കെ.എസ്.ആര്‍.ടി.സി ചരിത്രം
- admin trycle
- Mar 11, 2020
- 0 comment(s)
കെ.എസ്.ആര്‍.ടി.സി ചരിത്രം
കെ.എസ്.ആര്‍.ടി.സി ബസ് എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ അതിന്‍റെ ചരിത്രം പലര്‍ക്കും അജ്ഞാതമാണ്. ആനവണ്ടി എന്ന ഇരട്ടപ്പേരില്‍ സ്നേഹത്തോടെ നാമെല്ലാം വിളിച്ചുപോരുന്ന കെ.എസ്.ആര്‍.ടി.സി കേരളസര്‍ക്കാരിന്‍റെ ഗതാഗതമന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ്.
കേരളം ഉണ്ടാകുന്നതിന് മുന്നേ തന്നെ തുടങ്ങിയതാണ് കെ.എസ്.ആര്‍.ടി.സി യുടെ ചരിത്രം. തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് എന്ന പേരില്‍ തിരുവിതാംകൂര്‍ സര്‍ക്കാരാണ് ആദ്യമായി ഒരു പൊതുഗതാഗതസംവിധാനം രൂപപ്പെടുത്തിയത്. യൂറോപ്യന്‍ പര്യടനവേളയില്‍ ലണ്ടനില്‍ കണ്ട ജനകീയ ഗതാഗതം തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാളിനെ ആകർഷിച്ചതോടെയാണ് കേരളത്തിൽ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബസ് യാത്രാ സൗകര്യം ആരംഭിക്കുന്നത്. അക്കാലത്ത് ജലഗതാഗതമായിരുന്നു തിരുവിതാംകൂറിലെയും കൊച്ചിയിലെയും പ്രധാന ഗതാഗത മാർഗ്ഗം. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും ഇടയിലുള്ള സിമന്റ് റോഡിലും തിരുവനന്തപുരം നഗരത്തിലും അപൂര്‍വമായി ചിലര്‍ മോട്ടോര്‍ വാഹനങ്ങള്‍ പൊതുജനയാത്രയ്ക്കായി ഓടിച്ചിരുന്നു. ഈ കാലഘട്ടത്തിലാണ് മഹാരാജാവിന്റെ യൂറോപ്യന്‍ പര്യടനം നടന്നത്. ലണ്ടന്‍ പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ട് ബോര്‍ഡിന്റെ സര്‍വീസുകള്‍ കണ്ട് പഠിച്ച അദ്ദേഹം, അതിനെ മാതൃകയാക്കി തന്റെ രാജ്യത്ത് ജനകീയ വണ്ടികള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരുടെ ആശയവും സർക്കാർ വകയിലെ ഈ ബസ് സർവീസ് തുടങ്ങുന്നതിന് കാരണമായിരുന്നു.
ലണ്ടൻ പാസഞ്ജർ ട്രാൻസ്പോർട്ട് ബോർഡിന്റെ അസിസ്റ്റന്റ് ഓപറേറ്റിങ്ങ് സൂപ്രണ്ട് ആയിരുന്ന ഇ.ജി. സാൾട്ടറിനെ 1937 സെപ്റ്റംബർ 20- ന് ഗതാഗതവകുപ്പിന്റെ സൂപ്രണ്ട് ആയി നിയമിച്ചു. 60 ബസ്സുകളായിരുന്നു ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത കോമറ്റ് ഷാസിയിൽ പെർകിൻസ് ഡീസൽ എഞ്ജിൻ ഘടിപ്പിച്ചവയായിരുന്നു ഇവ. സാൾട്ടറുടെ മേൽനോട്ടത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡിപാർട്ട്മെന്റ് ജീവനക്കാർ ചേർന്നാണ് ബസ്സുകളുടെ ബോഡി നിർമ്മിച്ചത്. നൂറോളം ജീവനക്കാരെ ഇൻസ്പെക്ടർമാരും കണ്ടക്ടർമാരുമായി നിയമിച്ചുകൊണ്ടാണ് ഗതാഗത വകുപ്പ് ആരംഭിച്ചത്.
സംസ്ഥാന മോട്ടോർ സർവ്വീസ് ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവ് 1938, ഫെബ്രുവരി 20-ന് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന വാഹനഘോഷയാത്രയിലൂടെയായിരുന്നു തിരുവിതാംകൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ടുമെന്റ് എന്ന ജനകീയ വണ്ടിപ്രസ്ഥാനം യാത്ര ആരംഭിച്ചത്. മഹാരാജാവും ബന്ധുജനങ്ങളുമായിരുന്നു ഉദ്ഘാടനയാത്രയിലെ യാത്രക്കാർ. സാൾട്ടർ തന്നെയായിരുന്നു ആദ്യയാത്രയിലെ ഡ്രൈവർ. ഐക്യകേരളരൂപീകരിച്ചതോടെ 1950-ല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നിയമം നിലവില്‍ വരുകയും തുടര്‍ന്ന് 1965 മാര്‍ച്ച് 15-നു കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ സ്ഥാപിതമാവുകയും ചെയ്തു. 1965 ഏപ്രില്‍ 1-ന് ഇതൊരു സ്വയംഭരണസ്ഥാപനമായി മാറി.
ഒറ്റപ്പെട്ടു കിടക്കുന്ന മലനാടുകളെയും കുഗ്രാമങ്ങളെയും പട്ടണങ്ങളുമായും, റെയില്‍വേ സൗകര്യമില്ലാത്ത കിഴക്കന്‍ മലയോരമേഖലകളെ മറ്റ് നഗരങ്ങളുമായും ബന്ധപ്പിക്കുന്ന കണ്ണിയാണ് ഇന്ന് കെ.എസ്.ആർ.ടി.സി. ഏകദേശം 4500 ൽ അധികം ബസുകൾ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി യിൽ ശരാശരി 31.45 ലക്ഷം യാത്രികര്‍ ഒരു ദിവസം സഞ്ചരിക്കുന്നു. അശോക് ലെയ്ലാൻഡ്, ടാറ്റാ മോട്ടോർസ്, ഐഷർ, വോൾവോ, സ്കാനിയ എന്നീ കമ്പനികളുടെ ബസ്സുകളാണ് ഇന്ന് കെ.എസ്.ആർ.ടി.സിക്ക് ഉള്ളത്.
ചെറിയ ദൂരങ്ങളിൽ ഓടുന്ന കെ.എസ്.ആർ.ടി.സി യുടെ സാധാരണ സർവ്വീസുകളാണ് ഓർഡിനറി ബസ്സുകൾ. ദീർഘദൂരത്തിലുള്ള സർവ്വീസുകൾക്ക് ഫാസ്റ്റ് പാസ്സഞ്ചർ ബസ്സുകൾ ഉപയോഗിക്കുന്നു. ഓർഡിനറിയെ അപേക്ഷിച്ച് ഇവയുടെ സ്റ്റോപ്പുകളുടെ എണ്ണം കുറവായിരിക്കും. വളരെ കൂടിയ ദൂരത്തേയ്ക്ക് സർവ്വീസ് നടത്തുന്ന വാഹനങ്ങളാണ് സൂപ്പർ ഫാസ്റ്റ്. അതിവേഗം നിഷ്കർച്ചിട്ടുള്ള ഈ ബസ്സുകൾ ഏറ്റവും പ്രധാന സ്ഥലങ്ങളിൽ മാത്രമാണ് നിർത്തുന്നതാണ്. പച്ച നിറമുള്ള സൂപ്പർ ക്ലാസ്സ് ബസ്സുകളാണ് സൂപ്പർ എക്സ്പ്രസ്സ്. പുഷ് ബാക്ക് സൗകര്യത്തോടെയുള്ള സീറ്റുകൾ ഉള്ള, വെള്ള നിറത്തിൽ കാണപ്പെടുന്ന ദീർഘദൂര സർവീസുകളാണ് സൂപ്പർ ഡീലക്‌സുകൾ. ഈ ബസ്സുകളിൽ ഭൂരിഭാഗവും ബെംഗളൂരു പോലുള്ള ദൂരദേശങ്ങളിലേക്ക് ആണ് സർവ്വീസ് നടത്തുന്നത്. ശബരി എന്ന പേരിലും ഡീലക്സ് സർവ്വീസുകൾ നടത്തുന്നുണ്ട്. ഉയർന്ന യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി ട്രെയിനുകളേക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുദ്ദേശിച്ചു തുടങ്ങിയതാണ് മിന്നൽ സർവ്വീസ്. കെഎസ്ആർടിസിയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള ബസ് സർവ്വീസുകളാണ് സ്‌കാനിയ/ വോൾവോ ലക്ഷ്വറി സർവ്വീസുകൾ. ടിവി, മ്യൂസിക് സിസ്റ്റം, എസി, പുതപ്പ്, വെള്ളം തുടങ്ങി യാത്രക്കാർക്ക് ഉയർന്ന തലത്തിലുള്ള സൗകര്യങ്ങൾ ഈ സർവീസുകളിൽ ലഭിക്കും. വോൾവോ ബസ്സുകൾക്ക് ഗരുഡ കിംഗ് ക്‌ളാസ്സ് എന്നും സ്‌കാനിയ ബസ്സുകൾക്ക് ഗരുഡ മഹാരാജ എന്നുമാണ് പേര്.