലങ്ങളില്‍ നിന്നും വരുന്ന മലിനമായ വായുവാണ് രോഗകാരണം എന്നു കരുതി 18-ാം നൂറ്റാണ്ടില്‍ ഇറ്റലിക്കാരാണ് ഈ രോഗത്തിന് മലേറിയ എന്ന പേരു നല്‍കിയത്. ഇരുപതാം നൂറ്റാണ്ടിൽ മാത്രം 150 ദശലക്ഷം മുതൽ 300 ദശലക്ഷം വരെ ആളുകൾക്ക് മലേറിയ ബാധിച്ചിരുന്നു, ഇതിൽ 2 മുതൽ 5 ശതമാനം വരെ ആളുകൾ മരണപ്പെട്ടു.
മലേറിയയ്ക്ക് കാരണമാകുന്നത് പാരസൈറ്റിക് പ്രോട്ടോസോവ (Parasitic Protozoa) ആയ പ്ലാസ്‌മോഡിയം ആണെന്ന് കണ്ടെത്തിയത് ഫ്രഞ്ച് ആര്‍മി ഡോക്ടര്‍ ആയിരുന്ന ചാള്‍സ് ലൂയിസ് ലാവേരന്‍ ആണ്. മലേറിയ മനുഷ്യരിലേക്ക് എത്തുന്നത് അനോഫെലിസ് (Anopheles) വിഭാഗത്തില്‍പ്പെട്ട പെണ്‍ കൊതുകുകളിലൂടെയയാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലെ ബ്രിട്ടീഷ് ഓഫീസറായിരുന്ന റൊണാള്‍ഡ് റോസ് 1897-ല്‍ കണ്ടെത്തി. ഇരുവരേയും ലോകം ആദരിച്ചത് നൊബേല്‍ പുരസ്‌കാരം നല്‍കിക്കൊണ്ടായിരുന്നു. സബ്-സഹാറൻ ആഫ്രിക്ക, ഏഷ്യ, ആമസോൺ തടം, മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സാധാരണ ജനങ്ങളെ ആണ് ഇന്ന് മലേറിയ പ്രധാനമായും ബാധിക്കുന്നതെങ്കിലും ലോക ജനസംഖ്യയുടെ 40 ശതമാനം ഇപ്പോഴും മലേറിയ പടരുന്ന പ്രദേശങ്ങളിലാണ് താമസിക്കുന്നത്. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ ഇന്നും മലേറിയ നിലനിൽക്കുന്നു, ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളാണ് ഈ രോഗം മൂലം മരിക്കുന്നത്.
മലേറിയയെ നിയന്ത്രിക്കുന്നതിനും ആത്യന്തികമായി ഉന്മൂലനം ചെയ്യുന്നതിനുമുള്ള ആഗോള ശ്രമങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഏപ്രിൽ 25 ലോക മലേറിയ ദിനം ആയി ആചരിക്കുന്നു. 2008 ലാണ് ആദ്യമായി ലോക മലേറിയ ദിനം ആചരിക്കപ്പെട്ടത്. എന്നാൽ 2001 മുതൽ തന്നെ ആഫ്രിക്കൻ സർക്കാരുകൾ ആഫ്രിക്കൻ മലേറിയ ദിനം ആചരിച്ച് വന്നിരുന്നു. 2007 ൽ, വേൾഡ് ഹെൽത്ത് അസംബ്ലിയുടെ 60-ാമത് സെഷനിൽ (ലോകാരോഗ്യ സംഘടന [WHO] സ്പോൺസർ ചെയ്ത യോഗം), മലേറിയക്കെതിരായ ആഗോള പോരാട്ടത്തെക്കുറിച്ച് കൂടുതൽ അവബോധം കൊണ്ടുവരുന്നതിന്, ആഫ്രിക്ക മലേറിയ ദിനത്തെ ലോക മലേറിയ ദിനമായി മാറ്റാൻ നിർദ്ദേശിക്കപ്പെടുകയായിരുന്നു.