മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ
- admin trycle
- Jul 3, 2020
- 0 comment(s)

മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ
അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പ്രധാന നേതാക്കളിൽ ഒരാളാണ് മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ. തന്റെ ആക്ടിവിസത്തിലൂടെയും പ്രചോദനാത്മകമായ പ്രസംഗങ്ങളിലൂടെയും, അമേരിക്കയിലെ ആഫ്രിക്കൻ-അമേരിക്കൻ പൗരന്മാരുടെ നിയമപരമായ വേർതിരിവ് അവസാനിപ്പിക്കുന്നതിലും 1964 ലെ പൗരാവകാശ നിയമവും 1965 ലെ വോട്ടവകാശ നിയമവും സൃഷ്ടിക്കുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. 1964 ൽ കിംഗ് സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി. ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ളതും പ്രചോദനാത്മകവുമായ ആഫ്രിക്കൻ-അമേരിക്കൻ നേതാക്കളിൽ ഒരാളായി അദ്ദേഹം ഓർമിക്കപ്പെടുന്നു.
1929 ജനുവരി 15 ന് ജോർജിയയിലെ അറ്റ്ലാന്റയിൽ ആണ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ജനിച്ചത്. ഒരു പാസ്റ്ററായിരുന്ന മാർട്ടിൻ ലൂഥർ കിംഗ് സീനിയറിന്റെയും മുൻ സ്കൂൾ അധ്യാപികയായ ആൽബർട്ട വില്യംസ് കിംഗ് എന്നിവരുടെ മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. പ്രതിഭാധനനായ വിദ്യാർത്ഥിയായ കിംഗ് പതിനഞ്ചാമത്തെ വയസ്സിൽ മോർഹൗസ് കോളേജിൽ ചേർന്നു. അവിടെ അദ്ദേഹം വൈദ്യവും നിയമവും പഠിച്ചു. 1948 ൽ ബിരുദം നേടിയ ശേഷം കിംഗ് പെൻസിൽവാനിയയിലെ ക്രോസർ തിയോളജിക്കൽ സെമിനാരിയിൽ പ്രവേശിച്ചു. അവിടെവെച്ച് മഹാത്മാഗാന്ധിയുടെ അഹിംസ തത്വശാസ്ത്രം പരിചയപ്പെട്ട അദ്ദേഹം ഡിവൈനിറ്റിയിൽ ബിരുദവും നേടി. 1953ൽ തന്റെ ഇരുപത്തി നാലാമത്തെ വയസ്സിൽ അദ്ദേഹം അലബാമ സംസ്ഥാനത്തിലെ മോണ്ട്ഗോമറിയിലെ ഡെക്സ്റ്റർ അവന്യൂ ബാപ്റ്റിസ്റ്റ് പള്ളിയിൽ പാസ്റ്ററായി.
1955 ഡിസംബർ ഒന്നാം തീയതി കറുത്ത വർഗ്ഗക്കാരിയായ റോസ പാർക്സ്, ഒരു വെള്ളക്കാരനു ബസ്സിൽ സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനാൽ, ജിം ക്രോ നിയമലംഘനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. ഇതിനെത്തുടർന്ന് മോണ്ട്ഗോമറി ബസ് ബഹിഷ്കരണസമരം നയിച്ചത് കിംഗായിരുന്നു. 385 ദിവസം നീണ്ടുനിന്ന ഈ സമരത്തിനിടെ കിംഗ് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അലബാമയിലെ യു. എസ്. ജില്ലാക്കോടതി ഈ കേസിൽ പ്രക്ഷോഭകർക്കനുകൂലമായി വിധി പ്രഖ്യാപിക്കുകയും മോണ്ട്ഗോമറിയിലെ ബസ്സുകളിൽ വെള്ളക്കാർക്ക് പ്രത്യേകസീറ്റുകൾ നിലവിലുണ്ടായിരുന്നത് നിർത്തലാക്കുകയും ചെയ്തു. മോണ്ട്ഗോമറി ബസ് ബഹിഷ്‌കരണത്തിന്റെ വിജയത്തോടെ അദ്ദേഹവും മറ്റ് പൗരാവകാശ പ്രവർത്തകരും ചേർന്ന് 1957-ൽ സതേൺ ക്രിസ്ത്യൻ ലീഡർഷിപ്പ് കോൺഫറൻസ് (എസ്.സി.എൽ.സി) സ്ഥാപിച്ചു. അഹിംസാത്മക പ്രതിഷേധത്തിലൂടെ ആഫ്രിക്കൻ അമേരിക്കക്കാർക്ക് സമ്പൂർണ്ണ സമത്വം കൈവരിക്കാൻ പ്രതിജ്ഞാബദ്ധരായ ഒരു സംഘമായിരുന്നു ഇത്. എസ്.സി.എൽ.സി പ്രസിഡന്റ് ആയിരുന്ന മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ രാജ്യത്തും ലോകമെമ്പാടും സഞ്ചരിച്ച് അഹിംസാത്മക പ്രതിഷേധം, പൗരാവകാശങ്ങൾ എന്നിവയെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും മതവിശ്വാസികൾ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
1963 ഓഗസ്റ്റ് 28ന് ലിങ്കൺ മെമ്മോറിയലിന് മുന്നിൽ തടിച്ചുകൂടിയ രണ്ടുലക്ഷത്തോളം ജനങ്ങളെ അഭിസംബോധന ചെയ്ത് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ നടത്തിയ ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന പ്രസംഗം ഇരുപതാം നൂറ്റാണ്ടില്‍ ലോകം കേട്ട മികച്ച പ്രസംഗങ്ങളിലൊന്നാണ്. സമത്വത്തിനും സ്വാതന്ത്ര്യത്തിനും ആഹ്വാനം ചെയ്ത് കൊണ്ടുള്ള ഈ പ്രസംഗം പൗരാവകാശ പ്രസ്ഥാനത്തിന്റെ നിർണ്ണായക നിമിഷങ്ങളിലൊന്നായും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്നായും മാറി. 'അമേരിക്കൻ സിവിൽറൈറ്റ്‌സ് മൂവ്മെന്റ്' സംഘടിപ്പിച്ച വാഷിങ്ടൺ മാർച്ചിൽ വെച്ചാണ് മാർട്ടിൻ ലൂതർ കിങ് ഈ പ്രസംഗം നടത്തിയത്. അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരോടുള്ള വംശീയ വിവേചനത്തെ എതിർക്കുകയും പൗരാവകാശ നിയമനിർമാണം പാസ്സാക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ മാർച്ചിന്റെ ഉദ്ദേശ്യം.
അബ്രഹാം ലിങ്കന്റെ ഗെറ്റിസ്ബർഗ് പ്രസംഗത്തെ പരാമർശിച്ച് കൊണ്ടാണ് മാർട്ടിൻ ലൂതർ കിങ് തന്റെ പ്രസംഗം ആരംഭിച്ചത്. തുടർന്ന് അടിമ വിമോചന വിളംബരത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം അടിമത്തത്തിന്റെ നീണ്ട രാത്രി അവസാനിച്ചുവെങ്കിലും, ആഫ്രിക്കൻ അമേരിക്കക്കാർ ഇപ്പോഴും സ്വതന്ത്രരല്ല എന്നും വിവേചനങ്ങൾ അവരെ തളർത്തി എന്നും സൂചിപ്പിച്ചു. ആഫ്രിക്കൻ അമേരിക്കൻ ജനതയുടെ ജീവിതാവസ്ഥകളെക്കുറിച്ച് സംസാരിച്ച അദ്ദേഹം ‘എനിക്കൊരു സ്വപ്നമുണ്ട്’ എന്ന് പറഞ്ഞ് കൊണ്ട് വിവേചനകൾ ഇല്ലാത്ത അമേരിക്കയെ കുറിച്ചുള്ള തന്റെ സ്വപ്നങ്ങൾ പങ്കുവെച്ചു. സ്വാതന്ത്രത്തിന് ആഹ്വനം ചെയ്തു കൊണ്ട് അവസാനിപ്പിച്ച ഈ പ്രസംഗം എക്കാലത്തെയും വലിയ സ്വാതന്ത്ര്യപ്രഖ്യാപനങ്ങളിൽ ഒന്നായി ലോകം അംഗീകരിക്കുന്നു. മുപ്പത്തിനാലാം വയസ്സിൽ മാർട്ടിൻ ലൂതർ കിങ് നടത്തിയ ഈ പ്രസംഗം 1964 ലെ പൗരാവകാശ നിയമം നിലവിൽ വരാൻ സഹായിച്ചതായി പലരും വിശ്വസിക്കുന്നു
1968 ഏപ്രിൽ 4 ന് വൈകുന്നേരം മാർട്ടിൻ ലൂതർ കിംഗ് കൊല്ലപ്പെട്ടു. ലോറൻ മോട്ടലിലെ തന്റെ മുറിക്ക് പുറത്ത് ഒരു ബാൽക്കണിയിൽ നിൽക്കുമ്പോൾ, മാർട്ടിൻ ലൂതർ കിംഗ് ജൂനിയരുടെ ശരീരത്തിൽ ഒരു സ്നൈപ്പറുടെ ബുള്ളറ്റ് തുളച്ച് കയറുകയായിരുന്നു. ജയിംസ് ഏൾ റേ എന്ന വെള്ളക്കാരനായ കുറ്റവാളിയായിരുന്നു അദ്ദേഹത്തെ വെടി വെച്ചത്. ടർന്ന് ലണ്ടനിലേക്ക് ഒളിച്ചു കടന്ന ഇയാൾ ബ്രസൽസിലേക്ക് ഒളിച്ചുകടക്കാൻ ശ്രമിക്കുമ്പോൾ പിടിക്കപ്പെടുകയാണുണ്ടായത്. കുറ്റസമ്മതം നടത്തിയ ഇയാൾക്ക് 99 വർഷത്തെ തടവാണ് ശിക്ഷ വിധിക്കപ്പെട്ടത്.