സെല്ലുലാർ ജയിൽ
- admin trycle
- May 8, 2020
- 0 comment(s)
സെല്ലുലാർ ജയിൽ ഇന്ത്യയിലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ സെല്ലുലാർ ജയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ക്രൂരതയുടെ ഓർമ്മപ്പെടുത്തലായി നിലകൊള്ളുന്നു. ഇന്ത്യൻ സ്വാതന്ത്ര സമര സേനാനികളെ തടവിൽ പാർപ്പിക്കുന്നതിനായി ബ്രിട്ടീഷുകാർ പണി കഴിപ്പിച്ച ജയിലാണ് ഇത്. 1906-ൽ പണികഴിച്ച ഇത് കാലാപാനി എന്നും അറിയപ്പെടുന്നു, കാല എന്നാൽ മരണം അല്ലെങ്കിൽ സമയം എന്നും പാനി എന്നാൽ വെള്ളം എന്നുമാണ് സംസ്കൃതത്തിൽ അർത്ഥം. ആൻഡമാനിലെ പോർട്ട് ബ്ലെയറിലാണ് കുപ്രസിദ്ധമായ ഈ തടവറ സ്ഥിതി ചെയ്യുന്നത്. തടവുകാർക്ക് ഏറ്റവും ക്രൂരമായ ശിക്ഷ വിധിച്ചിരുന്ന ഇവിടെ 698 ജയിലറകളായിരുന്നു ഉണ്ടായിരുന്നത്. ജയിൽ ഇപ്പോൾ ഒരു ദേശീയ സ്മാരകമായി പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു, കൂടാതെ അതിന്റെ മ്യൂസിയം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ഒരു നേർകാഴ്ച നൽകുന്നു. 1857 ലെ ഇന്ത്യൻ കലാപത്തിനുശേഷം (ശിപായി ലഹള) ആൻഡമാൻ ദ്വീപുകൾ ബ്രിട്ടീഷുകാർ ജയിലായി ഉപയോഗിച്ചിരുന്നുവെങ്കിലും 1896 ലാണ് സെല്ലുലാർ ജയിലിന്റെ പണി ആരംഭിച്ചത്. ആന്തമാനിലെ പോര്‍ട്ട് ബ്ലെയറില്‍ ജയില്‍ പണിയാനുള്ള ബ്രിട്ടീഷുകാരുടെ തീരുമാനത്തിനു പിന്നിലുള്ള പ്രധാന കാരണം, ആയിരക്കണക്കിന് കിലോമീറ്ററോളം കടലല്ലാതെ മറ്റൊന്നും കാണാന്‍ കഴിയാത്ത പോര്‍ട്ട് ബ്ലെയറില്‍ നിന്ന് എത്രശ്രമിച്ചാലും അന്നത്തെ കാലത്ത് ഒരു കുറ്റവാളിക്ക് ജീവനോടെ രക്ഷപ്പെടാനാവില്ല എന്നതായിരുന്നു. മാത്രമല്ല പുറംലോകമറിയാതെ ഏതു ക്രൂരപീഢനവും നടപ്പിലാക്കാന്‍ അനുയോജ്യമായ സ്ഥലം കൂടിയായിരുന്നു ഇത്. 1857 ലെ കലാപത്തിനുശേഷം നിരവധി വിമതരെ വധിക്കുകയും ബാക്കിയുള്ളവരെ ആജീവനാന്ത തടവിനായി ആൻഡമാനിലേക്ക് മാറ്റുകയും ചെയ്തു.പിന്നെയും ഇവിടെ തടവുകാർ വന്നു കൊണ്ടേ ഇരുന്നു. പ്രതിരോധിച്ചവരെയും സഹിക്കവയ്യാതെ രക്ഷപെടാൻ ശ്രമിച്ചവരെയും കൊന്നൊടുക്കി. ദ്വീപിലെ തടവുകാരുടെ എണ്ണം വർധിച്ചപ്പോൾ അവരെ താമസിപ്പിക്കാൻ വേണ്ടി നിർമിച്ചതാണ് സെല്ലുലാർ ജയിൽ. ഇവിടേക്ക് നടന്നുകടത്തപ്പെട്ട കുറ്റവാളികളെ കൊണ്ട്, നിഷ്ഠൂരമായി പണിയെടുപ്പിച്ചാണ് ബ്രിട്ടീഷുകാർ കാലാപാനി എന്നറിയപ്പെടുന്ന സെല്ലുലാര്‍ ജയില്‍ നിര്‍മ്മിച്ചത്. 1896 ല്‍ പണിതുടങ്ങി 1906 ലാണ് ജയില്‍ നിര്‍മ്മാണം പൂര്‍ത്തിയായത്. കരിങ്കല്ലുകൊണ്ട് പണിത സെല്ലുലാര്‍ ജയിലിന്റെ മുന്‍വശത്ത് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് ബ്ലോക്ക്, അതുകഴിഞ്ഞ് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറാവുമാളിക, ഈ പാറാവുമാളികയോട് ചേര്‍ന്ന് അനുബന്ധമായി മൂന്നു നിലയില്‍ പണിത വ്യത്യസ്ത നീളത്തിലുള്ള ഏഴു ബ്ലോക്കുകള്‍ ഇങ്ങനെയായിരുന്നു ഇതിന്റെ ഘടന. ഏകാന്ത തടവിനുള്ള 698 സെല്ലുകളാണ് ഈ ബ്ലോക്കുകളില്‍ ഉണ്ടായിരുന്നത്. ഓരോ സെല്ലുകള്‍ക്കും 4.5 മീറ്റര്‍ നീളവും, 2.7 മീറ്റര്‍ വീതിയുമാണ്. പുറംലോകത്തുനിന്നുള്ള ശബ്ദം പോലും കേള്‍ക്കാത്ത വിധത്തില്‍ 3 മീറ്റര്‍ ഉയരത്തിലുള്ള ചെറിയ വെന്റിലേറ്ററിലൂടെ പരിമിതമായ കാറ്റും വെളിച്ചവും മാത്രമേ തടവുകാര്‍ക്ക് ലഭിച്ചിരുന്നുള്ളൂ. വിവിധ നീളത്തിലുള്ള ഏഴു ബ്ലോക്കുകളും നടുവില്‍ ഉയര്‍ന്നുനില്‍ക്കുന്ന പാറാവുമാളികയുമായി ബന്ധിപ്പിച്ചിരിയ്ക്കുന്നതിനാല്‍, ഈ പാറാവുമാളികയിലൂടെ മാത്രമെ ഓരോ ബ്ലോക്കിലേക്കും പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. വിചിത്രമായ ശിക്ഷാ രീതികളായിരുന്നു ബ്രിട്ടീഷുകാര്‍ ഇവിടെ നടപ്പിലാക്കിയിരുന്നത്. തേങ്ങ പൊളിച്ച് പച്ചചെകിരിപിരിച്ച് കയറുണ്ടാക്കുകയും, പച്ചതേങ്ങ ആട്ടി വെളിച്ചെണ്ണ എടുക്കുന്നതുമൊക്കെ ശിക്ഷയില്‍ ഉള്‍പ്പെട്ടിരുന്നു. എണ്ണയ്ക്കായി ആട്ടുന്ന ചക്കിന്‍റെ പിടിയില്‍ നല്ല ഭാരമുള്ള കട്ട തൂക്കിയിടുമായിരുന്നു. പണിയെടുത്ത് ദിവസവും നിശ്ചിത അളവില്‍ കയറും വെളിച്ചെണ്ണയും നല്‍കാത്ത തടവുകാരെ, പരസ്യമായി എല്ലാവരും കാണുന്നവിധത്തില്‍ ജയില്‍മുറ്റത്ത് പ്രത്യേകമായുണ്ടാക്കിയ സ്റ്റാന്‍ഡില്‍ കെട്ടിയിട്ട് പ്രാകൃതമായ രീതിയില്‍ ചാട്ടവാറുകൊണ്ട് അടിക്കുന്നതും ശിക്ഷയുടെ ഭാഗമായിരുന്നു. ഇതിനെതിരെ വീറോടെ പ്രതികരിക്കുന്ന പല സ്വാതന്ത്ര്യസമര സേനാനികളും മനുഷ്യത്വരഹിതവും സങ്കൽപ്പിക്കാനാവാത്തതുമായ പീഡനങ്ങളിലൂടെയാണ് കടന്നുപോയത്. പലരെയും തൂക്കിക്കൊന്നു. ഇവിടെയടച്ചാല്‍ മാതൃരാജ്യത്തേക്കു മടക്കമില്ല എന്നായിരുന്നു അക്കാലത്തെ വിശ്വാസം. സെല്ലുലാർ ജയിലിലെ ദുരിതത്തിലായ തടവുകാർ ജയിൽ ഉദ്യോഗസ്ഥരുടെ സ്വേച്ഛാധിപത്യത്തിനെതിരെ പ്രതിഷേധിച്ച് തുടങ്ങി. 1932 നും 1937 നും ഇടയിൽ തുടക്കത്തിൽ തടവുകാർ കൂട്ട നിരാഹാര സമരം നടത്തി. സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ഭഗത് സിങ്ങിന്റെ കൂട്ടാളിയായ മഹാവീർ സിംഗ് ഇവിടുത്തെ ക്രൂരമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിയിരുന്നുവെങ്കിലും അധികാരികൾ അദ്ദേഹത്തെ കൊണ്ട് നിർബന്ധിതമായി പാൽ കൊടിപ്പിക്കാൻ ശ്രമിക്കുകയും അത് ശ്വാസകോശത്തിലേക്ക് പോയി അദ്ദേഹം മരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മൃതദേഹം ബ്രിട്ടീഷുകാർ കടലിൽ എറിഞ്ഞു. 1937 ജൂലൈയിൽ ആരംഭിച്ച അവസാന നിരാഹാര സമരം 45 ദിവസം തുടർന്നു. 1937-38 കാലഘട്ടത്തിൽ മഹാത്മാഗാന്ധിയുടെയും രവീന്ദ്രനാഥ ടാഗോറിന്റെയും ഇടപെടലിനെത്തുടർന്ന് സെല്ലുലാർ ജയിലിലെ എല്ലാ രാഷ്ട്രീയ തടവുകാരെയും തിരിച്ചയക്കാൻ സർക്കാർ തീരുമാനിച്ചു. 1942 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷുകാരെ കീഴടക്കി ജയില്‍ ജപ്പാന്‍കാർ അവരുടെ അധീനതയിലാക്കി. നേതാജി സുഭാഷ് ചന്ദ്രബോസ് 1943 ഡിസംബർ 29 ന് താൽക്കാലിക സർക്കാർ മേധാവിയായി സെല്ലുലാർ ജയിൽ സന്ദർശിച്ചു. രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനെത്തുടർന്ന് 1945-ൽ ബ്രിട്ടീഷുകാർ ദ്വീപുകളുടെ നിയന്ത്രണം വീണ്ടെടുത്തു. 1941 ലെ ഭൂകമ്പത്തിൽ ഉണ്ടായ നാശനഷ്ടത്തെത്തുടർന്ന് ജയിലിന്റെ ഏഴ് ബ്ലോക്കുകളിൽ നാലെണ്ണം പിന്നീട് പൊളിക്കേണ്ടിവന്നു. 1947 ലെ സ്വാതന്ത്ര്യത്തിനുശേഷം, പഴയ രാഷ്ട്രീയ തടവുകാരിൽ പലരും ദ്വീപുകൾ സന്ദർശിച്ചു. അവരുടെ അസോസിയേഷൻ - "എക്സ്-ആൻഡമാൻ പൊളിറ്റിക്കൽ പ്രിസൺസ് ഫ്രറ്റേണിറ്റി സർക്കിൾ" അവശേഷിക്കുന്ന മൂന്ന് ബ്ലോക്കുകൾ സംരക്ഷിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചു. 1979 ഫെബ്രുവരി 11 ന് അന്നത്തെ പ്രധാനമന്ത്രി സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് ഈ ജയില്‍ ഇന്നും പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നു. ഈ ജയിലിലേക്ക് പ്രവേശിക്കുന്നതിനുള്ള ടിക്കറ്റ് ചാര്‍ജ്ജ് 30 രൂപയാണ്. ജയിലിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ നമുക്ക് കാണാൻ സാധിക്കുന്നത് ഒരു മ്യൂസിയം ആണ്. ഇവിടത്തെ മുഴുവന്‍ ചരിത്രവും സംഭവങ്ങളും ചിത്രങ്ങളായും എഴുത്തുകളായും നിര്‍മ്മിതികളായും ഈ മ്യൂസിയത്തില്‍ കാണുവാന്‍ സാധിക്കും. ജയിലില്‍ തടവുകാര്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, വസ്ത്രങ്ങള്‍ തുടങ്ങിയവയും ഈ മ്യൂസിയത്തില്‍ നമുക്ക് കാണാം. ജയിലിലെ അന്ന് നടപ്പിലാക്കിയിരുന്ന ശിക്ഷകളുടെ മാതൃകകളും ഇന്ന് സെല്ലുലാര്‍ ജയിലില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.