ആലിസ് കോച്ച്മാൻ
- admin trycle
- Jul 28, 2020
- 0 comment(s)

ഒളിമ്പിക് സ്വർണം നേടിയ ആദ്യത്തെ കറുത്ത വർഗക്കാരിയായ വനിതയാണ് ആലിസ് കോച്ച്മാൻ. 1948 ലണ്ടൻ ഒളിമ്പിക്സിൽ ഹൈജമ്പ് ഫൈനലിൽ 5 അടി, 6, 1/8 ഇഞ്ച് എന്ന റെക്കോർഡ് ഉയരത്തിൽ ചാടിയാണ് ആലീസ് കോച്ച്മാൻ ചരിത്രത്തിൽ ഇടം നേടിയത്.
1923 നവംബർ 9 ന് ജോർജിയയിലെ അൽബനിയിലാണ് ആലീസ് കോച്ച്മാൻ ജനിച്ചത്. ഫ്രെഡ്, എവ്ലിൻ കോച്ച്മാൻ എന്നിവരുടെ മകളായി ജനിച്ച ഇവരുടെ മുഴുവൻ പേര് ആലീസ് കോച്ച്മാൻ ഡേവിസ് എന്നാണ് കറുത്ത നിറം കാരണം വിവേചനം അനുഭവിച്ചിരുന്ന കോച്ച്മാന് അത്ലറ്റിക് പരിശീലനങ്ങളിൽ പങ്കെടുക്കാനോ സംഘടിത വിനോദങ്ങളിൽ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ ലഭ്യമായ സാധനങ്ങൾ ഉപയോഗിച്ച് പരിശീലനം നടത്തി തുടങ്ങിയ കോച്ച്മാൻ വീടിനടുത്തുള്ള മൺപാതയുടെ റോഡുകളിലൂടെ ഷൂസില്ലാതെ ഓടി പരിശീലിക്കുകയും വീട്ടുപകരണങ്ങൾ ഉപയോഗിച്ച് ജമ്പിങ് പരിശീലനം നടത്തുകയും ചെയ്തു.
മാഡിസൺ ഹൈസ്കൂളിൽ വെച്ച് ആൺകുട്ടികളുടെ ട്രാക്ക് കോച്ച് ഹാരി ഇ.ലാഷിന്റെ കീഴിൽ കോച്ച്മാൻ എത്തിപ്പെടുകയും, അവളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുകയും ചെയ്തു. ഒരു വർഷത്തിനകം ടസ്കീഗീയിലെ ടസ്കീജി ഇൻസ്റ്റിറ്റ്യൂട്ടിലെ അത്‌ലറ്റിക് വിഭാഗത്തിന്റെ ശ്രദ്ധ കോച്ച്മാൻ നേടി, ഇത് 1939 ൽ 16 കാരിയായ കോച്ച്മാന് സ്കോളർഷിപ്പോടെ അവിടെ അഡ്മിഷൻ നേടിക്കൊടുത്തു. എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് തന്നെ അമേച്വർ അത്‌ലറ്റ് യൂണിയന്റെ (AAU) ദേശീയ ചാമ്പ്യൻഷിപ്പിൽ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരത്തിൽ നഗ്നപാദനായി ഹൈസ്‌കൂൾ, കോളേജ് ഹൈജമ്പ് റെക്കോർഡുകൾ കോച്ച്മാൻ തകർത്തിരുന്നു. പിന്നീട് 1946 ൽ അൽബാനി സ്റ്റേറ്റ് കോളേജിൽ ചേരുമ്പോൾ, 50, 100 മീറ്റർ ഓട്ടങ്ങളിലും 400 മീറ്റർ റിലേയിലും ഹൈജമ്പിലും കോച്ച്മാൻ ദേശീയ ചാമ്പ്യനായിരുന്നു. കോച്ച്മാൻ തന്റെ അത്‍ലറ്റിക് കരിയറിലെ മികച്ച ഫോമിൽ നിൽക്കുമ്പോഴായിരുന്നു രണ്ടാം ലോക മഹായുദ്ധം കാരണം 1940 ലും 1944 ലും ഒളിമ്പിക് ഗെയിംസ് റദ്ദാക്കിയത്. ഒടുവിൽ, 1948 ൽ അമേരിക്കൻ ഒളിമ്പിക് ടീമിൽ അംഗമായി ലണ്ടനിലെത്തിയപ്പോൾ ആലീസ് കോച്ച്മാൻ തന്റെ കഴിവുകൾ ലോകത്തിന് കാണിച്ചുകൊടുത്തു.
1948 ലെ ഒളിമ്പിക് ഗെയിംസിന് ശേഷം കോച്ച്മാൻ അമേരിക്കയിലേക്ക് മടങ്ങി അൽബാനി സ്റ്റേറ്റിൽ ബിരുദം പൂർത്തിയാക്കി. അത്‌ലറ്റിക് മത്സരങ്ങളിൽ നിന്ന് ഔദ്യോഗികമായി വിരമിച്ച കോച്ച്മാൻ 1952 ൽ, കൊക്കക്കോള കമ്പനിയുടെ വക്താവായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു അംഗീകാര കരാർ നേടുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കനായി കോച്ച്മാൻ മാറി. 1996 ൽ അറ്റ്ലാന്റയിൽ നടന്ന സമ്മർ ഒളിമ്പിക് ഗെയിംസിൽ ചരിത്രത്തിലെ ഏറ്റവും മികച്ച 100 ഒളിമ്പ്യന്മാരിൽ ഒരാളായി അവർ തിരഞ്ഞെടുക്കപ്പെട്ടു. നാഷണൽ ട്രാക്ക് & ഫീൽഡ് ഹാൾ ഓഫ് ഫെയിം (1975), യുഎസ് ഒളിമ്പിക് ഹാൾ ഓഫ് ഫെയിം (2004) എന്നിവയുൾപ്പെടെ ഒമ്പത് വ്യത്യസ്ത ഹാൾ ഓഫ് ഫെയിമുകളിൽ ഇവരെ ഉൾപ്പെടുത്തി. യുവ അത്‌ലറ്റുകളെയും വിരമിച്ച മുൻ ഒളിമ്പ്യാന്മാരെയും സഹായിക്കുന്നതിനായി ഇവർ ആലീസ് കോച്ച്മാൻ ട്രാക്ക് ആൻഡ് ഫീൽഡ് ഫൗണ്ടേഷൻ സ്ഥാപിച്ചിരുന്നു. 2014 ജൂലൈ 14 ന് ജോർജിയയിൽ വെച്ച് ഇവർ മരണപ്പെട്ടു.