കുണ്ടളവാലി റെയില്‍വേ
- admin trycle
- Mar 3, 2020
- 0 comment(s)
കുണ്ടളവാലി റെയില്‍വേ
ഇന്ന് കേരളത്തിൽ റെയിൽവേ സംവിധാനമില്ലാത്ത ജില്ലകളാണ് ഇടുക്കിയും വയനാടും. എന്നാൽ, ഒരു കാലത്ത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ റെയിൽവേ ഗതാഗതം ഉണ്ടായിരുന്നു. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറില്‍ 20-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ നിലനിന്നിരുന്ന റെയില്‍വേ ലൈനാണ് കുണ്ടളവാലി റെയില്‍വേ. മൂന്നാര്‍ റെയില്‍വേ എന്നും ഇത് അറിയപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ മോണോറെയില്‍ സിസ്റ്റം ആയിരുന്നു ഇത്. 1902-ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ റെയില്‍പ്പാത 1908-ല്‍ രണ്ട് അടി(610മിമി) വീതിയുള്ള നാരോഗേജ് ആക്കിമാറ്റിയിരുന്നു. സ്വകാര്യ ഉടമസ്ഥതയിലായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നത്. അക്കാലത്ത് ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട താവളങ്ങളിലൊന്നായിരുന്നു മൂന്നാര്‍. ചായപ്പൊടിയും മറ്റ് സുഗന്ധവ്യജ്ഞനങ്ങളുടെയും വ്യാപാരാവശ്യത്തിനും മറ്റും ഗതാഗതം സൗകര്യപ്രദമാകുന്നതിന് വേണ്ടിയാണ് റെയില്‍ ഉപയോഗിച്ചത്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് തമിഴ്‌നാട്ടുകാരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ബ്രിട്ടീഷുകാരുടെ ആദ്യ വരവ് ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെങ്കിലും അത് വേണ്ടി വന്നില്ല. 1888ലാണ് കണ്ണൻ ദേവൻ പ്ളാന്റേഴ്സ് അസോസിയേഷൻറ പിറവി. അപ്പോഴെക്കും പാർവതി മലയിലെ 50 ഏക്കർ സ്ഥലത്ത് തേയില കൃഷി ആരംഭിച്ചിരുന്നു. മൂന്നാർ മലകൾ തേയില കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തിയതോടെ മൂന്നാറിന്റെ കുതിപ്പിന് തുടക്കമായി. 1900 കാലത്താണ് ബ്രിട്ടീഷുകാർ തേയിലയുടെ ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നത്. തേയിലപ്പെട്ടികൾ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖം വരെ എത്തിച്ചാൽ മാത്രമേ തേയില കപ്പൽ കയറ്റി ബ്രിട്ടനിൽ എത്തിക്കാനും മൂന്നാറിൽ ചെലവിട്ട കാശ് തിരിച്ചു പിടിക്കാനും കഴിയു. അതിനായി അന്ന് നിലവിലുണ്ടായിരുന്ന ബദൽ സംവിധാനങ്ങൾ എല്ലാം തന്നെ അപര്യാപ്തമായിരുന്നു. അങ്ങനെയാണ് അന്നത്തെ സൂപ്രണ്ടായിരുന്ന എമുലേറ്റ് സായിപ്പ് 1902 -ൽ ഇർവിങ്ങ് സിസ്റ്റം എന്നറിയപ്പെട്ടിരുന്ന 'കാളയെ പൂട്ടിയ മോണോറെയിൽ' തുടങ്ങുന്നത്. അതിലേക്കായി അഞ്ഞൂറ് കാളകളെ കൊണ്ടുവന്നു. അവറ്റയെ പരിചരിക്കാൻ വേണ്ടി ഒരു മൃഗഡോക്ടറെയും രണ്ടു സഹായികളെയും ബ്രിട്ടനിൽ നിന്നും കൊണ്ടുവരുകയും ചെയ്തു.
റെയിൽവേയുടെ പരിണാമത്തിലെ ആദ്യകണ്ണികളിൽ ഒന്നായിരുന്ന 'ബുള്ളക്ക് ഡ്രിവൺ മോണോറെയിൽ', അഥവാ പൂട്ടിയകാളകൾ വലിച്ചുകൊണ്ടുപോയിരുന്ന മോണോറെയിൽ സിസ്റ്റം. മുമ്പിലെയും പിന്നിലെയും ചക്രങ്ങൾ പാളം വഴി സഞ്ചരിക്കുമ്പോൾ ട്രെയിൻ മറിയാതിരിക്കാൻ ഇരു വശങ്ങളിലും വലിയ ചക്രങ്ങൾ കാണും. ഈ ചക്രം പാളത്തിനു സമാന്തരമായ ചെറിയ റോഡിൽ കൂടിയായിരിക്കും സഞ്ചരിക്കുന്നത്. ഇതാണ് മോണോ റെയിലിന്റെ സംവിധാനം.
1902ൽ മൂന്നാറിനെ ടോപ്പ് സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് മോണോറെയിൽ സ്ഥാപിച്ചത്. ടോപ്പ് സ്റ്റേഷനിൽ നിന്ന് റോപ്‌വേയിലുടെ കോട്ടക്കുടിയിലും അവിടെ നിന്നും തൂത്തുക്കുടി തുറമുഖത്തും എത്തിച്ചായിരുന്നു തേയില ബ്രിട്ടണിലേക്ക് കയറ്റി അയച്ചിരുന്നത്. വിവിധ എസ്റ്റേറ്റുകളിൽ നിന്ന് കാളവണ്ടി മാർഗ്ഗമാണ് തേയില മൂന്നാറിൽ എത്തിച്ചിരുന്നത്. 1908 -ൽ മോണോറെയിൽ സംവിധാനത്തെ ബ്രിട്ടീഷുകാർ രണ്ടടി വീതിയുള്ള നാരോ ഗേജ് റെയിൽവേയിലേക്ക് അപ്ഗ്രേഡ് ചെയ്തതോടെ ആവി എഞ്ചിൻ വലിക്കുന്ന ചരക്കുബോഗികൾ വന്നു. പഴയ കൽക്കരി എൻജിൻ തന്നെയാണ് സർവീസിന് ഉപയോഗിച്ചിരുന്നത്. മൂന്നാറിനും ടോപ്പ് സ്റ്റേഷനുമിടയ്ക്ക് മധുപ്പെട്ടി, പലാർ എന്നീ രണ്ടു സ്റ്റേഷനുകളും ഉണ്ടായിരുന്നു.
1924-ലെ പ്രളയത്തോടെയാണ് ഈ റെയില്‍ ഗതാഗതം നശിച്ചത്. തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കമെന്നറിയപ്പെടുന്ന പ്രളയം അതിരൂക്ഷമായി ബാധിച്ച സ്ഥലങ്ങളിലൊന്നായിരുന്നു മൂന്നാര്‍. പ്രളയാനന്തരം മൂന്നാറിനെ പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിക്കാന്‍ ബ്രിട്ടീഷുകാരടക്കം പരിശ്രമിച്ചിട്ടും, ഏതാണ്ട് ഒരു നൂറ്റാണ്ട് കാലം ആകുമ്പോള്‍ പോലും മൂന്നാറിലെ പഴയ റെയില്‍ ഗതാഗതത്തെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നാര്‍ റെയില്‍വേ സ്റ്റേഷനായി പ്രവര്‍ത്തിച്ച കെട്ടിടം ഇന്ന് ടാറ്റാ ടീയുടെ ഓഫീസാണ്. ഇതിന് സമീപം ഇന്നും പഴയ റെയിലിന്‍റെ അവശിഷ്ടങ്ങള്‍ കാണാന്‍ സാധിക്കും. മൂന്നാര്‍ ടോപ്പിലും റെയില്‍വേ സ്റ്റേഷന്‍ ഉണ്ടായിരുന്നതായുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പഴയ റെയില്‍പ്പാത നിലനിന്നിരുന്നിടത്താണ് ഇന്ന് മൂന്നാറിലെ വിവിധ റോഡുകള്‍ സ്ഥിതിചെയ്യുന്നത്.