ക്രിക്കറ്റ്
- admin trycle
- Jun 23, 2020
- 0 comment(s)
ക്രിക്കറ്റ്
ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദങ്ങളിൽ ഒന്നാണ് ക്രിക്കറ്റ്. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ക്രിക്കറ്റിന്റെ ആദ്യ രൂപങ്ങൾ ആരംഭിച്ചതായി കരുതപ്പെടുന്നു. എന്ന് എവിടെ ക്രിക്കറ്റ് ഉത്ഭവിച്ചു എന്നുള്ളതിനെ പറ്റി ആർക്കും വ്യക്തമായ ഒരു സൂചനയില്ല. ദക്ഷിണ ഇംഗ്ലണ്ടിലെ പുൽമേടുകളിലാവം ക്രിക്കറ്റ് ആദ്യമായി ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു. ഇവിടെ ആടുകളെ മേയ്ക്കാൻ വന്ന ബാലന്മാർ കളിച്ച് തുടങ്ങിയതെന്ന് പൊതുവേ വിശ്വസിക്കുന്ന ക്രിക്കറ്റ് പിന്നീട് മുതിർന്നവരും കളിച്ചുതുടങ്ങി.
മുതിർന്നവരുടെ കായിക ഇനമെന്ന രീതിയിൽ ക്രിക്കറ്റിനെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം 1611 ലായിരുന്നു, അതേ വർഷം തന്നെ ഒരു നിഘണ്ടു ക്രിക്കറ്റിനെ ആൺകുട്ടികളുടെ കളിയായും നിർവചിക്കുന്നുണ്ട്. ബൗൾ എന്ന പഴയ കളിയിൽ നിന്നാവാം ക്രിക്കറ്റ് ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത് എന്ന് കരുതുന്നു. ഇവിടെ പന്ത് ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് ബാറ്റ്സ്മാൻ പന്ത് അടിച്ചു തെറിപ്പിക്കുന്നു. മേച്ചിൽ പുറങ്ങളിൽ ക്രിക്കറ്റ് കളിച്ച് തുടങ്ങിയ സമയങ്ങളിൽ പന്തിനായി ഉപയോഗിച്ചത് ചെറിയ തടികഷ്ണമോ, കല്ലോ, കമ്പിളിയോ ആയിരിക്കണം. പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഗ്രാമീണ ക്രിക്കറ്റ് വികസിക്കുകയും നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ആദ്യത്തെ ഇംഗ്ലീഷ് “കൗണ്ടി ടീമുകൾ” രൂപീകരിക്കുകയും ചെയ്തു. ടീമുകൾ കൗണ്ടി പേരുകൾ ഉപയോഗിക്കുന്ന അറിയപ്പെടുന്ന ആദ്യത്തെ ഗെയിം 1709 ലാണ്.
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ലണ്ടനിലും ഇംഗ്ലണ്ടിന്റെ തെക്ക്-കിഴക്കൻ കൗണ്ടികളിലും ഒരു പ്രമുഖ കായിക ഇനമായി ക്രിക്കറ്റ് മാറി. യാത്രയുടെ പരിമിതികളാൽ അതിന്റെ വ്യാപനം പരിമിതപ്പെട്ടിരുന്നു, എന്നാൽ ഇത് ഇംഗ്ലണ്ടിന്റെ മറ്റ് ഭാഗങ്ങളിൽ സാവധാനം പ്രശസ്തി നേടിക്കൊണ്ടിരുന്നു. കൂടാതെ വനിതാ ക്രിക്കറ്റിന്റെ ആദ്യത്തെ അറിയപ്പെടുന്ന മത്സരം 1745 ൽ സർറേയിൽ നടന്നു. 1744-ൽ ക്രിക്കറ്റിന്റെ ആദ്യ നിയമങ്ങൾ എഴുതപ്പെട്ടു 1774 ൽ ഇത് ഭേദഗതി ചെയ്യപ്പെട്ടു. മിഡിൽ സ്റ്റംപ്, ഒരു ബാറ്റിന്റെ പരമാവധി വീതി, എൽബിഡബ്ല്യു പോലുള്ളവ ഇതിൽ കൂട്ടിച്ചേർക്കപ്പെട്ടു. “സ്റ്റാർ ആന്റ് ഗാർട്ടർ ക്ലബ്” ആണ് കോഡുകൾ തയ്യാറാക്കിയത്, അതിന്റെ അംഗങ്ങൾ 1787 ൽ ലോർഡ്‌സിൽ പ്രശസ്തമായ മേരിലബോൺ ക്രിക്കറ്റ് ക്ലബ് സ്ഥാപിച്ചു. എംസിസി ഉടൻ തന്നെ നിയമങ്ങളുടെ സൂക്ഷിപ്പുകാരയിത്തീർന്നു, അന്നുമുതൽ അവർ നിരവധി പരിഷ്കാരങ്ങൾ വരുത്തി.
1760 ന് ശേഷം ബൗളർമാർ പന്ത് പിച്ച് ചെയ്യിക്കാൻ തുടങ്ങിയപ്പോൾ “ഹോക്കി-സ്റ്റിക്ക്” ശൈലിയിലുള്ള ബാറ്റിന് പകരം നേരെയുള്ള ബാറ്റുകൾ മാറ്റിസ്ഥാപിച്ചു. ഇംഗ്ലണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിൽ കോളനികൾ സ്ഥാപിച്ചതോടെ ക്രിക്കറ്റും കൂടുതൽ പ്രചാരം നേടി. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് കോളനികൾ വഴി ക്രിക്കറ്റ് വടക്കേ അമേരിക്കയിലേക്ക് എത്തി, പതിനെട്ടാം നൂറ്റാണ്ടിൽ ഇത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ എത്തി. വെസ്റ്റ് ഇൻഡീസിൽ കോളനിക്കാരും ഇന്ത്യയ്ക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നാവികരും ഇത് പരിചയപ്പെടുത്തി. 1788-ൽ കോളനിവൽക്കരണം ആരംഭിച്ചയുടനെ ഇത് ഓസ്‌ട്രേലിയയിലെത്തി, 19-ആം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ഈ കായികവിനോദം ന്യൂസിലൻഡിലും ദക്ഷിണാഫ്രിക്കയിലും എത്തി. പരിമിത ഓവർ മത്സരം ആരംഭിച്ച് അധികം വൈകാതെ തന്നെ ആദ്യ ഏകദിന ലോകകപ്പ് നടന്നു. 1975 ൽ നടന്ന ആദ്യ ഏകദിന ലോകകപ്പിൽ ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾ പങ്കെടുത്തു. 60 ഓവർ ഉള്ള ഈ മത്സരത്തിൽ വെസ്റ്റിൻഡീസ് ജേതാക്കളായി
ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന ഐ.സി.സി.(ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ) എന്നറിയപ്പെടുന്നു. 1909-ൽ ഇത് രൂപത്‌കരിക്കപ്പെട്ടു. അതിനുമുമ്പുതന്നെ ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങൾക്ക് സംഘടനയുണ്ടായിരുന്നു. ഇന്ത്യ 1926-ൽ ഇന്ത്യ സംഘടനയിൽ അംഗമായി. 20 ഓവർ വീതമുള്ള ആദ്യ അന്താരാഷ്ട്ര മത്സരം നടന്നത് 2005-ൽ ഓസ്‌ട്രേലിയയും ന്യൂസീലൻഡും തമ്മിലാണ്. 2007-ൽ ട്വന്റി 20 ലോകകപ്പ് തുടങ്ങി. ദക്ഷിണാഫ്രിക്കയിൽ നടന്ന ആദ്യ ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായി.