Please login to post comment

മലയാളലിപിചരിത്രം

  • admin trycle
  • Sep 5, 2019
  • 0 comment(s)

മലയാളലിപിചരിത്രം

ഭാഷയും ലിപിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നമ്മളിലെത്ര പേര്‍ക്ക് അറിയാം.?.കുറച്ചാളുകള്‍ക്കെങ്കിലും ഹിന്ദി എഴുതുന്നത് ദേവനാഗരിലിപിയിലാണെന്നറിയാമായിരിക്കും. എന്നാല്‍ നമ്മുടെ സ്വന്തം മലയാളം എഴുതാന്‍ ഉപയോഗിക്കുന്ന ലിപിയോ...?
മനുഷ്യന്‍റെ വിശിഷ്ടസിദ്ധികളിലൊന്നാണ് ഭാഷ. ഏതാണ്ട് 40,000 വര്‍ഷം മുമ്പുതന്നെ ഭാഷ ഉപയോഗിക്കാനുള്ള കഴിവ് മനുഷ്യര്‍ നേടിയിരുന്നു. ഭാഷ എന്നാല്‍ പരസ്പരം ബന്ധപ്പെടാന്‍ മനുഷ്യര്‍ പുറപ്പെടുവിക്കുന്ന ധ്വനികളാണ്. ഈ ധ്വനികള്‍ താല്ക്കാലികമാണ്. അവ പുറപ്പെടുവിക്കുന്ന ആളിലും കേള്‍ക്കുന്നയാളിലും മാത്രമായി ഒതുങ്ങി, കേള്‍വിയിലും ഓര്‍മ്മയിലും മാത്രമായി തങ്ങിനില്‍ക്കുന്നു.ഇത്തരത്തില്‍ കണ്ടും കേട്ടതുമായ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്നതിനായി പലതരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പുരാതനമനുഷ്യര്‍ ഉപയോഗിച്ചിരുന്നു. കെട്ടുകളിട്ട ചരടുകള്‍, കൊത്തുകള്‍ വെട്ടിയിട്ടിട്ടുള്ള വടികള്‍, കോര്‍ത്തുകെട്ടിയ കവടികള്‍ തുടങ്ങിയ നിരവധി വസ്തുക്കള്‍ ആദ്യകാലത്ത് കണക്കുകള്‍ രേഖപ്പെടുത്തിവയ്ക്കാനും ഓര്‍മ്മകള്‍ സൂക്ഷിക്കാനുമുള്ള പ്രതീകങ്ങളായി ഉപയോഗിച്ചിരുന്നു. പിന്നീട് ഈ സമ്പ്രദായം ചിത്രരൂപങ്ങളിലേക്ക് വികസിച്ചു. ഇവയൊന്നും സംസാരഭാഷയെ പ്രതിനിധീകരിച്ചില്ലെങ്കിലും എഴുത്തിന്‍റെ പ്രാക്രൂപമായി കണക്കാക്കുന്നു.
ചിത്രങ്ങള്‍ ഭാഷാശബ്ദങ്ങള്‍ക്ക് പകരമായിത്തീര്‍ന്നതോടെയാണ് എഴുത്തിന്‍റെ ഘട്ടം ആരംഭിക്കുന്നത്. എഴുതാനുള്ള കഴിവ് പടിപടിയായിട്ടാണ് മനുഷ്യര്‍ നേടിയെടുത്തത്. അതിന്‍റെ മൂലരൂപത്തിന് സംസാരഭാഷയോളംതന്നെ പഴക്കമുണ്ട്. ഗുഹാചിത്രങ്ങളാണ് അതിന്‍റെ തുടക്കം കുറിക്കുന്നത്. ഉത്തരശിലായുഗക്കാലത്ത് തന്നെ ഗുഹാമനുഷ്യര്‍ ഗുഹക്കുള്ളില്‍ ചിത്രരചന നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസാരിക്കുന്ന ഭാഷാശബ്ദങ്ങളെ സൂചിപ്പിക്കാന്‍ ഈ ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് പിന്നെയും വളരെ കഴിഞ്ഞാണ്. മനുഷ്യസംസ്കാരം വികസിക്കുന്നതിനോടൊപ്പം ഈ ചിത്രങ്ങള്‍ക്ക് ദീര്‍ഘകാലത്തെ പരിണാമം കൊണ്ട് പ്രതീകാത്മകതയും സാങ്കേതികതയും കൈവന്നപ്പോള്‍ ചിത്രങ്ങള്‍ ക്രമേണ ലളിതമായ ചിഹ്നങ്ങളായി മാറി. ഇതാണ് കാലാന്തരത്തില്‍ ലിപി ആയി വികാസം പ്രാപിച്ചത്.
ക്രിസ്തുവിന് മുമ്പ് നാലാം സഹസ്രാബ്ദത്തിന്‍റെ അന്ത്യഘട്ടത്തിലാണ് എഴുതാനുള്ള കഴിവ് മനുഷ്യന് കൈവന്നതെന്നാണ് പണ്ഡിതډാര്‍ കണക്കാക്കിയിരിക്കുന്നത്.ഒന്നിലധികം സ്ഥലങ്ങളില്‍ സ്വതന്ത്രമായാണ് ആലേഖനകല രൂപപ്പെട്ടത്. ക്രിസ്തുവിന് നാലായിരം വര്‍ഷം മുമ്പ് മെസോപൊട്ടോമിയയില്‍ കുടിയേറിപ്പാര്‍ത്ത സുമേറിയരാണ് എഴുത്തുവിദ്യ ആദ്യം വശമാക്കിയത്.. താമസിയാതെ ഈജിപ്തിലും ലിപിവ്യവസ്ഥ ആരംഭിച്ചു. ഇതേകാലത്ത് സമാന്തരമായി സിന്ധുനദീതടങ്ങളിലും എഴുത്തുവിദ്യ രൂപപ്പെട്ടിരുന്നു. കളിമണ്ണുകൊണ്ടുള്ള ഫലകങ്ങളിലാണ് മനുഷ്യര്‍ എഴുത്താരംഭിച്ചത്. പിന്നീട് പാപ്പിറസ് ചുരുളുകളും, തുകലും,പനയോലകളും എഴുതാനായി ഉപയോഗിച്ചു. കടലാസിന്‍റെ കണ്ടുപിടുത്തവും അച്ചടിയുടെ വ്യാപനവും അക്ഷരലോകത്തെ വികസിപ്പിച്ചു.
ഇനി മലയാളലിപിയിലേക്ക് കടക്കാം. നാനാജാതി ഭാഷകള്‍ സംസാരിക്കുന്ന നാടാണ് ഭാരതം. ഭാഷകള്‍ക്കുള്ള അതേ വ്യത്യസ്തതയോടെ ലിപികളും നിലനില്‍ക്കുന്നു. നമ്മുടെ മാതൃഭാഷയായ മലയാളം ദ്രാവിഡഭാഷാഗോത്രത്തിലുള്‍പ്പെടുന്നതാണ്. ആന്ധ്രാപ്രദേശ്, കര്‍ണ്ണാടകം, തമിഴ്നാട്, കേരളം എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭാഷകളെയാണ് ദ്രാവിഡഗോത്രഭാഷകള്‍ എന്ന് പറയുന്നത്. ഒരേ ഭാഷാഗോത്രത്തിലുള്‍പ്പെടുന്നതാണെങ്കിലും പരസ്പരം തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ ഇവ ഓരോന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. ഇന്ന് നിലനില്‍ക്കുന്ന ദ്രാവിഡഭാഷാലിപികളാണ് തെലുങ്കു-കന്നട ലിപി, തമിഴ്ലിപി, മലയാളം ലിപി എന്നിവ. ഭാരതത്തിലെ ലിപികളുടെ മാതാവ് എന്നറിയപ്പെടുന്ന ബ്രാഹ്മി ലിപിയുടെ തെക്കന്‍ വകഭേദമായ തെക്കന്‍ബ്രാഹ്മി അഥവാ ദ്രാവിഡിയില്‍ നിന്നാണ് വികസിച്ചിട്ടുള്ളത്.
കേരളത്തിലെ പ്രാചീനലിപിമാതൃകകളില്‍ പ്രധാനപ്പെട്ട ലിപിരൂപങ്ങളാണ് ഗ്രന്ഥലിപി, വട്ടെഴുത്ത്, കോലെഴുത്ത് എന്നിവ. തെക്കന്‍ ബ്രാഹ്മിക്ക് ക്രമേണ രൂപാന്തരം പ്രാപിച്ചാണ് മുകളില്‍ സൂചിപ്പിച്ചിട്ടുള്ള ലിപികള്‍ വികസിച്ചിട്ടുള്ളത്. ഇവയ്ക്ക് കാലാന്തരത്തില്‍ വികാസം പ്രാപിച്ചാണ് ഇന്ന് കാണുന്ന മലയാളലിപി രൂപപ്പെട്ടിട്ടുള്ളത്. ബ്രാഹ്മി ലിപി-വട്ടെഴുത്ത് ലിപി-കോലെഴുത്ത് ലിപി-മലയാണ്മ-ഗ്രന്ഥലിപി എന്നിങ്ങനെയായിരുന്നു മലയാളലിപിയുടെ വളര്‍ച്ചാഘട്ടങ്ങള്‍.
ബ്രാഹ്മി-ദക്ഷിണ ബ്രാഹ്മി
ഭാരതത്തില്‍ ഇന്ന് നിലനില്‍ക്കുന്ന എല്ലാ ലിപിസമ്പ്രദായങ്ങളും വികസിച്ചുവന്നത് ബ്രാഹ്മി ലിപിയില്‍ നിന്നാണ്. ഭാരതത്തില്‍ നിന്ന് കണ്ടുകിട്ടിയിട്ടുള്ള ലിഖിതങ്ങളില്‍ ഏറ്റവും പഴക്കമേറിയതും ഏറെക്കുറെ കാലം നിര്‍ണ്ണയിക്കുവാന്‍ കഴിയുന്നതും അശോകചക്രവര്‍ത്തിയുടെ ശിലാശാസനങ്ങളാണ്. ഇവയെല്ലാം ബ്രാഹ്മി ലിപിയിലുള്ളതാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കമുള്ള ലിഖിതങ്ങളിലെ ലിപിയും ബ്രാഹ്മിയാണ്. അതില്‍ മിക്കതിലെയും ഭാഷ തമിഴാണ്. മധുര-തിരുനെല്‍വേലി, അരിച്ചല്ലൂര്‍, തിരുനാതര്‍കുന്‍റ്, മാങ്കുളം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുള്ളതിലും ബ്രാഹ്മിലിപിയും, തമിഴ് ഭാഷയുമാണ്. ദക്ഷിണേന്ത്യയിലെ ബ്രാഹ്മി ലിഖിതങ്ങള്‍ വടക്കേന്ത്യയിലേതില്‍ നിന്നും വ്യത്യസ്തമായതിനാല്‍ ഇവയെ ദക്ഷിണബ്രാഹ്മി അഥവാ ദ്രാവിഡി എന്നറിയപ്പെടുന്നു. ഈ ലിപിയിലുള്ള പഴയ രേഖകള്‍ പരിശോധിക്കുമ്പോള്‍ തെക്കന്‍ബ്രാഹ്മിക്ക് ക്രമേണ രൂപാന്തരം സംഭവിച്ചാണ് വട്ടെഴുത്ത്,ബ്രാഹ്മി,ഗ്രന്ഥം,തമിഴ് എന്നീ ലിപികള്‍ രൂപപ്പെട്ടത് എന്ന് മനസ്സിലാക്കാം.
വട്ടെഴുത്ത്
പതിനഞ്ചാം നൂറ്റാണ്ടുവരെ മലയാളഭാഷയില്‍ പ്രചാരത്തിലുണ്ടായിരുന്ന ലിപിസമ്പ്രദാമാണ് വട്ടെഴുത്ത്. ബ്രാഹ്മി ലിപിയില്‍ നിന്നാണ് ഇത് രൂപം കൊണ്ടിരിക്കുന്നത്. ഈ ലിപിസമ്പ്രദായത്തിന് ചേര-പാണ്ഡ്യഎഴുത്ത് എന്നും തെക്കന്‍മലയാളം എന്നും, നാനംമോനം എന്നും പേരുകളുണ്ട്. പാറയോ, ചെമ്പുതകിടോ ചൂഴ്ന്നെടുത്ത് അഥവാ ഉളികൊണ്ട് വെട്ടി അക്ഷരങ്ങള്‍ എഴുതുന്നു എന്നതില്‍ നിന്ന് വെട്ടെഴുത്ത് പിന്നീട് വട്ടെഴുത്തായി മാറിയതായും കണക്കാക്കുന്നു. ദക്ഷിണേന്ത്യയില്‍ രചിക്കപ്പെട്ട ആദ്യകാലത്തെ ഗ്രന്ഥങ്ങളുടെയെല്ലാം തുടക്കം ഹരിശ്രീ എന്ന് എഴുത്തിലായിരുന്നു. എന്നാല്‍ പത്താംനൂറ്റാണ്ടില്‍ ദക്ഷിണേന്ത്യയിലെ ഈ രീതിക്ക് പകരം നമോ നാരായണ എന്നായിരുന്നു എഴുതിയിരുന്നത്. ഇതിലെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്താണ് നാനംമോനം എന്ന പേര് വന്നത്.
വട്ടെഴുത്തിന്‍റെ ഉത്പത്തിയെ സംബന്ധിച്ച് പണ്ഡിതډാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഫിനിഷ്യന്‍ ലിപിയില്‍ നിന്നും, യൂറോപ്പിലെ അരാമൈക് ലിപിയില്‍ നിന്നും രൂപംകൊണ്ടതാണ് വട്ടെഴുത്ത് എന്നാണ് ഡോ.ബര്‍ണലിന്‍റെ അഭിപ്രായം. തമിഴ്ലിപിയെക്കാള്‍ പഴക്കമേറിയതാണ് ഇതെന്നും തിരുക്കുറളും,തൊല്ക്കാപ്പിയവും മറ്റും ആദ്യം വട്ടെഴുത്തില്‍ എഴുതപ്പെട്ടിരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഡോ.ബ്യൂളറുടെ അഭിപ്രായത്തില്‍ ശീഘ്രഗതിയില്‍ എഴുതപ്പെടുന്ന ഒരു തരം ലിപിയാണ് വട്ടെഴുത്ത്. അശഓകശാസനങ്ങളിലെ ബ്രാഹ്മിയില്‍ നിന്നും നാഗരം,തമിഴ്,ഗ്രന്ഥം,തെലുങ്ക്,കന്നടം എന്നീ ഭാരതീയലിപികളെപ്പോലെ ഉണ്ടായതാണ് വട്ടെഴുത്ത് എന്നാണ് പ്രൊ.ഗോപിനാഥറാവു രേഖപ്പെടുത്തിയിരിക്കുന്നത്.
പത്താം നൂറ്റാണ്ടില്‍ വട്ടെഴുത്തിന് വടക്കന്‍, തെക്കന്‍ എന്നീ രൂപങ്ങളുണ്ടായിരുന്നു. വടക്കന്‍ ലിപി ഉരുണ്ടതും,തെക്കന്‍ ലിപി ചതുരാകൃതിയിലുള്ളതുമായിരുന്നു. ക്രമേണ ഈ വ്യത്യാസം ഇല്ലാതായി.
വട്ടെഴുത്തില്‍ 12 സ്വരാക്ഷരങ്ങളും (അ,ആ,ഇ,ഈ,ഉ,ഈ,എ,ഏ,ഐ,ഒ,ഓ,ഔ എന്നിവ), 18 വ്യഞ്ജനാക്ഷരങ്ങളും (ക,ങ,ച,ഞ,ട,ണ,ത,ന,പ,മ,യ,ര,ല,വ,റ,ഴ,ള,നു്)ചേര്‍ന്ന് 30 അക്ഷരങ്ങളാണുള്ളത്. ഇംഗ്ലീഷ് ഭാഷയുടേതിന് സമാനമായി അക്ഷരം രണ്ടുതവണ തുടര്‍ച്ചയായി എഴുതിയാണ് കൂട്ടക്ഷരങ്ങള്‍ രൂപപ്പെടുത്തുന്നത്.ഉദാഹരണത്തിന് കക എന്നെഴുതിയാല്‍ ക്ക എന്നും തത എന്ന് എഴുതിയാല്‍ ത്ത എന്നും വായിക്കുന്നു. കൂട്ടക്ഷരങ്ങള്‍ക്ക് പ്രത്യേകം ലിപി വട്ടെഴുത്തിലില്ലാത്തതിനാല്‍ മനോധര്‍മ്മം പോലെ ഇവ വായിക്കണമായിരുന്നു. ലഭ്യമായവയില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന വട്ടെഴുത്ത് രേഖ ജടിലവര്‍മ്മന്‍ പരാന്തകപാണ്ഡ്യന്‍ ഒന്നാമന്‍റെ എ.ഡി 8-ാം നൂറ്റാണ്ടിലെ രേഖയാണ്. തിരുവിതാംകൂറില്‍ നിന്നും ലഭിച്ചിട്ടുള്ള പത്താംശതകരേഖകളില്‍ അധികവും വട്ടെഴുത്തിലുള്ളവയാണ്. പാര്‍ത്ഥിവപുരം, കണ്ടിയൂര്‍, പെരുന്ന, കവിയൂര്‍, ശുചീന്ദ്രം, കന്യാകുമാരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വട്ടെഴുത്ത് രേഖ ലഭിച്ചിട്ടുണ്ട്.
 
ചോളര്‍ പാണ്ഡ്യദേശം കൈയ്യടക്കിയതോടെ പാണ്ഡ്യദേശത്ത് വട്ടെഴുത്തിന് പ്രചാരം കുറഞ്ഞു. ഏതാണ്ട് പതിനെട്ടാം നൂറ്റാണ്ടുവരെ കേരളത്തില്‍ ഈ ലിപിസമ്പ്രദായം പ്രചാരത്തിലുണ്ടായിരുന്നു. കോലെഴുത്ത് മലയാളമെഴുതുന്നതിന് വട്ടെഴുത്തിനോടൊപ്പം തന്നെ ഉപയോഗിച്ചിരുന്ന മറ്റൊരു ലിപിയാണ് കോലെഴുത്ത്. കോലെഴുത്ത് ഒരു പ്രത്യേക ലിപിയല്ല, മറിച്ച് അത് വട്ടെഴുത്തിന്‍റെ വകഭേദം മാത്രമായാണ് കരുതുന്നത്. കാരണം അക്ഷരങ്ങള്‍ കൂര്‍ത്ത മുനയുള്ള വസ്തുകൊണ്ട് വെട്ടിയെടുത്ത് എഴുതുന്നത് വട്ടെഴുത്തും കോലുപോലെ നീണ്ട വസ്തു ഉപയോഗിച്ച് എഴുതുന്നത് കോലെഴുത്തുമായാണ് പറയുന്നത്. എഴുത്തിനുപയോഗിച്ച വസ്തുവിന്‍റെയും, ഉപകരണത്തിന്‍റെയും മാറ്റം മൂലം ആകൃതിക്ക് വ്യത്യാസം സംഭവിച്ചതാണ്. തിരുവിതാംകൂറിനെക്കാള്‍ കൊച്ചി-മലബാര്‍ മേഖലയിലായിരുന്നു കോലെഴുത്ത് വ്യാപിച്ചിരുന്നത്. ഉ,എ,ഒ എന്നീ അക്ഷരങ്ങളെ സൂചിപ്പിക്കുന്ന പ്രതീകങ്ങളുടെ അഭവമൊഴിച്ചാല്‍ അടിസ്ഥാനപരമായി ഇതിന് വട്ടെഴുത്തുമായി മറ്റ് വ്യത്യാസങ്ങളൊന്നുമുണ്ടായിരുന്നില്ല.
 
മലയാണ്മ
മലയാളലിപിയുടെ വളര്‍ച്ചയില്‍ ഇന്ന് കാണുന്ന ആധുനികലിപിയുടെ തൊട്ടുമുന്നിലുള്ള രൂപങ്ങളിലൊന്നാണ് മലയാണ്മ. വട്ടെഴുത്തിന്‍റെയും, കോലെഴുത്തിന്‍റെയും സമ്മിശ്രരൂപങ്ങളില്‍ നിന്ന് വികസിച്ചതാണ് ഈ ലിപി എന്നാണ് അനുമാനം. ഈ ലിപിരൂപങ്ങള്‍ എല്ലാം തന്നെ ഒരേ ഒരു ലിപി വര്‍ഗ്ഗത്തില്‍പെട്ടവയാണ്. കാരണം ഇവയ്ക്ക് മൂന്നിനും വര്‍ഗ്ഗാക്ഷരങ്ങളില്ലെന്ന് മാത്രമല്ല,ദ്രാവിഡഭാഷക്കുതകുന്ന ചില പ്രത്യേക അക്ഷരങ്ങള്‍ കൂടി ഉണ്ട്. മലയാണ്മക്കും ആധുനികമലയാളലിപിക്കും തമ്മില്‍ വളരെ രൂപാന്തരമുണ്ടെന്ന് തന്നെയല്ല മലയാളത്തില്‍ എല്ലാ വര്‍ഗ്ഗാക്ഷരങ്ങളുമുണ്ട്. ഗ്രന്ഥലിപി ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലിരുന്ന മറ്റൊരു ലിപിയാണ് ഗ്രന്ഥലിപി. സംസ്കൃതഗ്രന്ഥങ്ങള്‍ക്കുള്ള ലിപി എന്ന നിലയ്ക്കാണ് ഗ്രന്ഥ എന്ന പേരുണ്ടായത്. ബ്രാഹ്മിയില്‍ നിന്നും ഉടലെടുത്തു എന്ന് കരുതുന്ന ഗ്രന്ഥലിപിക്ക് മലയാളം,തമിഴ്, സിംഹള,തുളു എന്നീ ഭാഷകളുടെ ലിപികളില്‍ കാര്യമായ സ്വാധീനമുണ്ട്. സംസ്കൃതശബ്ദങ്ങള്‍ കൃത്യമായി എഴുതാന്‍ പര്യാപ്തമായിരുന്ന 51 അക്ഷരങ്ങള്‍ ഗ്രന്ഥലിപിയില്‍ ഉണ്ടായിരുന്നു. കാലാന്തരത്തില്‍ ഇതിന് ചില രൂപഭേദങ്ങള്‍ സംഭവിക്കുകയുണ്ടായി. പല്ലവരാജാക്കډാരുടെ ഭരണക്കാലത്ത് ഗ്രന്ഥലിപിയുടെ പ്രാചാരം വര്‍ദ്ധിച്ചുവെങ്കിലും തുളുനാട്ടിലും കേരളത്തിലും സംസ്കൃതമെഴുതാന്‍ ഗ്രന്ഥലിപിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഉപയോഗിച്ചിരുന്നത്. അതിന് തുളു-മലയാളം എന്നാണ് പറഞ്ഞിരുന്നത്.എട്ടാം നൂറ്റാണ്ടു മുതല്‍ തന്നെ ഈ രൂപം നിലനിന്നിരുന്നു എന്നാണ് കരുതുന്നത്. അതിന് ഒരു തുളുരൂപം വേറെ ഉണ്ടായി. ഉത്തരകേരളത്തില്‍ പ്രചരിച്ച എഴുത്തിന് ആര്യ എഴുത്ത് എന്നാണ് പേര്. മലയാളവും,തുളുവും പ്രത്യേകലിപി സ്വീകരിച്ചതോടെ ഗ്രന്ഥലിപി തമിഴ്നാട്ടില്‍ മാത്രമായി ഒതുങ്ങി.
ആധുനികമലയാളലിപി
ആധുനികരീതിയിലുള്ള മലയാളലിപി വികസിച്ചുവന്നത് ഏതാണ്ട് 18-ാം നൂറ്റാണ്ടിന് ശേഷമാണ്. അതുവരെ ഇന്നാട്ടിലെ ലിഖിതങ്ങളിലും കൈയ്യഴുത്ത് പ്രതികളിലും മലയാളഭാഷ ഏറെയും വട്ടെഴുത്തിലും കുറഞ്ഞ അളവില്‍ കോലെഴുത്തിലും എഴുതിപ്പോന്നു. എന്നാല്‍ 17-ാം ശതകം മുതല്‍ കേരളത്തില്‍ നിലനിന്നിരുന്ന ലിപിസമ്പ്രദായങ്ങളെ തിരസ്കരിച്ചുകൊണ്ട് മലയാളമെഴുതാന്‍ ഗ്രന്ഥലിപി ആവിഷ്കരിച്ചു. മലയാളഭാഷയില്‍ അക്കാലത്ത് ധാരാളം സംസ്കൃതപദങ്ങള്‍ നിലനിന്നിരുന്നു. അവയെഴുതാന്‍ വട്ടെഴുത്തോ, കോലെഴുത്തോ പര്യാപ്തമായിരുന്നില്ല എന്നതാണ് പുതിയ ലിപി സമ്പ്രദായം വികസിച്ചുവരാന്‍ കാരണം. 18-ാം ശതകം വരെ വട്ടെഴുത്ത് ഉപയോഗിച്ചുപോന്നിരുന്നു. ഗ്രന്ഥലിപിയുടെ വകഭേദമായ പശ്ചിമഗ്രന്ഥലിപി(ആര്യഎഴുത്ത്,തുളു-മലയാളം)യില്‍ നിന്നാണ് ആധുനികമലയാള ലിപി വികസിച്ചുവന്നത്. ആധുനികമലയാള ലിപിയും 13-ാം ശതകത്തിലെ ഗ്രന്ഥലിപിയും തമ്മില്‍ വളരെ സാമ്യമുണ്ട്. അ, ആ, ഇ, ഉ, ഒ, ക, ഖ, ഗ, ഘ, ങ, ച, ഛ, ജ, ഞ, ട, ഠ, ഡ, ണ, ത, ഥ, ദ, ധ, ന, പ, ഫ, ബ, ഭ, മ, യ, ര, ല, വ, ശ, ഷ, സ, ഹ എന്നീ അക്ഷരങ്ങള്‍ക്ക് തുല്യരൂപമാണുള്ളത്. മലയാളത്തില്‍ ഉപയോഗിക്കുന്നതും വട്ടെഴുത്തില്‍ ഉള്ളതുമായ റ,ള,ഴ,റ്റ എന്നീ അക്ഷരങ്ങളൊഴികെ മറ്റെല്ലാ മലയാള അക്ഷരങ്ങളും നേരിട്ട് പശ്ചിമഗ്രന്ഥലിപി അഥവാ തുളു-മലയാളം അഥലാ ആര്യ എഴുത്തില്‍ നിന്ന് കടമെടുത്തിട്ടുള്ളവയാണ്.
ലിപിയുടെ ഘടനയിലും ലിപിമാലുടെ പൂര്‍ണ്ണതയിലും ആധുനികമലയാളലിപിക്കുള്ള കടപ്പാട് ഗ്രന്ഥലിപിയോടാണ്. കാരണം ഗ്രന്ഥലിപിയില്‍ എല്ലാ വര്‍ഗ്ഗാക്ഷരങ്ങളുമുണ്ട്. വട്ടെഴുത്തിലും കോലെഴുത്തിലും മലയാണ്മയിലും വര്‍ഗ്ഗാക്ഷരങ്ങളില്ല. മലയാളമെഴുതാന്‍ ഈ അക്ഷരങ്ങള്‍ അനിവാര്യമായതിനാല്‍ ഇവയുള്ള ഗ്രന്ഥലിപി അനുവര്‍ത്തിച്ചുപോന്നു. മലയാളലിപിക്ക് ഗ്രന്ഥലിപിയോടുള്ള കടപ്പാടിന് പുറമേ മലയാളഭാഷക്കാവശ്യമുള്ളതും, ഗ്രന്ഥലിപിയിലില്ലാത്തതുമായ അപൂര്‍വ്വം ചില അക്ഷരങ്ങള്‍ വട്ടെഴുത്തില്‍ നിന്നും കടമെടുത്തിട്ടുണ്ട്. ള,ഴ,റ,റ്റ എന്നിവയാണ് അവ.
തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളഭാഷ എഴുതുന്നതിന് ആര്യ എഴുത്തുപയോഗിക്കുകയും അന്നുമുതല്‍ ക്രമേണ ഈ ലിപിയില്‍ തന്നെ മലയാളം പ്രചരിക്കുകയും ചെയ്തു. ഈ എഴുത്തുശൈലി പൊതുവെ മലയാളം എഴുതുവാന്‍ സ്വീകാര്യമവുകയും ചെയ്തു.
19-ാം ശതകത്തിന്‍റെ മധ്യഘട്ടത്തില്‍ അച്ചടി ഇന്ത്യയിലൊട്ടാകെ വ്യാപിച്ചതോടെ അന്ന് നിലവിലിരുന്ന എല്ലാ ഭാരതീയലിപികള്‍ക്കും ഘടനയിലും,രൂപത്തിലും വ്യത്യാസംവരാതെ അച്ചടി രൂപം കൈവന്നു. അച്ചടി ആവിഷ്കരിച്ചതോടെ ലിപിയുടെ വികാസപരിണാമം നിലച്ചു. ഗ്രന്ഥലിപിയില്‍നിന്നും വട്ടെഴുത്തില്‍ നിന്നും സ്വീകരിച്ച അക്ഷരങ്ങളുള്ള മലയാളം അച്ചടിക്കുവാന്‍ തുടങ്ങിയപ്പോള്‍ നിലവിലിരുന്ന ആ അക്ഷരരൂപങ്ങള്‍ക്ക് അച്ചുണ്ടാക്കുകയും അത് ഇന്നും തുടര്‍ന്ന് പോരുകയും ചെയ്യുന്നു. 1970-ല്‍ കേരളസര്‍ക്കാര്‍ ഒരു ചെറിയ ലിപി പരിഷ്കാരം നടത്തി. അത് ടൈപ്പ്റൈറ്റര്‍,ലൈന്‍ കമ്പോസിങ്,മെഷീന്‍ കമ്പോസിങ് തുടങ്ങിയ ആധുനികയന്ത്രങ്ങളുടെ സൗകര്യത്തിനുവേണ്ടിയാണ്. ഈ പരിഷ്കാരത്തില്‍ അക്ഷരങ്ങളുടെ ഘടനയില്‍ മാറ്റമില്ലാ എങ്കിലും ഉ,ഊ എന്നിവയുടെ മധ്യമചിഹ്നങ്ങളായ ു, ൂ എന്നിവയുടെ കൂട്ടിചേര്‍ക്കലിന് മാറ്റം വരുത്തി. ഈ ചിഹ്നങ്ങള്‍ എല്ലാ വ്യഞ്ജനത്തോടും ഒരുപോലെ കൂട്ടിച്ചേര്‍ക്കുകയും സംയുക്താക്ഷരങ്ങളുടെ രണ്ടാമത്തെ ഭാഗം വേര്‍തിരിച്ച് എഴുതുകയും ചെയ്തു. അച്ചടിക്ക് സഹായകമാകും വിധത്തിലായിരുന്നു ഈ പരിഷ്കാരം. എങ്കിലും കൈയ്യെഴുത്തില്‍ ചിലരെങ്കിലും ഈ പഴയ സമ്പ്രദായം ഇന്നും തുടര്‍ന്ന് പോരുന്നുണ്ട്. സഹായകഗ്രന്ഥങ്ങള്‍ ഡോ.എസ്.ജെ.മംഗലം, പ്രാചീന ഭാരതീയ ലിപിശാസ്ത്രവും മലയാളലിപിയുടെ വികാസവും,കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,1997. കെ.എ.ജലീല്‍,ലിപികളും മാനവസംസ്കാരവും,കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,1989. ഡോ.സാം, കേരളത്തിലെ പ്രാചീനലിപി മാതൃകകള്‍, കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം,2010.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...