ഗാന്ധാര
- admin trycle
- Jul 1, 2020
- 0 comment(s)
ഗാന്ധാര
ഇന്നത്തെ പാക്കിസ്ഥാന്റെ വടക്കൻ പ്രദേശങ്ങളിലും അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രദേശങ്ങളിലുമായി വ്യാപിച്ച് കിടന്ന പുരാതന മഹാജനപദമായിരുന്നു ഗാന്ധാര. പ്രധാനമായും പെഷവാർ താഴ്‌വര, പൊട്ടോഹർ പീഠഭൂമി, കാബൂൾ-സ്വാത് നദിതടങ്ങൾ എന്നിവിടങ്ങളിലായിരുന്നു ഗാന്ധാര സ്ഥിതിചെയ്തിരുന്നത്. പുരാതന കാലത്ത് ഇന്ത്യയും മധ്യേഷ്യയും മിഡിൽ ഈസ്റ്റും തമ്മിലുള്ള വ്യാപാര ഇടമായിരുന്ന ഗാന്ധാര വിവിധ സാംസ്കാരങ്ങളുടെ സംഗമഭൂമി കൂടിയായിരുന്നു. പുരാതന ഗാന്ധാരയിലെ പ്രധാന നഗരങ്ങളായ തക്ഷശിലയും പെഷവാറും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രങ്ങളായിരുന്നു.
ഒന്നിലധികം പ്രധാന ശക്തികൾ ഈ പ്രദേശം ഭരിച്ചിരുന്നു. BC ആറാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലും ഈ പ്രദേശം അക്കീമേനിയൻ പേർഷ്യയ്ക്ക് വിധേയമായിരുന്നു, BC നാലാം നൂറ്റാണ്ടിൽ അലക്സാണ്ടർ ഇവിടം കീഴടക്കി. അതിനുശേഷം ഇന്ത്യയിലെ മൗര്യ രാജവംശം ഭരിച്ചു. BC 316 ആയപ്പോഴേക്കും മഗധയിലെ രാജാവ് ചന്ദ്രഗുപ്തൻ സിന്ധൂനദീതടം കീഴടക്കുകയും അതുവഴി ഗാന്ധാരയെ കീഴടക്കുകയും തക്ഷശിലയെ (ടാക്സില) പുതുതായി രൂപംകൊണ്ട മൗര്യ സാമ്രാജ്യത്തിന്റെ പ്രവിശ്യാ തലസ്ഥാനമായി നാമകരണം ചെയ്യുകയും ആയിരുന്നു. ചന്ദ്രഗുപ്തന്റെ പിൻഗാമിയായി മകൻ ബിന്ദുസാരയും പിന്നീട് അദ്ദേഹത്തിന്റെ മകൻ അശോകനും ഭരണം നടത്തി. പിന്നീട് ബുദ്ധമതത്തിന്റെ പ്രചാരകനായി മാറിയ അശോകൻ നിരവധി മൊണാസ്ട്രികൾ പണിയുകയും തന്റെ “ധർമ്മ” ത്തിന്റെ ശാസനങ്ങൾ ഉപഭൂഖണ്ഡത്തിലുടനീളം പ്രചരിപ്പിക്കുകയും ചെയ്തു. ടാക്സിലയിലെ തമ്ര നദിയുടെ കിഴക്ക് ഭാഗത്തുള്ള മഹത്തായ ധർമ്മരാജിക മൊണാസ്ട്രി ഇതിലൊന്നാണ്. ഈ കാലത്ത് അഫ്ഗാനിസ്ഥാനിലേക്കും മധ്യേഷ്യയിലേക്കും ബുദ്ധമതം വ്യാപിക്കുന്നതിനുള്ള കേന്ദ്രമായി ഗാന്ധാര മാറി.
പിന്നീട് ഇന്തോ-ഗ്രീക്കുകാർ, ശാക്കന്മാർ, പാർത്തിയന്മാർ, കുശാനർ തുടങ്ങി വിവിധ രാജവംശങ്ങൾ ഗാന്ധാരയിൽ ഭരണം നടത്തി. എ ഡി ഒന്നാം നൂറ്റാണ്ടിൽ മധ്യേഷ്യയിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ഗാന്ധാരയിലേക്ക് കുടിയേറിയ ഒരു ഗോത്രമായിരുന്നു കുശാനർ. ഗോത്രം പെഷവാറിനെ അതിന്റെ അധികാരസ്ഥാനമായി തിരഞ്ഞെടുക്കുകയും പിന്നീട് കിഴക്ക് ഇന്ത്യയുടെ ഹൃദയഭാഗത്തേക്ക് വ്യാപിക്കുകയും കുശാൻ സാമ്രാജ്യം സ്ഥാപിക്കുകയും ചെയ്തു, ഇത് എ.ഡി മൂന്നാം നൂറ്റാണ്ട് വരെ നീണ്ടുനിന്നു. റോം, പേർഷ്യ, ചൈന എന്നീ ദേശങ്ങളുമായി കുശാനർക്ക് നയത്രന്ത്രബന്ധങ്ങളുണ്ടായിരുന്നു. നൂറ്റാണ്ടുകളോളം കിഴക്കും പടിഞ്ഞാറുമായുള്ള വ്യാപാരകൈമാറ്റങ്ങളുടെ കേന്ദ്രമായി ഈ സാമ്രാജ്യം വർത്തിച്ചു.
BC ഒന്നാം നൂറ്റാണ്ട് മുതൽ AD 6, 7 നൂറ്റാണ്ട് വരെ ഇന്ത്യൻ ബുദ്ധിസ്റ്റ്, ഗ്രീക്കോ-റോമൻ സ്വാധീനങ്ങളുടെ സമന്വയമായ സവിശേഷമായ ഒരു കലാ പാരമ്പര്യത്തിന്റെ കേന്ദ്രമായിരുന്നു ഗാന്ധാര. പുരാതന ഗാന്ധാരത്തിലും അതിനു ചുറ്റുമായും വികാസം പ്രാപിച്ച വാസ്തുശിൽപകലാരീതിയാണ് ഗാന്ധാരകല എന്നറിയപ്പെടുന്നത്. പെയിന്റിംഗ്, ശിൽപം, നാണയങ്ങൾ, മൺപാത്രങ്ങൾ, തുടങ്ങി ഒരു കലാപാരമ്പര്യത്തിന്റെ അനുബന്ധ ഘടകങ്ങളെല്ലാം ഇതിൽ ഉൾപ്പെടുന്നു. കുശാൻ കാലഘട്ടത്തിൽ പ്രത്യേകിച്ചും എ.ഡി. ഒന്നാം നൂറ്റാണ്ടിൽ കനിഷ്കന്റെ കീഴിൽ ഈ കല പാരമ്പര്യം വളരെയധികം അഭിവൃദ്ധി പ്രാപിച്ചു. കനിഷ്കന്റെ കാലത്താണ് ബുദ്ധമതം അശോകനുശേഷം രണ്ടാം പുനരുജ്ജീവിപ്പിച്ചത്. ബുദ്ധനെ ആരാധിക്കുന്ന അദ്ദേഹത്തിന്റെ കാലത്ത് ബുദ്ധപ്രതിമ അവതരിപ്പിച്ചു. എ.ഡി ഒന്നാം നൂറ്റാണ്ടു മുതൽ തന്നെ ഗാന്ധാര ഉൾപ്പെടുന്ന കുശാൻ സാമ്രാജ്യത്തിലെ ഭരണാധികാരികൾ റോമുമായി സമ്പർക്കം പുലർത്തിയിരുന്നതിനാൽ ഗാന്ധാരയിലെ ബുദ്ധമത ഇതിഹാസങ്ങളുടെ വ്യാഖ്യാനത്തിൽ ക്ലാസിക്കൽ റോമൻ കലയിൽ നിന്നുള്ള നിരവധി സവിശേഷതകളും സാങ്കേതികതകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാന്ധാരകലയുടെ ഉദാഹരണങ്ങളായ ബുദ്ധമതവുമായി ബന്ധപ്പെട്ട നിരവധി പൗരാണിക സ്തൂപങ്ങളും വിഹാരങ്ങളും ശിൽപ്പങ്ങളും ഇന്നും നിലനിൽക്കുന്നുണ്ട്.
AD പതിനൊന്നാം നൂറ്റാണ്ടിൽ ഗസ്നിയിലെ മഹ്‌മൂദ് പിടിച്ചടക്കിയതിനുശേഷം ഈ പ്രദേശം വിവിധ മുസ്‌ലിം രാജവംശങ്ങൾ കൈവശപ്പെടുത്തിയിരുന്നു. മഹ്മൂദ് ഈ പ്രദേശം കീഴടക്കിയതിനുശേഷം ഗാന്ധാര എന്ന പേര് അപ്രത്യക്ഷമായതായി കരുതുന്നു. മുസ്‌ലിം കാലഘട്ടത്തിൽ ഈ പ്രദേശം ലാഹോറിൽ നിന്നോ കാബൂളിൽ നിന്നോ ആയിരുന്നു ഭരണം നടത്തിയത്. മുഗൾ കാലഘട്ടത്തിൽ ഈ പ്രദേശം കാബൂൾ പ്രവിശ്യയുടെ ഭാഗമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ യുഗം വരെ ഗാന്ധാരയുടെ സമ്പത്ത് വീണ്ടും കണ്ടെത്താനാവില്ല, നഷ്ടപ്പെട്ട ഈ നാഗരികതയുടെ കലാപരമായ പാരമ്പര്യങ്ങൾ 19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിലും വീണ്ടും കണ്ടെത്തുകയും വെളിച്ചത്തിലേക്ക് കൊണ്ടുവരികയും ചെയ്തു.