Please login to post comment

തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം

  • admin trycle
  • Mar 13, 2020
  • 0 comment(s)

തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം

 

ഇരുപതാംനൂറ്റാണ്ടില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു 1924 ജൂലൈ - ആഗസ്റ്റ് മാസങ്ങളിലെ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഭീകരമായ വെള്ളപ്പൊക്കം. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം എന്നാണ് ഇത് അറിയപ്പെടുന്നത്. കൊല്ലവർഷം 1099 ലാണ് ഇതുണ്ടായത് എന്നതിനാലാണ് തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കം എന്ന പേരിൽ ഇതറിയപ്പെടുന്നത്. മധ്യതിരുവിതാംകൂറിനെയും തെക്കന്‍ മലബാറിനെയും കാര്യമായി ബാധിച്ച ഈ പ്രളയത്തില്‍ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം മുങ്ങിപ്പോയിരുന്നു. അൽപമെങ്കിലും ഉയർന്ന പ്രദേശങ്ങളിലെല്ലാം അഭയാർഥികളെക്കൊണ്ട് നിറഞ്ഞു.

 

സമുദ്രനിരപ്പില്‍ നിന്ന് 6500 അടി ഉയരമുള്ള മൂന്നാറിലും കനത്തമഴയെത്തുടര്‍ന്ന് വെള്ളം കയറി. ബ്രിട്ടീഷുകാരുടെ ഇഷ്ടതാവളവും കിലോമീറ്ററുകൾ പരന്ന് കിടക്കുന്ന തേയിലത്തോട്ടങ്ങളുമുള്ള മൂന്നാറില്‍, വെള്ളപ്പൊക്കത്തിന് മുമ്പ് വൈദ്യുതിയും, മോണോറെയില്‍ തീവണ്ടിയും, റോപ്പ് വേയും ഉണ്ടായിരുന്നു. എന്നാല്‍ പ്രളയത്തിന് ശേഷം റെയില്‍വേ സ്റ്റേഷനും റെയില്‍പ്പാതയും പൂർണ്ണമായും മൂന്നാറിന് നഷ്ടമായി. മാത്രമല്ല മലവെള്ളപ്പാച്ചിലും ഒഴുകി വന്ന മരങ്ങളും മൂന്നാര്‍ പട്ടണത്തെ തകര്‍ത്തു. കരിന്തിരി മലയിലുണ്ടായ മണ്ണിടിച്ചിലിനെതുടര്‍ന്ന് മൂന്നാറിലേക്കുള്ള റോഡ് പൂര്‍ണമായും തകര്‍ന്നു. പിന്നീടാണ് കോതമംഗലത്തുനിന്ന് മൂന്നാറിലേക്ക് പുതിയ റോഡ് നിര്‍മ്മിച്ചത്. 1924 ജൂലൈ മാസത്തില്‍ മൂന്നാറില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് 171 ഇഞ്ചായിരുന്നു. പഴയ മൂന്നാറിനു സമീപമായി ഏകദേശം ആറായിരം ഏക്കര്‍ പരന്ന് കിടന്നിരുന്ന സ്ഥലം പ്രളയത്തില്‍ ഒരു വന്‍ തടാകമായി മാറിയിരുന്നു. മഴ തുടങ്ങിയതിന്റെ ആറാം ദിവസം അവിടുണ്ടായിരുന്ന അണക്കെട്ട് പൊട്ടി മലവെള്ളപ്പാച്ചില്‍ സംഭവിച്ചിരുന്നു. 200 ഏക്കര്‍ സ്ഥലം ഒറ്റയടിക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടായിരുന്നു പള്ളിവാസലില്‍ പ്രളയം താണ്ടവമാടിയത്. പ്രളയത്തെത്തുടര്‍ന്ന് പള്ളിവാസല്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ ബണ്ടുകള്‍ പൊട്ടുകയും, 150 അടി ഉയരമുള്ള വെള്ളച്ചാട്ടം പള്ളിവാസലില്‍ രൂപപ്പെടുകയും ചെയ്തു. പ്രളയശേഷം അവിടെ വീണ്ടും തേയിലച്ചെടികള്‍ നട്ടും റോഡുകള്‍ നന്നാക്കിയും ബ്രിട്ടീഷുകാര്‍ മൂന്നാറിനെ പഴയ മൂന്നാറാക്കി മാറ്റി. എന്നാല്‍ ആ വെള്ളപ്പൊക്കത്തില്‍ മൂന്നാറിന് സംഭവിച്ച ഒരു വലിയ നഷ്ടം റെയില്‍ ഗതാഗതം തന്നെയായിരുന്നു. കുണ്ടള വാലി റെയില്‍വേ എന്ന പേരിലറിയപ്പെട്ടിരുന്ന മൂന്നാറിലെ തീവണ്ടി സര്‍വ്വീസ് ഇന്നും ഒരോര്‍മ്മയായി അവശേഷിക്കുന്നു.

 

മദ്ധ്യകേരളത്തെയാണ് പ്രളയം ഏറ്റവും മാരകമായി ബാധിച്ചിരുന്നത്. എറണാകുളത്ത് രണ്ടു ദിവസം കൊണ്ട് ഒരാൾ പൊക്കത്തിൽ വെള്ളമുയർന്നു. മാത്രമല്ല എറണാകുളം ജില്ലയുടെ നാലില്‍ മൂന്ന് ഭാഗവും വെള്ളത്തിനടിയില്‍ മുങ്ങി. കുട്ടനാട് പൂര്‍ണ്ണമായും വെള്ളത്തില്‍ താഴ്ന്നു. മദ്ധ്യ തിരുവിതാംകൂറില്‍ 20 അടിവരെ വെള്ളം പൊങ്ങുകയുണ്ടായി. മധ്യ തിരുവിതാംകൂറിൽ തിരുവല്ല, തിരുമൂലപുരം, തുകലശേരി തുടങ്ങിയ സ്ഥലങ്ങളിലെ കുന്നുകളിൽ രണ്ടു ദിവസം കൊണ്ട് 8000 പേരാണ്‌ അഭയാർഥികളായി എത്തിയത്. വെമ്പാല, മുഴക്കീർ, തലയാർ, പാണ്ടനാട്, മണിപ്പുഴ, ചാത്തൻകരി, നിരണം, മാന്നാർ, കാരയ്ക്കൽ, പെരുന്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് ആയിരങ്ങൾ ജീവനും കൊണ്ടു പലായനം ചെയ്തു. അന്ന് വിവിധ റിപ്പോർട്ടുകളോടൊപ്പം സ്ഥിരം ഒരു വാചകമുണ്ട് “ശവങ്ങൾ ഒഴുകി നടക്കുന്നു”. ആടുമാടുകളുടെയും കാട്ടുമൃഗങ്ങളുടെയും ജഡങ്ങൾക്കൊപ്പം മനുഷ്യരുടെ മൃതദേഹങ്ങളും എല്ലായിടത്തും ഒഴുകി നടന്നു. മലബാറിലും പ്രളയം കനത്തതോതില്‍ ബാധിച്ചിരുന്നു. തെക്കേ മലബാര്‍ വെള്ളത്തിനടിയിലായി. കോഴിക്കോട് പട്ടണം പകുതിയിലേറെയും മുങ്ങി. രണ്ടായിരം വീടുകള്‍വരെ നിലം പതിച്ചു. പൊന്നാനി താലൂക്കിലും മറ്റും കനോലി കനാലിലൂടെ മൃത ശരീരങ്ങൾ ഒഴുകിനടക്കുകയായിരുന്നു. പെയ്ത്ത് വെള്ളവും കടല്‍ വെള്ളവും ഒരുപോലെ കരയെ ആക്രമിച്ചു.

 

തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തിൽ എത്രപേർ മരിച്ചുവെന്ന കണക്കില്ല. അങ്ങനെ ഒരു കണക്കെടുക്കാനുള്ള സംവിധാനം അന്നുണ്ടായിരുന്നില്ല. അന്നത്തെ പത്രവാർത്തകളും മറ്റു രേഖകളും പ്രളയത്തിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് തരുന്നു. ഗതാഗത സംവിധാനങ്ങളും തപാല്‍ സംവിധാനങ്ങളും താറുമാറാക്കിയ പ്രളയത്തെത്തുടര്‍ന്ന് കനത്ത പട്ടിണിയാണ് നേരിടേണ്ടി വന്നത്. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തോളം വരില്ലെങ്കിലും 1939, 1961, 2018 എന്നീ വര്‍ഷങ്ങളിലും കനത്ത വെള്ളപ്പൊക്കങ്ങള്‍ കേരളത്തിലുണ്ടായി. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കത്തിന്റെ പശ്‌ചാത്തലത്തിൽ തകഴി ശിവശങ്കരപ്പിള്ള രചിച്ച ചെറുകഥയാണ് ‘വെള്ളപ്പൊക്കത്തിൽ’. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം മൂലം കേരളത്തിന്റെ ഭൂപ്രകൃതിയും നദികളുടെ ഗതിയും വരെ സാരമായി മാറുകയുണ്ടായി.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...