ഡോ. മധുമാല ചതോപാധ്യായ
- admin trycle
- May 22, 2020
- 0 comment(s)

ഡോ. മധുമാല ചതോപാധ്യായ
ഒരു ഇന്ത്യൻ നരവംശശാസ്ത്രജ്ഞയാണ് ഡോ. മധുമാല ചതോപാധ്യായ. നോർത്ത് സെന്റിനലീസ് ഗോത്രങ്ങളുമായി സമ്പർക്കം പുലർത്തുന്ന ആദ്യത്തെ വനിതാ നരവംശശാസ്ത്രജ്ഞയായിരുന്നു അവർ. തികച്ചും അപരിഷ്‌കൃതവും പുറം ലോകവുമായി യാതൊരു ബന്ധവും ആഗ്രഹിക്കാത്ത ജനസമൂഹങ്ങളാണ് നോർത്ത് സെന്റിനലിലെ(north sentinel) ഒങ്ങേ (Onge ), ഷോംപെൻ(Shompen ), ജർവാ(Jarawa) ഗോത്രക്കാർ. ആൻഡമാൻ ദ്വീപ് സമൂഹത്തിൽ ഉൾപ്പെടുന്ന ഒരു ദ്വീപാണ് നോർത്ത് സെന്റിനാൽ(north sentinel). ബാഹ്യമായ ഏതൊരു ഇടപെടലിനെയും ശക്തമായ രീതിയിൽ ഇവിടുത്തെ ഗോത്രക്കാർ എതിർക്കുന്നു. അതുകൊണ്ടു തന്നെ ഈ ദ്വീപിൽ എത്തപ്പെട്ട പലരും ഇവരുടെ ആക്രമണത്തിന്റെ ഫലമായി മരണപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ 1956 ൽ ഇന്ത്യ ഗവണ്മെന്റ് ഈ മേഖലയിലേക്കുള്ള പ്രവേശനം നിരോധിച്ചു. ഇന്ത്യയിൽ നിന്നും ഏകദേശം 1200 കിലോ മീറ്റർ അകലത്തിൽ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന സെന്റിനലിൽ എത്തിപ്പെടുകയും അവരുമായി അടുത്ത് ഇടപെടുകയും ചെയ്ത ഒരു വ്യക്തി എന്ന് പറയുന്നത് ഡോ. മധുമാല ചതോപാധ്യായയാണ്. കുട്ടിക്കാലം മുതൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഗോത്രവർഗ്ഗങ്ങളെക്കുറിച്ച് പഠിക്കാൻ അവൾ ആഗ്രഹിച്ചിരുന്നു. മുതിർന്നപ്പോൾ ആറുവർഷത്തോളം അവരെക്കുറിച്ച് ഗവേഷണം നടത്തി, ഒടുവിൽ ഈ വിഷയത്തിൽ 20 ഗവേഷണ പ്രബന്ധങ്ങളും 'ട്രൈബ്സ് ഓഫ് കാർ നിക്കോബാർ' എന്ന പുസ്തകവും ഇവർ പ്രസിദ്ധീകരിച്ചു.
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ഒരു ചെറിയ പ്രാന്തപ്രദേശമായ ഷിബ്പൂരിലാണ് മധുമാല വളർന്നത്. ഷിബ്പൂരിലെ ഭബാനി ബാലിക വിദ്യാലയത്തിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇവർ കൊൽക്കത്ത സർവ്വകലാശാലയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിഎസ്‌സി (ഹോണസ്) നേടി. ആൻഡമാനിലെ ആദിവാസികൾക്കിടയിലെ ജനിതകപഠനത്തെക്കുറിച്ച് അവർ ഒരു പ്രബന്ധം എഴുതി. ആന്ത്രോപോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ഒരു ഗവേഷണ അസോസിയേറ്റായിരുന്ന അവർ തന്റെ ഗവേഷങ്ങളുമായി ബന്ധപ്പെട്ടാണ് സെന്റിനൽ നിവാസികളുമായി ബന്ധം സ്‌ഥാപിക്കുന്നത്. 1991 ജനുവരി 4 ന്, ആന്തമാനിലെ സെന്റിനലീസ് ഗോത്രവുമായി ആദ്യമായി സമ്പർക്കം പുലർത്തുന്ന ഒരു ടീമിന്റെ ഭാഗമായിരുന്നു മധുമാല. പ്രാദേശിക ഭരണകൂടത്തിന്റെ കപ്പലായ എം വി ടാർമുഗ്ലിയുടെ സഹായത്തോടെ അവർ നോർത്ത് സെന്റിനൽ ദ്വീപിലേക്ക് പോയി. 13 അംഗ സംഘത്തിൽ, ടീം ലീഡറായിരുന്ന എസ്.അവരടി (ഡയറക്ടർ, ട്രൈബൽ വെൽഫെയർ, A&NI അഡ്മിനിസ്ട്രേഷൻ), മെഡിക്കൽ ഓഫീസർ അരുൺ മുള്ളിക് (അസുഖമോ പരിക്കോ ഉണ്ടായാൽ വൈദ്യസഹായം നൽകുന്നതിന്) മധുമാല എന്നിവരായിരുന്നു പ്രധാന ടീം അംഗങ്ങൾ. ബാക്കിയുള്ളവർ സപ്പോർട്ട് ക്രൂ ആയിരുന്നു.
സെന്റിനൽ നിവാസികൾക്ക് വളരെ അത്യാവശ്യമായ തേങ്ങ കൈമാറുന്നതിലൂടെയാണ് ഇവരുടെ ബന്ധം തുടങ്ങുന്നത്. ആദ്യം പല രീതിയിലുള്ള എതിർപ്പുകൾ ദ്വീപ് നിവാസികളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം മധുമാല അതിജീവിച്ചു. വളരെ കാലം മുന്നേ ദ്വീപ് നിവാസികളെക്കുറിച്ച് തുടങ്ങിയ ഗവേഷണം മധുമാലയെ ഇതിനു സഹായിച്ചു. മാത്രമല്ല ഒരു സ്ത്രീ എന്ന പരിഗണന ദ്വീപിൽ ഉണ്ടായിരുന്ന സ്ത്രീകളെ സ്വാധീനിക്കാൻ മധുമാലയെ സഹായിച്ചു. ആദ്യമാദ്യം പല തരത്തിലുള്ള എതിർപ്പുകൾ ഉണ്ടായിരുന്നു എങ്കിലും ഇടയ്ക്കിടെ ദ്വീപ് സമൂഹവുമായിട്ടുണ്ടായിരുന്ന ഇടപെടലുകൾ അവരിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലുവാൻ മധുമാലയെ സഹായിച്ചു. പോകുമ്പോൾ എല്ലാം കുറെ അധികം തേങ്ങകൾ അവർക്കു കൈമാറാൻ മധുമാല ശ്രദ്ധിച്ചിരുന്നു. വിചിത്രമായ പല സംഭവ വികാസങ്ങൾക്കൊടുവിൽ സെന്റിനലിലെ ജർവാ സമൂഹവുമായി മധുമാല അടുത്ത് ഇടപഴകി. ജർവാ ഗോത്രക്കാരനായ ഒരു കുട്ടിയെ കയ്യിലെടുത്തു പിടിക്കുന്ന രീതിയിലേക്കുവരെ ആ ബന്ധം വളർന്നിരുന്നു. അത്രയേറെ വിശ്വാസമായിരുന്നു ദ്വീപ് നിവാസികൾക്ക് മധുമാലയെ. ഇത്തരത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും അവരുമായി അടുത്ത് ഇടപെഴകിയ ഒരു വ്യക്തി മധുമാലയാണ്. ഇന്ന് കേന്ദ്ര സർക്കാരിന്റെ സോഷ്യൽ ജസ്റ്റിസ് മന്ത്രാലയത്തിലെ ഒരു ജീവനക്കാരിയാണ് മധുമാല.
photo courtesy: the logical indian