വൈക്കം മുഹമ്മദ് ബഷീര്‍
- admin trycle
- Apr 28, 2020
- 0 comment(s)
വൈക്കം മുഹമ്മദ് ബഷീര്‍
മലയാളത്തിലെ ഏറ്റവും ജനകീയനായ എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിക്കാവുന്ന വൈക്കം മുഹമ്മദ് ബഷീർ ആധുനിക മലയാളസാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളുടെ രചയിതാവാണ്. മലയാളസാഹിത്യത്തില്‍ ഏറ്റവും ലളിതമായി കഥകളും നോവലുകളുമെഴുതിയ എഴുത്തുകാരനും സ്വാതന്ത്ര്യസമരപോരാളിയുമായിരുന്നു ബഷീര്‍. ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകള്‍ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്തിയ അദ്ദേഹം "ബേപ്പൂര്‍ സുല്‍ത്താന്‍" എന്നാണ് അറിയപ്പെട്ടത്.
1908 ജനുവരി 21-ന് കായി അബ്ദുറഹ്മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായി കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലാണ് ബഷീര്‍ ജനിച്ചത്. തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്‌ളീഷ് സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം നടത്തിയ ബഷീറിന്റെ ജീവിതം രസകരവും സാഹസികവുമായിരുന്നു. അഞ്ചാംക്ലാസില്‍ പഠിക്കുന്ന സമയത്ത് കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. പിന്നീട് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ബഷീർ, 1930-ല്‍ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലായി. പിന്നീട് ഭഗത് സിംഗിനെ മാതൃകയാക്കി തീവ്രവാദ സംഘമുണ്ടാക്കിയ അദ്ദേഹം സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിൽ തീപ്പൊരി ലേഖനങ്ങളും എഴുതി. പ്രഭ എന്ന തൂലികാനാമത്തിലായിരുന്നു അന്ന് അദ്ദേഹം രചനകള്‍ നടത്തിയത്. ഈ വാരിക പിന്നീടു കണ്ടുകെട്ടി. പിന്നീട് കുറേ വര്‍ഷങ്ങള്‍ ഇന്ത്യയ്ക്കകത്തും പുറത്തും അലഞ്ഞുതിരിഞ്ഞ അദ്ദേഹം പല ജോലികളും ചെയ്ത് ജീവിച്ചു. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍ ഉത്തരേന്ത്യയില്‍ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിക്കുകയും അറബിനാടുകളിലും ആഫ്രിക്കയിലുമൊക്കെ സഞ്ചാരിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ പല ഭാഷകളും പഠിച്ച അദ്ദേഹം തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും അടക്കം മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും നേരിട്ടനുഭവിച്ചു.
അദ്ദേഹത്തിന്‍റെ ജീവിതം തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ സാഹിത്യവും. സാമാന്യം മലയാളഭാഷയറിയുന്ന ആര്‍ക്കും വഴങ്ങുന്ന തരത്തിലുള്ള അദ്ദേഹത്തിന്‍റെ രചനകള്‍ ബഷീറിനെ കൂടുതല്‍ ജനകീയനും ജനപ്രിയനുമാക്കി. സമൂഹത്തിന് നേരെ ഹാസ്യത്തില്‍ കലര്‍ന്ന വിമര്‍ശനം നടത്തിയ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങള്‍ സമൂഹത്തില്‍ താഴത്തട്ടില്‍ ജീവിക്കുന്നവരോ, മാറ്റിനിര്‍ത്തപ്പെട്ടവരോ ആയിരുന്നു. ജയില്‍പ്പുള്ളികളും, ഭിക്ഷക്കാരും, വേശ്യകളും, പട്ടിണിക്കാരും സ്വവര്‍ഗ്ഗാനുരാഗികളും എല്ലാം അദ്ദേഹത്തിന്‍റെ സാഹിത്യലോകത്തേക്ക് കടന്ന് വന്നു. പദ്മനാഭ പൈ പത്രാധിപരായിരുന്ന ‘ജയകേസരി’യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് അസന്ദേഹത്തിന്റെ ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു.
തന്റേതുമാത്രമായ വാക്കുകളും ശൈലികളുമായുന്നു ബഷീറിന്റെ സവിശേഷത. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ രചനാരീതി ബഷീറിയന്‍ ശൈലി എന്നു തന്നെ അറിയപ്പെട്ടു. അതിദീര്‍ഘമായ രചനകള്‍ക്ക് പകരം അടുക്കും ചിട്ടയോടും കൂടി വളരെക്കുറച്ച് എഴുതാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അതിനാല്‍ അദ്ദേഹം എഴുതിയ എല്ലാ നോവലുകളും ദൈര്‍ഘ്യം കുറഞ്ഞവയാണ്. ബഷീറിന്റെ മാസ്റ്റര്‍പീസുകളിലൊന്ന് എന്ന് വിലയിരുത്തുന്ന ബാല്യകാലസഖിയ്ക്ക് കേവലം 75 പേജുകളാണുള്ളത്. പ്രേമലേഖനം, ബാല്യകാലസഖി, ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും, പാത്തുമ്മയുടെ ആട്, മതിലുകൾ, ശബ്ദങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ, മുച്ചീട്ടുകളിക്കാരൻറെ മകൾ, താരാ സ്പെഷ്യൽസ്, മാന്ത്രികപ്പൂച്ച തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ നോവലുകളാണ്. ഭൂമിയുടെ അവകാശികൾ, വിശ്വവിഖ്യാതമായ മൂക്ക്, ഭാർഗ്ഗവീനിലയം, ജന്മദിനം, ഓർമ്മക്കുറിപ്പ്, പാവപ്പെട്ടവരുടെ വേശ്യ, വിഡ്ഢികളുടെ സ്വർഗ്ഗം, വിശപ്പ്, ഒരു ഭഗവദ്ഗീതയും കുറെ മുലകളും, ശിങ്കിടിമുങ്കൻ തുടങ്ങിയവ ബഷീറിന്റെ ചില ചെറുകഥകളാണ്. കഥകളിലും നോവലുകളിലും മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ സാഹിത്യലോകം. ലേഖനങ്ങളും നാടകങ്ങളും തിരക്കഥകളും അദ്ദേഹം മലയാളത്തിന് സംഭാവന ചെയ്തിട്ടുമുണ്ട്.
അദ്ദേഹത്തിന്‍റെ പ്രമുഖ കൃതികളെല്ലാം തന്നെ പ്രധാന ഇന്ത്യന്‍ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന മലയാള സാഹിത്യകാരന്‍റെ കീര്‍ത്തി അങ്ങനെയാണ് ലോകം മുഴുവനുമെത്തുന്നത്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, പാത്തുമ്മയുടെ ആട് എന്നിവ ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കും ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ വിദേശ ഭാഷകളിലും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ കൃതികളും പൂവന്‍പഴം ഉള്‍പ്പെടെ 16 കഥകളുടെ ഒരു സമാഹാരവും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നീലവെളിച്ചം എന്ന കഥയും മതിലുകള്‍, ബാല്യകാല സഖി തുടങ്ങിയ നോവലുകളും ചലച്ചിത്രമായിട്ടുണ്ട്.
ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗ്ഗവീനിലയം. ചന്ദ്രതാരയാണ് ഈ ചിത്രം നിർമ്മിച്ചത്. പ്രേം നസീര്‍, മധു, അടൂര്‍ ഭാസി, നിര്‍മല, കുതിരവട്ടം പപ്പു, പി.ജെ. ആന്‍റണി തുടങ്ങിയവരായിരുന്നു ഈ ചിത്രത്തിലെ അഭിനേതാക്കള്‍. ചലച്ചിത്രത്തിലൂടെ മലയാളക്കരയെ ആദ്യമായി പേടിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ചിത്രമാണ് 1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗ്ഗവിനിലയം. മലയാളസിനിമാചരിത്രത്തിലെ ആദ്യ പ്രേതകഥയായ ഈ ചിത്രത്തിന്‍റെ സംവിധായകന്‍ എ. വിന്‍സെന്‍റാണ്. സിനിമയ്ക്ക് വേണ്ടി ആദ്യമായി തിരക്കഥയും സംഭാഷണവും തയ്യാറാക്കിയ ബഷീറിന്‍റെ വേറിട്ട ശൈലി ഭാര്‍ഗ്ഗവിനിലയത്തിന്‍റെ സവിശേഷതയാണ്. ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയാക്കിയത് അടൂർ ഗോപാലകൃഷ്ണനാണ്. സംവിധാനത്തിനൊപ്പം ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയതും നിർമ്മിച്ചതും അടൂർ ഗോപാലകൃഷ്ണൻ തന്നെയാണ്. മമ്മൂട്ടിയാണ് ആ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ചത്. മതിലുകളിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. സ്ത്രീ കഥാപാത്രങ്ങൾ ഒന്നും തന്നെ അഭിനയിച്ചിട്ടില്ലാത്ത ഇതിൽ കെ പി എ സി ലളിതയുടെ ശബ്ദം മാത്രം ആണ് ഉള്ളത്. ബഷീറിന്റെ ബാല്യകാലസഖി എന്ന നോവൽ രണ്ട് തവണ സിനിമയായിത്തീർന്നിട്ടുണ്ട്. ശശികുമാർ നിർമ്മിച്ച ആദ്യ ചിത്രം നിർമ്മിച്ചത് കലാലയ ഫിലിംസ് ആണ്. പ്രേം നസീറാണ് ചിത്രത്തിൽ മജീദായി അഭിനയിച്ചത്. ഈ സിനിമ പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച് വീണ്ടും വന്നു.
നിരവധി അവാർഡുകളും ബഷീറിനെ തേടി എത്തിയിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമിയുടേയും കേരളസാഹിത്യ അക്കാദമിയുടേയും ഫെല്ലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ടീയത്തിനുമായി നാലു നാമപത്രങ്ങള്‍ തുടങ്ങിയവ അദ്ദേഹത്തിന് ലഭിച്ചു. 1982ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. 1987ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം നല്‍കി. 1987ല്‍ സംസ്‌കാര ദീപം അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ് (1992), ലളിതാംബിക അന്തര്‍ജനം സാഹിത്യ അവാര്‍ഡ് (1992), മുട്ടത്തുവര്‍ക്കി അവാര്‍ഡ് (1993), വള്ളത്തോള്‍ പുരസ്‌കാരം (1993), 1994ല്‍ ജിദ്ദ അരങ്ങ് അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു.
വളരെ വൈകിയാണ് ബഷീർ വിവാഹിതനായത്, 1958 ഡിസംബർ 18-ന്. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങന മക്കളുണ്ട്. 1995 ജൂലൈ 5ന് ബേപ്പൂരില്‍ വച്ച് അദ്ദേഹം അന്തരിച്ചു.